Turkish Horror movies
26
Views

സിനിമാ ലോകത്ത് എക്കാലത്തും ഹൊറര്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷകരുണ്ട്, പ്രത്യേകിച്ച് തുര്‍ക്കിഷ് ഹൊറര്‍ സിനിമകള്‍ക്ക്. മറ്റ് പാശ്ചാത്യ ഹൊറര്‍ സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് തുര്‍ക്കിഷ് സിനിമകള്‍ ഹൊറര്‍ എലമെന്റിനെ കൈകാര്യം ചെയ്യുന്നത്. പതിവായി കാണാറുള്ള അലഞ്ഞു നടക്കുന്ന സാധാരണ പ്രേതങ്ങളോ ‘സ്ലാഷര്‍’ വില്ലന്മാരോ ഇവിടെയുണ്ടാകണമെന്നില്ല. പകരം, ഇസ്ലാമിക് ഡീമണോളജി (Islamic Demonology), പ്രാദേശിക നാടോടിക്കഥകള്‍ (Folklore), ജിന്നുകള്‍ (Djinns), ദുര്‍മന്ത്രവാദം (Black Magic) എന്നിവയിലാണ് തുര്‍ക്കിഷ് സിനിമകള്‍ പ്രധാനമായും വേരൂന്നിക്കിടക്കുന്നത്.

ഭയത്തിന്റെ വേറിട്ട വഴി

സാധാരണയായി പാശ്ചാത്യ ഹൊറര്‍ ചിത്രങ്ങള്‍ എപ്പോഴും ഭയപ്പെടുത്താന്‍ ഉപയോഗിച്ചു വരുന്നത് പെട്ടെന്നുള്ള ‘ജമ്പ് സ്‌കെയറുകള്‍’, സയന്‍സ് ഫിക്ഷന്‍ അല്ലെങ്കില്‍ സൈക്കോളജിക്കല്‍ എലമെന്റുകളാണ്. എന്നാല്‍, തുര്‍ക്കിഷ് സിനിമകളിലേക്ക് വരുമ്പോള്‍, മനുഷ്യരുടെ വിശ്വാസങ്ങളിലേക്കും സാംസ്കാരികമായ ഭയങ്ങളിലേക്കുമാണ് ചെന്നെത്തുക. അദൃശ്യരും മനുഷ്യരേക്കാള്‍ ശക്തിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന ജിന്നുകളും എപ്പോഴും നമ്മെ നിരീക്ഷിക്കുന്നുണ്ട് എന്നതുപോലത്തെ ഭയം സൃഷ്ടിക്കാന്‍ ഈ സിനിമകള്‍ക്ക് സാധിക്കുന്നു. അസൂയ, വൈരാഗ്യം, ആഗ്രഹം സാക്ഷാത്കരിക്കാന്‍ ചില മനുഷ്യര്‍ ചെയ്യുന്ന ദുര്‍മന്ത്രവാദങ്ങള്‍, അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന തിരിച്ചടികളും തുര്‍ക്കിഷ് സിനിമകളിലെ പ്രധാന വിഷയമാകാറുണ്ട്.

ഇത്രയും ഭയപ്പെടുത്തുന്നതെന്തുകൊണ്ട്?

ആധുനിക നഗരങ്ങളില്‍ നിന്നെല്ലാം മാറി തുര്‍ക്കിയിലെ വിജനമായ ഗ്രാമങ്ങളും, പഴയ വീടുകളും, ഇരുണ്ട കാടുകളും പശ്ചാത്തലമാക്കുന്നത് ഭയം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നു. മന്ത്രോച്ചാരണങ്ങള്‍, അറബിക് പദങ്ങളുടെ വികൃതമായ ഉച്ചാരണം, പശ്ചാത്തലത്തിലെ കരച്ചിലുകള്‍ എന്നിവ മനസ്സിനെ ഒരേസമയം ഭയപ്പെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

തുര്‍ക്കിഷ് ഹൊറര്‍ സിനിമകളെ നമുക്ക് വെറുമൊരു വിനോദോപാധി മാത്രമായി കാണാനാകില്ല; മറിച്ച്, മനുഷ്യന്റെ ഉള്ളിലെ നിഗൂഢമായ ആഗ്രഹങ്ങളും, സാംസ്കാരികമായ ഭയങ്ങളും, മതപരമായ ആചാരങ്ങളും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തിന്റെ നേര്‍ക്കാഴ്ചയായും വീക്ഷിക്കാം. ദുര്‍മന്ത്രവാദവും ജിന്നുകളും സൃഷ്ടിക്കുന്ന അസ്വസ്ഥത ഈ സിനിമകള്‍ പച്ചയായി സ്‌ക്രീനില്‍ കാണിക്കുമ്പോള്‍, അത് ലോകസിനിമയില്‍ തന്നെ ഏറ്റവും ഭയപ്പെടുത്തുന്ന അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നു.

ലോക ശ്രദ്ധയിലേക്ക്

ആധുനിക തുര്‍ക്കിഷ് ഹൊറര്‍ സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്നതും വലിയ ആരാധകരുണ്ടാകുന്നതും 2007-2015 കാലഘട്ടത്തിലാണ്. 2007-ല്‍ പുറത്തിറങ്ങിയ ‘മുസല്ലത്ത്’ (Musallat), 2013-ലെ ‘ഡാബെ: ദി പൊസഷന്‍’ (Dabbe: The Possession) എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധനേടിയ ‘ബാസ്‌കിന്‍’ (Baskin) എന്ന ചിത്രവുമാണ് പ്രധാനമായും ഈ മുന്നേറ്റത്തിന് കാരണമായത്.

1953-ല്‍ പുറത്തിറങ്ങിയ ‘ഡ്രാക്കുള ഇന്‍ ഇസ്താംബൂള്‍’ (Drakula İstanbul’da) ആയിരുന്നു തുര്‍ക്കിഷ് സിനിമാ ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ ട്രൂ-ഹൊറര്‍ ചിത്രമായി പറയപ്പെടുന്നത്. പിന്നെ, ദ എക്സോർസിസ്റ്റിൻ്റെ ഷോട്ട്-ഫോർ-ഷോട്ട് ടർക്കിഷ് അഡാപ്റ്റേഷൻ റീമേക്ക് ആയ 1974-ലെ സെയ്താൻ (Şeytan).

എന്നാല്‍, 2010-കളിലെ വലിയ സിനിമാ തരംഗത്തിന് തൊട്ടുമുന്‍പ്, ജിന്നുകളെയും അമാനുഷിക പ്രമേയങ്ങളെയും ആധുനിക സിനിമാ ശൈലിയിലേക്ക് മാറ്റിയെടുത്തതിന്റെ പ്രധാന ക്രെഡിറ്റ് ‘മുസല്ലത്ത്’ (2007) എന്ന ചിത്രത്തിനുള്ളതാണ്. അതുപോലെത്തന്നെ, സംവിധായകന്‍ കാന്‍ എവ്രെനോള്‍ ഒരുക്കിയ സറിയലിസ്റ്റിക് ആര്‍ട്ട്-ഹൗസ് ബോഡി ഹൊറര്‍ ചിത്രം ‘ബാസ്‌കിന്‍’ (2015) പ്രമുഖ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ പാശ്ചാത്യ ഹൊറര്‍ സിനിമാ പ്രേമികളുടെ ഇടയിലേക്ക് തുര്‍ക്കിഷ് സിനിമകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

സിജ്ജീൻ പരമ്പരയും ചില പ്രധാന സിനിമകളും

സിജ്ജീന്‍

ഇനി പ്രധാനമായും പറയാന്‍ പോകുന്നത് സിജ്ജീന്‍ (Siccin) പരമ്പരയെ കുറിച്ചാണ്. അല്‍പര്‍ മെസ്റ്റ്ചി സംവിധാനം. ഈ ചിത്രങ്ങള്‍ നിലവില്‍ 7 ഭാഗങ്ങളോളം ഇറങ്ങിയിട്ടുണ്ട്. ഓരോ സീരീസിന്റെയും കഥാ പശ്ചാത്തലം വിരല്‍ ചൂണ്ടുന്നത് ബ്ലാക്ക് മാജിക് പ്രാക്ടീസിലേക്കും ഭയാനകമായ അന്തരീക്ഷത്തിലേക്കുമാണ്. സിജ്ജീന്‍ പരമ്പര കുടുംബ ബന്ധങ്ങളിലെ അസൂയയും അതിനെത്തുടര്‍ന്നുണ്ടാകുന്ന ദുര്‍മന്ത്രവാദങ്ങളെയുമാണ് പ്രധാനമായും ചിത്രീകരിക്കുന്നത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് പാപികളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന ‘സിജ്ജീന്‍’ എന്ന ആശയത്തില്‍ നിന്നാണ് ഈ പേര് ഉത്ഭവിക്കുന്നത്. മൃഗങ്ങളുടെ അവയവങ്ങളും, തകിടുകളും, പവിത്രമായ ഗ്രന്ഥങ്ങളിലെ വാക്യങ്ങള്‍ തെറ്റായി ഉപയോഗിച്ചുള്ള ആഭിചാരക്രിയകളും ഈ സിനിമകളില്‍ വളരെ നിഗൂഢമായി തോന്നാം.

സിജ്ജീന്‍ 1 (2014): ഓസ്‌നൂര്‍ കുട്ടിക്കാലം മുതല്‍ തന്റെ ബന്ധുവായ കുദ്രെത്തിനെ സ്‌നേഹിക്കുന്നു. എന്നാല്‍ കുദ്രെത് നിസയെ വിവാഹം കഴിക്കുന്നു. ഇതില്‍ അസൂയ പൂണ്ട ഓസ്‌നൂര്‍ കുദ്രെത്തിനെ സ്വന്തമാക്കാന്‍ ബ്ലാക് മാജിക് പ്രയോഗിക്കുന്നു. ആ മന്ത്രവാദം ദുഷ്ടശക്തികളെ അഴിച്ചുവിടുന്നു.

സിജ്ജീന്‍ 2 (2015): അദ്നാനും ഹിജ്റാനും സന്തോഷമായി ജീവിക്കുന്നതിനിടയില്‍ അവരുടെ മകന്‍ ദുരൂഹമായ അപകടത്തില്‍ മരണപ്പെടുന്നു. തങ്ങളുടെ മകന്‍ മരിച്ചതോടെ അദ്‌നാന്‍ ഭാര്യയില്‍ നിന്ന് അകലുന്നു. മകന്റെ മരണത്തിന് തന്റെ ഭൂതകാലവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്താന്‍ ഹിജ്‌റാന്‍ അന്വേഷണം ആരംഭിക്കുന്നു.

സിജ്ജീന്‍ 3: ലവ് (2016): കുട്ടിക്കാലത്ത് സഹോദരങ്ങളായ സെദാത്തും കദറും അവരുടെ ബാല്യകാല സുഹൃത്തായ ഓര്‍ഹാനൊപ്പം സന്തോഷകരമായി ജീവിക്കുന്നു. ഓര്‍ഹാന്റെയും കദറിന്റെയും വിവാഹത്തോടെ മൂന്നുപേരും തമ്മില്‍ ബന്ധം കൂടുതല്‍ ദൃഢമാകുന്നു. എന്നാല്‍, ഈ സഹോദരങ്ങള്‍ ദാരുണമായ അപകടത്തില്‍പ്പെടുന്നതോടെ, തന്റെ മാനസികാരോഗ്യം നിലനിര്‍ത്താനുള്ള നെട്ടോട്ടത്തില്‍ ഓര്‍ഹാന്റെ വിശ്വാസം പരീക്ഷിക്കപ്പെടുന്നു. സ്‌നേഹത്തിന്റെ പേരില്‍ അവന്‍ ദുഷ്ടശക്തികളുമായി കരാറിലേര്‍പ്പെടാന്‍ നിര്‍ബന്ധിതനാകുന്നതാണ് ചിത്രം.

സിജ്ജീന്‍ 4 (2017): സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം, യില്‍മാസ് കുടുംബം തങ്ങളുടെ മുത്തശ്ശിയായ സാദത്തിന്റെ വീട്ടിലേക്ക് താമസം മാറുന്നു. എന്നാല്‍ ആ വീട്ടില്‍ മറ്റ് ജീവികളാണ് വസിക്കുന്നത്. സാദത്തിനെയല്ലാതെ വേറെയാരെയും ആ വീട്ടില്‍ കഴിയാന്‍ ഈ ജീവികള്‍ അനുവദിക്കുന്നില്ല.

സിജ്ജീന്‍ 5 (2018): ഹെയ്ല്‍ ജനിക്കുന്നതിന് മുന്‍പ് അവളുടെ പിതാവിനെ കാണാതാകുന്നു. പിന്നീട് ആരും കണ്ടിട്ടില്ല. ഒരു ഭയാനകമായ രാത്രിയില്‍ ഹെയ്ല്‍ ദുഃസ്വപ്നം കാണുന്നു. താന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പിതാവ്, ദുരൂഹവുമായ ഒരു വീട്ടിലേക്ക് അവളെ ക്ഷണിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദുരാചാരം നടന്ന, കരേന്‍ ഗ്രാമത്തിലെ അവളുടെ മുത്തച്ഛന്റെ കുടുംബവീടായിരുന്നു അത്. ഈ ദുഃസ്വപ്നത്തിന് ശേഷം, വിശ്വസിക്കാന്‍ പറ്റാത്ത മാറ്റങ്ങള്‍ ഹെയ്ലില്‍ സംഭവിക്കുന്നു.

സിജ്ജീന്‍ 6 (2019): തന്റെ കുടുംബവീട്ടില്‍ വെച്ച് ഒരു പെണ്‍കുട്ടിയെ ദുഷ്ടാത്മാവ് വേട്ടയാടുന്നു. അവളുടെ വീടിനു ചുറ്റും കുടുംബാംഗങ്ങള്‍ക്കും ഒരുപോലെ ദാരുണമായ സംഭവങ്ങൾ നടക്കുന്നു. ഈ സമയത്ത്, അവരെ രക്ഷിക്കാനായി പഴയൊരു കഥാപാത്രം വീണ്ടും രംഗപ്രവേശം ചെയ്യുന്നതാണ് കഥ.

സിജ്ജീന്‍ 7 (2024): കുഞ്ഞുങ്ങളെക്കൊണ്ട് ഭിക്ഷാടനം നടത്തുന്ന മാഫിയയുമായുള്ള ‘ചോരക്കളി’ അവസാനിപ്പിച്ച് ജോലി ഉപേക്ഷിച്ച് ഓടിപ്പോകാന്‍ കെമാല്‍ നിര്‍ബന്ധിതനാകുന്നു. തുടര്‍ന്ന് അവന്‍ തന്റെ കുടുംബത്തോടൊപ്പം അമ്മാവന്റെ വലിയ വീട്ടിലേക്ക് താമസം മാറുന്നു. മകള്‍ റൂയയെ രോഗത്തില്‍ നിന്ന് രക്ഷിക്കാന്‍ അവന്‍ ഇടപെട്ട ഇരുണ്ട രഹസ്യം, അല്‍ഷിമേഴ്സ് രോഗിയായ അമ്മ ലാലെയുടെ മനസ്സിലെ ഇരുട്ടുമായി കൂടിച്ചേരുമ്പോള്‍, അവര്‍ താമസം മാറിയ വീട് ഒരു അമാനുഷിക ദുഃസ്വപ്നങ്ങളുടെ വ്യൂഹമായി മാറുന്നു.

കേവലം ഭയപ്പെടുത്തുന്ന ഒരു പടം എന്നതിലുപരി മികച്ച സസ്‌പെന്‍സ് ത്രില്ലര്‍ ശൈലിയിലാണ് സിജ്ജീന്‍ ചിത്രങ്ങളുടെ കഥ മുന്നോട്ട് പോകുന്നത്. സിനിമയുടെ ക്ലൈമാക്‌സില്‍ വെളിപ്പെടുന്ന ക്രൂരമായ സത്യങ്ങളും അപ്രതീക്ഷിതമായ ക്ലൈമാക്‌സ് ട്വിസ്റ്റുകളും ചിത്രത്തിന്റെ മൂല്യം കൂട്ടുന്നു.

ഭൂരിഭാഗം സിജ്ജീന്‍ കഥകളുടെയും തുടക്കം ദുരൂഹമായ വീടുകളില്‍ നിന്നല്ല, മറിച്ച് മനുഷ്യരുടെ തെറ്റായ ആഗ്രഹങ്ങളില്‍ നിന്നാണ്. അനുകമ്പയില്ലാത്ത പ്രണയം, രഹസ്യബന്ധങ്ങള്‍, കുടുംബത്തിലെ അസൂയ, സ്വത്ത് തര്‍ക്കങ്ങള്‍, പ്രതികാരം തുടങ്ങിയ ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങളാണ് കഥാപാത്രങ്ങളെ ഇത്തരം ആഭിചാരത്തിലേക്ക് നയിക്കുന്നത്. ‘നമ്മള്‍ ചെയ്യുന്ന തെറ്റ് ഒടുവില്‍ നമ്മെത്തന്നെ വിഴുങ്ങും’ എന്ന മുന്നറിയിപ്പ് സിനിമ നല്‍കുന്നു. ആഭിചാരം ചെയ്ത ആള്‍ തന്നെ അതിന്റെ ക്രൂരമായ ഇരയായി മാറുന്ന കാഴ്ച ഇതില്‍ കാണാം.

സിജ്ജീന്‍ പരമ്പരയിലെ 7 സിനിമകളില്‍ ഭൂരിഭാഗം ഹൊറര്‍ പ്രേമികളും നിരൂപകരും ഒരുപോലെ മികച്ചതായി തിരഞ്ഞെടുക്കുന്നത് സിജ്ജീന്‍ 2 (2015) അല്ലെങ്കില്‍ ആദ്യ ഭാഗമായ സിജ്ജീന്‍ 1 (2014) ആണ്. എങ്കിലും സിജ്ജീന്‍ 2 തന്നെയാണ് ഈ പരമ്പരയിലെ ഏറ്റവും ഭയാനകവും മികച്ചതുമായ ചിത്രമായി കൂടുതല്‍ പേരും ചൂണ്ടിക്കാണിക്കുന്നത്. എന്തുകൊണ്ട് ‘സിജ്ജീന്‍ 2‘ ആണ് ഏറ്റവും മികച്ചതെന്ന് പറയുന്നതെന്ന് ചോദിച്ചാല്‍ ഭയാനകമായ അന്തരീക്ഷവും തുടക്കവുമാണ്. വളരെ ഭീതിജനകമായ ആഭിചാര രംഗങ്ങള്‍ അഥവാ ബ്ലാക്ക് മാജിക്കും സാത്താനിക് ക്രിയകളും ഏറ്റവും റോ ആയും വിശദമായും കാണിച്ചിരിക്കുന്നത് ഈ ഭാഗത്തിലാണ്. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ചില തകിടുകളും വാക്യങ്ങളും പ്രേക്ഷകരില്‍ വലിയ അസ്വസ്ഥത ഉണ്ടാക്കും. കഥാപാത്രങ്ങളുടെ ഭൂതകാലവുമായി ബന്ധപ്പെട്ട് ക്ലൈമാക്‌സില്‍ വെളിപ്പെടുന്ന ആ ഞെട്ടിക്കുന്ന രഹസ്യം ചിത്രത്തെ മികച്ചൊരു മിസ്റ്ററി-ഹൊറര്‍ അനുഭവമാക്കുന്നു.

ഡാബെ: ദി പൊസഷന്‍ (2013)

ടര്‍ക്കിഷ് ഹൊറര്‍ സിനിമകളില്‍ ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രങ്ങളില്‍ ഒന്നാണ് ഹസന്‍ കരാകാഡാഗ് സംവിധാനം ചെയ്ത ഡാബെ: ദി പൊസഷന്‍. ഈ ചിത്രം ഫൗണ്ട് ഫൂട്ടേജ് രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരില്‍ കടുത്ത ഭയം ഉണ്ടാക്കാനും സാധ്യതയുണ്ട്. വിവാഹിതയാകാന്‍ പോകുന്ന കുബ്ര എന്ന പെണ്‍കുട്ടിയെ ഒരു ദുഷ്ട ജിന്ന് ബാധിക്കുന്നു. അവളെ രക്ഷിക്കാനായി സുഹൃത്തും സൈക്യാട്രിസ്റ്റുമായ എബ്രു ഇറങ്ങിത്തിരിക്കുകയും എന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ ഭയാനകമായി മാറുന്നതുമാണ് കഥയുടെ പശ്ചാത്തലം. ഇതോടെ ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള കൂട്ടിമുട്ടലിലൂടെ തുടങ്ങി, ഒടുവില്‍ ജിന്ന് വര്‍ഗങ്ങളുടെയും വംശീയ ശാപങ്ങളുടെയും ആഴങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതു കാണാം.

മുസല്ലത്ത് (2007)

ദുഷ്ടശക്തി ബാധിക്കുന്നതും ഒരാള്‍ പതിയെ പൈശാചിക അവസ്ഥയിലേക്ക് പോകുന്നതുമായ ഭയാനകമായ ചിത്രമാണ് അല്‍പെര്‍ മെസ്റ്റ്ചിയുടെ മുസല്ലത്ത്. ജര്‍മ്മനിയില്‍ ജോലിക്കെത്തിയ സുആതിന് ദുരൂഹമായ ദൃശ്യങ്ങള്‍ കാണാന്‍ തുടങ്ങുകയും മാനസികമായി തകരുകയും ചെയ്യുന്നു. ചികിത്സകള്‍ പരാജയപ്പെട്ടതോടെ അവന്‍ ഒരു ആത്മീയ ചികിത്സകന്റെ സഹായം തേടുന്നു.

ബാസ്‌കിന്‍ (2015)

സാധാരണ ദുര്‍മന്ത്രവാദ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി, സൈക്കോളജിക്കല്‍ ഭയം നല്‍കുന്ന ഹൊറര്‍ ചിത്രമാണ് കാന്‍ എവ്രെനോള്‍ സംവിധാനം ചെയ്ത ബാസ്‌കിന്‍. അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഒരു ദുരൂഹമായ ഗ്രാമത്തില്‍ ചെന്നെത്തുന്നു. പിന്നാലെ അവിടെയുള്ള ദുര്‍മന്ത്രവാദ സംഘത്തിന്റെ കെണിയില്‍പ്പെടുകയും ചെയ്യുന്നു.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Featured Posts · Prime Time

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading