ഇന്ത്യയിൽ പല കാലങ്ങളിലായി നിരോധിച്ച സിനിമകളും അതിനു പിന്നിലെ കാരണങ്ങളും അറിയണ്ടേ? അവ എവിടെ കാണാമെന്ന് അറിയാമോ? ഇന്ത്യയിൽ ബാൻ ചെയ്യപ്പെട്ട ചില സിനിമകളെ പരിചയപ്പെടുത്തുന്ന ‘ബ്ലാക്ക് ലിസ്റ്റ്’ എന്ന സീരീസിലെ രണ്ടാം ഭാഗം

∙വാട്ടർ
ദീപ മേഹ്തയുടെ മികച്ച ചിത്രങ്ങളിലൊന്നായി വേണം വാട്ടർ എന്ന ചിത്രത്തെ കാണാൻ. ജോൺ എബ്രഹാം അഭിനയിച്ച ഈ ചിത്രത്തിൽ, വാരണാസിയും കാലങ്ങളായുള്ള വിശ്വാസങ്ങളെയും അതിൽ നിന്ന് പുറത്തു കടക്കാനാവാതെ അകപ്പെട്ടു പോകുന്ന സ്ത്രീകളുടെ ജീവിതവുമാണ് കാണിക്കുന്നത്. എന്നാൽ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തി എന്ന പേരിൽ രാജ്യത്ത് ചിത്രം നിരോധിക്കപ്പെട്ടു.
2007ലാണ് ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്തത്. എട്ട് വയസ്സുകാരി ചുയ്യ തന്റെ ഭർത്താവിന്റെ വിയോഗശേഷം തലമുണ്ഡനം ചെയ്ത്, വെളുത്ത സാരിയുടുത്ത്, എല്ലാ ലൗകിക സുഖങ്ങളും ത്യജിച്ച് ആശ്രമത്തിൽ എത്തുകയാണ്. അവിടെയാണ് കല്യാണി എന്ന യുവതിയുമായി സൗഹൃദത്തിലാകുന്നത്. ഉന്നതകുലജാതനും ഗാന്ധിയൻ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന നാരായണൻ എന്ന യുവാവുമായി കല്യാണി സൗഹൃദത്തിലും ശേഷം പ്രണയത്തിലുമാകുന്നു. ആശ്രമം അല്ലലില്ലാതെ മുന്നോട്ട് പോകാൻ വേശ്യാവൃത്തിയിലേക്ക് തള്ളിവിടപ്പെടുന്ന പെൺകുട്ടികളും ബാല്യം പിന്നിടാത്ത ചുയ്യയും കാണികൾക്ക് വാരണാസിയുടെ മറ്റൊരു മുഖം കാട്ടിക്കൊടുത്തു.
ശൈശവ വിവാഹം, സ്ത്രീ വിരുദ്ധത, ഭ്രഷ്ട് കൽപ്പിക്കൽ തുടങ്ങി ഇന്ത്യയിലെ സ്ത്രീകൾ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകളെ വ്യക്തമാക്കുന്ന സിനിമ കൂടിയാണിത്.
ഒരു സ്ത്രീയുടെ ജീവിതം എപ്പോഴും പുരുഷനെ ചുറ്റിപ്പറ്റിയാകണമെന്ന് പറഞ്ഞുവയ്ക്കുന്ന ആചാരങ്ങളെ ഇവിടെ കാണാം. വെളുത്ത സാരിക്കുള്ളിൽ മോഹങ്ങളടക്കി ജീവിച്ചു പോന്ന ഒരുപാട് സ്ത്രീകളുടെ ജീവിതമാണ് ദീപ മെഹ്ത വാട്ടർ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചത്. അതുകൊണ്ടു തന്നെ ചില്ലറ പ്രശ്നങ്ങളായിരുന്നില്ല സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായതും.
സിനിമ ഇറങ്ങിയതിനു ശേഷം മാത്രമല്ല, ഷൂട്ടിങ്ങിനു മുൻപ് തന്നെ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. സ്ക്രിപ്റ്റ് കണ്ട് കുഴപ്പമില്ലെന്ന് ഭരണകൂടം പറഞ്ഞതിനു ശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. എന്നാൽ ഒരു കൂട്ടം ആളുകൾ ഷൂട്ടിങ്ങ് സെറ്റ് തകർത്തു, കത്തിക്കുകയും, നദിയിലെറിയുകയും ചെയ്തു. മുടക്കിയ കാശെല്ലാം വെള്ളത്തിലായതോടെ സിനിമാ നിർമാതാക്കൾ പിന്മാറി. ആ സമയത്ത് ദീപ മെഹ്ത സിനിമയുമായി മുന്നോട്ട് പോയാൽ കൊന്നുകളയുമെന്നു വരെ ഭീഷണിയുണ്ടായി. പക്ഷേ ദീപ കാത്തിരുന്നു. നാല് വർഷങ്ങൾക്കു ശേഷം ശ്രീലങ്കയിൽ വച്ച് ആ സിനിമ പൂർത്തിയാക്കി.
തങ്ങളുടെ വിശ്വാസങ്ങളെ അവഹേളിക്കുന്നതായും, തെറ്റിദ്ധരിപ്പിക്കുന്നതായും പലരും പരാതിപ്പെട്ടിരുന്നു. ഹിന്ദു മത വിശ്വാസങ്ങളെ തകർക്കാനാണ് ഈ സിനിമയെന്ന് ആർഎസ്എസ് പ്രതിനിധികൾ ആരോപിച്ചിരുന്നു. എന്നാൽ വീട് നഷ്ടപ്പെടുന്ന, സ്വപ്നങ്ങൾ നഷ്ടപ്പെടുന്ന സ്ത്രീകളുടെ ജീവിതമാണ് ഈ കാണിക്കുന്നതെന്ന് ആരും വിശ്വസിക്കാൻ ആഗ്രഹിച്ചില്ല. എന്നാൽ ആർക്കും വേണ്ടി തന്റെ വിശ്വാസങ്ങളെയോ തന്റെ സ്ക്രിപ്റ്റിലോ മാറ്റങ്ങൾ വരുത്താൻ ദീപ മെനക്കെട്ടില്ല. എനിക്ക് ചെയ്യേണ്ടിയിരുന്നത് ഞാൻ ചെയ്തു, ലോകം അതിനോട് എങ്ങനെ പെരുമാറണമെന്ന് ഞാൻ ചിന്തിക്കേണ്ടതില്ല. സാമൂഹിക വിവേചനം എന്നെ ഭയപ്പെടുത്തുന്നു. ജീവിതം നിരാശ നിറഞ്ഞതാണ്, പക്ഷേ എന്റെ കഥയിൽ ഞാൻ പ്രതീക്ഷ കണ്ടെത്തി. എന്നാണ് പിന്നീട് ദീപ മെഹ്ത പറഞ്ഞത്.
ലിസ റേ ആണ് പ്രധാന കഥാപാത്രമായ കല്യാണിയായി വേഷമിട്ടത്. ദീപ മേഹ്തയുടെ ട്രിലജിയിലെ അവസാന സിനിമയായിരുന്നു വാട്ടർ. ഇന്ത്യയിൽ ജനിച്ച കനേഡിയൻ സംവിധായകയാണ് ദീപ മെഹ്ത. 79-ാമത് അക്കാദമി അവാർഡിന്റെ ഭാഗമായി ബെസ്റ്റ് ഫോറിൻ ലാംഗ്യേജ് ഫിലിം വിഭാഗത്തിൽ കാനഡയുടെ ഓഫിഷ്യൽ എൻഡ്രി ആയി തിരഞ്ഞെടുക്കപ്പെട്ട ചിത്രം കൂടിയായിരുന്നു വാട്ടർ.
A Magnificent film, unforgattably touching the heart എന്നാണ് സൽമാൻ റുഷ്ദി ചിത്രത്തെപ്പറ്റി പറഞ്ഞത്.
ചിത്രം യൂട്യൂബിൽ കാണാവുന്നതാണ്.

∙ ഗാൻഡു
ഗാൻഡു ഒരു തെറിയാണ്. ഇംഗ്ലീഷിൽ തർജ്ജമ ചെയ്താൽ ആസ്ഹോൾ എന്നു വായിക്കാം. കൊൽക്കത്തയിൽ ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ഗാൻഡു എന്ന ചിത്രത്തിലൂടെ പറയുന്നത്. കഥാനായകന് പേരില്ല, എല്ലാവരും ഗാൻഡു എന്നാണ് വിളിക്കുന്നത്. ബംഗാളി ഭാഷയിൽ റാപ് ചെയ്യുന്ന, ജീവിതത്തിൽ ഇതുവരെയും ഒന്നും ആവാത്ത എന്നാൽ എന്തെങ്കിലുമൊക്കെ ആകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാരൻ. അമ്മയുടെ കാമുകന്റെ പണം മോഷ്ടിച്ച്, അതുപയോഗിച്ച് ലഹരി പദാർഥങ്ങൾ വാങ്ങുകയും, ലോട്ടറി എടുക്കുകയുമാണ് ഇയാളുടെ പണി. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ ഒരു രംഗം മാത്രമാണ് കളർ ആയിട്ടുള്ളത്. തല മൊട്ടയടിച്ച്, പണിയൊന്നുമില്ലാതെ, റൂമിലിരുന്ന് പുകവലിക്കുകയും. സ്വയംഭോഗം ചെയ്യുകയും തെരുവിൽ കറങ്ങി നടക്കുകയും ചെയ്യുന്ന ഗാൻഡു, അവിചാരിതമായി ഒരു സുഹൃത്തിനെ നേടുകയാണ്. തെരുവിൽ റിക്ഷ ഓടിക്കുന്ന അയാള്‍ക്കും പേരില്ല. റിക്ഷ എന്നാണ് സിനിമയിലുടനീളം അയാളെ അഭിസംബോധന ചെയ്യുന്നത്.
ഇന്റർനെറ്റ് കഫേ നടത്തുന്ന ദാസ്ബാബുവും തന്റെ അമ്മയും തമ്മിലുള്ള ലൈംഗികബന്ധം കാണേണ്ടി വരികയും കുടുംബത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയാതെ പോവുകയും ചെയ്യുന്ന നിസ്സഹായനായി വ്യക്തിയാണ് ഗാൻഡു. താൻ മരിച്ചു കളയുമെന്ന് പറയുമ്പോൾ, നിന്നെ ഞാൻ കൊല്ലുമെന്ന് ദേഷ്യത്തിലും മടുപ്പിലും പറഞ്ഞുപോകുന്ന അമ്മയുമായി ആ മകന് ഒരിക്കലും സ്നേഹബന്ധമില്ല. ബ്രൂസ്ലിയെ പൂജിക്കുന്ന ‘റിക്ഷ’യും റാപ്പർ ആകാൻ കൊതിക്കുന്ന നാസ്തികനായ ഗാൻഡുവിന്റയും ജീവിതമാണ് ഈ ചിത്രം. കോഷിക് മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ അനുബ്രത ബാസു
ആണ് ഗാൻഡു ആയി വേഷമിട്ടത്. സ്ക്രിപ്റ്റ് ഇല്ലാതെ എടുത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നത് ആകെ എട്ട് പേരാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട 5 കഥാപാത്രങ്ങളൊഴികെ ബാക്കി ആരും അഭിനേതാക്കളല്ല. അവർ അഭിനയിച്ചതുമില്ല. അവരുടെ ദൈനംദിന ജീവിതയിൽ കാമറയിലൂടെ പകർത്തുക മാത്രമാണ് ചെയ്തത്. ചിത്രത്തിൽ പലപ്പോഴായി കൊൽക്കത്തയിലെ ആഴത്തിലുള്ള വിശ്വാസങ്ങളെയും സംസ്കാരത്തെയുമെല്ലാം കാണിക്കുന്നുണ്ട്.
സംവിധായകൻ തന്നെയാണ് ചിത്രത്തിലെ റാപ് എഴുതിയിരിക്കുന്നത്. സമൂഹത്തിലെ മാമൂലുകളെ വെല്ലുവിളിക്കുന്ന ഒരു ചിത്രം കൂടിയാണ് ഇത്. മോഹങ്ങൾ, ഒറ്റപ്പെടൽ, ലൈംഗികത എന്നിവ ഈ സിനിമയിൽ ചർച്ച ചെയ്യുന്നു. സ്വാഭാവികമായും ഇന്ത്യയിൽ ആരും ഇരു കൈകളും നീട്ടി ചിത്രത്തെ സ്വാഗതം ചെയ്തില്ല. അതേ സമയം ബെർലിൻ ഇന്റർനാഷനല്‍ ഫിലിം ഫെസ്റ്റിവിലിലേക്ക് ഗാൻഡുവിന് സെലക്ഷൻ ലഭിച്ചു. 2010ൽ ന്യൂയോർക്കിൽ നടന്ന സൗത്ത് ഏഷ്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധാകനായി ക്യു എന്നറിയപ്പെടുന്ന കോഷിക് മുഖർജി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ പ്രദർശനത്തിനിടെ തിയേറ്ററിലെ വലിയ സ്ക്രീനിൽ സെക്സ് രംഗങ്ങൾ കണ്ട് പല കാണികളും ചിത്രം പാതിവഴിയിൽ നിർത്തിപ്പോയി. അടച്ചിട്ട വാതിലുകൾക്കു പുറകിലുള്ള ലൈംഗികത മാത്രമാണ് പലർക്കും അംഗീകരിക്കാനാവുക. ആ വിഷയത്തെപ്പറ്റി തുറന്നു സംസാരിക്കാൻ പോലും നാണിക്കുന്ന, മടിക്കുന്ന ജനങ്ങൾക്ക് ഗാൻഡു പോലൊരു സിനിമ കണ്ടിരിക്കാൻ ആവില്ല. യാതൊരു മറയുമില്ലാതെ ചിത്രീകരിച്ചിരിക്കുന്ന സെക്സ് സീനുകളിൽ സംവിധായകന്റെ കാമുകി തന്നെയാണ് അഭിനയിച്ചിരിക്കുന്നത് എന്ന വിവരവും ചർച്ചയായിരുന്നു. ”10 വർഷത്തോളമായി ഞാൻ അഭിനയിക്കുന്നു. ഞാനൊരു ലൗ മേക്കിങ് സീൻ എന്റെ സഹപ്രവർത്തകനോടൊപ്പം ചെയ്യുന്നു, അതെന്റെ കാമുകൻ ഷൂട്ട് ചെയ്യുന്നു. ഹൗ വിയേർഡ് ഈസ് ദാറ്റ്?” എന്നാണ് റീ സെൻ എന്ന ആ അഭിനേത്രി ഈ വിഷയത്തിൽ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞത്.
നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.

∙ കാമസൂത്ര:എ ടെയ്ൽ ഓഫ് ലൗ
‘സദാചാര വിരുദ്ധം, അശ്ലീലം’, സെൻസർ ബോർഡ് ചിത്രത്തെ വിലയിരുത്തിയത് ഇങ്ങനെയാണ്. 1996ൽ പുറത്തിറങ്ങിയ കാമസൂത്ര: എ ടെയ്ൽ ഓഫ് ലവ് എന്ന ചിത്രത്തെ നിരോധിക്കാൻ ആ ചിത്രത്തിന്റെ പേരു പോലും കാരണമായിരുന്നിരിക്കാം. കാമത്തെ വിവരിക്കുന്ന, ലൈംഗികത കൂടുതലുള്ള ചിത്രം ഇന്ത്യൻ സമൂഹത്തിനു ചേർന്നതല്ലെന്ന് അവർ വാദിച്ചു. ഇംഗ്ലിഷ് ഭാഷയിൽ പുറത്തിറക്കിയ ഈ ചിത്രം കാൻ മേളയിൽ പ്രദർശിപ്പിക്കപ്പെട്ടു, പക്ഷേ ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചു.
ലൈംഗിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമയിൽനിന്ന് ലൈംഗികത മുഴുവൻ മാറ്റാനാണ് അവർ ആവശ്യപ്പെട്ടതെന്ന് പിന്നീട് സംവിധായക മീരാ നായർ പറഞ്ഞു. ലൈംഗികത വിവാദ വിഷയമായിരുന്ന, പുരുഷന്മാർക്ക് മാത്രം അസ്വാദ്യകരമെന്ന് കരുതിയിരുന്ന കാലഘട്ടത്തിലാണ് ഒരു സ്ത്രീയുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് ഇങ്ങനെയൊരു ചിത്രം പിറക്കുന്നത്. പ്രണയം, മോഹം, വികാരങ്ങൾ എന്നിവ ചേർന്ന് സങ്കീർണമായ അനുഭവത്തിലൂടെ കടന്നുപോകുന്ന രണ്ട് യുവതികൾ.
രാജകുമാരിയായ താര, ജോലിക്കാരിയും ബാല്യകാലസഖിയുമായ മായ എന്നിവരുടെ സൗഹൃദവും പകയും ദൈന്യതയും പ്രണയവുമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. മുതിർന്നുകഴിയുമ്പോൾ തന്നെക്കാൾ മികച്ചവളായി കൂട്ടുകാരി മാറുന്നതിലെ അസൂയയും വേദനയുമെല്ലാം ചിത്രത്തിൽ കാണിക്കുന്നു. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീ പക്ഷത്തു നിന്നുള്ള ലൈംഗിതയും അതിന്റെ വർണനയും സമൂഹത്തിൽ പുതിയതായിരുന്നു. അതുകൊണ്ടു തന്നെ ഒട്ടെറെ ബുദ്ധിമുട്ടുകൾ ചിത്രത്തിന്റെ പ്രദർശനവുമായി സംബന്ധിച്ച് ഉണ്ടായി.
കാമസൂത്ര ഒരു പവിത്രമായ ഗ്രന്ഥമായാണ് ചിലരെങ്കിലും കണക്കാക്കുന്നത്. അതുപയോഗിച്ച് അശ്ലീലം കാണിച്ചുവെന്നാണ് പലരും സിനിമയ്ക്കെതിരായി പറഞ്ഞത്. വാത്സ്യായന മഹർഷി രചിച്ച കാമസൂത്രത്തിൽ ദാമ്പത്യം, ജീവിതം, സംഭോഗരീതി, ബാഹ്യകേളികൾ എന്നിവ വ്യക്തമായി പറയുന്നു. ഔഷധപ്രയോഗങ്ങൾ ഉൾപ്പെടെ വിവരക്കിക്കുന്ന ഗ്രന്ഥത്തെ കാമത്തിന്റെയും ലൈംഗികതയുടെയും പേരിൽ മാത്രമാണ് പലരും അളക്കുന്നത്. എന്നാൽ ഗ്രന്ഥത്തിന്റെ 20 ശതമാനം മാത്രമാണ് ലൈംഗികതയെപ്പറ്റി സംസാരിക്കുന്നത്. ഈ തെറ്റിദ്ധാരണയും സിനിമയെ അകറ്റി നിർത്താൻ കാരണമാക്കി.

ആമേർ ഫോർട്ടിലാണ് കാമസൂത്ര ചിത്രീകരിച്ചത്. താര ആൻഡ് മായ എന്ന കള്ളപ്പേരിലാണ് പടം ഷൂട്ട് ചെയ്തത്. ദിവസവും 21 എംഎൽഎമാർ സെറ്റിലെത്തും. പോണോഗ്രഫി അല്ല ചിത്രീകരിക്കുന്നതെന്ന് ഉറപ്പു വരുത്താനായിരുന്നു അത്. അവർ ചെക്കിങ്ങിനു വരുന്ന സമയത്ത് പ്രധാന അഭിനേതാക്കളായ നവീൻ ആൻഡ്രൂസ്, ഇന്ദിര വർമ എന്നിവരുടെ മേലെ കോട്ട് ഇട്ടുകൊടുക്കുകയും, ”ഈ വിവാഹം നടക്കില്ല” എന്ന ഡയലോഗ് പറയിപ്പിക്കുകയും ചെയ്യുമായിരുന്നു – ഒരു അഭിമുഖത്തിനിടെ മീര പറഞ്ഞു.
കാമസൂത്ര പഠിപ്പിക്കുന്ന വ്യക്തിയായാണ് ബോളിവുഡ് നടി രേഖ ചിത്രത്തിലെത്തുന്നത്. 90കളിൽ തന്നെ കരുത്തുറ്റ കഥാപാത്രങ്ങൾ ചെയ്ത നടിയെന്ന ഖ്യാതി കേൾക്കാൻ രേഖയെ സഹായിച്ച ചിത്രം കൂടിയാണിത്.
മീരാ നായർ ഡോക്യുമെന്ററികളലൂടെയാണ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. സലാം ബോംബൈ ആയിരുന്നു ആദ്യ ചിത്രം. യുഗാണ്ട, ഇന്ത്യ, അമേരിക്ക എന്നീ നാടുകളിലാണ് മീര ജീവിച്ചത്. തന്റെ ചിത്രങ്ങളിൽ ഓരോ നാടിന്റെയും എസൻസ് കൊണ്ടുവരാൻ അവർ ശ്രമിച്ചിരുന്നു. മീരയുടെയും ഭർത്താവ് യുഗാണ്ടൻ സ്കോളറായ മഹ്മൂദ് മമദാനിയുടെയും മകനാണ് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി.
ചിത്രത്തിന്റെ സംഗീതത്തിനായി മീരാ നായർ എ ആർ റഹ്മാനെ ആയിരുന്നു ആദ്യം സമീപിച്ചതെന്നും. എന്നാൽ ചിത്രത്തിന്റെ പേരിനോട് അതൃപ്തി തോന്നിയതിനാലും അന്താരാഷ്ട്ര തലത്തിൽ കാമസൂത്രയുടെ കംപോസർ എന്ന് അറിയപ്പെടാൻ ആഗ്രഹിക്കാത്തതു കാരണവുമാണ് അദ്ദേഹം ആ ക്ഷണം നിരസിച്ചതെന്നും ഇടയ്ക്ക് ചർച്ചയായിരുന്നു.

∙പർസാനിയ
ഭൂമിയിലെ സ്വർഗവും നരകവും എന്നാണ് പർസാനിയ എന്ന വാക്കിന്റെ അർഥം. 2002ലെ ഗുജറാത്ത് കലാപത്തിനിടെ കാണാതായ ഒരു പാർസി കുട്ടിയെ സംബന്ധിച്ചുള്ള യഥാർഥത്തിൽ നടന്ന സംഭവമാണ് പര്‍സാനിയ എന്ന ചിത്രത്തിന്റെ ആധാരം. നസറുദ്ദീൻ ഷാ, സരിക എന്നിവർ അഭിനയിച്ച ഇംഗ്ലിഷ് ഭാഷയിൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഹുൽ ധൊലാക്കിയ ആണ്. യഥാർഥ സംഭവമായതിനാലും തീവ്ര വലത് രാഷ്ട്രീയത്തിനു നേരെ വിരൽ ചൂണ്ടുന്നതിനാലും സെൻസർ ബോർഡ് ചിത്രത്തെ ബാൻ ചെയ്തു. എന്നാൽ 2007ൽ മികച്ച സംവിധായകൻ, മികച്ച നടി എന്നിവയ്ക്കുള്ള ദേശീയ അവാർഡ് ഇതേ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.
2002ൽ ഗുജറാത്തിലെ വർഗീയ ലഹളയുടെ ഭാഗമായി ഫെബ്രുവരി 28ന് 69 പേരുടെ മരണത്തിനിടയാക്കിയ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല നടന്നതിനിടയിലാണ് കുട്ടിയെ കാണാതാവുന്നത്. ഇതിനെ തുടർന്നുണ്ടാകുന്ന അന്വേഷണങ്ങളും കുടുംബത്തിന്റെ അവസ്ഥയുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സെൻസർബോർഡിന്റെ അനുമതി ലഭിച്ചിട്ടും ചിത്രം പ്രദർശിപ്പിക്കാൻ തിയേറ്റർ ഉടമകള്‍ സമ്മതിച്ചില്ല. യഥാർഥ സംഭവമായതിനാൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഭയന്നാണ് ഇങ്ങനെയൊരു തീരുമാനത്തിൽ അവർ എത്തിയത്. ബജ്റംഗ്ദൾ നേതാവായ ബാബു ബജ്റംഗിയുടെ സമ്മതമുണ്ടെങ്കിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് രഹസ്യമായി അവർ രാഹുലിനെ അറിയിച്ചു. എന്നാൽ രാഹുൽ അത് പരിഗണിച്ചില്ല. ഈ വിലക്ക് സിനിമയെ ചെറുതായെങ്കിലും ബാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ പ്രദർശിപ്പിക്കുമ്പോഴും സംഭവസ്ഥലമായ ഗുജറാത്തിലെ തിയേറ്ററുകൾ പർസാനിയയ്ക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു. 2007 ഏപ്രിലിനു ശേഷം ഗുജറാത്തിലെ ചില സ്ഥലങ്ങളിൽ ചിത്രം റിലീസ് ചെയ്തു.
ലോസ് ആഞ്ജലസിൽ താമസിച്ചിരുന്ന രാഹുൽ ധൊലാക്കിയ എന്തുകൊണ്ട് ഇങ്ങനെയൊരു സിനിമ ചെയ്തു എന്നായിരുന്നു പലരുടെയും സംശയം. 2002ലെ ഗുജറാത്ത് കലാപത്തിൽ രാഹുലിന് തന്റെ പ്രിയപ്പെട്ടവരെ നഷ്ടമായിരുന്നു. ഒരു ഫിലിംമേക്കർ എന്ന നിലയിൽ ഈ വിഷയത്തെപ്പറ്റി സംസാരിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് തിരിച്ചറിവിലാണ് ഈ സിനിമ എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞത്. തിയേറ്ററുകളിൽ ചിത്രം നിറഞ്ഞ് ഓടിയാലും ഓടിയില്ലെങ്കിലും ഈ സിനിമ ചെയ്യേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നിയെന്ന് നസറുദ്ദീൻ ഷായും പറഞ്ഞിരുന്നു.
കശ്മീർ ഫയൽസിന് നികുതി ഒഴിവാക്കിക്കൊടുക്കുകയും, പർസാനിയ പ്രദർശിപ്പിക്കാൻ കഴിയാതെ പോവുകയും ചെയ്തത് ഒരേ രാഷ്ട്രീയ ഉദ്ദേശത്തിന്റെ പുറത്താണെന്നും. എന്തുകൊണ്ടിത് സംഭവിക്കുന്നുവെന്നും അടുത്തിടെ ചര്‍ച്ചയായിരുന്നു.
ഡിസ്നി + ഹോട്സ്റ്റാറിൽ ചിത്രം കാണാവുന്നതാണ്.

∙ ആംഗ്രി ഇന്ത്യൻ ഗോഡസസ്
സ്ത്രീകൾ സംഹാരമൂർത്തികളാണോ? പാൻ നളിൻ സംവിധാനം ചെയ്ത് ആംഗ്രി ഇന്ത്യൻ ഗോഡസസ് എന്ന ചിത്രത്തിൽ 7 സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങള്‍. ഫോട്ടോഗ്രഫറായ ഒരു പെൺകുട്ടി തന്റെ സുഹൃത്തുക്കളെ ഗോവയിലേക്ക് ക്ഷണിക്കുകയാണ്. അവിടെ വച്ച് അവൾ വിവാഹിതയാകാൻ പോവുകയാണെന്നും, അതിന്റെ ബാച്ച്ലറെറ്റ് പാർട്ടിയാണിതെന്നും പറയുന്നു. അപ്പോഴും അവൾ ആരെയാണ് വിവാഹം കഴിക്കാൻ പോകുന്നതെന്ന് കൂടെയുള്ളവർക്ക് അറിയില്ല. കുറച്ച് ദിവസങ്ങൾ കൊണ്ട് അവരുടെ ജീവിതത്തിലുണ്ടാകുന്ന ആഘോഷങ്ങളും, സ്വാതന്ത്ര്യവും വികാരത്തള്ളിച്ചകളുമാണ് ചിത്രത്തിൽ കാണാനാവുക. ഒടുവിൽ അവർ എത്തിച്ചേരുന്ന സാഹചര്യങ്ങളും, അതിനെ നേരിടുന്ന രീതികളും കഥയെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും.
2015ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമാണിത്. സ്ത്രീകൾ നേരിടുന്ന മാനസിക സംഘർഷങ്ങളും കെട്ടുപാടുകളും വികരങ്ങളുമെല്ലാം വിവരിക്കുന്ന ഈ ചിത്രത്തിനും വിലക്ക് നേരിട്ടിരുന്നു. സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയതിനു പുറകേ 16 കട്ടുകളും ആവശ്യപ്പെട്ടു. പല വാക്കുകളും ബീപ് ചെയ്യപ്പെടണമെന്ന് നിർദേശമുണ്ടായി. കഥയിൽ പ്രാധാന്യമുള്ള, ഏറെ ബഹുമാനത്തോടെ ഉപയോഗിച്ച് കാളി ദേവിയുടെ ചിത്രം ബ്ലർ ചെയ്ത് കാണിച്ചാൽ മതിയെന്ന് നിർദേശം വേദനിപ്പിച്ചുവെന്ന് സംവിധായകൻ പറഞ്ഞിരുന്നു. വിവാദമായ മറ്റൊരു കാര്യം കൂടി ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടന്നു. സ്ത്രീകൾ പ്രധാന കഥാപാത്രമാകുമ്പോള്‍ സിനിമ പരാജയപ്പെടുമെന്നും, ഷേർട്സ് ഇട്ട പെൺകുട്ടികളുടെ ചിത്രം പോസ്റ്റ്റിൽ ഉണ്ടെങ്കിൽ മാത്രമേ സിനിമ വിതരണത്തിനെടുക്കൂ എന്നും സിനിമാ വിതരണക്കാർ പറഞ്ഞു. ഇത് സ്ത്രീവിരുദ്ധതയാണെന്നും ഇത്തരം ചിന്തകള്‍ ഇല്ലാതാവേണ്ട സമയം കഴിഞ്ഞുവെന്നും സംസാരങ്ങൾക്കിടയായി

തന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടുള്ള സ്ത്രീകളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇങ്ങനെയൊരു പടം ചെയ്തതെന്ന് പാൻ നളിൻ അഭിമുഖങ്ങളില്‍ അഭിപ്രായപ്പെട്ടിരുന്നു. അവരുടെ ജിവിതം, ചിന്തകൾ, സഹിഷ്ണുത, വികാരങ്ങള്‍ എന്നിവയിലെല്ലാം വ്യത്യാസമുണ്ട്. സ്വകാര്യത പോലും പുരുഷനും സ്ത്രീയ്ക്കും രണ്ടാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ ജീവിതം പറയുന്ന ചിത്രം പ്ലാൻ ചെയ്തത്. ഏറെ പ്രതിബന്ധങ്ങൾ ഉണ്ടായെങ്കിലും സിനിമ ഒരുപാട് പേർക്ക് ഇഷ്ടമായി. അതേ സമയം സ്വവർഗ രതിയെയും പ്രതിപാദിക്കുന്ന കാരണത്താൽ സംവിധായകനെതിരെ വധഭീഷണിയും ഉയർന്നിരുന്നു. അതേ സമയം ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നാണ് വിദ്യാബാലൻ മാധ്യമങ്ങളോട് പറഞ്ഞത്.
ചിത്രം നെറ്റ്ഫ്ലിക്സിൽ കാണാം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




