ഹോസ്റ്റൽ ജീവിതം ചിലർക്കൊക്കെ ഒറ്റപ്പെടൽ നിറഞ്ഞതാണ്. മടിയും കൂടിയേക്കാം. സ്വന്തം വീട്ടിൽ എല്ലാ സൗകര്യങ്ങളും ലഭിച്ചവർക്ക് ഹോസ്റ്റലിന്റെ ചില നിയമങ്ങളും അസൗകര്യതയും വീർപ്പുമുട്ടിക്കും. എന്നാൽ ചുരുങ്ങിയ ചെലവിൽ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാകും. ഹോസ്റ്റലിൽ കഴിയുന്നവരെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് നിരവധി നിത്യോപയോഗ സാധനങ്ങൾ വിപണിയിൽ ഇറങ്ങുന്നുണ്ട്. അതിൽ ചിലത് പരിചയപ്പെടാം.

വാഷിങ് മെഷീൻ
ഹോസ്റ്റലിൽ നിന്ന് വീട്ടിൽ വരുമ്പോൾ ഒട്ടുമിക്കവരുടെയും ബാഗ് നിറയെ മുഷിഞ്ഞ തുണികളാണ്. വീട്ടിലെത്തി അലക്കി ഉണക്കി വീണ്ടും ബാഗിലാക്കി തിരിച്ചുപോകും. വിദ്യാർഥികളാണെങ്കിലും ജോലിക്കാരാണെങ്കിലും ഹോസ്റ്റൽ മുറിയിൽ താമസിക്കുന്നുവെങ്കിൽ അവർ ഏറ്റവും വെറുക്കപ്പെടുന്ന പണി തുണി അലക്കലാണ്. ഇതിന് പരിഹാരമാണ് മിനി വാഷിങ് മെഷീൻ. ബക്കറ്റിന്റെ വലുപ്പം മാത്രമുള്ള വാഷിങ് മെഷീനിൽ 3 കിലോ വരെയുള്ള തുണി അലക്കാവുന്നതാണ്. അധികം സ്ഥലവും ആവശ്യവുമില്ല. 1500 രൂപ മുതൽ ഇവ ലഭ്യമാണ്. ഉപയോഗം കഴിഞ്ഞാൽ കട്ടിലിനടിയിലേക്ക് മാറ്റിവയ്ക്കാം.

റഫ്രിജറേറ്റർ
കിടന്നുറങ്ങുമ്പോൾ സൈഡ് ടേബിളിൽ തന്നെ വയ്ക്കാവുന്ന കുഞ്ഞൻ റഫ്രിജറേറ്ററാണിത്. അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം ഇതിനകത്ത് വയ്ക്കാം. 2000 രൂപ മുതൽ കോംപാക്ട് റഫ്രിജറേറ്ററുകൾ ലഭ്യമാണ്. വിദേശരാജ്യങ്ങളിൽ നിരവധിപ്പേർ ബ്യൂട്ടി പ്രൊഡക്ടുകൾ കേടുകൂടാതിരിക്കാൻ ഈ മിനി ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ട്. ബാക്ക്പാക്കിൽ ഒതുങ്ങുന്നതിനാൽ എവിടെയും കൊണ്ടുപോകാം.

ഇസ്തിരിയിടൽ
ഇസ്തിരിപെട്ടി ഉപയോഗിച്ച് തുണി തേച്ചുമിനിക്കുമ്പോഴേക്കും സമയം പോകുമെന്ന് പലരും പറയാറുണ്ട്. പിന്നെ വല്ലാത്ത മടിയുമാണ്. ഇത്തരക്കാർക്ക് ഹാൻഡ് സ്റ്റീമർ ഉപയോഗിക്കാവുന്നതാണ്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇവ നിമിഷനേരം കൊണ്ട് തുണിയുടെ ചുളിവുകൾ മാറ്റുന്നു. കിടക്കയിൽ തുണി നിവർത്തിയിട്ട് തേയ്ക്കുന്നതിന് പകരം കൈയിൽ പിടിച്ചാൽ മതിയാകും. ഹെയർ ഡ്രയറും ഹെയർ സ്ട്രൈറ്റ്‌നറും ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്.

പോക്കറ്റ് ടൂൾ
കത്തി, കത്രിക, സ്ക്രൂ ഡ്രൈവർ, ബോട്ടിൽ ഓപ്പണർ, കാൻ ഓപ്പണർ എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ ഒറ്റ ഉപകരണത്തിൽ അടങ്ങിയ പോക്കറ്റ് ടൂൾ ഇപ്പോൾ ലഭ്യമാണ്. സ്വിസ് ശൈലിയിലുള്ള ഈ മൾട്ടി ടൂൾ ഒതുക്കമുള്ളവയും പത്തിലധികം ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതുമാണ്.

ഹാൻഡ് ഫാൻ
വൈദ്യുതിയില്ലാത്തപ്പോൾ ഉപയോഗിക്കാവുന്ന ഒന്നാണ് ഹാൻഡ് ഫാൻ. 360 ഡിഗ്രി റൊട്ടേഷൻ, 3 സ്പീഡ് സെറ്റിങ് എന്നിവ കൂടിയ ഫാൻ വിലക്കുറവിൽ ലഭ്യമാകും. യുഎസ്ബിയിലോ ബാറ്ററിയിലോ പ്രവർത്തിക്കുന്ന ചെറിയ ഫാൻ ശബ്ദമില്ലാത്തവയാണ്. കട്ടിൽ, മേശ, ഷെൽഫ് എന്നിവിടങ്ങളിൽ ഘടിപ്പിച്ചും ഉപയോഗിക്കാം. യാത്രകളിൽ ഹാൻഡ് ബാഗിൽ കരുതാവുന്നതാണ്.

ബെഡ് സൈഡ് ഷെൽഫ്
ഫോൺ ഹോൾഡർ, കപ്പ് ഹോൾഡർ, സ്റ്റോറേജ് ട്രേ എന്നിവയോടുകൂടി, കട്ടിലിന്റെ അടിയിലേക്ക് വയ്ക്കാവുന്ന ഷെൽഫുകൾ ചെറിയ തുകയ്ക്ക് ലഭ്യമാകും. ഫോണുകൾ, കണ്ണട, പുസ്തകങ്ങൾ എന്നിവ ടേബിളിൽ വാരിവിതറിയിടുന്നതിന് പകരം നിരവധി അറകളുള്ള ഇവയിൽ ഒതുക്കിവയ്ക്കാനാകും. ഡ്രില്ലിങ് ആവശ്യമില്ല. വീൽ ഉള്ളതിനാൽ ആവശ്യാനുസരണം നീക്കാനാകും.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.




