ജിടിഎ, പബ്‌ജി തുടങ്ങി നമ്മൾ കളിച്ച വിഡിയോ ഗെയ്‌മുകളിലെ ലോകങ്ങൾ പലതും നമ്മൾക്ക് അജ്ഞാതമാണ്. വിദേശ നഗരങ്ങളും ആയുധങ്ങളും വാഹനങ്ങളും വസ്ത്രവിധാനങ്ങളുമെല്ലാം. എന്നാൽ, ഇവയെല്ലാം എക്സ്പ്ലോർ ചെയ്യുന്ന സ്ക്രീനിൽ സ്വന്തം നാട്ടിൻപുറത്ത്, കേരളത്തിന്റെ മണ്ണിൽ ഇറങ്ങി കളിക്കാൻ സാധിച്ചാലോ… എങ്ങനെയിരിക്കും?
1783ലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരു നാടിന്റെയും അവരുടെ ആശ്രയമായിരുന്ന പോറ്റിയുടെയും അവരെ വലച്ചിരുന്ന ഒരു അഞ്ജാത ശക്തിയുടെയും കഥയിലൂടെ തുടങ്ങി 1984ലേക്കാണ് സ്ക്രീനിലെ ദൃശ്യങ്ങൾ നമ്മളെ കൊണ്ടെത്തിക്കുന്നത്. ആഴ്ചകളായി കാണാതായ തന്റെ ഭാര്യയെ തേടി ഒരു യുവാവ് വിജനമായ ഒരു ദ്വീപിലേക്ക് എത്തുന്നു. അവിടുന്നാണ് ഇനിയങ്ങോട്ടുള്ള യാത്ര. അയാളെ കാത്തിരിക്കുന്നതോ… ഒരു സാധാരണ അന്വേഷണം മാത്രമല്ല, മറിച്ച് രഹസ്യങ്ങളും ഭീതിയും നിറഞ്ഞ ഒരു അനുഭവമാണ്.
അതാണ് തെക്ക് ഐലൻഡ്!

2026 ഫെബ്രുവരി 26ന് റിലീസായ ഒരു സൈക്കോളജിക്കൽ ഹൊറർ വിഡിയോ ഗെയിം. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഇത് ഡൗൺലോഡ് ചെയ്തത്. വലിയ സ്റ്റുഡിയോകളുടെ സഹായമില്ലാതെ, പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു “ഇൻഡി ഗെയിം” (Indie Game) എന്ന നിലയിലാണ് ഇത് പൂർത്തിയാക്കിയത്. റെഡ് വിൽസ് ഇന്ററാക്ടീവുമായി സഹകരിച്ച് ഏൽസ് ഡെവ്സ് ഗെയ്‌മ്സ് ആണ് തെക്ക് ഐലൻഡ് വികസിപ്പിച്ചത്. കോട്ടയം സെന്റ് ഗിറ്റ്സ് കോളേജിലെ വിദ്യാർത്ഥികളും ഇതിന് പിന്നിലുണ്ട്. ചെറിയൊരു ടീം, കുറഞ്ഞ ബജറ്റിൽ ഇത്രയും മികച്ച ഗ്രാഫിക്സ് ഒരുക്കിയെന്നത് ഗെയ്‌മിംഗ് കമ്മ്യൂണിറ്റിക്കൊരു അത്ഭുതമായാണ് വിലയിരുത്തപ്പെടുന്നത്.
ദി ഹൊറർ അനുഭവം
മറ്റേതൊരു വിഡിയോ ഗെയ്‌മിനെക്കാളും കഥ, പശ്ചാത്തലം, സംഭാഷണങ്ങൾ തുടങ്ങിയ പല ഘടകങ്ങൾ ഇതിനെ വ്യത്യസ്തവും പ്രത്യേകതകൾ ഉള്ളതുമാക്കുന്നു. കേരളത്തിൽനിന്നുള്ള ആദ്യത്തെ ഹൊറർ 3ഡി ഗെയ്മാണിത്. പെട്ടെന്നു കളിച്ചു തീർക്കാവുന്ന ഒരു ഫസ്റ്റ് പേഴ്സണ്‍ റിയൽ ടൈം എക്സ്‌പീരിയൻസ് ഗെയിം.
നായകന്റെ കണ്ണിലൂടെയാണ് കളിക്കാരൻ ലോകം കാണുന്നത്. ഇത് ഭയത്തിന്റെ അനുഭവം ശക്തമാക്കുന്നു. ദ്വീപിൽ ചിതറിക്കിടക്കുന്ന പല സൂചനകളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. കേരളത്തിലെ യക്ഷിക്കഥകളും പുരാതന വിശ്വാസങ്ങളും കോർത്തിണക്കിയാണ് ഇതിന്റെ ഹൊറർ എലമെന്റുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട തറവാടുകൾ, മരക്കസേരകൾ, നിഗൂഢമായ വനങ്ങൾ, ഭയാനകമായ ശബ്ദങ്ങൾ എന്നിവയിലൂടെയെല്ലാം അതിശക്തമായ ഒരു ഹൊറർ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടുകൂടി ഗെയ്‌മിലെ സംഭാഷണങ്ങളും ഇൻസ്ട്രക്ഷനുകളും മലയാളത്തിലാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഇരുട്ടിനോടുള്ള പോരാട്ടം
ദ്വീപിൽ ചിതറിക്കിടക്കുന്ന കത്തുകൾ, ഡയറിക്കുറിപ്പുകൾ, പഴയ വസ്തുക്കൾ എന്നിവ ശേഖരിച്ച് വേണം കഥ മുന്നോട്ട് കൊണ്ടുപോകാൻ. ലോക്ക് ചെയ്ത വാതിലുകൾ തുറക്കാനും രഹസ്യങ്ങൾ കണ്ടെത്താനും ചെറിയ പസിലുകൾ പരിഹരിക്കേണ്ടതുണ്ട്. ശത്രുക്കളോട് നേരിട്ട് യുദ്ധം ചെയ്യുന്നതിനേക്കാൾ അവരിൽ നിന്ന് ഒളിച്ചുമാറുകയും ഓടി രക്ഷപ്പെടുകയും ചെയ്യുന്നതാണ് പ്രധാന തന്ത്രം. ഇതാണ് തെക്ക് ഐലൻഡിന്റെ സർവൈവൽ മെക്കാനിക്സ്.

പരിമിതമായ വെളിച്ചം ഗെയ്‌മിലെ പ്രധാന വെല്ലുവിളിയാണ്. അതിനാൽ, ഗെയ്‌മിലെ ഏറ്റവും വലിയ ശത്രു പലപ്പോഴും ഇരുട്ട് തന്നെയാണ്. കളിക്കുന്നയാളുടെ കൈയ്യിലെ പന്തമാണ് വെട്ടം. അത് കത്തി തീരാതെയും കെടാതെയും നോക്കേണ്ടതുണ്ട്.
ഗെയ്‌മിലെ ശബ്ദ പശ്ചാത്തലവും ഭയത്തിന്റെ ആഴം കൂട്ടുന്നു. മരങ്ങൾ ഉരസുന്ന ശബ്ദം, ദൂരെ നിന്നുള്ള നിലവിളികൾ, രാത്രിയിലെ അന്തരീക്ഷ ശബ്ദങ്ങൾ എന്നിവ 3ഡി ഓഡിയോ സാങ്കേതികവിദ്യയിലാണ് ഒരുക്കിയിരിക്കുന്നത്. ഹെഡ്സെറ്റ് ഉപയോഗിച്ച് കളിക്കുമ്പോൾ ഇത് കളിക്കാരനെ ദ്വീപിനുള്ളിൽ ഒറ്റപ്പെട്ടിരിക്കുന്ന അനുഭവത്തിലേക്ക് കൊണ്ടുപോകുന്നു.
അണ്‍റിയൽ എൻജിൻ (Unreal Engine 5) ഉപയോഗിച്ച് നിർമ്മിച്ച ഈ ഗെയിം, കേരളത്തിലെ പഴയകാല വീടുകളും പരിസരങ്ങളും വളരെ റിയലിസ്റ്റിക് ആയാണ് പുനർസൃഷ്ടിച്ചിട്ടുള്ളത്.
ഗെയിം എങ്ങനെ ഡൗൺലോഡ് ചെയ്യാം?
തെക്ക് ഐലൻഡ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത് പിസി പ്ലാറ്റ്‌ഫോമിലാണ്. സ്റ്റീം (Steam) എന്ന ഗെയ്‌മിംഗ് പ്ലാറ്റ്‌ഫോമിൽ ‘Thekku Island’ എന്ന് സെർച്ച് ചെയ്താൽ ഇത് വാങ്ങാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. വിദേശ ഗെയ്‌മുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് (₹399) ഇന്ത്യൻ വിപണിയിൽ ഇത് ലഭ്യമാക്കിയിരിക്കുന്നത്. ലോ എൻഡ് പിസികളിലും സുഗമമായി കളിക്കാവുന്ന വിധം ഗെയിം ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്.
അണിയറപ്രവർത്തകർ
ഗെയ്‌മിന്റെ നിർമ്മാണ വേളയിൽ ചില ആർട്ട് റെഫറൻസുകൾക്കും ചിത്രങ്ങൾക്കുമായി എഐ ടൂളുകളുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഗെയ്‌മിലെ പ്രധാനപ്പെട്ട ഗെയിം പ്ലേ, കൺസെപ്റ്റ് ആർട്ട്, 2D-3D ആനിമേഷനുകൾ, പെയിന്റിംഗുകൾ തുടങ്ങി മറ്റെല്ലാ ഘടകങ്ങളും ടീം നേരിട്ട് രൂപകൽപ്പന ചെയ്തും വികസിപ്പിച്ചെടുത്തതുമാണ്.
| The Team |
|---|
| Athul George (Ales Devs) – Creator & Game Director Aswin Sunilkumar – Creative Director Adithyan P.S – Game Operations Ashwin P.V – Marketing Head Aadhi Gopakumar – Music & Sound |
മലയാളം ഗെയ്‌മിംഗ് രംഗത്ത് ഇതൊരു തുടക്കം മാത്രമാണ്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




