ധുരന്ധർ- ദ് റിവഞ്ച് രാജ്യമാകെ ചർച്ച ചെയ്യപ്പെടുന്ന സിനിമയായി മാറിയിരിക്കുകയാണ്. 2025ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തേക്കാൾ വയലൻസ് നിറഞ്ഞ ചിത്രം ബ്ലോക്ബസ്റ്ററായി. ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്പൈ മൂവിയിൽ പാക്കിസ്താനിലേക്ക് അണ്ടര്‍കവര്‍ ഓപ്പറേഷനു പോകുന്ന കഥാപാത്രമായാണ് രൺവീർ സിങ് അഭിനയിച്ചിരിക്കുന്നത്. ഇതൊരു റിയൽ ലൈഫ് സ്റ്റോറി ആണെന്നും മേജര്‍ മോഹിത് ശര്‍മയുടെ ജീവിതവുമായി സാമ്യമുണ്ടെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു.
ഇതുപോലെ രാജ്യത്തിന് വേണ്ടി സ്പൈ ആയി മാറിയ നിരവധിപ്പേരുടെ ജീവിതം ബോളിവുഡിൽ വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ നാല് സിനിമകൾ പരിചയപ്പെടാം.
റാസി (2018)

ഹരീന്ദർ സിക്കയുടെ ‘കോളിങ് സെഹ്‌മത്ത്’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘റാസി’ എന്ന ചിത്രം ഒരുക്കിയത്. ഹരീന്ദർ പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു കശ്മീരി മുസ്ലിം റോ ഏജന്റിന്റെ ജീവിതത്തെ ആസ്പതമാക്കിയുള്ളതാണ് ഈ കഥ.
ജമ്മു കശ്മീരിലെ ഒരു റോ ഏജന്റിന്റിന്റെ മകളായ സെഹ്മത്ത് ഖാന്‍ ചാരവൃത്തിക്കായി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനെ വിവാഹം ചെയ്യുകയും പാകിസ്ഥാനിലേക്ക് കുടിയേറുകയും ചെയ്തു. 1971ലെ യുദ്ധത്തിന് മുന്നോടിയായി പാക് സൈന്യത്തിന്റെ നീക്കങ്ങൾ മനസ്സിലാക്കുക എന്നതായിരുന്നു ലക്ഷ്യം. ഐഎൻഎസ് വിക്രാന്ത് തകർക്കാനുള്ള പാകിസ്ഥാന്റെ പദ്ധതിയുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ സെഹ്മത്ത് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഗർഭിണിയായ സെഹ്മത്ത് പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തുകയും വർഷങ്ങൾക്ക് ശേഷം സെഹ്മത്തിന്റെ മകൻ ഇന്ത്യൻ സൈന്യത്തിൽ ചേരുകയും ചെയ്തു.
റാസി സിനിമയിൽ സെഹ്മത്ത് ആയി വേഷമിട്ടത് ആലിയ ഭട്ട് ആണ്. ഭർത്താവിന്റെ വേഷത്തിൽ വിക്കി കൗശലും. മേഖ്ന ഗുൽസാർ ആണ് സംവിധായക.
മിഷൻ മജ്നു (2023)

1971ലെ ഇന്ത്യാ-പാക് യുദ്ധ സമയത്ത് പാകിസ്ഥാൻ നടത്തുന്ന ആണവ പരീക്ഷണങ്ങൾ തടയാൻ ഒരു ഇന്ത്യൻ ചാരൻ നടത്തുന്ന ദൗത്യമാണ് മിഷൻ മജ്‌നു സിനിമ. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ബ്ലാക് ടൈഗർ എന്നറിയപ്പെടുന്ന രവീന്ദ്ര കൗശിക് തുടങ്ങി, ഇന്ത്യയ്ക്ക് വേണ്ടി പാകിസ്ഥാനിലേക്ക് ചാരവൃത്തിക്ക് പോയ നിരവധിപ്പേരുടെ അനുഭവങ്ങളാണ് സിദ്ധാർഥ് മൽഹോത്ര അമൻദീപ് സിങ് എന്ന കഥാപാത്രത്തിലൂടെ സിനിമയിൽ അവതരിപ്പിച്ചത്.
പാകിസ്ഥാനിൽ ഇന്ത്യൻ ചാരനായ അമൻദീപ് സിങ് എന്ന കഥാപാത്രത്തിലേക്ക് സ്വാഭാവികമായി എത്തുന്നു. താരിഖ് ഹുസൈൻ എന്ന രഹസ്യ നാമത്തിലാണ് അദ്ദേഹം പാകിസ്ഥാനിൽ ജീവിക്കുന്നത്. പാക്കിസ്ഥാന്റെ ആണവ പരീക്ഷണങ്ങൾക്ക് പിന്നിലെ യഥാർത്ഥ വസ്തുതകൾ കണ്ടെത്താൻ അമനും പാക്കിസ്ഥാനിലുള്ള സഹചാരൻമാരും ശ്രമിക്കുമ്പോൾ ചിത്രം അതിവേഗം മുന്നോട്ട് പോകുന്നു. ഇന്ദിരാഗാന്ധി പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും മൊറാർജി ദേശായി അധികാരത്തിലെത്തുകയും ചെയ്തത് പോലുള്ള അന്നത്തെ സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഇന്ത്യൻ ചാരസംവിധാനത്തിന് സംഭവിച്ച മാറ്റങ്ങളും തിരക്കഥയിൽ മനോഹരമായി സമന്വയിപ്പിച്ചിട്ടുണ്ട്.
റോ മേധാവിയായ ആർ.എൻ.കാവോ പാകിസ്ഥാന്റെ ആണവകേന്ദ്രങ്ങൾ കണ്ടെത്താനായാണ് റോ ഏജന്റിനെ അയക്കുന്നത്. കഹുതയിലെ സൈനികകേന്ദ്രമാണ് പാകിസ്ഥാന്റെ ആണവകേന്ദ്രമെന്ന് കണ്ടെത്തുകയും ഇക്കാര്യം ഇന്ത്യയെ അറിയിക്കുകയും ചെയ്യുന്നു. പിന്നീട് പാകിസ്താന്റെ ആക്രമണത്തിൽ അമനും രണ്ട് സഹപ്രവർത്തകരും കൊല്ലപ്പെടുകയും ചെയ്യുന്നു.
ശാന്തനു ബാഗ്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ.
റോമിയോ അക്ബർ വാൾട്ടർ (RAW) (2019)

ഇന്ത്യൻ ചാരൻ രവീന്ദ്ര കൗശിക്കിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ചിത്രമാണ് റോമിയോ അക്ബർ വാൾട്ടർ. പേര് പോലെ മൂന്നു കാലങ്ങളിലായി മൂന്നു ഐഡന്റിറ്റികളിൽ ജീവിക്കേണ്ടിവന്ന സ്പൈ ഏജന്റിന്റെ കഥയാണിത്. യഥാർഥ കഥയിൽ നാടക കലാകാരനായ കൗശിക് 1975ൽ ‘നബി അഹമ്മദ് ഷാക്കിർ’ എന്ന വ്യാജപേരിലാണ് പാകിസ്ഥാനിലേക്ക് എത്തുന്നത്. 1979 നും 1983 നുമിടയിൽ കൗശിക് ഇന്ത്യയിലേക്ക് നിർണായക വിവരങ്ങൾ അയച്ചിരുന്നു.
സിനിമയിൽ സൈനിക ഉദ്യോഗസ്ഥന്റെ മകനും നാടക നടനുമായ റോമിയോയെ ചാരവൃത്തിക്കായി പാകിസ്ഥാനിലേക്ക് അയക്കുന്നു. അക്ബർ മാലിക് എന്ന പേരിൽ കറാച്ചിയിലെത്തുന്ന ഇയാൾ മത മേധാവികളുമായും സൈനിക ഉദ്യോഗസ്ഥരുമായും ബന്ധം സ്ഥാപിക്കുകയും വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു.
ജോൺ എബ്രഹാം ആണ് പ്രധാന വേഷത്തിലെത്തിയത്. റോബി ഗ്രെവാൾ ആണ് സംവിധായകൻ.
മദ്രാസ് കഫേ (2013)

1980 മുതൽ1990 വരെയുള്ള കാലഘട്ടത്തിൽ നടന്ന യഥാർഥ സംഭവങ്ങൾ ഉൾപ്പെടുത്തി നിർമിച്ച പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് മദ്രാസ് കഫേ. രഹസ്യവിവരങ്ങൾ ചോർത്താനായി റോ നിയമിച്ച ഒരു സൈനികനെ ചുറ്റിപ്പറ്റിയാണ് കഥ. എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ, രാജീവ് ഗാന്ധി വധം എന്നിവയെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാഫ്നയിൽ തമിഴ്‌വംശരുടെ കൂട്ടക്കൊലയ്ക്ക് ശേഷം റോ ഏജന്റായി എത്തുന്ന വിക്രം സിങ് എന്ന പ്രധാന കഥാപാത്രത്തെ ജോൺ എബ്രഹാം ആണ് അവതരിപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തെ സഹായിക്കാനായി ശ്രീലങ്കയിൽ ബാല എന്ന മറ്റൊരു റോ ഏജന്റ് കൂടിയുണ്ട്.
1980-കളുടെ അവസാനത്തിൽ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ക്യാപ്റ്റൻ വിക്രം സിംഗ് എന്ന റോ ഓഫീസർ തമിഴ് വിമതരുടെ അട്ടിമറി നീക്കങ്ങളും പ്രധാനമന്ത്രിയുടെ കൊലപാതക ഗൂഢാലോചനയും തടയാൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം.
സൂജിത് സർക്കാർ ആണ് മദ്രാസ് കഫേയുടെ സംവിധായകൻ.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




