279
Views

2025ലെ കേംബ്രിഡ്ജ് ഡിക്ഷണറിയുടെ വാക്കായിരുന്നു പാരാസോഷ്യൽ. ‘A relationship felt by someone between themselves and a famous person they do not know’. പാരസോഷ്യൽ എന്ന വാക്കിന് കേംബ്രിഡ്ജ് നൽകിയ വ്യാഖ്യാനമാണിത്. മലയാളത്തിലേക്ക് ചുരുക്കിയാൽ പ്രശസ്തനായ അപരിചിതൻ. ആരാധന, തികച്ചും അപകടകരമാകുന്ന പ്രവണതകളിലേക്ക് നയിക്കുന്ന വലിയ വാക്കുതന്നെയാണത്. ഒരർത്ഥത്തിൽ പാരസോഷ്യൽ എന്ന ഭ്രമം ഒരു വൺസൈഡ് പ്രേമം പോലെയാണ്. ഒരാൾക്ക് എല്ലാം അറിയും എതിർവശത്തുള്ളയാൾക്ക് ഒന്നുമറിയില്ല. അതിന്റെ ഏറ്റവും ഭീകരമായ ഫാൻ വേർഷൻ എന്നും ഈ ഭ്രമം ജനിപ്പിക്കുന്ന ഇഷ്ടത്തെ പറയാം.

പാരാസോഷ്യൽ വാക്കിന്റെ പിറവി– ഫ്ലാഷ്ബാക്ക്

1956ൽ അമേരിക്കൻ സോഷ്യോളജിസ്റ്റുകളാണ് അന്ധമായ ടെലിവിഷൻ ഭ്രമമുള്ളവരെ, ഓൺസ്ക്രീനിലെത്തുന്നവരോട് അടങ്ങാത്ത ആരാധന ഉള്ളവരെ പാരസോഷ്യൽ എന്ന് വിളിച്ചത്. ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജിസ്റ്റുകളായ Donald Horton and Richard Wohl, എന്നിവരാണ് ഈ വാക്ക് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. ടെലിവിഷൻ‍ ഷോകളിലും സീരിയലുകളിലും വരുന്നവരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയോ സുഹൃത്തുക്കളെപ്പോലെയോ കാണാൻ തുടങ്ങുന്നതിനെയാണ് പാരാസോഷ്യൽ എന്ന് വിളിച്ച് തുടങ്ങിയത്. സ്വീകരണമുറിയിലെത്തുന്നവരെന്ന സീരിയൽ കൺസെപ്റ്റ് പോലെയാണിത്. അയൽവക്കത്തെ കുട്ടിയെപ്പോലെ ഉള്ള നായകനും നായികയും എല്ലാം ഒരു മികച്ച ഹുക്ക് അപ് ലൈൻ ആകുന്നത് കാണാറില്ലേ..

ലോകം ചെറുതാകുന്നു, ഇൻസ്റ്റഗ്രാമോളം….

ഇൻസ്റ്റ എന്ന് ചുരുക്കുന്ന ഇൻസ്റ്റഗ്രാമാണ് ഇന്ന് ടിവിയും സിനിമ സ്ക്രീനും ഒടിടി പ്ലാറ്റ്ഫോമുമെല്ലാം. സ്വൈപ്പ് ചെയ്ത് വിടുന്ന രണ്ട് 90 സെക്കൻഡ് റീലുകൾക്കിടയിൽ സിനിമയും പാട്ടും കഥയും എല്ലാം കണ്ടുതീർക്കുന്ന ലോകം. എല്ലാം അറിയുന്നവരുടെ ഒന്നുമില്ലായ്മയിലെ ലോകമാണ് ഇൻസ്റ്റ ഫീഡുകളിൽ നിറയുന്നത്. ഇമോഷണന് അനുസരിച്ച് മാറുന്ന അൽ‍ഗോരിതം മനസിലാക്കുന്ന ഇൻസ്റ്റഗ്രാം പ്രിയപ്പെട്ട സുഹൃത്താകുന്നതിൽ തെറ്റ് കാണാൻ ആകില്ലെന്നതും പറയാതെ വയ്യല്ലോ. യുട്യൂബേഴ്സ്, ഇൻഫ്ലുവൻസേഴ്സ്, നന്നായി കണ്ടൻറ് ക്രിയേറ്റ് ചെയ്യാൻ കഴിയുന്ന ആരായാലും ആരാധനയ്ക്ക് പാത്രമാകും. സ്ഥിരം റീലു ചെയ്ത് തുടങ്ങിയവരാണ് ഇന്ന് ഇൻഫ്ലുവൻസേഴ്സ് പട്ടികയിലെ പലരും. അത്തരം ഓൺലൈൻ ജീവിതങ്ങളോട് തന്റേത് എന്ന് തോന്നുന്ന ആരാധനയാണ് ‘പാരാസോഷ്യൽ’. അപ്രാപ്യമായ ദൂരത്തിരിക്കുന്ന ഇൻഫ്ളുവൻസേഴ്സും സെലിബ്രിറ്റി ക്രഷുകളും ഇന്ന് കമന്റിന്റെയും ലൈക്കിന്റെയും ദൂരത്തിലാണ്. അതിനാൽ അതിവൈകാരികമായ ആരാധന ഇക്കൂട്ടരോട് പുലർത്തുന്നരും ഉണ്ട്. ഫോൺ സ്ക്രീനിനപ്പുറം എല്ലാ ദൈനംദിന കാര്യങ്ങളും അപ്ഡേറ്റ് ചെയ്യുന്നതിനാൽ ഒരു അന്യതാബോധവും ഇല്ലാതെയാണ് പാരാസോഷ്യൽ ബന്ധങ്ങളിൽപ്പെട്ടുപോകുന്നവർ പെരുമാറുന്നത്. മെ​ഗാസ്റ്റാർ, സൂപ്പർ സ്റ്റാറുകള്‍‍ തന്നെ ആകണം എന്ന് ജെൻസി കാലത്തെ പാരസോഷ്യൽ ബന്ധങ്ങൾക്ക് നിർ‍‍ബന്ധമില്ല. എല്ലാവരും ക്രിയേറ്റേഴ്സാകുന്ന കാലത്ത് ആർക്കും ആരോടും പാരാസോഷ്യലെന്ന ബന്ധമാകാം. അതിന് അൺലിമിറ്റഡ് ഇന്റർനെറ്റ് മാത്രം മതി.

എന്താണീ വൺ സൈഡ് ഇഷ്ടത്തോട് ഇത്ര ഇഷ്ടം

വെറുതെ ഒരിഷ്ടം എന്നതാണ് ഇതിന്റെ അടിസ്ഥാനം. തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല, വിട്ടുപോകുമെന്നോ ബ്രെയ്ക്ക് അപ്പ് ഭയമോ ഇല്ല, ‘A Day In My Life’ എന്ന് കാണുമ്പോഴുള്ള അടുപ്പം, ഞാനും ഇതാണല്ലോ ചെയ്യുന്നതെന്നും ഈ അനുഭവം എനിക്കും ഉണ്ടായിരുന്നുല്ലോ എന്ന ഐക്യപ്പെടലിന്റെ ഭാ​ഗമാകുന്നതും പാരാസോഷ്യൽ ഇൻഫ്ലുവൻസേഴ്സ് കൾച്ചറിനോട് ഇഷ്ടം തോന്നാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. വ്യക്തിബന്ധങ്ങളി‍ൽ ഉള്ളതിലും കംഫർട്ട് ഇത്തരം ബന്ധങ്ങളിൽ ഉണ്ടാകുന്നുണ്ട് എന്നതും വസ്തുതയാണ്. കൊവിഡ് കാലത്ത് തുടങ്ങിയ പല ടിക്ക് ടോക്ക്കാരും ടിക്ക് ടോക്ക് ഇന്ത്യ വിട്ടിട്ടും ഇൻഫ്ലുവൻസേഴ്സായി മാറിയത് പോലെ.

ഈ റീലെല്ലാം റിയൽ ആണോ

സിനിമയുടെ വെള്ളിവെളിച്ചത്തേക്കാൾ ആഴത്തില‍്‍ വേരോടിയതാണ് സെലിബ്രിറ്റി കൾച്ചറിലെത്തി നിൽക്കുന്ന ഇൻഫ്ലുവൻസേഴ്സ് ലോകം. മിന്നുന്നത് എല്ലാം പോന്നാണ് എന്ന ഒരു മിഥ്യ ‘ഡെലുലു’ ആണ് ഇവർ നൽകുന്നത്. നല്ലത് മാത്രമേ അവരുടെ ഡെ ഇൻ മൈ ലൈഫിലുള്ളൂ. മുന്തിയ ബ്രാൻഡുകൾ മുതൽ ഹൈ എന്‍ഡ് ലൈഫ് സ്റ്റൈൽ വരെ. ആ ജീവിതരീതിയിൽ എത്രമാത്രം സത്യം ഉണ്ടെന്ന് പാരാസോഷ്യൽ ആരാധകക്കൂട്ടത്തിന് മനസിലാകുന്നില്ല. പണ്ടൊരു ഇ ബുൾ ജെറ്റിന് വേണ്ടി കേരളം കത്തിക്കാൻ പോയ കുട്ടിക്കൂട്ടത്തെ ഓർക്കുന്നുണ്ടോ… യുട്യൂബിൽ സെർച്ച് ചെയ്ത് പോയാൽ അവരുണ്ട് ഇപ്പോഴുമവിടെ. ഭയപ്പെടുത്തുന്ന ഒരു തലമുറ മാറ്റം എന്ന ഭയമൊന്നും ഇല്ലെങ്കിലും പാരസോഷ്യലിസം ചുറ്റും സംഭവിക്കുന്നുണ്ട് എന്ന് കാണാൻ എങ്കിലും.

അൽ​ഗോരിതത്തിന്റെ ബാക്കിയെന്ത്..

പാരാസോഷ്യലിസം അതിന്റെ പരിധി ലംഘിച്ച് കഴിഞ്ഞാൽ പിന്നയെന്താണ് ? പൊതു ഇടങ്ങളിൽ നിന്ന് പൊതുബോധങ്ങളിൽ നിന്നുള്ള ഉൾവലിയൽ. ഫിയർ ഓഫ് മിസിങ്ങ് ഔട്ട് (Fear of Missing Out)അല്ലെങ്കിൽ ഫോമോ.. തന്റെ അഭാവം എന്താണ് ഞാനില്ലാത്തിടത്ത് ഉണ്ടാക്കുന്നത് എന്ന ഉത്കണ്ഠയാണ് ഫോമോ. അസൂയയും ആശങ്കയും, തന്റെ ഓൺലൈൻ ഇൻഫ്ലുവൻസറിനെ മറ്റാരെങ്കിലും സ്വന്തമാക്കുമോ എന്നതടക്കമുള്ള വൺ സൈഡ് പൊസസീവ്നെസ്. ഫോളോവേഴ്സ് കൂടുന്നത് ഇൻഫ്ലുവൻസറിന് മാത്രമാണ് ​ഗുണം. വൈകാരികമായി ഉള്ള തളർച്ചയിലും തകർച്ചയിലുമാണ് അന്ധമായ അമിതമായ ഈ സ്നേഹം കൊണ്ടെത്തിക്കുക. സിവിക് സെൻസില്ലേ എന്ന് ചോദിച്ചത് പൊതുവിടങ്ങളിൽ റീൽ ചെയ്യുന്നതിൽ തുടങ്ങി ഇൻഫ്ലുവൻസേഴ്സിനും ഫോളോവേഴ്സിനും റീലാണ് റിയലെന്ന ബോധ്യത്തിൽ സ്വകാര്യത നൽകാതെ അവരുടെ വ്യക്തിജീവിതത്തിലേക്ക് എത്തി നോക്കുന്ന സ്റ്റോക്കിങ് കൾച്ചറിലേക്കും കളി കാര്യമാകുന്നുണ്ട്. സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവൻസേഴ്സ് കൾച്ചർ ഇൻഫ്ളുവൻ‍സേഴ്സിന് ഒരു പരിധി വരെ സാമ്പത്തികമായ നേട്ടം തന്നെയാണ്. ലൈക്കും ഫോളോവേഴ്സും കൂടുമ്പോൾ വർധിക്കുന്ന ബ്രാൻഡ് വാല്യു ആണ്. എന്നാൽ അന്ധമായ ആരാധനയും ‘ഫസ്റ്റ് കമന്റ് പിൻ ചെയ്യാനും’ ഒരു ലൈക്ക് തരുമോ എന്ന അപേക്ഷയുമെല്ലാം നല്ലതല്ലാത്ത ഒരു വൺസൈഡ് ഇഷ്ടമാണ്. കാരണം ബാധിക്കപ്പെടാൻ ആളുകളുണ്ട് എന്നത് തന്നെ.
ഒരു ക്രിയേറ്ററിന്റെ ഫോളോവേഴ്സ് ഒരു കൂട്ടം ആവുകയും ഒരു മോബ് കൾച്ചറിലേക്ക് അത് മാറുകയും ചെയ്യുന്നതും കാണാറില്ലേ. സമൂഹത്തിൽ ‘ഇക്കോ ചേംബറുകൾ’ (Echo Chambers) ഉണ്ടാക്കി അതിൽ അധിവസിക്കുന്നവർ. തങ്ങൾ ആരാധിക്കുന്നവർക്കായി എന്തും ചെയ്യാനിറങ്ങുന്ന ഒരു കൂട്ടം സമൂഹത്തിന്റെ ഒരു കോണിലേക്ക് ഒതുങ്ങുകയും അത് അവരുടെ ലോകം എന്ന കാഴ്ചപ്പാടിലേക്ക് മാറുകയും ചെയ്യുന്നുണ്ട്.

പാരാസോഷ്യൽ ഫാറ്റിഗും ‘ഡെലുലു’ ഇഫക്ടും

Para social Fatigue. A shift from initial attachment to disengagement, disappointment, and skepticism toward the media persona/ Influencers or any content creators. നിരന്തരമുള്ള പിന്തുടരലും ഒരു പരിധി ലംഘിച്ച് കഴിഞ്ഞാൽ മടുപ്പിലേക്ക് എത്തിക്കും. മടുപ്പ് എന്ന ഒറ്റവാക്കിലേക്ക് ഇതിനെ ചുരുക്കാം. തിരിച്ചൊന്നും കിട്ടാത്ത ആരാധനയും ഇഷ്ടവും മടുപ്പിലേക്ക് എത്തിക്കും. ഇല്ലാത്ത ഒരാൾ ഉണ്ടെന്ന തോന്നല്‍ പോലെയാണത്. പിന്നീട് റീൽ സ്ക്രോളിങ് താൽപര്യമില്ലാതെ ആവുകയും വൈകാരികമായ തകർച്ച (Emotional burnout) ഉണ്ടാവുകയും ചെയ്യും. പാരാസോഷ്യൽ എന്നത് എല്ലാ മനുഷ്യരിലും ഉണ്ട്. സെലിബ്രിറ്റി കല്യാണം ആഘോഷമാക്കുന്നത് പ്രിയപ്പെട്ട താരത്തിന്റെ പുത്തൻ ലുക്കും എല്ലാം സന്തോഷിപ്പിക്കുന്നില്ലേ നമ്മളെ. പക്ഷേ പരിധിവിട്ടൊരു ഇഷ്ടം പല ഇഷ്ടങ്ങളെയും ഇല്ലാതാക്കുന്നതുമാണ് എന്ന അറിവാണ് വേണ്ടത്.

എന്താ ഇതിനൊരു പ്രതിവിധി ?

റീൽ എല്ലാം റിയലാണെന്നും എല്ലാവരും നല്ല ജീവിതം ജീവിക്കുന്നുവെന്നുമുള്ള തോന്നലിൽ നിന്നുണ്ടാകുന്ന ഉത്കണ്ഠയും കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളും ചെറുക്കേണ്ടതാണ്. നല്ല ആരോഗ്യകരമായ ഡിജിറ്റൽ പെരുമാറ്റം. സോഷ്യൽ വെൽബിയിങ് പോലെ ഡിജിറ്റൽ വെൽബിയിങ്ങും അത്യാവശ്യമാണ്. അതിരുകൾ ഉണ്ടാകുക എന്നതും അതിർത്തികൾ അറിയുക എന്നതും പ്രധാനപ്പെട്ടതാണ്. ഓൺലൈൻ ലോകത്തുനിന്നും കട്ട് പറയുന്ന ജെൻസി കാലത്തിലാണ് നമ്മൾ. ഡിജിറ്റൽ വെൽബിയിങ് പഠിക്കാം മറ്റനേകം കാര്യങ്ങൾ പഠിച്ചെടുത്തത് പോലെ. റിം ലൈറ്റ് ഓഫായിക്കഴിഞ്ഞാൽ ലോകം ഒന്നാണെന്ന ബോധ്യത്തിലേക്ക് മടങ്ങാം.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Whats Happening Around

Comments are closed.