തിരക്ക് പിടിച്ചൊരു ഓഫീസ് ദിവസത്തിനിടയിൽ ഒരു കുഞ്ഞ് ഇടവേളയെടുത്ത് ഇൻസ്റ്റഗ്രാമിലേക്ക് ഓടിച്ചെന്ന് ചിരിപടർത്തുന്ന ഒരു മീമോ റീലോ കണ്ട് ഇത് ഞാൻ തന്നെ എന്ന് ഓർത്ത് ചിരിക്കാറില്ലേ..? ഉണ്ട്. ഒരിത്തിരി ആശ്വാസം കിട്ടാൻ മാത്രം കാര്യങ്ങളുണ്ട് ഫീഡിലേക്ക് എത്തിയ റീലിലും മീമിലും. ആ റീല്‍ മറ്റെവിടെയോ ഉള്ള സുഹൃത്തിനോ ഓഫീസിലെ സഹപ്രവർത്തകർക്കോ ഷെയർ ചെയ്ത് സമാധാനിക്കുന്ന മനുഷ്യരല്ലേ നമ്മളെല്ലാവരും. ‘മീം തെറാപ്പി’ എന്ന പേരിട്ട് വിളിക്കാം ഇതിനെ.
മീമുകളും റീലുകളും ഒരു ഡിജിറ്റൽ തെറാപ്പി തന്നെയാണ്. ഒരാൾ അനുഭവിക്കുന്ന ടെൻഷൻ, ട്രോമ, മാനസികസമ്മർദം, ഉത്കണ്ഠ എന്നിവയെല്ലാം തമാശ നിറഞ്ഞ റീലുകൊണ്ടും മീമുകൊണ്ടും ഒരു പരിധി വരെ പരിഗണിക്കപ്പെടുന്നുണ്ട് എന്ന് പറയാം. താൻ ഒറ്റയ്ക്കല്ലെന്നും സമാനമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവർ ചുറ്റുമുണ്ടെന്നുമുള്ള ഐക്യപ്പെടലാണ് ഇതിന്റെ ആദ്യപടി. ഒരേ പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ചുറ്റുമുണ്ടെന്ന തോന്നലിൽ തന്നെ ഒരു പരിധി വരെ ആശ്വാസം കണ്ടെത്തുന്നവരുണ്ട്. മീമിനും റീലിനും ഉള്ള ലൈക്കുകളുടെ എണ്ണം തന്നെ അതിന് തെളിവ്.

പൂർണമായും ഒരു പരിഹാരമല്ല ഇവയെങ്കിലും താൽക്കാലികമായ ഒരു ആശ്വാസം മീമുകൾ നൽകുന്നുണ്ട്. ഹാസ്യം, തമാശ എല്ലാം ഒരു ‘Coping Mechanism’ ആണ്. അതിനാൽ തന്നെ പല പ്രതിസന്ധികളും മറികടക്കാൻ ഈ ചിരിപ്പിക്കുന്ന മീമിനും റീലിനും കഴിയും. വലിയ തെറാപ്പി സെഷനോ, നീണ്ട സംഭാഷണമോ ഇല്ലാതെ ഒരു ‘സേഫ് സ്പെയ്സ്’ നൽകുന്നുണ്ട് ഇത്തരം മീമുകൾ. അതാണ് ഇവയ്ക്ക് ഇത്രകണ്ട് ജനപ്രിയത ലൈക്കായും കമന്റായും ലഭിക്കുന്നത്. തിരക്കിലും സമ്മർദങ്ങൾക്കിടയിലും ഇൻസ്റ്റ ഫീഡും റെഡിറ്റും ഒരു താല്‍ക്കാലിക രക്ഷപ്പെടലിന്റെ വേദിയാകുന്നുണ്ട്. ഇങ്ങനെയാണ് ഇൻസ്റ്റ ഫീഡുകൾ നമ്മുടെ ഹാപ്പി പ്ലേസ് ആകുന്നത്. അതിനാൽ തന്നെയാണ് 30 സെക്കൻറ് റീലുകളും മീമുകളും ഏറെ പറയാൻ ഉണ്ടെന്ന് നമ്മളോട് തന്നെ പറയുന്നത്.

ഏറെ ദൂരെയാണെങ്കിലും മുടങ്ങാതെ റീൽസ് അയക്കുന്ന റീൽസോളി കൂട്ടുകാർ നമുക്കുമില്ലേ.. നീണ്ട വർത്തമാനങ്ങളോ ചാറ്റോ ഫോൺ കോളോ ഇല്ലാതെ തന്നെ ഞാൻ ഇവിടെ ഉണ്ടെന്നും നിന്നെ ഓർക്കുന്നുണ്ടെന്നും ആ റീലുകളിലൂടെ പറയുന്നുണ്ടവർ. അത്തരത്തിൽ ഒറ്റയ്ക്കല്ല എന്നും കൂടെ ഒരാൾ ഉണ്ടെന്നും ഓർമിപ്പിക്കുന്നുണ്ട് റീൽസും മീമുകളും. ദൈനംദിന ജീവിതത്തിലെ എല്ലാ തലവേദനകൾക്കും മറുമരുന്നായി റീലും മീമും എത്തുന്നുണ്ട്. മടിയൻ തിങ്കളാഴ്ചയെ, ഓഫീസ് ബോസ് സ്ട്രെസിനെ, പ്രണയത്തകർച്ചയെ, സിംഗിൾസ് ജീവിതത്തെ അങ്ങനെ എല്ലാം. വലിയ വേദനയിലേക്ക് ചെറിയ ചിരി വരുത്താൻ ഇവയ്ക്ക് കഴിയുന്നതിനാലാണ് ഇത്തിരി നേരത്തേക്ക് ഒരു സമാധാനം റീലുകള്‍ ബാക്കിയാക്കുന്നത്.

മുഖം വ്യക്തമാക്കാത്ത ആരെന്ന് അറിയാത്ത തുറന്നുപറച്ചിലുകളാണ് മീമുകൾ. കാര്യമാത്ര പ്രസക്തിയുള്ള, തുറന്നു പറയാൻ മടിച്ച് മാറി നിൽക്കുന്ന പലതും ഒരു കുഞ്ഞ് ചിത്രം സഹിതം പറയുന്ന മീമുകൾ തെറാപ്പി തന്നെയാണ്. ആരും കേൾക്കാതെ കരഞ്ഞിരിക്കുന്ന രാത്രികളെ കേൾക്കുന്ന ഇൻസ്റ്റഗ്രാം അൽഗോരിതം പോലെയാണത്. സ്‌ക്രോളിങ്ങിൽ കിട്ടുന്ന ആശ്വാസത്തിനൊപ്പം ഇന്‍റർനെറ്റ് തലമുറയ്ക്ക് ഒരു ചിത്രവും രണ്ട് വരി ടെക്സ്റ്റും നൽകുന്നത് അവരെ മനസിലാക്കുന്ന, അവരെ ഉൾക്കൊള്ളുന്ന ഭാഷ തന്നെയാണ്.
എന്നാൽ, റീലും മീമും ഒരു അംഗീകൃത തെറാപ്പി അല്ല. ഒരു താൽക്കാലിക ആശ്വാസം മാത്രമാണ്. പെട്ടെന്നെത്തിയ തലവേദനയ്ക്ക് മേൽ ബാം പുരട്ടുന്നത് പോലെ. എല്ലാ വേദനയ്ക്കും പാരസെറ്റാമോൾ കഴിക്കുന്ന പ്രവണത പോലെ തെറ്റാണ് എല്ലാത്തിനും ഇൻസ്റ്റ ഫീഡിൽ പരിഹാരം തേടുന്നത്. പത്ത് മിനിറ്റ് ബ്രെയ്ക്കിൽ തുടങ്ങി രണ്ട് മണിക്കൂർ നീളുന്ന സ്ക്രോളിങ് പോലെയാണിത്. ഒരു പരിധിവരെ മീമുകൾ ചിരിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്ഥ പ്രശ്നങ്ങളെ മറച്ചുവയ്ക്കുകയാണ് എന്നതും തള്ളിക്കളയാൻ കഴിയില്ല. വിഷാദം (Depression), ട്രോമ (Trauma), ട്രോമാ ബോണ്ടിങ് (Trauma bonding) ഇവയെല്ലാം ട്രെൻഡിങ് ടോപ്പിക്സ് ആയിട്ട് കാലം കുറച്ചായി. എന്നാൽ, ഇൻസ്റ്റ റീലിനും ഷെയേർഡ് മീമിനും ഉപരിയായി വിദഗ്ധ ഉപദേശം വേണ്ട, ചികിത്സ വേണ്ടതും കൗൺസിലിങ് വേണ്ടതുമായ പ്രശ്നങ്ങളെ എല്ലാവർക്കും ഉണ്ടല്ലേ എന്ന ചോദ്യത്തിൽ ഒഴിവാക്കരുത്. ചിരിക്കപ്പുറം ചിന്ത വേണ്ടവയെ ചിന്തിച്ച് തന്നെ പരിഹരിക്കണം.




