211
Views

”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപ്പെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് ഞാൻ ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 4

ഇതൽപ്പം അതിശയോക്തിയായി തോന്നാം. ചിലപ്പോൾ മണ്ടത്തരമായും. ഞാൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തുനിൽക്കുമ്പോൾ ഒരു മൈന എന്റെ മുന്നിൽ വന്നിരുന്നു. കാര്യമായി ശ്രദ്ധിക്കാൻ തക്കവണ്ണമുള്ള ഒരു പ്രത്യേകതയും ആ കാഴ്ച്ചയ്ക്കില്ലാത്തതുകൊണ്ട് എപ്പോഴോ എന്റെ മറവിയിലേക്ക് അതും ആഴ്ന്നിറങ്ങി. പിന്നീട് പല ഇടങ്ങളിൽ, പല സമങ്ങളിൽ ഞാൻ ഈ ഒറ്റ മൈനയെ ആവർത്തിച്ചു കണ്ടു. റെയിൽവേ പാളങ്ങളിൽ, വഴിയരികിൽ, ചില മരക്കൊമ്പുകളിൽ അങ്ങനെ എവിടെയെല്ലാമോ ഈ മൈന എനിക്ക് കൂട്ടുവന്നു. ഈ കാഴ്ച അവർത്തിക്കപ്പെട്ടപ്പോൾ മാത്രമാണ് ഞാനിത് ശ്രദ്ധിക്കുന്നതുപോലും. ഈ സൂചന എന്താണെന്ന് ഞാൻ കുറെ ആലോചിച്ചു. അത് ചെറുപ്പത്തിൽ വിശ്വസിച്ചതു പോലെ എന്തോ മോശം കാര്യം നടക്കാൻ പോവുന്നതിന്റെ സൂചനയാണെന്ന് ഞാൻ കരുതിയില്ല. പക്ഷേ എന്തിനാ ഈ മൈന എന്നെ പിന്തുടരുന്നത് ? എന്താണ് എന്നോട് പറയാൻ ശ്രമിക്കുന്നത് ? എന്താണ് പ്രകൃതി നൽകുന്ന സൂചന?

ഉദയ്‌പൂരിലേക്ക് എത്തിച്ചേരുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മറ്റൊന്നും കൊണ്ടല്ല ജോധ്പുരിൽ ഞാൻ നിക്കുന്ന സ്ഥലത്തുനിന്നു അങ്ങോട്ടേക്ക് നേരിട്ടുള്ള ബസ് ഇല്ലായിരുന്നു. ഇനി ഞാൻ ചോദിച്ചു മനസ്സിലാക്കിയതിന്റെ തെറ്റാണോയെന്നു പോലും എനിക്ക് തോന്നി. പക്ഷെ അതെനിക്കൊരു പ്രശ്നമായി തോന്നിയില്ല. കാരണം എന്റെ പക്കൽ ആവശ്യത്തിലധികം സമയമുണ്ടായിരുന്നു. ജോധ്പൂരിൽ നിന്നും രണ്ടോ മൂന്നോ ദിവസമെടുത്ത് ഉദയ്‌പൂരിലെത്തിയാലും പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും എനിക്ക് സംഭവിക്കാനില്ല. കാരണം മറ്റൊന്നുമല്ല എനിക്ക് തിരക്കില്ല. തിരക്കില്ലാതെ ജീവിക്കാൻ സാധിക്കുന്ന കുറച്ചു മാസങ്ങൾ മാത്രമേ എന്റെ ജീവിതത്തതിൽ ഉണ്ടായിട്ടുള്ളൂ…ചിലപ്പോൾ എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെ തന്നെയായിരിക്കണം. സ്കൂൾ കാലഘട്ടത്തിൽ ക്ലാസ്സിൽ വൈകിയെത്താതിരിക്കാൻ തിരക്ക് പിടിച്ച് ഓടുന്ന എന്നെഎനിക്ക് ഓർമയുണ്ട്. പിന്നീട് കോളജിലും ഇതേ അവസ്ഥ. അത് കഴിഞ്ഞ് ജോലിക്ക് കയറിയപ്പോഴും. അലാറം വെക്കാത്ത കിടന്നുറങ്ങാൻ, വാച്ചിലേക്ക് നോക്കാതെ ഒരു സ്ഥലത്തിരിക്കാൻ, ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ തോന്നിയ പോലെ ജീവിക്കാൻ ഞാൻ ആഗ്രഹിച്ചതിന്റെ ചെറിയൊരു ഫലമായിരിക്കും യാത്ര ചെയ്യുമ്പോൾ ഞാൻ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം. അല്ലെങ്കിലും ഞാൻ തിരക്കിട്ട് ജീവിക്കാൻ ഒട്ടും ആഗ്രഹിക്കാത്ത ആളാണ്, പലരുടെയും തിരക്കിനൊത്ത് എനിക്ക് ഓടിക്കിതച്ച് എത്താനാവില്ല എന്നതാണ് വാസ്തവം. ഇതെന്റെ സ്ലോ ലിവിങ് പീരിയഡാണ്. എന്റെ പ്രയോറിറ്റി ഞാൻ മാത്രമാണ്.ജോധ്പുരിലെ ഓം ബന്ന ടെംപിളിന്റെ അപ്പുറത്തെ റോഡിലേക്ക് നടന്നു ഞാൻ, ഹൈവേയാണ്. വലിയ വണ്ടികൾ ചീറി പാഞ്ഞ് പോവുന്നു. അമിതവേഗതയില്ലാത്ത ചില വാഹനങ്ങൾ നോക്കി ഞാൻ കൈകാണിക്കാൻ തുടങ്ങി, ഒരു വണ്ടി നിർത്തി. എന്തോ ലോഡുമായി പോവുകയാണ്. അതിൽ കയറിയതും പുതീന ഇലയുടെ അതി തീവ്രമായ ഗന്ധം. ഞാൻ ചുറ്റിലും നോക്കി, ഒരു ഇല പോലും എവിടെയും കാണാനായില്ല. ഡ്രൈവർ സീറ്റിലിരുന്ന പയ്യനോട് പുതീന ഗന്ധത്തിന്റെ രഹസ്യത്തെ കുറിച്ച് തിരക്കി ഞാൻ. ഭാഗ്യം അവനു ഇംഗ്ലീഷ് അറിയാം. അവൻ ബി കോം ഗ്രാജുവെറ്റാണ്. പഠിത്തം കഴിഞ്ഞ് അച്ഛന്റെ കൂടെ അവരുടെ തന്നെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നു. ലോഡുകളുമായി പോവുന്ന വഴിയാണ്. എന്റെ ചോദ്യത്തിന് മറുപടിയായി അവൻ വണ്ടി സൈഡിലേക്കൊതുക്കി. അപ്രതീക്ഷിതമായ ആ ബ്രേക്ക് എനിക്ക് അൽപം പേടി തന്നു. അവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ഞാൻ ഒന്നും മനസിലാകാതെ, ഉത്സവപ്പറമ്പിൽ കൈവിട്ടുപോയ കുഞ്ഞിനെ പോലെ അവിടെയിരുന്നു. അവൻ തിരിച്ചെത്തിയത് കയ്യിൽ പുതീനയുടെ ഒരു ബൊക്കെയുമായാണ്. അവനതു എനിക്കായി നീട്ടി, സമ്മാനമാണെന്ന് പറഞ്ഞു. ഞാൻ അതെന്റെ ബാഗിന്റെ സൈഡിൽ കരുതിവെച്ചു. സൗത്ത് ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ, മലയാളമാണ് ഭാഷയെന്ന് അറിഞ്ഞപ്പോൾ യൂട്യൂബിൽ അവനെനിക്ക് ‘കണ്ണോട് കണ്ണായിടാം’ എന്ന പാട്ടുവെച്ചു തന്നു. ആ പാട്ടിന്റെ ഈണത്തിൽ ആ വണ്ടി കുറെ ദൂരം ഓടി. ഞങ്ങൾ രണ്ടു പേരുടെയും റോഡുകൾ വ്യത്യസ്തമാവുന്നിടത്ത് അവൻ എന്നെ ഇറക്കി. വഴിയോരത്തെ കടയിൽ കയറി ചായ കുടിച്ചു. ബിൽ കൊടുക്കാനൊരുങ്ങിയ എന്നെ അവൻ തടഞ്ഞു. തിരിച്ചുവരുന്ന വഴി വീട്ടിൽ വരണമെന്നും താമസിക്കണമെന്നും പറഞ്ഞു. ഞാൻ ഇനി അയാളെ കാണുമോ? അറിയില്ല… സാധ്യതയില്ല എന്ന് പറയുന്നതാവും ശരി. എന്നിട്ടും അയാളെനിക്ക് സഹായങ്ങൾ ചെയ്തുതന്നു. അയാളെ ഞാൻ ഇനി കാണില്ലായിരിക്കും. പക്ഷെ ഞാൻ കടന്നു പോയിട്ടുള്ള, എനിക്ക് പ്രിയപ്പെട്ട അപരിചതരുടെ മുഖങ്ങളിൽ അയാളും കാണും.

യാതൊരു സൂചനയുമില്ലാതെ, അപ്രതീക്ഷിതമായി മഴ പെയ്തു. ഇരുട്ട് പരക്കാൻ തുടങ്ങി. ഉദയ്‌പൂരിലേക്ക് പോവുന്ന ആ വഴിയിൽ കുറെ സമയം വാഹനത്തിനായി ഞാൻ കാത്തുനിന്നു. നല്ല ഇടിവെട്ടലോടു കൂടിയ മഴ. ആ മഴയിൽ ഒരു കാർ എന്റെ മുന്നിൽ നിർത്തി. ഞാൻ കയറി. അദ്ദേഹം ഒരു ബിൽഡിംഗ് കോൺട്രാക്ടറാണ്. എന്തോ ജോലി സംബന്ധമായ ആവശ്യത്തിന് ഉദയ്‌പൂരിലേക്ക് പോവുകയാണ്. മധ്യവയസ്‌കൻ, നന്നായി സംസാരിക്കുന്നു. അയാൾ ഹിന്ദിയിൽ നീണ്ട വാചകങ്ങൾ വേഗതയിൽ പറയുമ്പോൾ മനസിലായത് പോലെ ഞാൻ അഭിനയിക്കുകയും മറുപടിയെന്നോണം തലകുലുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സൈറ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഒരാളെ ഫോൺ വിളിച്ചു എന്റെ കയ്യിൽ തന്നു. അത്ഭുതത്തോടെ ആ ഫോൺ വാങ്ങി ചെവിയിൽ വെച്ചപ്പോൾ മറുതലക്കൽ മലയാളി. ”പേടിക്കണ്ട… അദ്ദേഹം സുരക്ഷിതമായി തന്നെ അവിടെ എത്തിക്കും. നിങ്ങൾ നിന്നിരുന്ന സ്ഥലം അല്പം പിശകാണ്. ഇനിയൊന്നും പേടിക്കണ്ട.” രാത്രിയായതിന്റെയും അറിയാത്ത ഒരാളുടെ യാത്ര ചെയ്യുന്നതിന്റെയും ഭയം എന്റെ ഉള്ളിൽ നിന്നും അപ്രത്യക്ഷ്യമായി. എന്നാലും ഒരു ധൈര്യത്തിന് ഞാൻ എന്റെ ലൊക്കേഷൻ സുഹൃത്തിന് അയച്ചിട്ടു. അദ്ദേഹം എനിക്കായി നീട്ടിയ മിനറൽ വാട്ടറിന്റെ കുപ്പി ഞാൻ നിരസിച്ചു. കൃത്യം ഉദയ്‌പൂർ റെയിൽവേ സ്റ്റേഷനിലല്ല എന്നെ അദ്ദേഹം ഇറക്കിയത്. നന്ദി പറഞ്ഞു ഇറങ്ങി തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ തിരഞ്ഞപ്പോൾ പത്ത് മിനുട്ട് ദൂരം കാണിച്ചു. അവിടെ നിന്നും ഉദയ്‌പൂരിലേക്ക് ട്രെയിൻ കിട്ടും. എന്നാൽ രാവിലെ മാത്രമേ ആ ട്രെയിൻ ഉള്ളൂ. ഇതിനെകുറിച്ചെല്ലാം ചിന്തിക്കുന്നതിന് മുൻപ് എനിക്ക് അദ്ദേഹം ഇറക്കിയ സ്ഥലത്ത് നിന്നും തൊട്ടടുത്ത റെയിൽവേ സ്റ്റേഷൻ എത്തണം. ഞാൻ പറഞ്ഞല്ലോ രാത്രിയായതിനാൽ കടകളുടെ ഷട്ടർ മൂടി കഴിഞ്ഞിരുന്നു. റോഡിൽ നിന്നും വാഹനങ്ങൾ മെല്ലെ മെല്ലെ കുറഞ്ഞു തുടങ്ങി. എന്ത് ചെയ്യണമെന്ന് അറിയാതെ കുറച്ചധികം നേരം ഞാൻ അവിടെ നിന്നു. എന്റെ നിൽപ്പ് കണ്ടിട്ടാവാം ഒരു ഭയ്യ എന്റെ അടുത്തെത്തി. ”ഇവിടെ ഇങ്ങനെ നിക്കരുത്, വേഗം ഇവിടെ നിന്നും പോവേണ്ടതെങ്ങോട്ടാണോ അങ്ങോട്ടേക്ക് പോവാൻ പറഞ്ഞു.” ഞാൻ മുറി ഹിന്ദിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി. മനസിലാക്കി എന്ന് പറഞ്ഞാൽ ചിലപ്പോൾ അബദ്ധമാവും, പറഞ്ഞൊപ്പിച്ചു എന്ന് പറയുന്നതാവും ശരി. അദ്ദേഹം അഞ്ചു മിനുട്ട് എന്നോട് അവിടെ കാത്തുനിൽക്കാൻ പറഞ്ഞു. തിരിച്ചു വരാമെന്നും. നടക്കാവുന്ന ദൂരത്തിലായിരുന്നു അദ്ദേഹത്തിന്റെ വീട്. ഭയ്യ സ്കൂട്ടറുമായി വന്നു. എന്നോട് കയറാൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ ഇറക്കി തരാമെന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. അല്ലാതെ എനിക്ക് മുന്നിൽ വേറെ വഴികളൊന്നും തന്നെയില്ലായിരുന്നു. അദ്ദേഹം എന്നെ റെയിൽവേ സ്റ്റേഷന് മുന്നിൽ ഇറക്കി. പകരം അൻപത് രൂപ ആവശ്യപ്പെട്ടു. പെട്രോൾ അടിക്കാനാണെന്ന് പറഞ്ഞു. ഞാൻ കൊടുത്തു. അദ്ദേഹം ആ സ്കൂട്ടറുമായി ഇരുട്ടിലേക്ക് മാഞ്ഞു. ഞാൻ റെയിൽവേയിൽ ഒരു ബഞ്ചിൽ ഇരുന്നു. നല്ല ആൾത്തിരക്കുള്ള റെയിൽവേ സ്റ്റേഷനാണ്.

  • A person taking a selfie in a mirror, wearing a black shirt and light-colored pants, with a crossbody bag. In the background, there are red curtains and bunk beds.

അപരിചിതരായ ഒരുപാട് മനുഷ്യർ അപ്രതീക്ഷിതമായ സമയങ്ങളിൽ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടുണ്ട്. അവരിൽ പലരും എനിക്ക് ഭക്ഷണം നൽകി, സമ്മാനങ്ങൾ നൽകി, പല സഹായങ്ങളും നൽകി. ഞങ്ങള് കോഴിക്കോട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഇന്ന് അൽപം എടങ്ങേറ് പിടിച്ച ദിവസമായിരുന്നു. പക്ഷെ പേര് പോലും അറിയാത്ത പലരും എന്നെ സഹായിച്ചു. സഹാനുഭൂതി പ്രകടിച്ചു. ഭാഷയറിയാതെ പരസ്പരം നിസഹായരായി നോക്കി നിന്നപ്പോഴും സ്നേഹത്തിന്റെ ഭാഷ എനിക്ക് അനുഭവപെട്ടു.

ഇന്നത്തെ രാത്രി ഈ റെയിൽവേ സ്റ്റേഷനിൽ തങ്ങാം. ഇതിലും സുരക്ഷിതമായ ഇടം അന്വേഷിച്ച് പുറത്തിറങ്ങാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഞാൻ പറഞ്ഞിട്ടില്ലേ റെയിൽവേ എനിക്ക് എല്ലായ്‌പ്പോഴും സുരക്ഷിതമായി അനുഭവപ്പെടാറുണ്ട്. രാവിലെ 8 മണിക്കാണ് ഉദയ്‌പൂരിലേക്കുള്ള ട്രെയിൻ. ഞാൻ അലാറം വെച്ച് ഉറങ്ങാൻ കിടന്നു. രാവിലെ എഴുന്നേറ്റ് മുഖം കഴുകി പുറത്തേക്കിറങ്ങിയപ്പോൾ വീണ്ടും ഒറ്റ മൈന.

ഉദയ്‌പൂരിലെത്തിയിട്ടുള്ള യാത്രയുടെ ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · ·
Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading