ഇഷ്ടമുള്ള വിഭവങ്ങളും ചേർത്ത് വയറുനിറച്ചൊരു ഊണ്, പിന്നാലെ ഒറ്റയുറക്കം… ഇതിൽകവിഞ്ഞൊരു സ്വർഗ്ഗമുണ്ടോയെന്ന് തോന്നിപ്പോകും! എന്നാൽ, ഉച്ചയുറക്കം എന്ന ‘അത്ഭുത സിദ്ധി’യെ നമ്മൾ വേണ്ടവിധം ആഘോഷിച്ചിട്ടുണ്ടോ? സത്യത്തിൽ, ഉച്ചയുറക്കമെന്നത് ഇന്നും നമ്മുടെ സമൂഹത്തിന് ഒരു നിഷിദ്ധ കനിയാണ്. ഈ നിഗൂഢ വിലക്കിന് പിന്നിൽ പരിണാമപരമായ കാരണങ്ങളും രസകരമായ മനഃശാസ്ത്ര വശങ്ങളുമുണ്ട്.
ഉറക്കം; അതിജീവനത്തിന്റെ കല
ഉച്ചയുറക്കത്തിലേക്ക് ആദ്യം വരാം. ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ് ചെറിയൊരു ഉച്ചയുറക്കം എന്നാണ് പഠനങ്ങൾ പറയുന്നത്. കഠിനമായ ജോലിത്തിരക്കുകളിൽപ്പെട്ട് ഹാങ് ആകുന്ന തലച്ചോറിന് ഒരു റീസെറ്റ് ബട്ടൺ അമർത്തുംപോലെയാണ് ഉച്ചയുറക്കം. ഏകാഗ്രത വർദ്ധിപ്പിക്കാനും ഓർമശക്തി കൂട്ടാനും ഉച്ചയുറക്കം സഹായിക്കും. മാത്രമല്ല, പതിവായി ചെറിയ ഉച്ചയുറക്കം ശീലിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഉറക്കമില്ലായ്മ മൂലമുണ്ടാകുന്ന ദേഷ്യവും അസ്വസ്ഥതയും മാറ്റാനും ഒരു ചെറുമയക്കം ധാരാളമാണ്.

എന്നാൽ, പകല് മൂക്കുമുട്ടെ തിന്നതിനു ശേഷം പോത്തു പോലെ കിടന്നുറങ്ങുകയാണോ വേണ്ടത്? അല്ലേയല്ല, ഉച്ചമയക്കം മയക്കം തന്നെയാകണമെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് 15 മുതൽ 45 മിനിറ്റ് വരെയുള്ള ഉറക്കമാണ് എപ്പോഴും ആരോഗ്യത്തിനു നല്ലത്. അതിൽ കവിഞ്ഞുള്ള ഉറക്കം പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു. ഗാഢമായ നിദ്രയിലേക്ക് ആഴ്ന്നിറങ്ങാതെ ഒന്ന് മുങ്ങിപ്പൊങ്ങണം എന്ന് ചുരുക്കം.
ഉറക്കമെന്ന നിഷിദ്ധ കനി
ഉച്ചയുറക്കം ആരോഗ്യദായകമാണെന്ന് തെളിയിച്ചു കഴിഞ്ഞല്ലോ. എന്നാലിത് എല്ലാവർക്കും പ്രാപ്യമാണോ? നിങ്ങളുടെ 9–5 ജോലിക്കിടയിൽ ഉച്ചയൂണും കഴിഞ്ഞ് സ്വന്തം മേശപ്പുറത്ത് ഇരുന്ന് മയങ്ങുന്നത് ഒന്ന് ആലോചിച്ചു നോക്കൂ! ബോസ്സിന്റെ മുഖമായിരിക്കുമല്ലേ മനസ്സിൽ തെളിയുന്നത്. ഇനി, മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന ഒരു ഉദ്യോഗാർഥിയാണ് നിങ്ങൾ എന്ന് സങ്കൽപ്പിച്ചു നോക്കൂ. 20 മിനിറ്റുകൊണ്ട് എന്തൊക്കെ പഠിക്കാനൊക്കും. ആ സമയം ഉറങ്ങിപ്പാഴാക്കണോ എന്ന് ചിന്തിക്കുമല്ലേ..? ഉദാഹരണം രണ്ടേ പറഞ്ഞുള്ളൂവെങ്കിലും ഉച്ചയുറക്കം കുറ്റബോധം സമ്മാനിക്കുന്ന ഒരുപാട് പേര് നമുക്ക് ചുറ്റുമുണ്ട്. ഈ കുറ്റബോധത്തിന്റെ യഥാർഥ കാരണം അവരല്ല എന്നതാണ് കൗതുകം. പരിണാമപരവും സാമൂഹികവുമായ ചില കാരണങ്ങൾ ഈ തോന്നലിന് പിന്നിൽ ആരുമറിയാതെ ഉറങ്ങിക്കിടപ്പുണ്ട്. ഉച്ചയ്ക്ക് ഉറങ്ങുന്നത് മടിയന്മാരാണ് എന്ന പറച്ചിൽ പലയിടത്തു നിന്നും നമ്മൾ കേട്ടുകാണും. വിദ്യാർത്ഥികളാവും ഈ പല്ലവി കൂടുതൽ കേട്ടിട്ടുണ്ടാവുക.

പഴമക്കാർ എന്തു പറയുന്നു? മൊത്തം നെഗറ്റീവാണോ?
നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ള പഴഞ്ചൊല്ലുകളും കഥകളുംപോലും പലപ്പോഴും ഉറക്കത്തെ നെഗറ്റീവ് ആയിട്ടാണ് ചിത്രീകരിക്കുന്നത്. ‘കുംഭകർണ്ണൻ’ എന്ന പേര് കേൾക്കുമ്പോൾ തന്നെ, സദാ ഉറങ്ങുന്ന, മടിയനായ ഒരാളെയല്ലേ മനസ്സിലേക്ക് വരുന്നത്. കുംഭകർണ്ണനെപ്പോലെയുള്ള കഥാപാത്രങ്ങളെ മടിയുടെയും അമിതനിദ്രയുടെയും പ്രതീകമായാണ് നമുക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഒരു ശ്ലോകം നോക്കൂ: ‘ഇരിക്കുന്നവന്റെ ഭാഗ്യം ഇരുന്നുപോകുന്നു, എഴുന്നേറ്റവന്റെ ഭാഗ്യം കൂടെ എഴുന്നേൽക്കുന്നു, ഉറങ്ങുന്നവന്റെ ഭാഗ്യം ഉറങ്ങിപ്പോകുന്നു, സഞ്ചരിക്കുന്നവന്റെ ഭാഗ്യം സഞ്ചരിക്കുന്നു’! ഇതൊക്കെ കേട്ടുവളരുന്ന ഒരു മനുഷ്യന് കുറ്റബോധം തോന്നിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!! ‘അധ്വാനിക്കുന്നവർക്കും ഭാരം ചുമക്കുന്നോർക്കുമുള്ള സ്വർഗത്തിലേക്ക് കയറിച്ചെല്ലാൻ ഉച്ചയ്ക്ക് ഉറങ്ങുന്നവർക്ക് ഒക്കുമോ?

ഇത്തരത്തിൽ ചെറിയ പ്രായം മുതൽ കേൾക്കുന്ന ‘ഉറക്കത്തിന്റെ നെഗറ്റീവുകൾ’, ഉറക്കം ഒരു മോശം കാര്യമാണ് എന്ന ബോധം ഉപബോധ മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കും (യഥാർഥത്തിൽ നെഗറ്റീവ് അല്ല കേട്ടോ). ഓടി നടന്നു ജോലി ചെയ്യുന്നതാണ് ശരിയായ രീതി എന്ന് നമ്മൾ കരുതും. അതുകൊണ്ട് തന്നെ ശാന്തമായി കിടന്നുറങ്ങുന്നത് ഈ ‘അധ്വാന ശീലത്തിന്’ വിപരീതമാണെന്ന് മനസ്സ് നമ്മോട് പറയും. ഇത്തരം ധാരണകൾ ഉപബോധമനസ്സിൽ ഉള്ളതുകൊണ്ട് ഉറങ്ങിയെണീക്കുമ്പോൾ അറിയാതെ തന്നെ മനസ്സിൽ കുറ്റബോധം തോന്നും. പൂർത്തിയാക്കാനുള്ള ജോലികൾക്കിടയിലോ പഠനത്തിന് നടുവിലോ ആണ് ഉറങ്ങുന്നതെങ്കിൽ എഴുന്നേൽക്കുമ്പോൾ ആ ഉത്കണ്ഠ ഇരട്ടിയാകും.
അധ്വാനം = വിജയം എന്ന സാമൂഹിക സമവാക്യം ചെറുപ്പം മുതലേ നാം കേട്ടുവളരുന്നതാണ്. മാതാപിതാക്കളും അധ്യാപകരും തുടങ്ങി സ്കൂളിൽ ഉച്ചകഴിഞ്ഞുള്ള പിരീഡുകൾ കയ്യേറികൊണ്ടെത്തുന്ന മോട്ടിവേഷൻ സ്പീക്കർ പോലും ഇത് പറഞ്ഞുതന്നിട്ടുണ്ടാകും. ഇവിടെ അധ്വാനം എന്നാൽ എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നാണ് അർത്ഥമാക്കുന്നത്. വെറുതെ ഇരിക്കുന്നത് സമയം പാഴാക്കലാണെന്നും സമയം പണമാണെന്നുമുള്ള (Time is Money) ഫിലോസഫി കൂടെയാകുമ്പോൾ കാര്യങ്ങൾ പൂർത്തിയായി.
പുതിയകാലത്തും ഇങ്ങനെ വേണോ?
ആധുനിക ജോലി സംസ്‌കാരവും മനുഷ്യന്റെ ഉറക്കവുമായി ഗാഢമായ ബന്ധം പുലർത്തുന്നുണ്ട്. ഫാക്ടറികളെയും ഓഫീസുകളെയും അടിസ്ഥാനമാക്കി രൂപപ്പെട്ട ജോലി സംസ്കാരം ഉച്ചയുറക്കത്തിനോ വിശ്രമത്തിനോ പ്രാധാന്യം നൽകുന്നില്ല എന്നതാണ് വാസ്തവം. 9–5 എന്ന ഷെഡ്യൂളിൽ വിശ്രമത്തിന് സ്ഥാനമില്ല.
മനുഷ്യനെ മെഷീനുകളായി കാണുന്ന ഈ രീതിയിൽ, പകൽ സമയം കണ്ണടയ്ക്കുന്നത് സിസ്റ്റത്തിലെ ഒരു തകരാറായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടാണ് നേരത്തെപറഞ്ഞതുപോലെ, ബോസ്സിന്റെ മുഖം മനസ്സിൽ തെളിയുന്നത്. കോർപ്പറേറ്റ് ലോകം ‘ഹസിൽ കൾച്ചറിനെ’ (Hustle Culture) പ്രോത്സാഹിപ്പിക്കുമ്പോൾ ഉറക്കം ആ ലക്ഷ്യത്തിലേക്കുള്ള തടസ്സമായി നമുക്ക് തോന്നുന്നു. വിജയിക്കാൻ വേണ്ടി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യണമെന്നും ഓരോ നിമിഷവും ഉൽപ്പാദനക്ഷമമായിരിക്കണമെന്നും വാദിക്കുന്ന ഒരു ജീവിതശൈലിയെയാണ് ‘ഹസിൽ കൾച്ചർ’ എന്ന് വിളിക്കുന്നത്.

പരിണാമപരമായി നോക്കുകയാണെങ്കിൽ, പകൽ വെളിച്ചത്തിൽ ഉറങ്ങുന്നത് അപകടകരമായ കാര്യമായിട്ടാണ് പണ്ടുകാലത്തെ മനുഷ്യർ കണക്കാക്കിയിരുന്നത്. പകൽ സമയം വേട്ടയാടാനും ഭക്ഷണം ശേഖരിക്കാനുമുള്ളതാണ്. ആ സമയത്ത് ഉറങ്ങുന്നത് ശത്രുക്കളുടെ ആക്രമണത്തിനും വഴിവെക്കും. ജനിതകമായ ഈ ജാഗ്രത ഇന്നും നമ്മുടെ ഉള്ളിലുണ്ട്. പകൽ ഉറങ്ങുമ്പോൾ നമ്മൾ ‘സുരക്ഷിതരല്ല’ അല്ലെങ്കിൽ ‘ഉത്തരവാദിത്തമില്ലാത്തവരാണ്’ എന്നൊരു തോന്നൽ ഇതിൽ നിന്ന് ഉണ്ടാകാം.
പ്രതിവിധിയുണ്ടോ?
ഈ കുറ്റബോധം മാറ്റാൻ നമ്മൾ സ്വയം പറഞ്ഞു കൊടുക്കേണ്ട ചില കാര്യങ്ങളുണ്ട്. ഒന്നമാതായി, ഉറക്കം ഒരു ഇന്ധനമാണ്. ഫോൺ ചാർജ് ചെയ്യുന്നത് പോലെ തലച്ചോറിനെ റീചാർജ് ചെയ്യുകയാണ് നമ്മൾ ചെയ്യുന്നത്. ഒരു 20 മിനിറ്റ് ഉറങ്ങിയാൽ ബാക്കിയുള്ള സമയം കൂടുതൽ കാര്യക്ഷമമായി ജോലി ചെയ്യാൻ സാധിക്കും. ഇതൊരു ബയോളജിക്കൽ നീഡ് കൂടിയാണ്. ഉച്ചയ്ക്ക് ശേഷം ശരീരതാപനിലയിൽ ചെറിയൊരു കുറവ് വരുന്നത് ഉറക്കത്തിന് പ്രേരിപ്പിക്കുന്നത് സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്.

എങ്ങനെ ‘പ്രോ’ സ്ലീപ്പറാകാം?
പകൽ സമയത്തുള്ള ഉറക്കം 10 മുതൽ 20 മിനിറ്റ് വരെ മാത്രമാക്കുക. ഇതിനെ പവർ നാപ്പ് എന്നാണ് വിളിക്കുക (Power Nap). ഉച്ചയ്ക്ക് 1 മണിക്കും 3 മണിക്കും ഇടയിൽ ഉറങ്ങുന്നതാണ് ഉചിതം. ഗാഢനിദ്രയിലേക്ക് പോകാതിരിക്കാൻ അലാറം സെറ്റ് ചെയ്യുന്നതും ഉപകാരപ്പെടും. ചെറുപ്രായം മുതൽ മനസ്സിൽ പതിഞ്ഞിരിക്കുന്ന കാര്യങ്ങളെ അൺലേൺ ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും സ്വന്തം ആരോഗ്യത്തിനും മനശാന്തിക്കുമുള്ള വഴി സ്വയം വെട്ടുകയേ നിവൃത്തിയുള്ളൂ.




