ഒരു സിനിമ കാണുമ്പോൾ ആരോ എഴുതിവച്ച തിരക്കഥ അനുസരിച്ചാണ് അതിലെ സന്ദർഭങ്ങളും കഥാപാത്രങ്ങളുടെ തീരുമാനങ്ങളും കഥയും മുന്നോട്ട് പോകുന്നത്. നിങ്ങൾ വെറും ഒരു ആസ്വാദകൻ മാത്രം. കഥ മറ്റൊരു തരത്തിലായിരുന്നുവെങ്കിൽ എന്ന് ചിന്തിച്ചിട്ടുള്ള സാഹചര്യവുമുണ്ടായിട്ടുണ്ടാകും. എന്നാൽ, കഥകൾ നിങ്ങൾ നിശ്ചയിക്കുന്ന മുറയ്ക്ക് മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചാലോ? ദൃശ്യങ്ങളുടെ വെറുമൊരു പ്രേക്ഷകനാകാതെ മറിച്ച് അതിലെ കഥാപാത്രങ്ങളുടെ തീരുമാനങ്ങൾ നിങ്ങൾക്ക് തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞാലോ? അടിപൊളിയായിരിക്കില്ലേ?
അതിനാണ് ഇന്ററാക്ടീവ് സിനിമാറ്റിക് ഗെയിമുകൾ (Interactive Cinematic Games) ഉള്ളത്. ഒരു സിനിമ കാണുന്ന അതേ ഫീലോടെ, എന്നാൽ കഥയുടെ നിയന്ത്രണം പൂർണ്ണമായും നിങ്ങളുടെ കൈകളിൽ നൽകുന്ന ഒന്ന്. ഗെയിം കളിക്കുന്ന നിങ്ങൾ എടുക്കുന്ന ഓരോ ചെറിയ തീരുമാനവും കഥയുടെ ക്ലൈമാക്സിനെ വരെ മാറ്റിമറിക്കാം!
വാട്ട് വ്യത്യാസം?
സാധാരണ വിഡിയോ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ സിനിമാറ്റിക് ഗെയിമുകൾ.
നിങ്ങൾ ഒരു സിനിമ തത്സമയം ഡയറക്ട് ചെയ്യുന്നത് പോലെയാണ് ഈ ഗെയിമിംഗ് അനുഭവം. കഥ സിനിമപോലെ മുന്നോട്ട് പോകും. പക്ഷേ നിർണായക ഘട്ടങ്ങളിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ്. നിങ്ങളുടെ ഒരു ചെറിയ ക്ലിക്കാണ് അടുത്ത സീൻ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത്. അതിനാൽ തന്നെ, ഒരു നിശ്ചിത കഥയോ സിംഗിൾ ക്ലൈമാക്സോ ഇതിലില്ല. കളിച്ചു തുടങ്ങുമ്പോൾ എടുക്കുന്ന ഓരോ തീരുമാനങ്ങളാണ് കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും കഥയുടെ പോക്കിനെയും ബാധിക്കുന്നത്. നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് പല ക്ലൈമാക്സ് ആയിരിക്കും ലഭിക്കുക.
ആനിമേഷനുകൾക്കോ ടെക്സ്റ്റുകൾക്കോ പകരം യഥാർത്ഥ നടീനടന്മാർ അഭിനയിച്ച ദൃശ്യങ്ങളോ (Full-Motion Video – FMV) അല്ലെങ്കിൽ അതിശയിപ്പിക്കുന്ന റിയലിസ്റ്റിക് 3D ഗ്രാഫിക്സോ ആണ് ഇതിൽ ഉപയോഗിക്കുന്നത്.
കൺട്രോളറുകളുടെ ആവശ്യമില്ല. ഇതിൽ ഫാസ്റ്റ് റിഫ്ലക്സുകളോ കോംപ്ലിക്കേറ്റഡ് ബട്ടൺ കോമ്പോകളോ ആവശ്യമില്ല. സ്ക്രീനിൽ കാണുന്ന ഓപ്ഷനുകളിൽ ഒന്നു ജസ്റ്റ് ടാപ്പ് ചെയ്താൽ മാത്രം മതി. അതുകൊണ്ട് തന്നെ സാധാരണ ഗെയിമുകൾ കളിക്കാൻ മടിയുള്ള സിനിമാപ്രേമികൾക്കും ഇത് എളുപ്പത്തിൽ ആസ്വദിക്കാം. മൊബൈലിൽ തന്നെ കളിക്കാം.
വെറുമൊരു സിനിമ കണ്ട് തീർക്കുന്നതിനേക്കാൾ ആവേശം തരുന്നതാണ് നമ്മൾ തന്നെ കഥ തീരുമാനിക്കുന്ന ഗെയിമുകൾ, അല്ലേ? എന്നാൽ പിന്നെ, ഒന്നു പരീക്ഷിച്ചു നോക്കാമെന്ന് തോന്നുന്നുണ്ടോ? നെറ്റ്ഫ്ലിക്സ് ഗെയിംസിലോ സ്റ്റീമിലോ ഒക്കെ ഇന്ന് ഇത്തരം നിരവധി സിനിമാറ്റിക് ഗെയിമുകൾ ലഭ്യമാണ്.
ഇതാ, തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട 6 കിടിലൻ ഗെയിമുകൾ:
ഹെർ സ്റ്റോറി (Her Story)

ഒരു കൊലപാതക കേസ് അന്വേഷിക്കുന്ന ഡിറ്റക്ടീവ് ആകാൻ നിങ്ങൾക്ക് താല്പര്യമുണ്ടോ? ഒരു സ്ത്രീയെ പോലീസ് ഏഴു തവണ ചോദ്യം ചെയ്യുന്നതിന്റെ വിഡിയോകളാണ് ഈ ഗെയിമിന്റെ പ്രധാന ഭാഗം. ഒരു കമ്പ്യൂട്ടർ ഡേറ്റാബേസിൽ നിന്ന് ഈ വിഡിയോ ക്ലിപ്പുകൾ തിരഞ്ഞുപിടിച്ച്, സൂചനകൾ കോർത്തിണക്കി ആ സ്ത്രീക്ക് പിന്നിലെ യഥാർത്ഥ രഹസ്യം കണ്ടെത്തുകയാണ് നിങ്ങളുടെ ദൗത്യം. മികച്ച ഒരു മിസ്റ്ററി സിനിമ കണ്ട അനുഭവം ഇത് സമ്മാനിക്കും.
ഓക്സൻഫ്രീ (Oxenfree)

ഒരു കൂട്ടം സുഹൃത്തുക്കൾ രാത്രി പാർട്ടി ആഘോഷിക്കാൻ ഒരു ഒറ്റപ്പെട്ട ദ്വീപിലേക്ക് പോകുന്നതും, അവിടെ വെച്ച് അബദ്ധത്തിൽ ഒരു പ്രേത ലോകത്തിന്റെ വാതിൽ തുറക്കപ്പെടുന്നതുമാണ് ഇതിന്റെ പ്രമേയം. ഇതിൽ ‘അലക്സ്’ എന്ന കഥാപാത്രമായി നിങ്ങൾ മാറുന്നു. സുഹൃത്തുക്കളെ എങ്ങനെ രക്ഷിക്കണം, അവരോട് എങ്ങനെ പെരുമാറണം എന്നതൊക്കെ നിങ്ങളുടെ തീരുമാനമാണ്. ഒരു സൂപ്പർനാച്ചുറൽ ത്രില്ലർ മൂവിയുടെ ഫീൽ ഈ ഗെയിം നൽകും
80 ഡേയ്സ് (80 Days)

പ്രശസ്തമായ ‘എറൗണ്ട് ദി വേൾഡ് ഇൻ 80 ഡേയ്സ്’ എന്ന നോവലിനെ അടിസ്ഥാനമാക്കി, ഒരു സ്റ്റിംപങ്ക് (Steampunk) ശൈലിയിൽ ഒരുക്കിയ ഗെയിമാണിത്. ഫിലിയാസ് ഫോഗ് എന്ന കഥാപാത്രത്തിന് 80 ദിവസം കൊണ്ട് ലോകം ചുറ്റിവരാൻ നിങ്ങളാണ് സഹായിക്കേണ്ടത്. എയർഷിപ്പ്, സബ്‌മറൈൻ, മെക്കാനിക്കൽ ഒട്ടകം എന്നിവയിലൊക്കെ യാത്ര ചെയ്യാം. സമയം ഓടിക്കൊണ്ടിരിക്കുമ്പോൾ നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനവും യാത്രയുടെ വിജയ പരാജയങ്ങളെ നിർണ്ണയിക്കും.
എ നോർമൽ ലോസ്റ്റ് ഫോൺ (A Normal Lost Phone)

വഴിയിൽ നിന്ന് നിങ്ങൾക്ക് ഒരു മൊബൈൽ ഫോൺ കിട്ടുന്നു എന്ന് വിചാരിക്കുക. ആ ഫോണിലെ മെസ്സേജുകൾ, ഫോട്ടോകൾ, ആപ്പുകൾ എന്നിവ പരിശോധിച്ചുകൊണ്ട് അതിന്റെ ഉടമസ്ഥനായ ‘സാം’ എന്ന വ്യക്തിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്തുകയാണ് ഈ ഗെയിമിൽ ചെയ്യേണ്ടത്. ഫോൺ ഇന്റർഫേസിലൂടെ കഥ പറയുന്ന ഈ ഗെയിം, ഗെയിം നിർത്തിയാലും നമ്മളെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒന്നാണ്.
ദി സൈലന്റ് ഏജ് (The Silent Age)

മനുഷ്യരാശി മുഴുവൻ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായ ഒരു ഭീകരമായ ഭാവികാലം! ടൈം ട്രാവൽ നടത്തി ഭൂമിയുടെ ഈ അവസ്ഥയ്ക്ക് പിന്നിലെ രഹസ്യം കണ്ടെത്താനും ലോകത്തെ രക്ഷിക്കാനുമുള്ള ഒരു സാഹസിക യാത്രയാണ് ഈ ഗെയിം. ആകാംഷ നിറഞ്ഞ ഒരു സയൻസ് ഫിക്ഷൻ സിനിമ പോലെ ഇതിന്റെ കഥ നിങ്ങളെ ആകർഷിക്കും.
സ്കൈ (Sky: Children of the Light)

മനസ്സിന് സമാധാനവും സന്തോഷവും നൽകുന്ന അതിമനോഹരമായ ഒരു ഓപ്പൺ വേൾഡ് ഗെയിമാണിത്. മാന്ത്രിക ലോകങ്ങൾ പര്യവേക്ഷണം ചെയ്യാനും, നഷ്ടപ്പെട്ട വെളിച്ചം തിരികെ കൊണ്ടുവരാനും, ലോകമെമ്പാടുമുള്ള മറ്റ് കളിക്കാരുമായി വാക്കുകളില്ലാതെ സൗഹൃദം സ്ഥാപിക്കാനും ഈ ഗെയിം അവസരമൊരുക്കുന്നു. ഒരു വിഷ്വൽ വണ്ടർ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: മറവിൽ തിരിവ് സൂക്ഷിക്കുക: മലയാളത്തിലെ ആദ്യകാല ക്രൈം ത്രില്ലർ ക്ലാസിക് | Maravil Thirivu Sookshikkuka | Malayalam Crime Thriller | Mol