ക്രിക്കറ്റ് വെറുമൊരു കളിയല്ല, ഇന്ത്യക്കാർക്ക് അതൊരു വികാരമാണെന്നത് എല്ലായ്പ്പോഴും എടുത്തു പറയേണ്ടതില്ല. ഐപിഎൽ കാലമായാൽ ആരാധകർക്കിടയിൽ ഈ ആവേശം കൊടുമുടിയിലെത്തും. എന്നാൽ, എല്ലാവർക്കും സ്റ്റേഡിയത്തിൽ പോയി കളി കാണാൻ സാധിക്കണമെന്നില്ല. മാച്ച് ദിവസങ്ങളിൽ ഫോണിലോ, വീട്ടിലെ ടിവിയിലോ, കൂട്ടുകാരുടെ കൂടെ കടകളിലെ ടിവിയിലോ ചെറിയ പബ്ലിക് സ്ക്രീനിങ്ങ് സ്ഥലങ്ങളിലോ കണ്ട് സംപ്തൃപ്തി അണയുന്നവരാണ് ഏറെയും.
ഇത്തരത്തിലുള്ള ലക്ഷക്കണക്കിന് ആരാധകർക്ക് മാച്ചിന്റെ ഓളം ഏറ്റവും സാധ്യമായ രീതിയില്‍ എത്തിക്കാൻ വിപ്ലവകരമായ ഒരു ആശയമാണ് ഏതാനും വർഷങ്ങൾക്ക് മുൻപ് ബിസിസിഐ (BCCI) അവതരിപ്പിച്ചത്. അതാണ്, ഐപിഎൽ ഫാൻ പാർക്കുകൾ (IPL Fan Parks). കേരളത്തിലും ഇവയെത്തിയിട്ടുണ്ട്.
എപ്പോൾ? എവിടെ?
അല്ല, ആദ്യം ഇത് പറയട്ടേ… എന്താണ് ഐപിഎൽ ഫാൻ പാർക്ക്?
സ്റ്റേഡിയത്തിൽ ഇരുന്നു കളി കാണുന്ന അതേ അനുഭവം സ്വന്തം നഗരത്തിൽ ഒത്തുകൂടി ആസ്വദിക്കാൻ ആരാധകർക്ക് അവസരമൊരുക്കുന്ന വേദികളാണിവ എന്നൊക്കെ പറയാം. നഗരങ്ങളിലെ മൈതാനങ്ങളിലോ പൊതു ഇടങ്ങളിലോ വലിയ എൽഇഡി സ്ക്രീനുകൾ സ്ഥാപിച്ച് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുകയും ഒപ്പം വിനോദ പരിപാടികൾ, ഭക്ഷണശാലകൾ, ക്രിക്കറ്റ് സിമുലേറ്ററുകൾ, കുട്ടികൾക്കായുള്ള പ്ലേ സോണുകൾ തുടങ്ങിയവയും അടങ്ങിയ ഒരു കായിക മാമാങ്കമാണ് ഓരോ ഫാൻ പാർക്കും.
അതായത് എല്ലാം കൂടി ഒരു “മിനി സ്റ്റേഡിയം” അനുഭവം!
2015ലാണ് ഐപിഎൽ ഫാൻ പാർക്ക് എന്ന ആശയം ആദ്യമായി നടപ്പിലാക്കിയത്. ഐപിഎൽ മത്സരങ്ങൾ നടക്കാത്ത ചെറുകിട നഗരങ്ങളിലെയും ടൗണുകളിലെയും ആരാധകരിലേക്ക് കളി എത്തിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം. ഓരോ സീസണിലും വാരാന്ത്യങ്ങളിൽ വ്യത്യസ്ത നഗരങ്ങളിൽ ഫാൻ പാർക്കുകൾ സംഘടിപ്പിച്ച് ഐപിഎല്ലിന്റെ അനുഭവം രാജ്യത്തുടനീളം എത്തിക്കുകയാണവരിന്ന്. ക്രിക്കറ്റ് ആരാധകരെയും ഐപിഎൽ എന്ന ബ്രാൻഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു വലിയ ഘടകമായി ഇവ മാറിയിട്ടുണ്ട്.
അന്ന് 15 നഗരങ്ങളിലായി ആരംഭിച്ച ഈ സംരംഭം ആദ്യ വർഷം തന്നെ വൻ വിജയമായിരുന്നു. ഏകദേശം 1.5 ലക്ഷത്തിലധികം ആളുകളാണ് അന്ന് ഫാൻ പാർക്കുകൾ സന്ദർശിച്ചത്. പിന്നീട് ഓരോ വർഷവും കൂടുതൽ ഇടങ്ങളിലേക്ക് എത്തുന്ന വിധം ഇത് വളർന്നു. 2019 ആയപ്പോഴേക്കും 36 നഗരങ്ങളിലായി 100ലധികം വേദികളിലേക്ക് വ്യാപിച്ചു. സ്റ്റേഡിയത്തിലെ ഗാലറിയിലേതുപോലെ ആർപ്പുവിളിച്ചും ടീം ജേഴ്സികൾ അണിഞ്ഞും കളി കാണാമെന്നത് ആരാധകരിലും മാച്ച് ആസ്വാദകരിലും ഇതിന്റെ സ്വീകാര്യത വർധിപ്പിച്ചു.
മാത്രമല്ല, പ്രവേശനം സൗജന്യമാണ്. അതുതന്നെ വലിയ കാര്യമല്ലേ?
2026 ആയപ്പോഴേക്കും ഫാൻ പാർക്കുകളുടെ വിപുലീകരണം റെക്കോർഡ് വേഗതയിലായിട്ടുണ്ട്. വലിയ നഗരങ്ങളിൽ മാത്രമല്ല, ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലേക്കും ഐപിഎൽ ഫാൻ പാർക്കുകള്‍ എത്തിക്കഴിഞ്ഞു. ഇത്തവണ 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ മാത്രം ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്.

കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഇത്തവണ കോട്ടയം ജില്ലയിലെ മണർകാടാണ് പട്ടികയിൽ ഇടംപിടിച്ച സ്ഥലം. കൊച്ചിക്കും പാലക്കാടിനും ശേഷം ഇത് മൂന്നാമത്തെ തവണയാണ് ഐപിഎൽ ഫാൻ പാര്‍ക്ക് കേരളത്തിൽ സംഘടിപ്പിക്കുന്നത്. ആന്ധ്രാപ്രദേശിലെ മംഗളഗിരി, ഹിമാചൽ പ്രദേശിലെ ചമ്പ, അസമിലെ സിൽച്ചാർ തുടങ്ങിയ നഗരങ്ങളും ആദ്യമായി ഫാൻ പാർക്കിന് ആതിഥേയത്വം വഹിക്കുന്നു.
ഈ വിജയത്തിന്റെ രഹസ്യം വളരെ ലളിതമാണ്. ഇത് “ക്രിക്കറ്റ് + വിനോദം” എന്ന കോമ്പിനേഷനാണ്.




