131
Views

ഗോൾഡ് ഫിഷിന് 9 സെക്കൻഡ് മാത്രമാണ് അറ്റൻഷൻ സ്പാൻ എന്നാണ് പോപ്പുലർ മിത്ത്. എന്നാൽ, അതിലേറെ കാര്യങ്ങൾ ഓർക്കാനും മാസങ്ങളോളം പലതും ഓർമയിൽ സൂക്ഷിക്കാനും ഇവയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നാൽ, ഗോൾഡ് ഫിഷിന്റെ 9 സെക്കൻറ് അറ്റൻഷൻ സ്പാനെന്ന മിത്ത് ഡിജിറ്റൽ സാങ്കേതികതയുടെ അതിപ്രസരത്തോടെ മനുഷ്യർക്ക് മിത്തല്ലാതായി എന്നാണ് പറയുന്നത്. പോയിപ്പോയ അറ്റൻഷൻ സ്പാൻ എങ്ങനെ തിരിച്ചുപിടിക്കുക എന്നത് കുറച്ച് ശ്രമകരമായ പണിയാണ്. പോയപോലെ എളുപ്പത്തിൽ ശ്രദ്ധയെ തിരിച്ചുപിടിക്കാൻ ആകില്ല. ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുമ്പോൾ പാഞ്ഞടുക്കുന്നൊരു ചോക്ക് കഷ്ണത്തെ ഓർമയില്ലേ..? അതുപോലൊരു കൊട്ട് കിട്ടിയാൽ നമ്മുടെ ബ്രെയ‌ിനിനെ കുട്ടപ്പനാക്കാൻ ആകും. ആ വഴികളിലേക്കാണ് ഇനി…

അറ്റൻഷൻ സ്പാൻ എന്താണ്..?

ഒരു വ്യക്തിക്ക് ഏതെങ്കിലും ഒരു കാര്യത്തിൽ എത്ര സമയം ശ്രദ്ധ കേന്ദ്രീകരിച്ച് ഇരിക്കാൻ കഴിയുന്നു എന്നതാണ്. ടിവിയിൽ ഒരു സിനിമ കാണുന്നയാൾ അതേ ശ്രദ്ധയോടെ ഒരു പാഠപുസ്തകം വായിക്കണമെന്നില്ല. അത് വിഷയാധിഷ്ഠിതമായി മാറും. ശ്രദ്ധ ഇഷ്ടത്തെയും താൽപര്യത്തെയും ആസ്പദമാക്കിക്കൂടിയാണ്. അറുബോറൻ പ്രസംഗം കേട്ടിരിക്കാനുള്ള ക്ഷമയില്ലായ്മയെ ശ്രദ്ധയുടെ കൂടെ കൂട്ടാൻ കഴിയാത്തപോലെയാണിത്.

മനശാസ്ത്രവും നാഡീശാസ്ത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണീ ശ്രദ്ധയുടെ സയൻസ്. അതിലേക്ക് പോയി ശ്രദ്ധകളയാതെ അറ്റൻഷൻ സ്പാനിന് എന്ത് സംഭവിച്ചെന്ന് നോക്കാം.

സമ്മർദം, ഉറക്കമില്ലായ്മ, ഡിജിറ്റൽ ലോകത്തിന്റെ അതിപ്രസരം ഇവയെല്ലാം ശ്രദ്ധയെ കുറയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. ഇതിന് ഫോൺ കമിഴ്ത്തി വയ്ക്കുകയല്ല പരിഹാരം എന്ന് ആദ്യമേ പറയട്ടെ. ഫോണാണ് പ്രശ്നം എന്ന ചിന്തയാണ് പ്രശ്നം. ഫോണിനോടുള്ള നമ്മുടെ സമീപനത്തിലാണ് പ്രശ്നം. റീലുകളിൽ നിന്ന് റീലുകളിലേക്ക് ചാടുന്ന ശീലം അറ്റൻഷൻ സ്പാനിനെ ആകെ ഒരു പരുവമാക്കിയിട്ടുണ്ട്. ഫോൺ കമിഴ്‌ത്തി വെച്ച് പരിഹരിക്കാവുന്നതല്ല അത്.

എങ്ങനെ ശ്രദ്ധ തിരിക്കാം, കുറച്ച് നല്ല വഴിക്ക്

പടി പടിയായി തുടങ്ങാം…

ആദ്യമെ വലിയ ടാർഗറ്റുകൾ വയ്ക്കാതെ പതിയെ പതിയെ വേണം ശ്രദ്ധയ്ക്ക് ശ്രദ്ധ കൊടുക്കാൻ. ഒരു ജോലി ചെയ്യാൻ കുറച്ച് സമയം നൽകുക. മറ്റൊന്നിലും ശ്രദ്ധിക്കാതെ അത് പൂർത്തിയാക്കാൻ കഴിയുന്നുണ്ടെങ്കിൽ പടിപടിയായി സമയം ഉയർത്താം. പലതുള്ളികളാണല്ലോ പെരുവെള്ളമാകുന്നത്. അതുപോലെ.

ഫോൺ ആപ്പുകൾ

മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്നതുപോലെയാണിത്. ഫോറസ്റ്റ്, പൊമഡൂറോ, ഡി ക്ലറ്റർ ദ മെൻഡ് പോലുള്ള ആപ്പുകളും ഫോണിലെ ടൈമറുകളുടെയും സഹായം ശ്രദ്ധയെ തിരികെ കൊണ്ടുവരാൻ ഉപയോഗിക്കാം. ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യുമ്പോൾ ഈ ആപ്പുകളുടെ സഹായം തേടാം. ആപ്പിൽ പറയുന്ന സമയത്തിന് അനുസരിച്ച് പണി പൂർത്തിയാക്കാം. ഫോറസ്റ്റ് പോലുള്ള ആപ്പിൽ ഓരോ 25 മിനിറ്റിലും ശ്രദ്ധ കൊണ്ടോരോ മരം നട്ട് പിടിപ്പിക്കാൻ ആണ് സാധിക്കുക. അത്തരത്തിൽ കൃത്യമായ ഇടവേള നൽകി ജോലി പൂർത്തിയാക്കാനും ശ്രദ്ധ കൊടുക്കാനും കഴിയും.

ഒരു പഴയ മടിയൻ പോംവഴി

ഫാൻ ഇടാൻ അമ്മയെ അടുക്കളയിൽ നിന്നും വിളിച്ചു വരുത്താറില്ലേ , ഒരു അടിക്കൊപ്പം ഫാൻ കറങ്ങിയാലും എഴുന്നേറ്റ് പോകാതെ കാറ്റുകിട്ടുന്ന മടിയൻ ബുദ്ധി. റിമോട്ട് എടുക്കാൻ മടിച്ച് കിടന്ന് അതേ ടെക്നിക്ക് ഫോൺ അഡിക്ഷൻ മാറ്റാനും ഉപയോഗിക്കാം. കാര്യമായി ഒരു കാര്യം ചെയ്യുമ്പോൾ ഫോൺ അൽപം ദൂരെ വയ്ക്കാം. എഴുന്നേറ്റുപോകാനുളള മടി കൊണ്ട് ചെയ്യുന്ന പണി പൂർത്തിയാക്കാം. പതുക്കെ പതുക്കെ ശ്രദ്ധ തിരികെ നടന്നുകയറുന്നത് കാണാം.

മൾട്ടി ടാസ്കിങ്ങ് വേണ്ട‌

കാര്യം നല്ല സ്കില്ലാണെങ്കിലും ചില കാര്യങ്ങൾ അത്ര നല്ലതല്ല. വണ്ടി ഓടിക്കുമ്പോൾ പാട്ട് കേൾക്കണ്ട, പാചകം ചെയ്യുമ്പോൾ ആ പഴയ സിനിമ വേണ്ട, ചോറിനൊപ്പം നെറ്റ്ഫ്ലിക്സും വേണ്ട. ഭക്ഷണത്തിന്റെ രുചിയും മണവും ആസ്വദിച്ച് തന്നെ കഴിക്കാം. വണ്ടിയോടിക്കുമ്പോൾ ആ വഴിയിലൂടെ തന്നെ ചിന്ത പോകട്ടെ. ആർട്ട് ഓഫ് നോട്ടീസിങ് പോലുള്ള മൈൻഡ് റിലാക്സിങ്ങ് കാര്യങ്ങൾ പതുക്കെ വെളിച്ചം വീശി ജീവിതത്തിലേക്ക് വരട്ടെ. കുഞ്ഞൻ ബ്രെയ‌്‍നിന് ഇത്തിരി റീസെറ്റ് നല്ലതല്ലേ…

റീസെറ്റ് ആകാം, ചില ടാബും ക്ലോസ് ചെയ്യാം

ബ്രൗസറില്‍ നിറയെ തുറന്ന് വച്ചിരിക്കുന്ന ടാബുകൾ സിസ്റ്റം തന്നെ സ്ലോ ഡൗൺ ചെയ്യാറില്ലേ..? അത് തന്നെയാണ് നമ്മുടെ ബ്രെയിനും. ഒരു പണി കഴിഞ്ഞാൽ ആ പണി അവിടെ തന്നെ ഡിലീറ്റ് ചെയ്തേക്കണം. പിന്നെയും പിന്നെയും തുറന്ന് തലച്ചോർ നിറഞ്ഞാൽ അത് ഒരു ഒരു ചവറ്റുകൊട്ടയാകും. പുതിയ കാര്യം ചിന്തിക്കാം. പഴയത് പാടെ വിട്ടുകളയേണ്ടതാണ്. ഒന്നും ചെയ്തില്ലെങ്കിലും വല്ലാതെ ക്ഷീണം തോന്നുന്നത് ഇതുകൊണ്ടാണ്. അത്തരം ചിന്തകളെ കട്ട് ചെയ്യാൻ ഇൻസ്റ്റ റീൽ അല്ല വഴി. എഴുതാം വായിക്കാം വരയ്ക്കാം കുത്തിക്കുറിക്കാം ബോറടിക്കുന്നു എന്ന് തോന്നുന്ന ആ റീസെറ്റ് ബ്രെയ‌്‍ൻ അർഹിക്കുന്നുണ്ട്.

ഒരു ബ്രെയ്ക്ക് എടുക്കാം

സ്കൂളിലെ ജ്യോമട്രി ബോക്സിൽ ഒട്ടിച്ച ടൈംടേബിളില്ലേ. കാത്ത് കാത്തിരുന്ന് ഇഷ്ടമുള്ള ഒരു ടീച്ചറെത്താൻ കാത്തിരിക്കുന്ന ഒരു പീരിയ്ഡ്. ആ ടീച്ചറാണ് ഇവിടെ ആവശ്യം. ശ്രമകരമായ ഒരു ജോലി അത് എന്ത് തന്നെയായാലും ചെയ്ത് കഴിഞ്ഞാൽ ഒരു ഇടവേള വേണം. അതിന് ഫോൺ സ്ക്രീനില്ല വഴി. പകരം, ആരോഗ്യകരമായ മറ്റെന്തെങ്കിലും കണ്ടെത്തണം. ദൂരെക്കാഴ്ചയിലേക്കോ ഒരു സ്നാക് ബ്രെയ്ക്കിലേക്കോ അല്ലെങ്കിൽ പ്രിയപ്പെട്ട ഒരാളോട് കുറച്ച് മിണ്ടിയോ ബ്രെയിനിന് റെസ്റ്റ് കൊടുക്കാം. ശ്രദ്ധ ഇല്ലാത്തതല്ല, ശ്രദ്ധ കൊടുക്കാത്തതല്ലേ പ്രശ്നം.

Article Categories:
Love, Lust & Beyond

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading