
‘കൊച്ചി ഇപ്പൊ പഴയ കൊച്ചിയല്ല!’ ശരിക്കും ഈ ഡയലോഗ് ഇപ്പോൾ ചേരുന്നത് നമ്മുടെ ഫോർട്ട് കൊച്ചിക്കാണ്. പലപ്പോഴും നമ്മൾ കൊച്ചി എന്ന് പൊതുവായി വിളിക്കാറുള്ളത് എറണാകുളം ജില്ലയെ ആണല്ലോ. എന്നാൽ എറണാകുളത്തിന്റെ തിരക്കിൽ നിന്ന് മാറി, അറബിക്കടലിന്റെ തീരത്ത് ചരിത്രം ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ് കൊച്ചി അഥവാ ഫോർട്ട് കൊച്ചി. ഇന്ന് ഇവിടെ ലോകം ഉറ്റുനോക്കുന്ന ഒരു ഗ്ലോബൽ ആർട്ട് ഹബ്ബാണ്.

എറണാകുളം ജില്ലയുടെ മുഖമുദ്രകളായി മാളുകളും മെട്രോയും മാറിയെങ്കിൽ, ഫോർട്ട് കൊച്ചിയുടെ മുഖം ഇന്ന് കലകൾ നിറഞ്ഞ ചുവരുകളും പൈതൃക കെട്ടിടങ്ങളുമാണ്. ബിനാലെ വന്നതോടെ, എറണാകുളത്ത് എത്തുന്ന വിനോദസഞ്ചാരികൾ വാട്ടർ മെട്രോ വഴിയും ബോട്ടുകൾ വഴിയും ഈ കലാവിസ്മയം കാണാൻ ഫോർട്ട് കൊച്ചിയിലെത്തുന്നു. ഈ രണ്ട് വൈവിദ്യമാർന്ന പ്രദേശങ്ങളെ കോർത്തിണക്കുന്നത് കലയാണ്.

ബിനാലെ എന്ന കൊളാഷ്

നൂറ്റാണ്ടുകൾക്ക് മുമ്പ് അറബിക്കടലിന്റെ രാജ്ഞിയെന്ന് വിശേഷിപ്പിക്കപ്പെട്ട തുറമുഖ നഗരം പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് സംസ്കാരങ്ങളുടെ സംയോജനമാണ്. ഫോർട്ട് കൊച്ചിയുടെ പുതിയ മുഖത്തിന് പിന്നിൽ 2012ൽ ആരംഭിച്ച കൊച്ചി മുസിരിസ് ബിനാലെയ്ക്ക് വലിയ പങ്കുണ്ട്. ഇന്ത്യയിലെ തന്നെ ആദ്യ ബിനാലെ എന്നറിയപ്പെടുന്ന കൊച്ചി മുസിരിസ് ബിനാലെ കലാകാരന്മാരായ ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും ചേർന്നാണ് തുടങ്ങിയത്. പഴയ വ്യാപാര കേന്ദ്രമായ മുസരിസിന്റെ ഓർമകൾ കലയുടെ ലോകത്തിലേക്ക് കൊണ്ടുവരികയാണ് ബിനാലെയുടെ ലക്ഷ്യം. കലയുടെയും ചരിത്രത്തിന്റെയും ‘കൊളാഷ്’ എന്ന് വിശേഷിപ്പിക്കാം.


ടൂറിസം മാറി
ഫോർട്ട് കൊച്ചിയിലെ ടൂറിസം പ്രധാനമായും ജൂത പാരമ്പര്യത്തെയും ചരിത്രത്തെയും കേന്ദ്രീകരിച്ചായിരുന്നു. മട്ടാഞ്ചേരിയിലെ സിനഗോഗും പഴയ പള്ളികളും ചീനവലകളും കാണാൻ എത്തുന്നവരായിരുന്നു സഞ്ചാരികളിൽ ഏറെയും. എന്നാൽ ബിനാലെയുടെ വരവോടെ ജ്യൂയിഷ് ടച്ച് മാറി ഒരു ഗ്ലോബൽ ആർട്ട് ഫെയ്സ് ടച്ച് ഇന്ന് നമുക്ക് കാണാനാകും. ബിനാലെയ്ക്കെത്തുന്നവർ ആഴ്ചകളോളം കൊച്ചിയിൽ താമസിക്കുന്നു. ഇത് വിനോദസഞ്ചാര മേഖലയിലെ ബിസിനസ് സാധ്യതകൾക്ക് ഉണർവേകുന്നു


ബിസിനസ് വളർന്നു
ബിനാലെയിലൂടെ ഫോർട്ട് കൊച്ചിയിലെ കഫേകൾ വളർന്നു. കശീ ആർട്ട് കഫേ (Kashi Art Cafe), പെപ്പർ ഹൗസ് (Pepper House), ലോഫർ കഫേ (Loafer’s Corner) തുടങ്ങിയ ബീച്ച് സൈഡ് കഫേകളുടെ വളർച്ച ഉദാഹരണമാണ്. വിദേശ സഞ്ചാരികളെ ലക്ഷ്യം വെച്ച് Artistic menu, Artistic Plating എന്ന പുത്തൻ രീതികൾ പല കഫേകളിലും തുടങ്ങി. കൊച്ചിയുടെ സ്വന്തം സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾക്ക് പലപ്പോഴും ബിനാലെ പ്രമേയങ്ങളുമായി ബന്ധപ്പെട്ട പേരുകളാണ് നൽകുന്നത്. ബിനാലെ കാലത്ത് കഫേകളുടെ ഇന്റീരിയറിൽ വരുത്തുന്ന മാറ്റങ്ങളും വർണാഭമായ ലൈറ്റുകൾ കൊണ്ടുള്ള അലങ്കാരവും സഞ്ചാരികൾക്കുള്ള വിഷ്വൽ ട്രീറ്റ് കൂടിയാണ്. ഹോംസ്റ്റേ ബിസിനസുകളിലും ബിനാലെയുടെ സ്വാധീനം ഉണ്ടായി. മുറികളിൽ മിനിമിലിസ്റ്റിക്, ഡിസൈനുകളും, ആർട്ട് വർക്കുകളും പെയിന്റിങ്ങുകളും ഉൾപ്പെടുത്തി വിദേശ സഞ്ചാരികളെ ആകർഷിക്കാൻ ഈ മേഖലയിലുള്ളവർ ശ്രമിക്കുന്നു.

ഇന്ന് ഫോർട്ട് കൊച്ചിയിലെ ഓരോ ചുവരുകളും ചിത്രങ്ങളിലൂടെ ഓരോ കഥകൾ സഞ്ചാരികളോട് പറയുന്നു. ഒരുകാലത്ത് വെറുതെ കിടന്നിരുന്ന ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ് തുടങ്ങിയവ കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരിടമാണ്. നമ്മുടെയെല്ലാം ഇൻസ്റ്റഗ്രാം ഫീഡുകളിൽ വരുന്ന ആർട്ട് ഇൻസ്റ്റലേഷനുകളും കഫേകളും ഏസ്തെറ്റിക് വൈബുള്ള സ്ട്രീറ്റുകളുമെല്ലാം ഫോർട്ട് കൊച്ചിക്ക് ഒരു പുതിയ മുഖം നൽകി.


ഫോർട്ട് കൊച്ചിയിലെ വർഷങ്ങളോളം പഴക്കമുള്ള പള്ളികളും സഞ്ചാരികൾക്ക് വേറിട്ട കാഴ്ച്ചയൊരുക്കുന്നുണ്ട്. ചുരുക്കത്തിൽ ബിനാലെ എന്നത് ആർട്ട് ഫെസ്റ്റിവൽ എന്നതിനപ്പുറം കൊച്ചിക്കാർക്ക് പുതിയ ഐഡന്റിറ്റിയാണ്. പഴയ ചരിത്രത്തിന്റെയും സംസ്കാരത്തെയും കൈവിടാതെ പുതിയ കാലത്തിന്റെ പൾസ് അറിയാൻ ഈ നഗരം പഠിച്ചു കഴിഞ്ഞു.





