Planet Positive
42
Views

നമ്മുടെ കൊച്ചു കൊച്ചു മാറ്റങ്ങൾകൊണ്ട് ഈ ഭൂമിയെ സംരക്ഷിക്കാൻ സാധിക്കുമെന്നതാണല്ലോ ‘പ്ലാനറ്റ് പോസിറ്റീവ്’ എന്ന ആശയം ചുരുക്കി പറ‍ഞ്ഞാൽ. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യമുണ്ട്… “പരിസ്ഥിതി സൗഹൃദം” (Eco-friendly) എന്ന ലേബലിൽ പുതിയ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.

എന്നാൽ, യഥാർത്ഥത്തിൽ “eco-friendly product” വാങ്ങുന്നത് മാത്രം പ്ലാനറ്റ് പോസിറ്റീവ് ജീവിതമാണോ?

അല്ല എന്ന് പറഞ്ഞാൽ അത് അല്പം ആശ്ചര്യപ്പെടുത്തുന്ന കാര്യമാകാം.

ഇതിനെക്കുറിച്ച് പഠിച്ചപ്പോൾ അത്ഭുതപ്പെടുത്തിയ ഒരു കാര്യം പറയാം. നമ്മളൊക്കെ പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി കോപ്പർ അല്ലെങ്കിൽ സ്റ്റീൽ കുപ്പി ഒക്കെ വാങ്ങാറുണ്ടല്ലോ? സ്വാഭാവികമായും അതൊരു നല്ല നീക്കമാണെന്ന് നമ്മൾ കരുതും. എന്നാൽ, ആ ഒരു പുതിയ കുപ്പി നിർമ്മിക്കാൻ വേണ്ടി ഖനനം ചെയ്യുന്നതും അത് ഫാക്ടറിയിൽ ഉരുക്കിയെടുക്കുന്നതും ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം- Carbon Footprint വളരെ വലുതാണ്. ആ കുപ്പി വർഷങ്ങളോളം തുടർച്ചയായി ഉപയോഗിച്ചാൽ മാത്രമേ അത് പ്ലാസ്റ്റിക്കിനേക്കാൾ മെച്ചമാണെന്ന് പറയാൻ സാധിക്കൂ. അതായത്, ഉപയോഗപ്രദമായ പഴയ സാധനങ്ങൾ വലിച്ചെറിഞ്ഞ് പുതിയ ‘ഗ്രീൻ’ ഉൽപ്പന്നങ്ങൾ കുറേ വാങ്ങുന്നത് യഥാർത്ഥത്തിൽ ഭൂമിക്ക് ഗുണമല്ല, ദോഷമാണ് ചെയ്യുന്നത്.

ലൈഫ് സൈക്കിൾ അസസ്മെന്റ് നോക്കിയാൽ

ഈ വിഷയത്തെക്കുറിച്ച് ശാസ്ത്രീയമായി തിരഞ്ഞാൽ LCA (Life Cycle Assessment) എന്ന പഠനരീതിയുണ്ട്. ഒരു ഉൽപ്പന്നം നിർമ്മിക്കാൻ അസംസ്‌കൃത വസ്തുക്കൾ ശേഖരിക്കുന്നത് മുതൽ അത് ഉപയോഗിച്ച് കഴിഞ്ഞ് മണ്ണിൽ ചേരുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും അത് പരിസ്ഥിതിയിൽ ഉണ്ടാക്കുന്ന ആഘാതം അളക്കുന്ന രീതിയാണിത്.

ഇതിൽ ഒരു പ്രധാന ഘടകം Embodied Carbon ആണ്. ഒരു ഉൽപ്പന്നം നമ്മുടെ കയ്യിൽ എത്തുന്നതിന് മുൻപ് അത് നിർമ്മിക്കാനും കടത്തിക്കൊണ്ടുവരാനും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ട കാർബൺ ഡയോക്സൈഡിന്റെ (CO2) അളവായ എംബോഡീഡ് കാർബൺ ആണിത് (Embodied Carbon). ഉദാഹരണത്തിന്, പ്ലാസ്റ്റിക് കുപ്പി ഒഴിവാക്കി പുതിയൊരു ചെമ്പ് കുപ്പി വാങ്ങുമ്പോൾ നമ്മൾ അതിന്റെ ഗുണങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂ. എന്നാൽ, ഒരു കിലോഗ്രാം ചെമ്പ് ഖനനം ചെയ്ത് ശുദ്ധീകരിച്ചെടുക്കുമ്പോൾ ഏകദേശം 2 മുതൽ 5 കിലോഗ്രാം വരെ CO2 പുറന്തള്ളപ്പെടുന്നുണ്ടെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു (energy source അനുസരിച്ച് ഇത് മാറാം).

അതുകൊണ്ട്, ഒരു കോപ്പർ ബോട്ടിൽ വർഷങ്ങളോളം സ്ഥിരമായി ഉപയോഗിച്ചാൽ മാത്രമേ അതിന്റെ ആകെ ആഘാതം പ്ലാസ്റ്റിക് ബോട്ടിലിനേക്കാൾ കുറയുകയുള്ളൂ. പല സാഹചര്യങ്ങളിലും ഇത് നൂറുകണക്കിന് ഉപയോഗങ്ങൾക്കു ശേഷം മാത്രമേ “break-even” എത്തുകയുള്ളൂ.

അതായത്, ഉപയോഗിക്കാൻ പറ്റുന്ന ഒരു പഴയ പ്ലാസ്റ്റിക് ബോട്ടിൽ ഉപേക്ഷിച്ച് പുതിയ “ഗ്രീൻ” ഉൽപ്പന്നം വാങ്ങുന്നത് പലപ്പോഴും ഭൂമിക്ക് ഗുണത്തേക്കാൾ ദോഷം ചെയ്യാം.

കോട്ടൺ ബാഗുകളുടെ കഥ

പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി നമ്മൾ വാങ്ങുന്ന ഒരു കോട്ടൺ തുണിസഞ്ചി (cotton bag) എടുക്കാം. കോട്ടൺ ബാഗുകളുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ്. ഡെന്മാർക്ക് എൻവയൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസിയുടെ പഠനമനുസരിച്ച്, ഒരു കോട്ടൺ സഞ്ചി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ വൻതോതിലുള്ള ജലവും ഊർജ്ജവും കണക്കിലെടുക്കുമ്പോൾ, അത് ഒരു പ്ലാസ്റ്റിക് കവറിനേക്കാൾ പരിസ്ഥിതി സൗഹൃദമാകണമെങ്കിൽ കുറഞ്ഞത് 7,000 മുതൽ 20,000 തവണയെങ്കിലും പുനരുപയോഗിക്കണമത്രേ!

AI-യുടെ മറഞ്ഞിരിക്കുന്ന പാരിസ്ഥിതിക വില

ഇന്ന് നാം ഉപയോഗിക്കുന്ന AI സാങ്കേതികവിദ്യകളും ഒട്ടും പിന്നിലല്ല. അനാവശ്യമായ ഓരോ സെർച്ചും എഐ കമാൻഡുകളും നമ്മുടെ ഭൂമിയുടെ ഊർജ്ജം ചോർത്തുന്നുണ്ടെന്ന് നമ്മൾ അറിയണം. നമ്മൾ ഉപയോഗിക്കുന്ന ചാറ്റ്ബോട്ടുകളും ഇമേജ് ജനറേറ്ററുകളും പ്രവർത്തിക്കുന്നത് ആയിരക്കണക്കിന് സെർവറുകൾ അടങ്ങിയ ഭീമൻ ഡാറ്റാ സെന്ററുകളിലാണ്. ഇവ 24 മണിക്കൂറും തണുപ്പിച്ചു നിർത്താൻ ദശലക്ഷക്കണക്കിന് ലിറ്റർ ശുദ്ധജലവും വൻതോതിൽ വൈദ്യുതിയുമാണ് ഓരോ നിമിഷവും ചിലവാകുന്നത്.

Planet Positive
Ai Generated Representative Image | Ai Image Generator/ChatGPT

അപ്പോൾ, നമ്മൾക്ക് എന്താ ചെയ്യാൻ പറ്റുക?

അങ്ങനെയെങ്കിൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ ലളിതമായ രണ്ട് പ്രധാന ‘പ്ലാനറ്റ് പോസിറ്റീവ്’ നടപടികൾ നോക്കിയാലോ?

വാങ്ങുന്നതിന് മുൻപ് ഒരു നിമിഷം ആലോചിക്കാം

കൈവശമുള്ള സാധനങ്ങൾ പരമാവധി കാലം ഉപയോഗിക്കുക എന്നതാണ് ഏറ്റവും വലിയ പരിസ്ഥിതി സേവനം. ഒരു പുതിയ വസ്തു അല്ലെങ്കിൽ പരിസ്ഥിതി സൗഹൃദ വസ്തു വാങ്ങുന്നതിന് മുൻപ്, “കയ്യിൽ ഇപ്പോൾ ഉള്ള സാധനംകൊണ്ട് മാനേജ് ചെയ്യാൻ പറ്റുമോ?” എന്ന് സ്വയം ചോദിക്കുക.

‘ഡിജിറ്റൽ ക്ലീനിംഗ്’ എന്ന അദൃശ്യ നന്മ

നമ്മൾ കാണാത്ത എന്നാൽ ഭൂമിയെ ബാധിക്കുന്ന ഒന്നാണ് നമ്മുടെ ഇമെയിലുകളും ക്ലൗഡ് സ്റ്റോറേജും. എഐ കാര്യം പറഞ്ഞതുപോലെ ആയിരക്കണക്കിന് ജങ്ക് ഇമെയിലുകൾ സൂക്ഷിക്കാനും വലിയ ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കേണ്ടി വരുന്നുണ്ട്. ഇടയ്ക്കൊക്കെ മെയിലും ഡ്രൈവുമൊക്കെ ക്ലീൻ ചെയ്യുന്നത് വഴി ആ​ഗോളതലത്തിൽ ഊർജ്ജ ഉപഭോഗം കുറയ്ക്കാൻ നമുക്ക് സാധിക്കും.

പ്ലാനറ്റ് പോസിറ്റീവ് ആകുക എന്നാൽ ഒരു ഉപഭോക്താവ് എന്നതിലുപരി ഭൂമിയുടെ കാവൽക്കാരൻ ആകുക എന്നാണ്. പുതിയ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തേടി പോകുന്നതിനേക്കാൾ മുൻപേ, ഉള്ള വിഭവങ്ങൾ പാഴാക്കാതെ ഉപയോഗിക്കാൻ പഠിക്കുക എന്നതാണ് പ്രധാനമാണ്.

    Article Categories:
    Featured Posts · Whats Happening Around

    Comments are closed.

    Discover more from Ivide LIVE

    Subscribe now to keep reading and get access to the full archive.

    Continue reading

    Discover more from Ivide LIVE

    Subscribe now to keep reading and get access to the full archive.

    Continue reading