Indian Hockey Jersey
458
Views

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ അടിമുടി കാവിവല്‍ക്കരണം നടത്തുകയാണെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജേഴ്സി വിവാദം. ഇത് കായിക രംഗത്ത് വലിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കും ഭരണ തര്‍ക്കങ്ങള്‍ക്കുമാണ് വഴിവെച്ചിരിക്കുന്നത്. 2026 ഓഗസ്റ്റ് 15-ന് നെതര്‍ലാന്‍ഡ്സിലും ബെല്‍ജിയത്തിലുമായി നടക്കാനിരിക്കുന്ന എഫ്.ഐ.എച്ച് ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കി ടീമുകളുടെ നീല ജേഴ്സി മാറ്റി കാവി നിറത്തിലുള്ള പുതിയ കിറ്റ് അവതരിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.

വെറുമൊരു നിറംമാറ്റത്തിനപ്പുറം, ഹോക്കി ഇന്ത്യ എന്ന ദേശീയ കായിക സംഘടനയ്ക്കുള്ളിലെ സുതാര്യതയില്ലായ്മയും ഭരണ തര്‍ക്കങ്ങളും കായികരംഗത്തെ രാഷ്ട്രീയ ഇടപെടലുകളുമാണ് ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നത്.

തിടുക്കത്തിലുള്ള പ്രഖ്യാപനവും ഭരണസമിതിയിലെ അതൃപ്തിയും

ഇന്ത്യന്‍ ഹോക്കിയുടെ മുഖമുദ്രയായി മാറിയ ‘മെന്‍ ഇന്‍ ബ്ലൂ’ എന്ന ഐഡന്റിറ്റി മാറ്റാന്‍ എടുത്ത തീരുമാനം സംഘടനയിലെ ഉന്നതര്‍ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് ഉയര്‍ന്നുവരുന്ന ഏറ്റവും വലിയ ആരോപണം. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെയോ പ്രസിഡന്റിന്റെയോ അറിവില്ലാതെയാണ് ഇത്രയും പ്രധാനപ്പെട്ട നീക്കം നടന്നതെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ ദിലീപ് തിര്‍ക്കി പറയുമ്പോള്‍ പിന്നെ ആരുടെ ചര്‍ച്ചയാണ് കാവി ജേഴ്‌സിയിലേക്ക് എത്തിച്ചത്?

ജൂലൈ 27-ന് ഡിജിറ്റല്‍ മീഡിയയിലൂടെ പുതിയ ജേഴ്സി പുറത്തിറക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് താന്‍ ഇക്കാര്യം അറിയുന്നതെന്ന് തിര്‍ക്കി തുറന്നുപറയുന്നു. ഈ വിഷയത്തെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം ഡയറക്ടര്‍ ജനറല്‍ സിഡിആര്‍ ആര്‍.കെ. ശ്രീവാസ്തവയ്ക്ക് മെയില്‍ അയച്ചപ്പോള്‍ അതിന് 4 പേജുള്ള മറുപടിയാണ് ലഭിച്ചത്. അതിലാകട്ടെ, പ്രധാന വിഷയത്തില്‍ നിന്ന് വ്യതിചലിച്ച വിശദീകരണമായിരുന്നുവെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഭരണപരമായ ചുമതലയുള്ള ഒരു ഉദ്യോഗസ്ഥന് ജനപ്രതിനിധികളായ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ അധികാരത്തെ മറികടക്കാന്‍ കഴിയില്ലെന്നാണ് തിര്‍ക്കി ഓര്‍മ്മിപ്പിക്കുന്നത്.

അധികൃതരുടെ വിശദീകരണവും വിമര്‍ശനങ്ങളും

ഭരണസമിതി നല്‍കുന്ന സാങ്കേതിക വിശദീകരണം:

  • നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത് നീല സിന്തറ്റിക് പിച്ചുകളിലാണ്. അതുകൊണ്ട് നീല ജേഴ്‌സി പിച്ചിന്റെ നിറവുമായി കലര്‍ന്നുപോകുന്നത് കളിക്കാരുടെ കാഴ്ചവ്യക്തതയെ ബാധിക്കുന്നുണ്ട്. ഇതിനാലാണ് ജേഴ്സിയുടെ നിറത്തില്‍ മാറ്റം വരുത്തിയത്.
  • കളിക്കാരുടെയും പരിശീലകരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം.
  • നീല നിറത്തിനു പകരം മഞ്ഞയോ കാവിയോ ഉപയോഗിക്കാനാണ് പരിശീലകരും താരങ്ങളും നിർദേശിച്ചതെന്നും ചര്‍ച്ചകള്‍ക്കു ശേഷമാണ് കാവിനിറം സ്ഥിരീകരിച്ചതെന്നാണ് ഹോക്കി ഇന്ത്യ വ്യക്തമാക്കുന്നത്.
  • സാങ്കേതിക കാരണങ്ങള്‍ക്കു പുറമേ ദേശീയ പതാകയിലെ പ്രധാന നിറമായ കാവി ധീരതയേയും ത്യാഗത്തേയും സൂചിപ്പിക്കുന്നു.
  • ഹോക്കി ഇന്ത്യയുടെ ഭരണപരമായ തീരുമാനങ്ങള്‍ക്ക് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല.

പ്രസിഡന്റും വിമര്‍ശകരും ഉയര്‍ത്തുന്ന ചോദ്യങ്ങള്‍:

  • 2012 മുതൽ പിച്ചിന്റെ നിറം നീലയാണ്. എന്തുകൊണ്ട് ഇപ്പോൾ മാത്രം ഒരു മാറ്റം?
  • എക്സിക്യൂട്ടീവ് ബോര്‍ഡിലെ ഒളിമ്പ്യന്മാരോട് ഇതേക്കുറിച്ച് കൂടിയാലോചിക്കാത്തത് എന്തുകൊണ്ട്?
  • ദേശീയ ടീമിലെ മുഴുവന്‍ കളക്കാരുമായും കൂടിയാലോചിച്ചിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അങ്ങനെയെങ്കില്‍ കളിക്കാരുടെ രേഖാമൂലമുള്ള അഭിപ്രായം എവിടെ?
  • പ്രധാന സ്പോണ്‍സര്‍മാരായ ഒഡീഷ സര്‍ക്കാരുമായി മുന്‍കൂട്ടി ചര്‍ച്ച നടത്തിയിരുന്നില്ല. എന്തുകൊണ്ട്?
  • ചെറിയ നേട്ടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ടീമിന്റെ മാനസികമായ സന്നദ്ധതയെ ബാധിക്കില്ലേ? ടീമിനോട് ആരാധകർക്കുള്ള അടുപ്പത്തേയും ഇത് ബാധിക്കില്ലേ?

മറ്റ് ആരോപണങ്ങളും പ്രതികരണങ്ങളും

നിറം മാറ്റത്തില്‍ തനിക്ക് കാവി നിറത്തോടല്ല എതിര്‍പ്പെന്നും, തീരുമാനമെടുത്ത രീതിയിലും സുതാര്യതയില്ലായ്മയിലുമാണ് വിയോജിപ്പുള്ളതെന്നുമാണ് ദിലീപ് തിര്‍ക്കി ചൂണ്ടിക്കാട്ടുന്നത്.

അതോടൊപ്പം, പരമ്പരാഗത നീല നിറത്തിന് പകരം പുതിയ ജേഴ്സിക്ക് കാവി നിറം ഉപയോഗിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണം ശക്തമാണ്. കായികമേഖലയെ ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഇരയാക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവർ പറഞ്ഞു.

എന്നാല്‍, ‘മെന്‍ ഇന്‍ ബ്ലൂ’ എന്ന പേര് കേവലം ഒരു ജേഴ്‌സി നിറം മാത്രമായി കാണരുതെന്നും രാജ്യത്തിന്റെ കായിക പൈതൃകമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ചില മുന്‍ ഹോക്കി പ്ലയേഴ്സും ഒളിമ്പ്യന്മാരും ജേഴ്സി മാറ്റത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

‘ഓറഞ്ച് ജേഴ്സി ആരെയും പ്രചോദിപ്പിക്കില്ല’ എന്നാണ് മുന്‍ നായകനും ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ വസുദേവന്‍ ഭാസ്‌കരന്‍ പറഞ്ഞത്. ജേഴ്സി മാറ്റത്തെ ‘ലജ്ജാകരമായ തീരുമാനം’ എന്ന് വിശേഷിപ്പിച്ച മുന്‍ ക്യാപ്റ്റന്‍ വീരേന്‍ റാസ്‌ക്വിന്‍ഹ, എക്സില്‍ കുറിച്ച മറുപടി ശ്രദ്ധേയമാണ്:

മറ്റൊരു വസ്തുത

2014-ലെ വേള്‍ഡ് കപ്പില്‍ മഞ്ഞ നിറത്തിലുള്ള ജേഴ്‌സിയും 2018-ല്‍ വ്യത്യസ്ത ഡിസൈനിലുള്ള ആകാശ നീല നിറത്തിലുള്ള ജേഴ്‌സിയും ഇന്ത്യൻ ടീം ഉപയോഗിച്ചിരുന്നു. അന്ന് ഇത്തരം എതിർപ്പുകളോ ചർച്ചകളോ ഉണ്ടായിട്ടില്ല. ട്രെയിനിംഗ് കിറ്റുകളില്‍ ഓറഞ്ച് നിറത്തിലുള്ള ഒരെണ്ണവുമുണ്ടായിരുന്നു.

അനാവശ്യ ജേഴ്‌സി വിവാദങ്ങളും കളിക്കളത്തിന് പുറത്തെ മറ്റ് ബഹളങ്ങളും മാറ്റിവയ്ക്കാനും വരാനിരിക്കുന്ന ഹോക്കി ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഹോക്കി താരം പി.ആര്‍. ശ്രീജേഷ് പറയുന്നത്. എന്നിരുന്നാലും നീല ടര്‍ഫുകളില്‍ നീല ജേഴ്‌സിയുടെ കാഴ്ചമറയല്‍ പ്രകടനത്തെ ബാധിക്കുമെന്ന വിശദീകരണം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കളിക്കാര്‍ തീരുമാനത്തെ പിന്തുണച്ചിട്ടുണ്ടെങ്കില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.

നിറത്തിനപ്പുറം ഒരു രാജ്യത്തിന്റെ വികാരവും സംസ്കാരവുമാണ് ഓരോ ദേശീയ ജേഴ്സിയും. പതിറ്റാണ്ടുകളായി ഇന്ത്യന്‍ ഹോക്കിയുടെ പെരുമ ലോകത്തിന് മുന്നില്‍ വിളിച്ചോതിയ ഐഡന്റിറ്റിയില്‍ മാറ്റം വരുത്തുമ്പോള്‍, അത് കേവലം ഒരു ഉദ്യോഗസ്ഥന്റെ ഭരണപരമായ തീരുമാനമായി ഒതുങ്ങരുത്. ലംഘനങ്ങളില്ലാതെ, കായികതാരങ്ങളുടെയും കായികപ്രേമികളുടെയും വികാരങ്ങളെയും ജനാധിപത്യപരമായ ഭരണസംവിധാനങ്ങളെയും മാനിച്ചുകൊണ്ടായിരിക്കണം ഇത്തരമൊരു മാറ്റം നടപ്പിലാക്കേണ്ടത്.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on what’s happening around and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Whats Happening Around

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading