305
Views

”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലെക്ക് ഞാൻ ഒറ്റക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 3

‘രാജസ്ഥാനിൽ കൊട്ടാരവും കോട്ടയുമല്ലാതെ വേറെന്തുണ്ട്’ എന്ന ചോദ്യം പലരിൽ നിന്നും പലപ്പോഴായി ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അതിനുള്ള മറുപടിയാണ് ഇവിടുത്തെ ഉൾഗ്രാമങ്ങളും അവരുടെ ആചാരങ്ങളും. ഇന്ത്യയിലെ ഏറ്റവും വിസ്തൃതിയേറിയ സംസ്ഥാനമായത് കൊണ്ട് മാത്രമല്ല ഈ ഗ്രാമങ്ങളിലേക്കുള്ള വഴി ഞാൻ തിരഞ്ഞെടുത്തത്. മറിച്ച് അതിവിശാലമായ മരുഭൂമിയും, ഭക്ഷണപ്രിയരെ തൃപ്തിപ്പെടുത്തുന്ന രുചികളും, കളർഫുളായ കാഴ്ചകളും കൊണ്ട് സമ്പന്നമാണിവിടുത്തെ ഗ്രാമങ്ങൾ.

ഈ ഗ്രാമങ്ങളൊന്നും തന്നെ രാജസ്ഥാന്റെ ഹൃദയഭാഗത്തവണമെന്നില്ല, ഇവ കണ്ടുപിടിക്കാൻ കുറച്ചധികം സമയമെടുത്തെന്നും വരാം. പക്ഷെ ഈ ഗ്രാമങ്ങളിലെ കാഴ്ചകൾ ഒരു സഞ്ചാരിയെയും നിരാശപ്പെടുത്തില്ല. കാരണം രാജസ്ഥാന്റെ ഉൾഗ്രാമങ്ങൾ വ്യത്യസ്തമായ ജീവിതരീതികൾകൊണ്ടും സംസ്‌കാരങ്ങൾകൊണ്ടും സമ്പന്നമാണ്. അവരുടെ വിശ്വാസങ്ങളും ആചാരങ്ങളും ഗ്രാമത്തിന്റെ അതിർത്തിമാറുന്നതനുസരിച്ച് വേറിട്ടതാവുന്നു. അതിൽ പലതും സഞ്ചാരികൾക്ക് വിചിത്രമായി തോന്നിയേക്കാം, അത്ഭുതമായി തോന്നിയേക്കാം. എനിക്കും ഇതേ തോന്നൽ പലപ്പോഴായി അനുഭവപ്പെട്ടു. പക്ഷെ നിറങ്ങളുടെ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാന് അത്ര പ്രശസ്തമല്ലാത്ത ഇങ്ങനെയൊരു മുഖം കൂടെയുണ്ട്.

യാത്രക്കാരിൽ ഏറെ കൗതുകമുണർത്തുന്ന ഒരു ഇടമാണ് ജോധ്പുരിലെ ഓം ബന്ന ടെമ്പിൾ. അതിന് മുന്നോടിയായി ഒരു കാര്യം ഓർമപ്പെടുത്തേണ്ടതുണ്ട്, മദ്യപാനം ആരോഗ്യത്തിന് ഹാനികരം. അതെ പറഞ്ഞുവരുന്നത് മദ്യത്തെ കുറിച്ചാണ്. മദ്യം പ്രസാദമായി നൽകുന്ന ക്ഷേത്രത്തെക്കുറിച്ചാണ്.

ഒന്നാലോചിച്ച് നോക്കൂ…നിങ്ങൾ ഒരു അമ്പലത്തിൽ പ്രസാദത്തിനായി കാത്തുനിൽക്കുന്നു, നിങ്ങൾക്ക് മുന്നിലേക്കെത്തുന്നതോ മദ്യവും! പലർക്കും ചിന്തിക്കാൻ പോലും സാധിക്കാത്ത ഈ ഒരു രീതി പിന്തുടരുന്ന ക്ഷേത്രമാണ് ഓം ബന്ന ടെമ്പിൾ. ദേശീയ പാതയോട് ചേർന്ന് നിൽക്കുന്ന ഈ അമ്പലത്തിൽ പ്രാർത്ഥിക്കാൻ എത്തുന്നവർ കയ്യിൽ ഒരു കുപ്പി മദ്യം കരുതിയിട്ടുണ്ടാവും. ആ കുപ്പി തുറന്ന് പ്രതിഷ്ഠയിൽ അർപ്പിക്കും. ബാക്കി വരുന്ന മദ്യം അവർ തിരിച്ചുകൊണ്ടുപോവും. വിശ്വാസികളായ സന്ദർശകർ മദ്യം പ്രസാദമായി കണക്കാക്കി കുടിക്കുന്നു. പ്രായഭേദമന്യേ എല്ലാവരും ക്ഷേത്രത്തിൽ എത്താറുണ്ട്. മദ്യം കൂടാതെ മധുരപലഹാരങ്ങളും പ്രസാദമായി നൽകുന്നു. ഏത് സമയവും മണിമുഴക്കവും രാജസ്ഥാനി സംഗീതവും കൊണ്ട് സമ്പന്നമാണ് ഈ ക്ഷേത്രത്തിന്റെ പരിസരം. ദിവസവും ആയിരകണക്കിന് വിശ്വാസികളാണ് ദർശനത്തിനായി ഇവിടെയെത്തുന്നത്.

ജോധ്പുരിലെ പാലി ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജോധ്പുർ സിറ്റിയിൽ നിന്നും ഏകദേശം 53 കിലോമീറ്റർ ദൂരം മാത്രേമ ഈ ക്ഷേത്രത്തിലേക്കുള്ളൂ. ജോധ്പുർ ബസ് സ്റ്റാൻഡിൽ നിന്നും നേരിട്ടുള്ള ബസ് സർവീസ് ലഭ്യമാണ്. അങ്ങനെയൊരു ബസിലാണ് ഞാനും കയറിയത്. ഹൈവെയിലൂടെയുള്ള യാത്രയായത്കൊണ്ട് യാത്ര വളരെ സുഖകരമായിരുന്നു. അമ്പലത്തിനു മുന്നിൽ വണ്ടി നിർത്തി. ഒരുപാട് പേര് ഈ അമ്പലത്തിലേക്ക് ടിക്കറ്റെടുത്തിരുന്നു. ആളുകൾ ഇറങ്ങിക്കഴിഞ്ഞപ്പോൾ മുക്കാൽ ഭാഗം യാത്രക്കാരും ആ ബസിൽ നിന്നും ഇറങ്ങിയായതുപോലെ. ഈ അമ്പലത്തെക്കുറിച്ച് വായിച്ചറിഞ്ഞ ധാരണ മാത്രമേ എനിക്കുള്ളൂ. പക്ഷെ ഒരു കാര്യം പറയാതെ വയ്യ, ഇവിടെയുള്ളവർ ഈ അമ്പലത്തിന് നൽകുന്ന പ്രാധാന്യം ആ പരിസരത്തുള്ളവരുടെ പെരുമാറ്റത്തിലൂടെ തിരിച്ചറിയാൻ സാധിക്കുമായിരുന്നു. ബസിൽ നിന്നിറങ്ങിയവരെല്ലാവരും അമ്പലം ലക്ഷ്യമാക്കി നടന്നു.

ഞാൻ തൊട്ടടുത്തുള്ള ഒരു കടയിൽ കഴിക്കാനായി കയറി. അതുമാത്രമല്ല ഫോണിൽ ചാർജ് ചുവപ്പ് മിന്നുണ്ടായിരുന്നു. ഞാൻ എന്റെ ഫോണും പവർ ബാങ്കും ചാർജ് ചെയ്യാനായി അവിടെയുള്ള ഒരു പയ്യന്റെ കയ്യിൽകൊടുത്തു. രാജസ്ഥാനിലെത്തിയിട്ടു ഇത്ര വൃത്തിയുള്ള ഒരു റസ്റ്റോറന്റ് ആദ്യമായാണ് കാണുന്നത്. അല്ലെങ്കിലുള്ള അവസ്ഥയെക്കുറിച്ച് പറയാതിരിക്കുന്നതാവും നല്ലത്. ഈച്ച പാറുന്ന മേശയും വൃത്തിയില്ലാത്ത പ്ലെയിറ്റും വൃത്തിയില്ലാത്ത പരിസരവും ഭക്ഷണം കഴിക്കാനുള്ള തീരുമാനത്തെ തന്നെ റദ്ധാക്കും. അത്തരം കടകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കട എത്രയോ ഭേദം. നല്ല ചൂട് പാറുന്ന ഫ്രൈഡ്‌റൈസ് മേശപുറത്തെത്തി. കഴിക്കാൻ തുടങ്ങിയതും യാതൊരു സൂചനയും തരാതെ പെട്ടെന്ന് മഴപെയ്യാൻ തുടങ്ങി. റോഡ് സൈഡിൽ നിന്നവർ ആ പെരുമഴയിൽ നനഞ്ഞു. അവർ ഈ റസ്റോറന്റിനു മുന്നിലേക്ക് ഓടിയെത്തി. സ്ത്രീകൾ അവരുടെ വസ്ത്രങ്ങളിൽ നിന്നും പരമാവധി ശക്തിയോടെ വെള്ളം പിഴിഞ്ഞുകളയാൻ തുടങ്ങി. പുരുഷന്മാർ ബീഡി വലിക്കാനും കസേരകളിൽ കൂനിക്കൂടിയിരിക്കാനും തുടങ്ങി. ചിലർ നല്ല ചൂടുചായ കുടിക്കുന്നു. മഴ നിർത്താതെ പെയ്യുകയാണ്. ചോരുന്ന യാതൊരു ലക്ഷണവുമില്ല.

റസ്റ്റോറന്റിന് മുന്നിലിട്ട കസേരകളിലൊന്നിൽ ഞാനും സ്ഥാനമുറപ്പിച്ചു. മഴകാണാൻ നല്ല ഭംഗി, ഇരുട്ടുവീണ ആകാശം കാണാൻ അതിലേറെ ഭംഗി. കുറച്ചധികം നേരമായി ഞാൻ ഇവിടെ ഈ ഇരുത്തം തുടങ്ങിയിട്ട്. എനിക്ക് മടുക്കാൻ തുടങ്ങിയിരുന്നു. മഴ ചെറുതായൊന്നു കുറഞ്ഞെന്നു തോന്നിയപ്പോൾ ഞാൻ എന്റെ ബാഗുമിട്ട് അമ്പലത്തിലേക്ക് നടന്നു. വലിയൊരു മഴ തോർന്നു പോയതിന്റെ സകല ലക്ഷണങ്ങളും ആ അമ്പലത്തിനു ചുറ്റുമുണ്ടായിരുന്നു. നടക്കുന്ന വഴിയിൽ മുട്ടറ്റം വരെ വെള്ളം. ആളുകൾ ഒരു കയറിൽ പിടിച്ച് ആ വെള്ളം മുറിച്ചുകടക്കാൻ തുടങ്ങി. ഒരു കസേര കരക്കടിയാതെ ഒഴുകികൊണ്ടേയിരുന്നു.

ഞാൻ അമ്പലത്തിന്റെ ഫോട്ടോ എടുക്കാനായി ക്യാമറ എടുത്തപ്പോൾ മദ്യപിച്ച ഒരാൾ എന്റെ മുന്നിൽ വന്ന് എന്തൊക്കെയോ ഖോഷ്‌ടി കാണിക്കാൻ തുടങ്ങി. ഞാൻ മാറി നിന്നു. അയാളുടെ കൂട്ടുകാരാണെന്ന് തോന്നിക്കുന്ന കുറച്ചുപേർ അയാളെ പിടിച്ചുമാറ്റി. വെള്ളത്തിൽ മുങ്ങപ്പെട്ട ആ വഴി മുറിച്ചുകടക്കാനായി ഞാൻ തീരുമാനിച്ചു. എന്റെ മുട്ടറ്റം നനഞ്ഞു. ആ ചെളിവെള്ളത്തിൽ കുതിർന്ന ഉടുപ്പുമിട്ട് ഞാൻ അമ്പലത്തിൽക്ക് കയറി.

ഈ വഴിയമ്പലമുണ്ടായ കഥാ അല്പം വേറിട്ട കഥയാണ്. 1991 ഡിസംബർ 2-ന് ഓം ബന്ന എന്നൊരാൾ രാജസ്ഥാനിലെ ബംഗ്ഡി പട്ടണത്തിൽ നിന്ന് ചോട്ടിലയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ആ യാത്രക്കിടയിൽ അദ്ദേഹത്തിന്റെ ബൈക്ക് നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ച് അദ്ദേഹം മരണപ്പെടുന്നു. പിന്നീട് പോലീസുകാർ ആ ബൈക്ക് കസ്റ്റഡിയിലെടുക്കുകയും പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ അത്ഭുതമെന്ന് പറയത്തക്ക വിധം ആ ബൈക്ക് പിന്നീട് പലതവണ അപകടം നടന്ന അതേ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നു. ഇന്ധനം ഒഴിവാക്കിയിട്ടും, ചങ്ങല ഉപയോഗിച്ച് പോലീസ് സ്റ്റേഷനിൽ പൂട്ടിവെച്ചിട്ടും ഈ സംഭവം ആവർത്തിക്കപ്പെട്ടു. ഇവിടെ നിന്നുമാണ് ഈ അമ്പലത്തിന്റെ തുടക്കം.

ഈ സംഭവമറിഞ്ഞ ഗ്രാമനിവാസികൾ ഈ ബുള്ളറ്റിനെ അദൃശ്യശക്തികളുള്ള, ഓം ബന്നയുടെ ആത്മാവ് കുടികൊള്ളുന്ന വാഹനമായി കാണാൻ തുടങ്ങി. ഈ വാഹനവും അതിലുള്ള ആത്മാവും അവരുടെ യാത്ര സുഗമമാക്കുമെന്ന് വിശ്വസിച്ചു. ഈ ആരാധന അദ്ദേഹത്തിന് വേണ്ടി ഒരു അമ്പലം നിർമിക്കുന്നതിലേക്ക് വഴിയൊരുക്കി. വഴിയമ്പലങ്ങൾക്ക് പ്രസിദ്ധമായ ഇന്ത്യയിൽ പുതിയൊരു അമ്പലം കൂടെ നിർമ്മിക്കപ്പെട്ടു. ഓം ബന്നയുടെ ബുള്ളറ്റ് അവർക്ക് ദൈവമായി. അദ്ദേഹത്തിന് വേണ്ടി മദ്യം അർപ്പിക്കാനും തുടങ്ങി. അപകടത്തിൽപെട്ട അതേ ബുള്ളറ്റ് തന്നെയാണ് ഇവിടുത്തെ പ്രതിഷ്ഠ. ഓം ബന്നയുടെ ഒരുപാട് ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഏറെ തിരക്കുള്ള ഒരു ഇടമായി ഇന്ന് ഈ ക്ഷേത്രം മാറി കഴിഞ്ഞു.

ചുറ്റിലും പൂജാമണികളുടെ ശബ്ദം, ആളിക്കത്തുന്ന തീ, കർപ്പൂരത്തിന്റെയും മദ്യത്തിന്റെയും മണം. ചുറ്റിലും ഓം ബന്നയുടെ ഫോട്ടോ. പതിഞ്ഞ ശബ്ദത്തിൽ ഒരു സ്ത്രീ ഏതോ പ്രാദേശിക രാജസ്ഥാൻ ഗാനം പാടുന്നു. മുതിർന്നവരും സ്ത്രീകളും മദ്യകുപ്പിയുമായി തൊഴാൻ എത്തുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്യുന്നു. ഞാൻ വിശ്വാസിയില്ലാത്തതുകൊണ്ടും ഇത്തരം ആചാരങ്ങളെ പുതു കാഴ്ചയായി മാത്രം കാണുന്നത് കൊണ്ടും ഞാൻ തിരിച്ചുനടന്നു. ഇത്തരത്തിൽ വൈവിധ്യമായ അനേകം ആചാരങ്ങളും വിശ്വാസങ്ങളും കൂടെ ഉൾക്കൊള്ളുന്നതാണ് രാജസ്ഥാൻ. ഗ്രാമങ്ങൾ മാറുന്നതനുസരിച്ച് അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും മാറുന്നുവെന്ന് മാത്രം.

ഉദയ്‌പൂരാണ് അടുത്ത ലക്ഷ്യം. പാതി മനസോടെ എടുത്ത ഈ തീരുമാനം അവിടെയെത്തി നിമിഷങ്ങൾക്കകം മാറി.

അതെന്താണെന്നല്ലേ ? യാത്രയുടെ ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…

Article Tags:
Article Categories:
ArtFlix

Leave a Thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading