‘I Have an amazing therapist, and I love going to therapy.’
നാണക്കേടിന്റെ യാതൊരു ഭാരവുമില്ലാതെ, ആത്മാഭിമാനത്തോടെയാണ് സിനിമ താരം പ്രിയ പി. വാരിയർ ഇതു പറഞ്ഞത്. തെറാപ്പിയെക്കുറിച്ചും മാനസികബുദ്ധിമുട്ടുകൾ വരുമ്പോൾ സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണുന്ന പതിവിനെക്കുറിച്ച് തുറന്നുപറയുന്ന ആദ്യത്തെ പ്രമുഖയല്ല പ്രിയ പി. വാരിയർ. ഇതിനുമുൻപും ശേഷവും ഒരുപാട് സിനിമ താരങ്ങൾ തെറാപ്പിക്കു പോവുന്നതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. തുടക്ക സമയത്ത് കമന്റ് ബോക്സുകളിൽ നിറഞ്ഞിരുന്ന കളിയാക്കലിൽ നിന്നും നെഗറ്റീവ് കമന്റുകളിൽ നിന്നും എത്രയോ മുന്നിലാണ് ഇന്നത്തെ സമൂഹം. ഊളമ്പാറയെന്ന് കേട്ടാൽ ചിരിക്കുന്ന, വിഷാദരോഗികളെ ഭ്രാന്തന്മാരെന്ന് കളിയാക്കിയിരുന്ന മനുഷ്യർ എന്നു മുതലാണ് മാറി തുടങ്ങിയത്? തെറാപ്പി ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ അടയാളമായി മാറിയത് എപ്പോഴാണ്?
കുമ്പളങ്ങിയിലെ സജിയുടെ കരച്ചിൽ
‘എന്റെ കിളി പോയിട്ടിരിക്കാ…’ എന്ന് പറയുന്ന സൗബിൻ ചെയ്ത സജിയുടെ കഥാപാത്രം തൊട്ടടുത്ത സീനിൽ ഇരിക്കുന്നത് ഒരു മാനസികാരോഗ്യവിദഗ്ധന്റെ മുന്നിലാണ്. അയാളുമൊത്തുള്ള നീണ്ട സംസാരത്തിനൊടുവിൽ നിർത്താതെ കരയുന്ന സജിയെ കണ്ട് തിയറ്റർ ഒന്നടങ്കം ചിരിച്ചു. ഒരു മനുഷ്യന്റെ കരച്ചിൽ എന്നുമുതലാണ് ആളുകൾക്ക് ചിരിയായി മാറിത്തുടങ്ങിയതെന്ന അത്ഭുതം പോലുമില്ലാതെ ആളുകൾ നിർത്താതെ ചിരിച്ചു. പക്ഷെ പിന്നീട് ആ സീൻ ഏറെ ചർച്ചയായപ്പോൾ സജി കരഞ്ഞത് അയാൾക്ക് കരയാൻ തോന്നിയിട്ടാണെന്നും മാനസികമായി ബുദ്ധിമുട്ടുന്ന അയാൾക്ക് ഡോക്ടറുടെ സഹായം ആവശ്യമാണെന്നും ആളുകൾ പതുക്കെ മനസിലാക്കാൻ തുടങ്ങി.

കുമ്പളങ്ങി നൈറ്റ്സ് സിനിമയിൽ ശ്രീനാഥ് ഭാസി, ഷൈൻ നിഗം, സൗബിൻ ഷാഹിർ എന്നിവർ. (Photo: Kumbalangi Nights/Facebook)
കേരളത്തിൽ ആ ഒരൊറ്റ സീൻ പലരുടെയും മനോഭാവത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. കരയുന്നത് നാണക്കേടാണ് എന്ന ചിന്തയെ ആളുകൾ മറന്നു തുടങ്ങിയതിന്റെ പ്രാരംഭ ഘട്ടമായിരുന്നു അത്. എന്നാലും മാറാത്തവരും അവശേഷിച്ചു.
കോവിഡ് കാലം, മാറ്റത്തിന്റെ കാലം
മാസങ്ങളോളം വീട്ടിലിരിക്കേണ്ടി വന്ന മനുഷ്യർ പലരും പിന്നീട് ഒറ്റപ്പെടലിന്റെ വേദന നുണഞ്ഞു. അവരിൽ പലർക്കും മനസികാരോഗ്യപ്രശ്നങ്ങളുണ്ടാവുകയും അത് തിരിച്ചറിയുകയും ചെയ്തു. വീട്ടിൽ ഒറ്റക്കിരിക്കുന്നവരുടെ കൈ പിടിക്കാൻ ആരും ഇല്ലാതിരുന്ന സമയം ആത്മഹത്യകളുടെയും പുറത്തറിയാത്ത ആത്മഹത്യാശ്രമങ്ങളുടെയും എണ്ണം വലിയ തോതിൽ വർധിച്ചു. അപ്പോഴും പല വീട്ടുകാരും തന്റെ കൂടെ ഒരേ മേൽക്കൂരയ്ക്ക് കീഴെ താമസിക്കുന്നവർക്ക് എന്താണ് പറ്റുന്നതെന്ന് അറിയാതെ അങ്കലാപ്പിലായി.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ പലതും മറ്റുള്ളവർക്ക് കുറ്റപ്പെടുത്താനുള്ള കാരണങ്ങളായിരുന്നു. മടിയും പേടിയും വിശപ്പില്ലായ്മയും ഉറക്കക്കുറവും കരച്ചിലും പലപ്പോഴും പല വീടിന്റെയും അകത്തളങ്ങളിൽ തമാശയായി മാറി. അങ്ങനെയിരിക്കെ സംസ്ഥാന സർക്കാർ മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വലിയ രീതിയിൽ ബോധവത്കരണം ആരംഭിച്ചു. ഇത് പലരുടെയും ചിന്താഗതിയിൽ മാറ്റം വരുത്തി. കൂടെയുള്ളവരുടെ സ്വഭാവങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ രോഗലക്ഷണമാണെന്ന് തിരിച്ചറിഞ്ഞു.
സമൂഹമാധ്യമങ്ങൾക്കു നന്ദി
ഒരിക്കൽ ആളുകൾ പറയാൻ മടിച്ചിരുന്ന ഈ കാര്യം പല ഇൻഫ്ലുവൻസർമാരും സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കി. കോവിഡ് കാലത്ത് ആരംഭിച്ച ക്ലബ് ഹൗസ് ചർച്ചകളിൽ പലതും മാനസികാരോഗ്യത്തെ കുറിച്ചുള്ളതുകൂടിയായിരുന്നു. പല സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും ഈ ചർച്ചകളിൽ പങ്കെടുത്തു. വിഷാദരോഗികൾ അവരുടെ അനുഭവം തുറന്നു പറഞ്ഞു. ഈ ചർച്ചകൾ ഒരുപാടുപേരെ സ്വാധീനിച്ചു, പലരും മാറിത്തുടങ്ങി.

ഫേസ്ബുക്കിൽ നീണ്ടകുറിപ്പുകളായും ഇൻസ്റ്റാഗ്രാമിൽ വിഡിയോകളായും ഈ വിഷയത്തിൽ കണ്ടന്റുകൾ നിറഞ്ഞു. വിഷാദമുള്ളവരെ ഒറ്റപ്പെടുത്താതിരിക്കാനും തിരിച്ചറിയാനും ഇത് ഒരു പരിധിവരെ സഹായകമായി. വിഷാദം ഒരു അസുഖമാണെന്ന തിരിച്ചറിവ് ആളുകൾക്കുണ്ടായി.
തുറന്നുപറച്ചിലുകൾ
ഗായിക ഗൗരി ലക്ഷ്മി, നടി പാർവ്വതി തിരുവോത്ത്, അവതാരക അശ്വതി ശ്രീകാന്ത് എന്ന് തുടങ്ങുന്ന വലിയ ഒരു നിര വിഷാദരോഗം ബാധിച്ചതിനെക്കുറിച്ചും അതിൽ നിന്നും പൂർവ്വാധികം ശക്തിയോടെ കരകയറിയതിനെക്കുറിച്ചും തുറന്നുപറഞ്ഞു. അവരുടെ അഭിമുഖങ്ങൾ വലിയ രീതിയിൽ ചർച്ചയായി. ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ആ വിഡിയോകൾ ചർച്ചയായി. ആ ചർച്ചകൾ നല്ല മാറ്റത്തിന്റെ തുടക്കമായി.

മലയാളികൾക്ക് മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കിയതിൽ സർക്കാരിനും ഒരുപാട് മനുഷ്യർക്കും വലിയ പങ്കുണ്ട്. ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും എന്ന ചിന്തയിലേക്ക് വലിയ ഒരു സമൂഹം ആളുകൾ വളർന്നുകഴിഞ്ഞു. തെറാപ്പി പലർക്കും ഇന്ന് നാണക്കേടല്ല, അതിജീവനത്തിന്റെ സാധ്യതകൂടിയാണ്.




