sauntering-woman-walking
114
Views

രാവിലെ മുതൽ കംപ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുകയാണ് മാധവൻ. കണ്ണുകളിൽ കടുത്ത പുകച്ചിൽ, തലച്ചോറിൽ അടുത്ത പ്രോജക്ടിന്റെ ഡെഡ്‌ലൈൻ തരുന്ന സമ്മർദം. ചായ കുടിക്കാൻ പോലും സമയം കിട്ടാത്ത അത്ര തിരക്ക്. പെട്ടെന്നാണ് വീട്ടിലെ പവർ ബാക്കപ്പ് തകരാറിലായി വൈ–ഫൈ കണക്ഷൻ കട്ടായത്. ജോലി തടസ്സപ്പെട്ടതിന്റെ ദേഷ്യത്തിൽ അവൻ പുറത്തേക്ക് ഇറങ്ങി.

സാധാരണയായി കലോറി കുറയ്ക്കാനും ഫിറ്റ്‌നസിനും വേണ്ടി സ്പീഡിൽ നടക്കുന്ന ശീലമേ മാധവനുള്ളൂ. കയ്യിൽ സ്മാർട് വാച്ചും ചെവിയിൽ ഇയർഫോണും എപ്പോഴുമുണ്ടാകും. എന്നാൽ, ഇന്ന് ദേഷ്യത്തിലും ബഹളത്തിലും അവൻ ഫോണും വാച്ചും വീട്ടിൽ മറന്നു വച്ചു. ലക്ഷ്യമൊന്നുമില്ലാതെ അവൻ അടുത്തുള്ള ചെറിയ പാർക്കിലേക്ക് നടന്നു.

പതിയെ നടന്നപ്പോഴാണ് റോഡരികിൽ നിൽക്കുന്ന ഗുൽമോഹർ മരത്തിൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് അവൻ ശ്രദ്ധിച്ചത്. ഇത്രയും കാലം ഈ വഴി പോയിട്ടും അവനത് കണ്ടിരുന്നില്ല! പാർക്കിലെത്തിയപ്പോൾ കരിയിലകൾക്കിടയിലൂടെ ഒരു ചെറിയ അണ്ണാൻ കുഞ്ഞ് ഓടിപ്പോകുന്നത് അവൻ നോക്കിനിന്നു. കാറ്റിൽ ഉലയുന്ന ഇലകളുടെ ശബ്ദവും, മണ്ണിൽ വിരിഞ്ഞ പൂക്കളുടെ സുഗന്ധവും അവൻ ആദ്യമായി ആസ്വദിച്ചു.

ഒരു പാർക്ക് ബെഞ്ചിലേക്ക് അവൻ തളർന്നിരുന്നു. മനസ്സിലുണ്ടായിരുന്ന കനലുകളെല്ലാം മഞ്ഞുരുകുന്നതു പോലെ അലിഞ്ഞുപോകുന്നതായി മാധവന് തോന്നി. സമയത്തിന്റെ അതിർവരമ്പുകളില്ലാതെ, ലക്ഷ്യമില്ലാതെ നടത്തിയ ആ അരമണിക്കൂർ നടത്തം അവന്റെ മനസ്സിന് നൽകിയ ഉന്മേഷം ചെറുതല്ലായിരുന്നു. തിരികെ വീട്ടിലെത്തുമ്പോൾ മാധവൻ പൂർണമായും ശാന്തനായിരുന്നു.

നമ്മുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കൂ… എപ്പോഴും എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലാണ്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ സമയത്തോട് മത്സരിച്ചുള്ള പാച്ചിൽ. കോവിഡിന് ശേഷം നമ്മളിൽ പലരും വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയെങ്കിലും, ഈ ഓട്ടത്തിന്റെ വേഗം ഒട്ടും കുറഞ്ഞില്ല. ഡിജിറ്റൽ ലോകത്തെ തിരക്കുകളും ഡെഡ്‌ലൈനുകളും നമ്മെ കൂടുതൽ സമ്മർദത്തിലാക്കി. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ദിവസത്തിന്റെ (ജൂൺ 19) പ്രാധാന്യം നമ്മൾ അറിയേണ്ടത്. എല്ലാ വർഷവും ജൂൺ 19 ലോക സോണ്ടറിങ് ദിനമായി ആചരിക്കുന്നു. ജീവിതത്തിന്റെ വേഗം ഒരൽപം കുറയ്ക്കാനും, പ്രകൃതിയോട് ഇണങ്ങിച്ചേരാനും, നമുക്ക് ചുറ്റുമുള്ള ചെറിയ സന്തോഷങ്ങളെ തൊട്ടറിയാനും ഈ ദിവസം നമ്മെ ഓർമിപ്പിക്കുന്നു.

എന്താണ് ‘സോണ്ടറിങ്’? 

മാധവൻ അനുഭവിച്ചറിഞ്ഞ ആ ആനന്ദത്തെയാണ് ‘സോണ്ടറിങ്’ എന്ന് വിളിക്കുന്നത്. ഫിറ്റ്‌നസിനോ വ്യായാമത്തിനോ വേണ്ടി വേഗത്തിൽ നടക്കുകയോ ഓടുകയോ ചെയ്യുന്നതിന് പകരമായി, ലക്ഷ്യമില്ലാതെ പ്രകൃതിയെയും ചുറ്റുപാടുകളെയും ആസ്വദിച്ച് മന്ദഗതിയിൽ നടക്കുന്നതിനെയാണ് സോണ്ടറിങ് എന്ന് വിശേഷിപ്പിക്കുന്നത്.

sauntering-man-walking
Representative Image | AI Image Generator/Canva

ചരിത്രം

1979ൽ അമേരിക്കയിലാണ് ലോക സോണ്ടറിങ് ദിനം ആരംഭിച്ചത്. അക്കാലത്ത് ജനങ്ങൾക്കിടയിൽ പടർന്നുപിടിച്ച ‘ജോഗിങ്’ സംസ്‌കാരത്തോടുള്ള മധുരമുള്ള ഒരു പ്രതികരണമായി പബ്ലിസിസ്റ്റായ ഡബ്ല്യു.ടി. റാബെ ആണ് ഈ ആശയം മുന്നോട്ട് വച്ചത്. മിഷിഗനിലെ മാക്കിനാക് ദ്വീപിലുള്ള പ്രശസ്തമായ ഗ്രാൻഡ് ഹോട്ടലിലാണ് ഈ പരിപാടിക്ക് തുടക്കമിട്ടത്. ഓടിപ്പാഞ്ഞ് വ്യായാമം ചെയ്യുന്നതിനേക്കാൾ, മനുഷ്യർക്ക് ആവശ്യം പ്രകൃതിയെ അറിഞ്ഞ് മന്ദഗതിയിൽ നടക്കുകയാണെന്ന് അദ്ദേഹം വിശ്വസിച്ചു.

മാനസികാരോഗ്യവും സോണ്ടറിങ്ങും

തിരക്കില്ലാത്തതും ശാന്തവുമായ നടത്തം നമ്മുടെ മാനസികാരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യുമെന്ന് ഡോക്ടർമാരും വെൽനസ് വിദഗ്ധരും വ്യക്തമാക്കുന്നു. ലക്ഷ്യമില്ലാത്ത നടത്തം തലച്ചോറിന് വിശ്രമം നൽകുകയും സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നത് മനസ്സിന് ശാന്തത നൽകും. കുറച്ചുസമയം പ്രകൃതിയിൽ ചെലവഴിച്ച ശേഷം ജോലിയിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ കൂടുതൽ ശ്രദ്ധയോടെയും കാര്യക്ഷമതയോടെയും പ്രവർത്തിക്കാൻ സാധിക്കുന്നു.

sauntering-woman-walking
Representative Image | AI Image Generator/Canva

സോണ്ടറിങ് ദിനം ആഘോഷിക്കാം

ഇന്നത്തെ ദിവസം നമുക്കും ജീവിതത്തിന്റെ വേഗത ഒരല്പം കുറയ്ക്കാം. ജീവിതം ജീവിച്ചുതീർക്കാനുള്ളതാണ്, ഓടിത്തീർക്കാനുള്ളതല്ല. ‘നമുക്ക് ഒരല്പം പതുക്കെ നടക്കാം, ഈ ലോകത്തെ ശരിക്കും കണ്ടറിയാം…’

  • നടക്കാൻ ഇറങ്ങുമ്പോൾ വാച്ചും സമയപരിധികളും ഫോണും വീട്ടിൽ വെക്കുക. സമയത്തെക്കുറിച്ച് ചിന്തിക്കാതെ നടക്കുക.
  • ‌ഒരു ബീച്ചിലൂടെയോ, വനപ്രദേശമായ പാതയിലൂടെയോ, അടുത്തുള്ള പാർക്കിലൂടെയോ ചെറുതും മനോഹരവുമായ കാര്യങ്ങൾ (ചെറിയ പൂക്കൾ, പൂമ്പാറ്റകൾ, പക്ഷികളുടെ ശബ്ദം) നിരീക്ഷിച്ച് നടക്കുക.
  • നിങ്ങളുടെ ജോലിസ്ഥലമോ കടകളോ അടുത്താണെങ്കിൽ, വാഹനമോടിച്ച് പോകുന്നതിന് പകരം പതുക്കെ നടന്നുപോവുക.
  •  ഉച്ചഭക്ഷണ ഇടവേളയിൽ ഓഫിസിനുള്ളിൽ ഇരിക്കാതെ, അടുത്തുള്ള ഒരു കോഫി ഷോപ്പിലേക്ക് സുഹൃത്തുക്കൾക്കൊപ്പം നടന്നുപോവുക. വേഗത്തിൽ നടക്കാതെ ചുറ്റുമുള്ള കാര്യങ്ങളെ അഭിനന്ദിക്കാൻ അവരെയും പ്രോത്സാഹിപ്പിക്കുക.
  • ശാന്തമായ ഒരു സ്ഥലത്ത്, അല്ലെങ്കിൽ പാർക്ക് ബെഞ്ചിലിരുന്ന് പ്രിയപ്പെട്ട ഒരു പുസ്തകം വായിക്കാം.

Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Love, Lust & Beyond

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading