Olive Kahn 2002 FIFA
215
Views

വിജയികൾ മാത്രം ആഘോഷിക്കപ്പെടുന്ന ലോകത്ത്, തോൽവിയിലും കിരീടം ചൂടിയ ഒരേയൊരു രാജാവായിരുന്നു ഒലിവർ കാൻ. ചരിത്രത്തിലുടനീളം ഗോളടിച്ചുകൂട്ടുന്ന സ്ട്രൈക്കർമാരും കളി മെനയുന്ന മിഡ്ഫീൽഡർമാരും മാത്രം വാണിരുന്ന ഈ പുരസ്കാരപ്പട്ടികയിൽ, വിസ്മയമായി മാറിയ ഒരേയൊരു ഗോൾകീപ്പർ.

2002 ലോകകപ്പ് ഫൈനലിന്റെ ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മുൻപ് തന്നെ, ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘ഗോൾഡൻ ബോൾ’ (Golden Ball) പുരസ്കാരം ആ കൈകളിൽ ഭദ്രമായിരുന്നു. ബ്രസീലിന്റെ റൊണാൾഡോ തന്റെ എട്ട് ഗോളുകളോടെ ‘ഗോൾഡൻ ബൂട്ടുമായി’ തിളങ്ങിയ ആ രാത്രിയിൽ, ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി ലോകം തിരഞ്ഞെടുത്തത് ജർമനിയുടെ ഈ കാവൽക്കാരനെയായിരുന്നു.

എന്നാൽ, ആ പുരസ്കാര തിളക്കത്തിനിടയിലും ഫുട്ബോൾ ലോകത്തെ ഏറ്റവും ഹൃദയഭേദകമായ ഒരു കാഴ്ചയ്ക്കാണ് അന്ന് യോക്കോഹാമ സാക്ഷ്യം വഹിച്ചത്.

യോക്കോഹാമയിലെ ആ നിശ്ശബ്ദത

യോക്കോഹാമ സ്റ്റേഡിയത്തിൽ ആ രാത്രി പതിയെ ഒരു മഞ്ഞക്കടലായി മാറുകയായിരുന്നു. ഗാലറികളിൽ ബ്രസീൽ ആരാധകർ ആനന്ദനൃത്തം ചവിട്ടി. എന്നാൽ, ആ കാതടപ്പിക്കുന്ന ആഘോഷങ്ങൾക്കിടയിലും, ജർമ്മൻ ഗോൾപോസ്റ്റിന് ചുവട്ടിൽ ഒരു നിശ്ശബ്ദത പടർന്നുകിടന്നിരുന്നു. അവിടെ തളർന്നിരിക്കുകയായിരുന്നു ജർമ്മൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ ഒലിവർ കാൻ.

തന്റെ ഇരു കൈകളും കാൽമുട്ടുകളിൽ ഊന്നി, ചുറ്റും നടക്കുന്ന ആഘോഷങ്ങളൊന്നും ശ്രദ്ധിക്കാതെ അദ്ദേഹം ശൂന്യതയിലേക്ക് നോക്കി അങ്ങനെയിരുന്നു. റൊണാൾഡോയും സഹതാരങ്ങളും ട്രോഫിയുമായി നൃത്തം ചെയ്തപ്പോൾ, ഗോൾപോസ്റ്റിന് സമീപം ഏകാന്തനായിരുന്ന കാനിന്റെ രൂപം ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും സങ്കടമുണർത്തുന്ന ദൃശ്യങ്ങളിൽ ഒന്നായി മാറി.

Oliver Kahn, Ronaldo 2002 FIFA
Brazilian striker Ronaldo helps German goalkeeper Oliver Kahn on his feet durning the 2002 World Cup final | Reddit/historyporn

ഗോൾമുഖത്തെ കാവൽക്കാരൻ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 5–1 ന് കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ സ്വന്തം ആരാധകർ പോലും ജർമനിക്കെതിരെ തിരിഞ്ഞു. താരതമ്യേന ദുർബലമെന്ന് വിലയിരുത്തപ്പെട്ട 2002ലെ ജർമ്മൻ ടീമിനെ ഒലിവർ കാൻ എന്ന ഒറ്റയാനാണ് ഫൈനൽ വരെ എത്തിച്ചത്. ഫൈനലിന് മുൻപുള്ള 6 മത്സരങ്ങളിൽ അഞ്ചിലും അദ്ദേഹം ‘ക്ലീൻ ഷീറ്റ്’ നിലനിർത്തി; വഴങ്ങിയതാകട്ടെ വെറും ഒരൊറ്റ ഗോൾ മാത്രം!

ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കർമാർ പോലും കാനിന്റെ മുന്നിലെത്തുമ്പോൾ ഭയം കൊണ്ട് വിറച്ചു. ബയേൺ മ്യൂണിക്കിന്റെ ഈ ഇതിഹാസ ഗോൾകീപ്പർ ഗ്രൂപ്പ് ഘട്ടം മുതൽ സെമി ഫൈനൽ വരെ ഒരു അതിമാനുഷനെപ്പോലെയാണ് ഗോൾപോസ്റ്റിൽ നിലകൊണ്ടത്.

Olive Kahn 2002 FIFA
Oliver Kahn | fcbayern.com

പക്ഷേ, വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. യോക്കോഹാമയിൽ നടന്ന ബ്രസീലിനെതിരായ ഫൈനൽ മത്സരം. കാത്തുനിന്ന റൊണാൾഡോ ആ പന്ത് വലയിലാക്കി. ടൂർണമെന്റിലുടനീളം ദൈവത്തെപ്പോലെ വലകാത്ത മനുഷ്യന് പറ്റിയ ഒരേയൊരു പിഴവ് ഒടുവിൽ ജർമനിയുടെ പരാജയത്തിന് കാരണമായി.

ഇതിഹാസ പോരാട്ടവും അപ്രതീക്ഷിത വീഴ്ചയും

ആ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതി ഒരു ഇതിഹാസ പോരാട്ടത്തിനാണ് വഴിയൊരുക്കിയത്. ഒരു വശത്ത് ബ്രസീലിന്റെ ഭയപ്പെടുത്തുന്ന ‘ത്രീ ആർ’ (Ronaldo, Rivaldo, Ronaldinho) സഖ്യം. മറുവശത്ത് ജർമനിയുടെ അച്ചടക്കമുള്ള പ്രതിരോധവും, അതിലുപരി ഒലിവർ കാനും. എന്നാൽ, മത്സരത്തിന് തൊട്ടുമുമ്പ് മധ്യനിരയുടെ ജീവനായ മൈക്കൽ ബാലക്കിന് സസ്പെൻഷൻ ലഭിച്ചത് ജർമനിക്ക് തിരിച്ചടിയായി. അതോടെ കളി ജയിപ്പിക്കുകയെന്ന ഭാരം കാനിന്റെ ഉത്തരവാദിത്തമായി മാറി.

മത്സരത്തിലുടനീളം കൈവിരലിലെ പരുക്കിനോട് പോരാടിയാണ് കാൻ കളിച്ചത്. ഒടുവിൽ മത്സരത്തിന്റെ 67-ാം മിനിറ്റിലായിരുന്നു ആ നിർഭാഗ്യകരമായ നിമിഷം. റിവാൾഡോ തൊടുത്ത പന്ത് കാനിന്റെ കൈകളിൽ നിന്നും അപ്രതീക്ഷിതമായി വഴുതിവീണു. ആ പന്ത് കൃത്യമായി ചെന്നെത്തിയത് ഗോളടിക്കാൻ കാത്തുനിന്ന റൊണാൾഡോയുടെ മുന്നിലായിരുന്നു.

കാനറികൾക്ക് ജീവൻവച്ച നിമിഷം. പിന്നീട് റൊണാൾഡോ നേടിയ രണ്ടാമത്തെ ഗോൾ ബ്രസീലിന്റെ 2-0 വിജയമുറപ്പിച്ചു. റൊണാൾഡോ ‘ഗോൾഡൻ ബൂട്ട്’ ഉറപ്പിച്ച ആ നിമിഷം കാനിന്റെ കരിയറിലെ ഒരൊറ്റ പിഴവായി ശേഷിച്ചു. കളി അവസാനിച്ചതിന് ശേഷവും കാൻ ആ പോസ്റ്റിനരികിൽ തളർന്നിരിക്കാൻ കാരണവും ആ ഒരൊറ്റ വീഴ്ചയായിരുന്നു.

‘ഡെർ ടൈറ്റൻ’ മൈതാനത്ത് അവതരിക്കുന്നു

മൈതാനത്തെ അലർച്ചയും വിട്ടുകൊടുക്കാത്ത പോരാട്ടവീര്യം കൊണ്ടും ആരാധകർ ‘ഡെർ ടൈറ്റൻ’ (Der Titan) എന്ന് വിളിച്ച ഒലിവർ കാൻ, വെറും ആറാമത്തെ വയസ്സിൽ കാർൽസ്രൂഹെ എസ്‌സി (Karlsruher SC) എന്ന ക്ലബ്ബിലൂടെയാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. പിന്നീട് 1994ൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിൽ എത്തിയതോടെയാണ് കാനിന്റെ കരിയർ മാറിമറിഞ്ഞത്.

ബയേണിനൊപ്പം എട്ട് ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ കാനിന്റെ കരിയറിലെ ഏറ്റവും വലിയ നിധിയായി അടയാളപ്പെടുത്തുന്നത് 2002-ലെ കൊറിയ-ജപ്പാൻ ലോകകപ്പിലായിരുന്നു.

7 മത്സരങ്ങൾക്കിടയിൽ ഞാൻ വരുത്തിയ ഒരേയൊരു പിഴവായിരുന്നു അത്, അതിന് കഠിനമായ ശിക്ഷയും ലഭിച്ചു.
— കാൻ പിന്നീട് വേദനയോടെ ഓർത്തു

ചരിത്രം കുറിച്ച വിടവാങ്ങഫൈനലിലെ ആ ഒരു പിഴവിനും കാനിന്റെ മാസ്മരിക പ്രകടനത്തെ നിഴലിലാക്കാൻ കഴിഞ്ഞില്ല. ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരവും മികച്ച ഗോൾകീപ്പർക്കുള്ള ‘ലെവ് യാഷിൻ’ അവാർഡും ആ വർഷം ഒലിവർ കാനെ തേടിയെത്തി. ഫിഫ ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്നുവരെ മറ്റൊരു ഗോൾകീപ്പർക്കും ഈ നേട്ടം ആവർത്തിക്കാനായിട്ടില്ല.

ഗോളടിക്കുന്നവർ മാത്രം ഹീറോകളാകുന്ന ഫുട്ബോളിൽ, ഗോളുകൾ തടുത്തിട്ടും ഒരു ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനാകാൻ കഴിയുമെന്ന് തെളിയിച്ച ഒലിവർ കാൻ, ലോകകപ്പ് ചരിത്രത്തിലെ എന്നും ഓർമ്മിക്കപ്പെടുന്ന അധ്യായമാണ്.

ഗോൾഡൻ ബോൾ

1982ലെ സ്പെയിൻ ലോകകപ്പ് മുതലാണ് ഫിഫ ഔദ്യോഗികമായി മികച്ച കളിക്കാരന് ഗോൾഡൻ ബോൾ പുരസ്കാരം നൽകാൻ തുടങ്ങിയത്. ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ ഫിഫ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്ന് മാധ്യമപ്രവർത്തകർ വോട്ടിങ്ങിലൂടെയാണ് ഇതിഹാസ തുല്യമായ ഈ പുരസ്കാരത്തിന് അർഹരെ കണ്ടെത്തുന്നത്.

പൗലോ റോസി (1982), ഡീഗോ മറഡോണ (1986), റൊണാൾഡോ (1998), ലയണൽ മെസ്സി (2014, 2022) തുടങ്ങിയ യുഗപുരുഷന്മാരുടെ പേരെഴുതിച്ചേർത്ത ഈ പുരസ്കാര വേദിയിലാണ് ഒരു ഗോൾകീപ്പർ ചരിത്രം തിരുത്തിക്കുറിച്ചത്.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
·
Article Categories:
Sports

Comments are closed.