സുഹൃത്തുക്കളോ ഇഷ്ടമുള്ള മറ്റാരെങ്കിലുമോ നിങ്ങൾക്കൊപ്പം ഇരിക്കുമ്പോൾ ഫോൺ നോക്കുകയോ അവർക്കിഷ്ടമുള്ള മറ്റ് പ്രവൃത്തികളിൽ ഏർപ്പെടുകയോ ചെയ്യാറുണ്ടോ? അത് നിങ്ങളോടുള്ള താൽപര്യക്കുറവായി തോന്നിയിട്ടുണ്ടോ? എന്നാൽ, ഇനി അങ്ങനെ തെറ്റിദ്ധരിക്കേണ്ട. നിങ്ങളോട് സംസാരിക്കാതെ തന്നെ അവർ നിങ്ങളുടെ സാന്നിധ്യം ആസ്വദിക്കുകയായിരിക്കും. ആഴമുള്ള ബന്ധത്തിന്റെ ലക്ഷണമാണത്.
എങ്ങനെയാണെന്നല്ലേ? പറയാം.
രണ്ടോ അതിലധികമോ ആളുകൾ ഒരേ സ്ഥലത്ത് ഇരിക്കുമ്പോഴും പരസ്പരം സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാതെ സ്വന്തം കാര്യങ്ങളിൽ മുഴുകുന്ന അവസ്ഥയെ ‘പാരലൽ പ്ലേ’ എന്നാണ് പറയുന്നത്. പരസ്പരം സംസാരിക്കാതെ തന്നെ അടുത്തിരിക്കുന്ന ആളുകളുടെ സാന്നിധ്യം ആസ്വദിക്കുന്ന രീതിയാണിത്. ഒരുമിച്ച് ഇരിക്കുന്നതുവഴി തനിച്ചല്ല എന്ന തോന്നൽ ഉണ്ടാവുകയും അത് ഒറ്റപ്പെടൽ ഇല്ലാതാക്കി ആളുകളിൽ സന്തോഷം നിറയ്ക്കുകയും ചെയ്യും. സുഹൃത്തുക്കളെ കാണുമ്പോൾ സംസാരിക്കണം ഇടപെടണം എന്ന സാമൂഹിക സമ്മർദ്ദത്തെയാണ് ഈ രീതിയിലൂടെ പൊളിച്ചെഴുതുന്നത്. ഇത് ബന്ധങ്ങൾ കൂടുതൽ ലളിതമാക്കും.

തിരക്കുള്ള ഒരു ദിവസം വലിയ സമ്മർദ്ദങ്ങൾക്ക് ശേഷം വീട്ടിലെത്തുന്ന നിങ്ങൾക്ക് പാട്ട് കേട്ട് ഇരിക്കാനായിരിക്കും തോന്നുക. പക്ഷേ, അപ്പോൾ നിങ്ങൾക്കൊപ്പം നിങ്ങളുടെ പങ്കാളി ഒരു പുസ്തകം വായിച്ച് ഇരിക്കുന്നുണ്ടെങ്കിലോ. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യം ചെയ്യുന്നതിനൊപ്പം തന്നെ ഇഷ്ടമുള്ള ആളുടെ സാന്നിധ്യവും സന്തോഷം നൽകും.
പാരലൽ പ്ലേയിലൂടെ നമുക്ക് ഒരുമിച്ചിരുന്ന് വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത. ഇതുവഴി പങ്കാളിയെ ഒഴിവാക്കാതെ തന്നെ സ്വന്തം ആവശ്യങ്ങളും താൽപര്യങ്ങളും നിറവേറ്റാൻ സാധിക്കും. നമുക്ക് നമ്മളായിരിക്കാൻ കഴിയുന്നു എന്നതുകൊണ്ട് തന്നെ പാരലൽ പ്ലേ ബന്ധങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
അത് ബന്ധങ്ങളുടെ ആഴവും കൂട്ടും. ഒരു വാക്ക് പോലും മിണ്ടാതെ ഒരാളുടെ കൂടെ മണിക്കൂറുകളോളം ഇരിക്കാൻ കഴിയുന്നത് ആ ബന്ധത്തിന്റെ ആഴത്തെയാണ് കാണിക്കുന്നത്. ഈ രീതി ഇപ്പോൾ യുവാക്കൾക്കിടയിൽ സജീവമാണ് സൗഹൃദത്തിലും പ്രണയത്തിലും യുവാക്കൾ ഒരുപോലെ പാരലൽ പ്ലേയിൽ ഏർപ്പെടുന്നു.
പാരലൽ പ്ലേയുടെ ഉത്ഭവം
പാരലൽ പ്ലേ എന്ന ആശയം കൊണ്ടുവരുന്നത് അമേരിക്കൻ സമൂഹിക ശാസ്ത്രജ്ഞയായ മൈൽഡ്രെഡ് പാർടെൻ (Mildred Parten) ആണ്. 1932ൽ പ്രീസ്‌കൂൾ കുട്ടികളുടെ സാമൂഹിക കളികളെക്കുറിച്ച് നടത്തിയ പഠനത്തിലാണ് പാരൽ പ്ലേ എന്ന പദം ആദ്യമായി അവതരിപ്പിക്കുന്നത്.
രണ്ട് അല്ലെങ്കിൽ അതിലധികം കുട്ടികൾ ഒരേ സ്ഥലത്ത്, ഒരേ തരത്തിലുള്ള കളിപ്പാട്ടങ്ങളുമായി കളിക്കുമ്പോഴും പരസ്പരം നേരിട്ട് ഇടപെടാതെ സ്വതന്ത്രമായി കളിക്കുന്ന അവസ്ഥയെയാണ് പാരലൽ പ്ലേ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഒരേ പ്ലേഗ്രൗണ്ടിൽ ഇരുന്ന് കളിക്കുന്ന രണ്ട് കുട്ടികൾ, മണ്ണ് ഉപയോഗിച്ച് രണ്ട് വ്യത്യസ്തമായ രീതിയിൽ കളിക്കുന്നത് ഇതിന് ഉദാഹരണമാണ്.

സാധാരണയായി 2 മുതൽ 3 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് പാരലൽ പ്ലേ കൂടുതലായി കാണപ്പെടുന്നത്. ഇത് കുട്ടികളുടെ സാമൂഹിക വികസനത്തിലെ ഒരു പ്രധാന ഘട്ടമായി കണക്കാക്കുന്നു. കാരണം അവർ മറ്റു കുട്ടികളെ നിരീക്ഷിച്ച് കാര്യങ്ങൾ ക്രമേണ പഠിക്കാൻ തുടങ്ങുന്നത് ഈ ഘട്ടത്തിലാണ്.
എന്നാൽ, മുതിർന്നവർക്കിടയിൽ ഈ അവസ്ഥയെ സൂചിപ്പിക്കാൻ മനഃശാസ്ത്രത്തിൽ ‘പാരലൽ പ്ലേ’ എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കാറില്ല. പകരം, ‘ബോഡി ഡബിളിങ്’ (Body Doubling) എന്നോ, അല്ലെങ്കിൽ വളരെ ലളിതമായി ‘ടുഗതർ അലോൺ’ (Together Alone) എന്നോ ആണ് വിളിക്കാറുള്ളത്.
പക്ഷേ, ഇവയ്ക്കു പകരം പാരലൽ പ്ലേ എന്നത് തന്നെ ഇപ്പോൾ യുവാക്കൾ ഉപയോഗിക്കുന്നുണ്ട്. ഈ വാക്ക് ഇന്ന് ഒരു ‘മെറ്റഫർ’ (Metaphor) അല്ലെങ്കിൽ ഒരു വിശേഷണമായി മാറി. പങ്കാളികൾ അല്ലെങ്കിൽ സുഹൃത്തുക്കൾ തമ്മിലുള്ള ‘കൂടിയിരുന്ന് സ്വന്തം കാര്യങ്ങളിൽ മുഴുകുന്ന’ അവസ്ഥയെ എളുപ്പത്തിൽ വിവരിക്കാൻ ആളുകൾ ഈ പദം ഉപയോഗിക്കുന്നു.
എങ്ങനെ പാരലൽ പ്ലേയിൽ ഏർപ്പെടാം?
നിങ്ങൾ അറിയാതെ തന്നെ പാരലൽ പ്ലേയിൽ ഏർപ്പെടുന്നുണ്ടാകാം. നിങ്ങളുടെ സുഹൃത്തോ പങ്കാളിയോ പുസ്തകം വായിക്കുമ്പോൾ, നിങ്ങൾ ഒപ്പമിരുന്ന് മറ്റൊരു പുസ്തകം വായിക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്നത് പാരലൽ പ്ലേ ആണ്.
പാരലൽ പ്ലേയിൽ പ്രധാനമായും നടക്കുന്നത് ഒരേ തരത്തിലുള്ള അല്ലെങ്കിൽ ശാന്തമായ ഒരേ പ്രവൃത്തികളിൽ ഏർപ്പെടുന്നതാണ്. രണ്ടുപേർ ഒരേ മുറിയിലിരുന്ന് സ്വന്തം ലാപ്ടോപ്പിൽ ജോലി ചെയ്യുന്നതും ഒരു ഉദാഹരണമാണ്. ഇത്തരത്തിൽ സാമീപ്യത്തോടെ ഇരുവർക്കും താൽപര്യവുമുള്ള കാര്യങ്ങൾ ചെയ്യുന്നതൊക്കെ പാരലൽ പ്ലേയിൽ ഉൾപ്പെടും.
എന്നാൽ, ഒരാൾ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ മറ്റൊരാൾ ഭക്ഷണം ഉണ്ടാക്കുന്നത് പാരലൽ പ്ലേ അല്ല എന്നത് ഓർമിക്കണം.

റിലേഷൻഷിപ്പിലെ മടുപ്പ് കുറയ്ക്കാനും, ഇമോഷണൽ സെക്യൂരിറ്റി പടുത്തെടുക്കാനും, ആരോഗ്യപരമായ സ്വാതന്ത്ര്യം ബന്ധങ്ങളിൽ നിലനിർത്താനും എല്ലാം പാരലൽ പ്ലേ സഹായകമാണ്.
പിന്നെ, ബോഡി ഡബിളിങ് എന്നത് എഡിഎച്ച്‌ഡി/ഓട്ടിസം ഉള്ളവർക്കും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ മറ്റൊരാളുടെ സാന്നിധ്യം ഉപയോഗപ്പെടുത്താൻ വേണ്ടി ഇത് ഒരു ടാസ്‌കായിട്ടും ചെയ്യാറുണ്ട്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




