
ഇടവപ്പാതിയുടെ വരവിനൊപ്പമാണ് പ്രവേശനോത്സവങ്ങളുമായി കേരളത്തിലെ വിദ്യാലയങ്ങള്‍ ഒരുങ്ങുന്നത്. വെക്കേഷൻ കഴിഞ്ഞ് വീണ്ടും ക്ലാസ്മുറികളിലേക്കെത്തുന്ന കുട്ടികളും ആദ്യമായി ക്ലാസ്മുറികൾ കാണുന്ന കുരുന്നുകളും ആവേശത്തിലാഴുന്ന രക്ഷിതാക്കളും അധ്യാപകരും… ആദ്യവാരത്തിലെ മനോഹരമായ കാഴ്ചകളിൽ ഇവരൊക്കെ നിറയും. മഴയുമുണ്ട് ഒപ്പം.
സ്കൂൾ തുറന്നാൽ കൂട്ടുകാരോടൊത്ത് കളിക്കുകയും പഠിക്കുകയും ചെയ്യുന്നതിനോടൊപ്പം രസകരമായതാണ് ഒരുമിച്ചു ഭക്ഷണം പങ്കുവയ്ക്കുന്നതും കഴിക്കുന്നതും. മാതാപിതാക്കളും സ്കൂളിൽ അന്നം നൽകുന്നവരും ഇവര്‍ക്ക് ആവശ്യമായ പോഷകങ്ങൾ ഉറപ്പുവരുത്തണം ഭക്ഷണം നൽകുമ്പോൾ.
എന്നാൽ, പോഷകം മാത്രം മതിയോ എന്ന് ചോദിച്ചാൽ…. പോര. പിന്നെയോ?
നൂട്രിയന്റ് റിച്ച് ഫുഡായിരിക്കണം കുട്ടികൾക്ക് നൽകേണ്ടത് എന്നതിന് സംശയമില്ല. പക്ഷേ, അവ കുട്ടികൾക്കും ഇഷ്ടമുള്ളതാകണം. കൂട്ടുകാർക്ക് പങ്കുവയ്ക്കാവുന്നതാകണം. അതുപോലെ തന്നെ പ്രധാനമാണ് അവ കൊണ്ടുപോകാനും കഴിക്കാനും എളുപ്പമായിരിക്കണമെന്നതും. അല്ലേ? വീട്ടിൽ പാചകം ചെയ്യുന്നവർക്ക് രാവിലത്തെ തിരക്കിനിടയിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ വിഭവങ്ങൾ ഒരുക്കാനും സാധിക്കണം.
ഇതിനായി വ്യത്യസ്ത തരത്തിലുള്ള വിഭങ്ങൾ പരീക്ഷിക്കാവുന്നതാണ്. അധികം ലീക്ക് ചെയ്യാത്ത, കഴിക്കുമ്പോൾ മെസ്സിയാകാത്ത തരം ഭക്ഷണം പ്ലാൻ ചെയ്യാം.
അവശ്യ പോഷകങ്ങൾ
സ്കൂളിലേക്ക് നൽകുന്ന സ്നാക്സ്–ലഞ്ച് ബോക്സുകളിൽ ഈ നാല് പോഷകങ്ങളുണ്ടെന്ന് ഉറപ്പുവരുത്താം:

- Complex Carbohydrates | The Fuel
(ഗോതമ്പ്, റാഗി, ഓട്സ്, തവിടുള്ള അരി etc.) - Lean Proteins | The Building Blocks
(മുട്ട, പയർവർഗ്ഗങ്ങൾ, പനീർ etc.) - Healthy Fats | The Brain Boosters
(നട്സ്, നെയ് etc.) - Vitamins & Minerals | The Immune Shield
(പഴങ്ങൾ, പച്ചക്കറികൾ etc.)
സ്പ്ലിറ്റ് ചെയ്തു പ്ലാൻ ചെയ്തു നോക്കാം… ഒരു ലളിതമായ ഫോർമുല:
Lunch: Carb + Protein + Vegetable
Snack: Fruit/Nut + Healthy Fat
കഴിക്കുന്നത് എളുപ്പമാക്കാം
നിറയെ ചോറും കറികളും പലവിധ പാത്രങ്ങളിലാക്കി നൽകുന്നത് സ്കൂളുകളിലെ ചെറിയ മേശമേൽ വച്ച് കഴിക്കുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടാകാം. പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക് കുറേ പാത്രങ്ങളുള്ളത് മാനേജ് ചെയ്യാൻ പാടായിരിക്കും.
ഇവ ഒഴിവാക്കാനുള്ള ചെറിയ കുറുക്കു വിദ്യകൾ പരീക്ഷിക്കാവുന്നതാണ്. കുട്ടികൾക്ക് വെറൈറ്റിയുമാകും എളുപ്പത്തിൽ കഴിക്കാനുമാകും.
ലഞ്ചിന് ചോറും പല കറികളും നൽകുന്നതിനു പകരം ഇവ ട്രൈ ചെയ്യാം:

- സാൻഡ്‌വിച്ച്/ബർഗർ
- റോള്‍സ്
- പുലാവ്/ബിരിയാണി/ഫ്രൈഡ് റൈസ്
- സാമ്പാർ/പുളി സാദം
- തക്കാളി/പുതിന/ലെമൺ റൈസ്
- സ്റ്റഫ്ഡ് ചപ്പാത്തി/റോട്ടി/ഇഡ്‌ലി
- ഊത്തപ്പം
- ഉപ്പുമാവ് (റവ, അവൽ, ഓട്സ്, ഗോതമ്പ്)


ഇവയിൽ ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം സാലഡ് പോലെ എന്തെങ്കിലും സൈഡ് ആയി നൽകാം.
സ്നാക്സിന് പ്രധാനമായും നട്സോ ഫ്രൂട്സോ നൽകി നോക്കൂ. അല്ലെങ്കിൽ എള്ളുണ്ട പോലെയുള്ള ഹെൽത്തി സ്നാക്കുകൾ കൊടുത്തുവിടാം.
ജാപനീസ് സ്റ്റൈൽ ബെൻറോ ബോക്സുകളും ഇപ്പോൾ ട്രെന്‍ഡിംഗാണ്. ഓരോ തരം ഫുഡിനും വ്യത്യസ്ത അറകളുള്ള ഫുഡ് കണ്ടെയ്നറില്‍ നീറ്റ് ആയി പാക്ക് ചെയ്ത് ലഞ്ച് റെഡിയാക്കാം.

ഇവ ശ്രദ്ധിക്കാം:

ഹൈജീൻ ശീലങ്ങൾ: കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി കഴുകാൻ കുട്ടികളെ ബോധവാന്മാരാക്കാം. സ്പൂണോ ഫോർക്കോ നൽകാവുന്നതാണ്.
ലഞ്ച് ടവലും വേണമെങ്കിൽ ടിഷ്യൂവും എപ്പോഴും കരുതാം.
ഭക്ഷണം ഷെയർ ചെയ്യുമ്പോളും ക്ലീൻ ഹാബിറ്റ്സ് അവർ പാലിക്കേണ്ടതുണ്ട്.
ശുദ്ധമായ ജലം: വെള്ളം കുടിക്കേണ്ടതിന്റെ അനിവാര്യതയും പറഞ്ഞുകൊടുക്കാം. കുട്ടികൾ കുടിക്കുന്ന വെള്ളത്തിന്റെ ശുചിത്വം രക്ഷിതാക്കളും അധ്യാപകരുമാണ് ഉറപ്പുവരുത്തേണ്ടത്.
സ്വയം കഴിക്കട്ടെ: കൊച്ചുകുട്ടികൾ തനിയെ കഴിക്കാൻ പഠിക്കട്ടേ. ഇതിനുള്ള പരിശീലനം വീട്ടിലും നൽകാൻ മറക്കണ്ടാ.
കുട്ടികളുടെ ഇഷ്ടം: ഫുഡ് ഒരുക്കുമ്പോൾ കുട്ടികളുടെ ഇഷ്ടങ്ങളും പരിഗണിക്കുക. അവർക്ക് താല്പര്യമുള്ള വിഭവങ്ങൾ ആരോഗ്യകരമായ രീതിയിൽ മാറ്റി നൽകാം.
മഴക്കാല മുൻകരുതൽ: ഇപ്പോൾ മഴക്കാലമായതിനാൽ തൈര് പോലുള്ള തണുപ്പുള്ള ഭക്ഷണം അധികം നൽകാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് കഫക്കെട്ടും ജലദോഷവും വരാനുള്ള സാധ്യത കുറയ്ക്കും.
ഒഴിവാക്കാം ഈ പിഴവുകൾ

∙ ദിവസവും ഒരേ വിഭവം നൽകുന്നത്
∙ അമിതമായി പാക്കറ്റ് സ്നാക്സ് നൽകുന്നത്
∙ കുട്ടിക്ക് കഴിക്കാനാവുന്നതിലും കൂടുതൽ ഭക്ഷണം നിറയ്ക്കുന്നത്
∙ അധികം ലീക്ക് ചെയ്യുന്ന കറികൾ കൊടുക്കുന്നത്
∙ വെള്ളക്കുപ്പി നിറയ്ക്കാൻ മറക്കുന്നത്
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




