Bhajan Clubbing
131
Views

ഡിജെ പാർട്ടിയും ക്ലബ്ബിങ്ങും ഹരമായി കൊണ്ടുനടന്നിരുന്ന പുതുതലമുറയുടെ വൈബ് ഇപ്പോൾ മാറിയ മട്ടാണ്. ഇന്ത്യയിലാകമാനം ഇപ്പോൾ തരംഗമാകുന്നത് ഭജൻ ക്ലബ്ബിങ്ങുകളാണ്. ഭജനയുടെ ആസ്വാദകരാകട്ടെ ജെൻ സി എന്ന് നമ്മൾ വിളിക്കുന്ന യുവതലമുറയും. മുൻപെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആഭിമുഖ്യമാണ് യുവജനത ഭജൻ ക്ലബ്ബിങ്ങുകളോട് കാണിക്കുന്നത്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിശേഷിച്ചും കേരളത്തിലും ഭജൻ ക്ലബ്ബിങ്ങുകൾ ട്രെൻഡ് ആയി മാറിയിരിക്കുകയാണ്.

A television show set with a vibrant, colorful background featuring swirling cosmic patterns, illuminated by green and yellow lights. A presenter in a purple outfit stands center stage, engaging with an enthusiastic audience.
ഭജൻ ക്ലബ്ബിങ്ങിൽ നിന്നും (Image Credit: Youtube/T-Series)

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ ഇടങ്ങളിലെല്ലാം മുൻപത്തെക്കാളും കൂടുതലായി ഭജൻ ക്ലബ്ബിങ്ങുകൾ സജീവമായിട്ടുണ്ട്. ഭജൻ നടക്കുന്നയിടങ്ങളിലും സമൂഹമാധ്യമങ്ങളിലും യുവാക്കളുടെ സാന്നിധ്യമാണ് കാണാനാകുന്നത്. ലഹരിമുക്തമായ ക്ലബ്ബിങ്ങുകൾ എന്ന നിലയ്ക്ക് പലകോണുകളിൽ നിന്നും യുവാക്കളുടെ ഈ തിരഞ്ഞെടുപ്പിന് കയ്യടികൾ ലഭിക്കുന്നുമുണ്ട്. അതേസമയംതന്നെ സാംസ്കാരികവും രാഷ്ട്രീയവുമായ ചില ചോദ്യങ്ങളും ഭജനയ്ക്കൊപ്പം ഉയരുന്നുണ്ട്. ‘ഇത് ഭജന തന്നെയാണോ’ എന്നു തുടങ്ങി ‘ഇപ്പോഴെന്തിനീ ഭജന’ എന്നുവരെ നീളുന്നു ചർച്ചകൾ.

എന്താണ് ഭജന?

സംഗീതത്തിലൂടെ മനുഷ്യനെയും ഈശ്വരനെയും ബന്ധിപ്പിക്കാനുള്ള ഉപാധിയാണ് ഭജനകൾ എന്ന് പറയാറുണ്ട്. ഇന്ത്യയുടെ സാംസ്കാരിക ആത്മാവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ഭജനയുടെ വേരുകൾ സാമവേദത്തിലടക്കം കാണാം. മന്ത്രങ്ങൾ താളത്തിൽ ആലപിക്കുന്ന രീതിയിൽ നിന്നാണ് ഭക്തിഗാനങ്ങൾ രൂപപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. ‘ഭജനം’ എന്നാൽ സംസ്കൃതത്തിൽ ‘സേവിക്കുക’ അല്ലെങ്കിൽ ‘പങ്കുചേരുക’ എന്നാണ് അർഥം. സംഗീതത്തിലൂടെ ദൈവങ്ങളെ സേവിക്കുന്ന, അല്ലെങ്കിൽ സംഗീതത്തിലൂടെ ദൈവീക ചൈതന്യത്തിൽ പങ്കുചേരുന്ന അനുസ്യൂതമായ അനുഭൂതിയാണ് ഭജനകൾ എന്ന് ചുരുക്കം.

ഭജനയുടെ രൂപം

ഭജനയിൽ സാധാരണയായി ഭജന നയിക്കുന്നയാളും കൂടെ കോറസുമുണ്ടാകും. ഭജന നയിക്കുന്നയാൾ പാടുന്ന വരികൾ കോറസും ആസ്വാദകരും ഒന്നിച്ച് ഏറ്റുപാടും. ലളിതമായ സംഗീതമാണ് ഭജനയിൽ പാടുക. ലളിത വാദ്യോപകരണങ്ങളായ ഇലത്താളം, കൈമണി, തംബുരു, ഉടുക്ക്, മൃദംഗം തുടങ്ങിയവയൊക്കെ ഭജനയിൽ സാധരണയായി ഉപയോഗിച്ചുവരുന്നുണ്ട്. പതിഞ്ഞ താളത്തിൽ തുടങ്ങി, വേഗത കൂട്ടിക്കൂട്ടി ആസ്വാദകരെ ഒരുതരം ആത്മീയ ഉന്മാദത്തിലേക്ക് എത്തിക്കുന്ന രീതിയാണ് ഭജനകൾ അവലംബിക്കാറുള്ളത്. ഭക്തരുടെ ഹൃദയത്തിൽ നിന്നുമുയരുന്ന പ്രാർത്ഥന
സംഗീത രൂപത്തിലാകുമ്പോൾ അതിന് സൗന്ദര്യവും ഗാഢതയുമേറുന്നു.

Colorful figurines of musicians in traditional attire performing together, featuring drums and instruments, with a blurred background of various decorative items.
Representative Image: (Image Credits: Shutterstock/Srikant Ranganathan)

ഇപ്പോഴത്തെ ട്രെൻഡിന് കാരണം?

യുവതലമുറകൾ ഭജൻ ക്ലബ്ബിങ്ങിനോട് ആഭിമുഖ്യം കാണിക്കുന്നതിനുള്ള കാരണങ്ങൾ പലരും വിശദീകരിക്കുന്നുണ്ട്. അവയിൽ പ്രധാനമായത്, ഭജനകളുടെ അവതരണ രീതിയിൽ വന്ന മാറ്റമാണ്. അമ്പലങ്ങളിലോ ഭജന മഠങ്ങളിലോ സാധാരണയായി നടന്നുവന്നിരുന്ന ഭജനകൾ ഇപ്പോൾ വമ്പൻ സെറ്റപ്പിൽ ഒരുക്കിയ സ്റ്റേജുകളിലേക്ക് മാറിയിട്ടുണ്ട്. പാർട്ടി മൂഡ് ഉണർത്തുന്ന ലൈറ്റുകളും വലിയ എൽഇഡി വാളുകളും ഭജൻ ക്ലബ്ബിങ്ങുകളുടെ മുഖ്യ പ്രോപ്പർട്ടിയാണിപ്പോൾ. സംഗീതത്തിനൊപ്പം ദൃശ്യാത്മകമായ ഒരു വിരുന്നുകൂടി ഒരുക്കുന്ന തരത്തിലേക്ക് ഭജനകൾ മാറിയത് യുവജനങ്ങളെ കൂടുതൽ ഇതിലേക്ക് ആകർഷിച്ചു. ഡൽഹിയിൽ അവതരിപ്പിക്കപ്പെട്ട് ഹിറ്റ് ആയ കേശവം ബാൻഡ്, ഭജനയെ ആധുനിക റോക്ക് സംഗീതവുമായി വിളക്കിച്ചേർത്താണ് അവതരിപ്പിച്ചത് എന്ന് പറയുമ്പോൾ കാര്യങ്ങൾ ഒന്നുകൂടെ വ്യക്തമാകും.

പുതിയകാലത്തെ ഭജൻ സംസ്കാരത്തെക്കുറിച്ച് ഗായകൻ സുധീപ് കുമാർ പറയുന്നതിങ്ങനെ:
‘എല്ലാവരും ചേർന്ന് പാടുമ്പോഴുണ്ടാകുന്ന ഒരു പ്രകമ്പനമാണ് ഭജനയുടെ ഏറ്റവും വലിയ ആകർഷണം. സാമ്പ്രദായിക ഭജൻ ഗ്രൂപ്പ് എന്ന പേരിൽ ദക്ഷിണേന്ത്യയിൽ പണ്ടുമുതലേ ഭജൻ സംസ്കാരം നിലവിലുണ്ട്. ഭജനകൾ ഇപ്പോൾ ട്രെൻഡ് ആകാൻ കാരണം അതിനു വന്ന പരിഷ്കരണമാണ്. വളരെ ലൈറ്റ് ആയിട്ടുള്ള പാട്ടുകളാണ് ഭജനകളിൽ പാടിയിരുന്നത്. കർണാടക സംഗീതജ്ഞർ പോലും കച്ചേരികളുടെ ഒടുവിൽ ഭജൻസ് പാടാറുണ്ട്. കർണാടക സംഗീതം വളരെ ഗഹനമായിട്ട് പാടിയതിനു ശേഷം കുറച്ച് ലൈറ്റർ ആയിട്ടുള്ള ഭക്തിഗാനങ്ങൾ പാടുമ്പോൾ ആസ്വാദകർക്ക് അത് കൂടുതൽ അനുഭവഭേദ്യമാകും.

ഇപ്പോൾ കാണുന്ന ട്രെൻഡിന്റെ ഒരു പ്രധാന കാരണം അതിന്റെ സാങ്കേതിക മികവ് കൂടിയാണ്. വലിയ ഇവന്റുകൾ പോലെ എൽ.ഇ.ഡി വാളുകളും അതിൽ ദൈവങ്ങളുടെ പടങ്ങളും ആനിമേഷനുമൊക്കെ ഉപയോഗിക്കുകയാണ് പുതിയതായി വന്ന ഭജൻ ഗ്രൂപ്പുകൾ ഒക്കെ ചെയ്യുന്നത്. അതുപോലെ, ഹെവി സൗണ്ട് സിസ്റ്റങ്ങളുടെ അകമ്പടിയോടെയാകും ഈ ഭജനകൾ നടക്കുക. പാട്ടുകാരൊക്കെയും ഒരുപോലെ വസ്ത്രം ധരിച്ച് ഇരുന്ന് പാടുന്നത് കാണുമ്പോള്‍ ആകർഷണവും പുതുമയും തോന്നും. അതുകൊണ്ടാണ് ആളുകൾ, വിശേഷിച്ചും പുതു തലമുറയിലുള്ളവർ ഇതിലേക്ക് കൂടുതലായി വരുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

A group of singers in green traditional attire performing on stage with musical instruments, accompanied by a large backdrop image of a deity surrounded by radiant lights.
നന്ദഗോവിന്ദം ഭജൻസിന്റെ ഭജനയിൽ നിന്നും (Image Credits: Youtube/Nandagovindam Bhajans)

മറ്റൊരു കാര്യം പാട്ടിന്റെ തിരഞ്ഞെടുപ്പാണ്. അമ്പലങ്ങളിൽ എല്ലാ ദിവസവും കേൾപ്പിക്കുന്ന പാട്ടുകൾ ആളുകൾക്ക് പരിചിതമാണ്. ഈ പാട്ടുകൾ തന്നെ പുതുമയോടെ അവതരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. മുൻപ് ഒരു ഗായകൻ വേദിയിൽ നിന്ന് പാടുകയും ബാക്കിയുള്ളവർ കേട്ട് ആസ്വദിക്കുകയും ചെയ്യുന്ന പരമ്പരാഗത രീതിയിൽ നിന്നു മാറി ക്ഷേത്രാങ്കണത്തിൽ വന്നിരിക്കുന്ന എല്ലാവരും ചേർന്ന് സ്തുതിഗീതങ്ങൾ പാടുന്ന ഒരു രീതിയിലേക്ക് ഇത് വികസിച്ചു. അതുകൊണ്ടുകൂടിയാണ് ഭജൻ പരിപാടികൾ ഇപ്പോൾ ഇത്രയും ജനപ്രിയമായത്.
പ്രധാന കാര്യം, ഈ ഭജന കേൾക്കാൻ വരുന്നവരെല്ലാം ഭക്തരാവണമെന്നില്ല. സംഗീതത്തിലും അതിന്റെ താളത്തിലും ആകൃഷ്ടരായി വരുന്ന വലിയൊരു ജനസമൂഹമുണ്ട്. അവർക്ക് ഈ പാട്ടുകളോട് ഭക്തി ഉണ്ടെന്നോ അവർ ഭക്തരാണെന്നോ നമുക്ക് പറയാൻ കഴിയില്ല, മറിച്ച് ആ സംഗീതവും ഇതിന്റെ വൈബും ഇഷ്ടപ്പെട്ടാണ് അവർ വരുന്നത്. പക്ഷേ വരുന്നവരെല്ലാം ഇത് നൂറ് ശതമാനം ആസ്വദിക്കുന്നുണ്ട്.

റാപ്പ് സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന ഒരു സമൂഹവും ഭക്തി സംഗീതത്തിനൊപ്പം സ്വയം മറന്നിരുന്ന് ആസ്വദിക്കുന്ന സമൂഹവും കേരളത്തിലുണ്ട് എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രത്യേകത. നമുക്കിതെല്ലാം വേണം എന്നാണ് എന്റെ അഭിപ്രായം. ഗായകർ പാടുമ്പോൾ നിശബ്ദമായി കേട്ടിരിക്കുന്ന സംഗീതവും എല്ലാവരും കൂടെ പാടുന്ന, ആസ്വദിക്കുന്ന സംഗീതവും നമുക്ക് വേണം.’’

ഇങ്ങനെയാണോ ഭജന?

കാലത്തിനൊത്ത് പരിഷ്കിരിച്ചു എന്ന് പറയുമ്പോഴും ഭജന ഇങ്ങനെയാവണോ എന്ന കാര്യത്തിലുള്ള തർക്കവും സജീവമായുണ്ട്. മനുഷ്യരും ദൈവവും തമ്മിലുടലെടുക്കുന്ന ആത്മീയ ബന്ധത്തെ അനാവശ്യമായ ചേരുവകൾ ചേർത്ത് വികലമാക്കുകയാണ് പുതിയ കാലത്തെ ഭജനകൾ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. സംഗീതത്തിന്റെ ലാവണ്യവും വരികളിലെ അർഥവും മനസ്സിലാക്കി, തീർത്തും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഈശ്വരനിലേക്ക് ലയിക്കുന്നതിന് പകരം പ്രകടനപരതയ്ക്ക് ഊന്നൽ നൽകുന്നത് ഭജനയുടെ ആത്മാവിനെ ഇല്ലാതാക്കുമെന്ന് ഇക്കൂട്ടർ വാദിക്കുന്നു. അതേസമയം, ലഹരി പാർട്ടികളും നിയമവിരുദ്ധ പ്രവർത്തനങ്ങളുള്ള ക്ലബ്ബിങ്ങുകളും അരങ്ങുതകർക്കുന്ന ഇക്കാലത്ത് ഭജൻ ക്ലബ്ബിങ്ങുകൾ യുവതലമുറകൾക്ക് വഴികാട്ടിയാകുമെന്ന വാദമാണ് മറുവശത്ത് നിൽക്കുന്നത്.

ഭജനകളെക്കുറിച്ച് ഗായിക രാജലക്ഷ്മി പറയുന്നതിങ്ങനെ: ‘‘ഭജന സമ്പ്രദായം പുരാതന കാലം മുതലേ നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന ഒരു സംഗീത രീതിയാണ്. അത് പൂർണ്ണമായും കർണാടക സംഗീതത്തിൽ അധിഷ്ഠിതമായിരുന്നു. ഭക്തി, ഡിവോഷണൽ മ്യൂസിക് ഒപ്പം കർണാട്ടിക് സംഗീതം എന്നതാണ് ഇതിന്റെയൊരു രീതി. ഉത്തരേന്ത്യയിൽ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതവും തെന്നിന്ത്യയിലേക്ക് വരുമ്പോൾ കർണാട്ടിക് സംഗീതവും ഭജനയിലുണ്ടാവും. ഓതന്റിക് ആയി ഭജന പാടുന്ന സംഘങ്ങൾ ഇപ്പോഴുമുണ്ട്. തമിഴ്‌നാട്ടിലും മറ്റുമാണ് കൂടുതലായുമുള്ളത്. തിരുവനന്തപുരത്ത്, പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയൊക്കെ പരിസരങ്ങളിൽ ഭജന സംഘങ്ങളുണ്ട്.

ഭജന ഒരു മൂഡ് പ്രദാനം ചെയ്യുന്നതാണ്. പാടുന്നവരും ആസ്വദകരും എന്ന വേർതിരിവില്ലാതെ, എല്ലാവരും ഒരുമിച്ച് ഭജിക്കുന്ന രീതിയാണ് ഭജനയുടേത്. ഭക്തിയുടെ ലഹരിയിലേക്ക് ആസ്വാദകരെ എത്തിക്കുന്ന ഒന്നാണ് ഭജന. ശുദ്ധമായ ക്ലാസിക്കൽ സംഗീതം ഇതിൽ അധിഷ്ഠിതമാണ്.

ഇപ്പോഴത്തെ ട്രെൻഡ് ആയി ഭജന വരുന്നതിന്റെ ഒരു കാരണം, പോപ്പുലർ മ്യൂസിക് അതിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടു എന്നതാണ്. ഈ സാഹചര്യത്തിൽ ഭജന കുറച്ചുകൂടി ജനകീയമായി. പോപ്പുലർ ആയ ഭക്തിഗാനങ്ങളും സിനിമ ഗാനങ്ങളും ഭജനയിലേക്ക് കൊണ്ടുവന്നപ്പോൾ ആളുകൾക്കത് കൂടുതൽ കണക്ട് ആയി. ഇതാണ് യുവതലമുറയെ ആകർഷിച്ചതും. മറ്റൊരു കാരണം ഇതിന്റെ അവതരണ രീതിയാണ്. ഭജന സംഘങ്ങൾ ഒരേ വേഷത്തിൽ ഇരിക്കുന്നു, ദൃശ്യപരമായ ഇഫക്ടുകൾ കൊണ്ടുവരുന്നു… ഇതൊക്കെ സംഘമായി പാടുന്നതിന് കൂടുതൽ എനർജി നൽകും.

എന്നാൽ ഭജന എന്നതിന്റെ ആധികാരിക സ്റ്റൈൽ ആണോ ഇതെന്ന് ചോദിച്ചാൽ അല്ലെന്നാണ് എന്റെ അഭിപ്രായം. നാമാവലികൾ മാത്രമാണ് ഭജന. പല കീർത്തനങ്ങളും ഭജനയിൽ പാടാറുണ്ട്. കർണാടക സംഗീതമാണ് അതിന്റെ ആത്മാവ്. ഇപ്പോഴുള്ളത് ഒരു ഫ്യൂഷൻ രീതിയാണ്. പഴയ കീർത്തനങ്ങളൊക്കെ റീമിക്സ് ചെയ്ത്, റിപ്രൈസ്ഡ് വേർഷനുകളൊക്കെ ഇറക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നുണ്ട്.
പുതുതലമുറയുടെ ആസ്വാദന തലത്തിനൊത്ത് മാറ്റം വരുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
നമ്മൾ കേട്ടുമറന്ന നല്ല പഴയ ഭക്തിഗാനങ്ങളൊക്കെ പുതിയ രീതിയിൽ കേൾക്കുമ്പോഴുണ്ടാകുന്ന ഫീലാണ് യുവതലമുറയെ ഭജനയിലേക്ക് ആകർഷിക്കുന്നത്. ട്രെൻഡുകൾ എപ്പോഴും മാറിക്കൊണ്ടിരിക്കും. എങ്കിലും കൗതുകത്തോടെയാണ് ഇതിനെയും സ്വീകരിക്കുന്നത്.

A person playing a harmonium from a top-down view, focusing on their hands and the instrument keys.
Representative Image (Image Credit: Shutterstock/Valmedia

/രാഷ്ട്രീയ വിമർശനം​

ഇന്ത്യയിലാകമാനം പൊടുന്നനെ ട്രെൻഡ് ആയ പുതിയകാല ഭജനകളിൽ രാഷ്ട്രീയ വിമർശനങ്ങളും ഉയരുന്നുണ്ട്. യുവതലമുറകളെ ആകർഷിക്കുന്ന തരത്തിൽ പരിഷ്കരിച്ച്, രാജ്യമെമ്പാടും പുതിയൊരു ഭജന സംസ്കാരം പ്രചരിപ്പിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് ഉയർന്നുവരുന്ന വിമർശനം. രാജ്യത്ത് പിടിമുറുക്കുന്ന തീവ്രവലതുപക്ഷത്തിന്റെ പ്രചാരണ ആയുധമായി ഇത്തരം ഭജനകൾ മാറുന്നുണ്ടെന്നും വിമർശനം ഉയരുന്നു. പുത്തൻകാല ഭജനകളിലെ ആത്മീയ തലത്തിന്റെ അഭാവമാണ് ഇക്കൂട്ടരും പ്രധാനമായി ഉയർത്തിക്കാട്ടുന്നത്. യുവതലമുറയ്ക്ക് വേണ്ട ചേരുവകൾ ചേർത്ത് ‘ആളെക്കൂട്ടുന്ന’ ഇത്തരം പരിപാടികളിലൂടെ രാഷ്ട്രീയ അജണ്ടകൾ ഒളിച്ചുകടത്താമെന്ന് ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്. വാദപ്രതിവാദങ്ങൾക്ക് ഇടം നൽകുന്ന ഇത്തരം ചർച്ചകളും സമൂഹമാധ്യമങ്ങളിലടക്കം സജീവമാണ്.

Article Tags:
· · ·
Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading