Sandalwood- Kicha, Darshan, Puneet
232
Views

ഈ വർഷം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങൾക്ക് അതാത് ഇൻഡസ്ട്രിയിലെ തിയറ്റർ വ്യവസായം പിടിച്ചുനിർത്താൻ കഴിഞ്ഞിരുന്നു. എന്നാൽ, സാൻഡൽവുഡിന് അത് സാധിച്ചിരുന്നോ?

എന്താണ് സംഭവിച്ചത്?
എന്തുകൊണ്ട് വമ്പൻ ചിത്രങ്ങൾ വന്നില്ല?
തിയേറ്റർ വ്യവസായം മറ്റു ഭാഷാ ചിത്രങ്ങളെ ആശ്രയിക്കേണ്ടി വന്നത് എന്തൊക്കെ കാരണങ്ങൾ കൊണ്ടാകാം?

മാസ് എന്റ്ർടെയ്ൻമെന്റ് ചിത്രങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഇൻഡസ്ട്രിയാണ് കന്നഡ. സൂപ്പർതാരങ്ങൾ അവർക്ക് നിരവധിയുണ്ട്. ശിവരാജ്കുമാർ, ഉപേന്ദ്ര, രവിചന്ദ്രൻ തുടങ്ങിയ സീനിയർ താരങ്ങൾ ഒരുവശത്ത് ഉണ്ടെങ്കിലും താരാരാധനയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് പുനീത് രാജ്കുമാറും കിച്ചാ സുദീപും ദർശനുമാണ്.

അപ്രതീക്ഷിതമായി സംഭവിച്ച പുനീതിന്റെ മരണം ഇൻഡസ്ട്രിയെ വല്ലാതെ ബാധിച്ചു. തിയറ്റർ ഉടമകൾക്ക് വലിയ ഒരു പ്രഹരമാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം ഉണ്ടായത്. ഏറ്റവും കൂടുതൽ ഫാൻ ഷോ,  ആദ്യ ദിന കളക്ഷൻ തുടങ്ങിയവയൊക്കെ പുനീത് ചിത്രങ്ങളിലൂടെ റെക്കോർഡുകളായി സംഭവിച്ചിരുന്നു.

കന്നഡ ബോക്സ് ഓഫിസ് മാത്രമല്ല ഇന്ത്യൻ ബോക്സ് ഓഫിസ് പിടിച്ചുകുലുക്കിയ കെജിഎഫും, കാന്താരയുമെല്ലാം കർണാടകയ്ക്ക് ഒരു വലിയ വാതിൽ തുറന്ന് കൊടുത്തിരുന്നു. പക്ഷേ, റീജനൽ തിയറ്റർ വ്യവസായത്തിന് വല്ലപ്പോഴുമുള്ള ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങൾ മാത്രം പോര, മാസത്തിൽ ഒരിക്കലെങ്കിലും കാണികൾ വരുന്ന രീതിക്കുള്ള ചിത്രങ്ങൾ വേണം. മറ്റ് ഇൻഡസ്ട്രികളെ അപേക്ഷിച്ച് ഈ വർഷം സ്വന്തം ഭാഷയിൽ നിന്നും തിയറ്റർ വിജയം ലഭിച്ച ചിത്രങ്ങൾ വളരെ കുറവാണ്. ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ് പട്ടികയിലുള്ളത്.

ഏകദേശം 140ന് മുകളിൽ ചിത്രങ്ങൾ കന്നഡ ഭാഷയിൽ ഈ വർഷം റിലീസ് ആയി എന്നാണ് കണക്കുകൾ പറയുന്നത്. വലിയ പ്രതീക്ഷയിൽ ഇറങ്ങിയ ദ്രുവ് സർജയുടെ കേഡി ബോക്സ് ഓഫിസിൽ നേരിട്ടത് വമ്പൻ പരാജയമാണ്. നഗരാതിർത്തിക്കപ്പുറം മറ്റുസ്ഥലങ്ങളിൽ തിയറ്റർ വ്യവസായം നിലനിൽക്കണമെങ്കിൽ പ്രദേശിക ചിത്രങ്ങൾ മികച്ച വിജയം നേടണം. സാൻഡൽവുഡ് ഇൻ‍ഡസ്ട്രി നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതുതന്നെയാണ്.

ദർശന്റെ ജയിൽവാസം മൂലമുണ്ടായ പ്രതിസന്ധികൾ ചില്ലറയല്ല. പുനീതിനൊപ്പം ഇൻഡസ്ട്രിയിലെ വലിയ താരമായി ഉയർന്നുനിൽക്കുന്ന സമയമാണ് ദർശൻ ജയിലിൽ പോകുന്നത്. അറസ്റ്റിലായ ശേഷം പുറത്തിറങ്ങിയ ഡെവിൾ എന്ന ദർശൻ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. ഒരുവശത്ത് ദർശന്റെ ഫാൻസുകാർ ആഘോഷമാക്കിയെങ്കിലും ന്യൂട്രൽ പ്രേക്ഷകർക്കിടയിൽ ഒരു വലിയ എതിർപ്പ് ദർശനെതിരെ ഉണ്ടായിട്ടുണ്ട്. നിലവിൽ മറ്റ് ചിത്രങ്ങളൊന്നും ദര്‍ശന്റേതായി സ്ഥിരീകരിച്ചിട്ടില്ല.

കിച്ചാ സുദീപിനാകട്ടെ പഴയപോലെ ആളുകളെ തിയറ്ററിലെത്തിക്കാനാകുന്നില്ല. തരക്കേടില്ലാത്ത പ്രതികരണം ലഭിച്ചിട്ടും അവസാനമിറങ്ങിയ മാക്സ് പ്രതീക്ഷിച്ച വിജയം നേടിയില്ല.

ഈ വർഷം കന്നഡ സിനിമ ഒരുപാട് പ്രതീക്ഷിക്കുന്ന റിലീസ് യഷിന്റെ ടോക്സിക് ആണ്. ഓഗസ്റ്റ് 26ന് റിലീസാകുന്ന ചിത്രം മികച്ച വിജയം നേടിയാൽ സാൻഡൽവുഡ് തിയറ്റർ വ്യവസായം ഉണർവോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം. കന്നഡ ചിത്രം അല്ലെങ്കിലും രജനികാന്തിന്റെ ജയിലർ 2 ആണ് പ്രതീക്ഷ നൽകുന്ന മറ്റൊരു ചിത്രം. രാജ്‌കുമാറും വിഷ്ണുവർധനും ശിവരാജ്‌കുമാറും തിളങ്ങി നിന്ന പ്രതാപകാലത്തേക്ക് യുവ താരനിരയ്ക്കും സാൻഡൽവുഡിനെ പിടിച്ചുകയറ്റാനാകട്ടെ എന്ന് ആശംസിക്കാം.

Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on movies & music and all things life—from relationships and health to psychology.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · ·
Article Categories:
Prime Time

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading