314
Views

അപ്സൈക്ലിങ്ങ്….1990കളിൽ എഴുതിച്ചേർക്കപ്പെട്ട ഒരു വാക്ക്. എന്നാൽ, അതിനും എത്രയോ മുൻപേ തന്നെ അറിഞ്ഞും അറിയാതെയും പ്രാവര്‍ത്തികമാക്കിയ ഒരു ശീലം. മൂല്യ വർധനവോടെ പാഴ്‌വസ്തുക്കളെ ക്രിയാത്മകമായി പുനരുപയോഗിക്കുന്ന ആശയവും പ്രക്രിയയും. സ്കൂളില്‍ പഠിക്കുന്ന, പൊതുഇടങ്ങളിലെ ബോർഡുകളിൽ കണ്ടുവരുന്ന റെഡ്യൂസ്–റിയൂസ്–റീസൈക്കിൾ എന്ന ത്രീ ആർസുമായി ഏറെ ചേർന്നുനിൽക്കുന്ന പക്ഷേ പലപ്പോഴും ആരും കൂട്ടത്തിൽ ചേർക്കാത്ത ഒന്ന്.

ഇന്നത് എത്തിനിൽക്കുന്നതെവിടെ? ഒരു ആഗോള സുസ്ഥിരതാ പ്രസ്ഥാനമായി! Yes, upcycling has grown to a global sustainability movement.

ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോൾ, വസ്തുക്കളുടെ ദൗർലഭ്യതയിൽ നിന്നും മനുഷ്യന്റെ അതിജീവന ആവശ്യങ്ങളിൽ നിന്നും ഉടലെടുത്തതാണ് അപ്സൈക്ലിങ്ങ് സംസ്കാരം. മൃഗങ്ങളുടെ അവശിഷ്ടങ്ങളിൽ നിന്ന് ആവശ്യ വസ്തുക്കൾ നിർമിക്കുന്നതും പഴയ വസ്ത്രങ്ങളും ലോഹങ്ങളും ഒരോ തരത്തിൽ മാറ്റങ്ങൾ വരുത്തി പുനരുപയോഗിക്കുന്നതുമെല്ലാം പണ്ടുണ്ടായിരുന്നു. പലപ്പോഴും റിസോഴ്സുകളുടെ അഭാവത്തിലായിരുന്നു ഇങ്ങനെയുള്ള പുനരുപയോഗത്തിന്റെ ആശയമുദിച്ചത്. പിന്നീട് അതൊരു കലയായി മാറി. ഫാക്ടറികളുടെ വരവും ഉത്പാദന ക്ഷമത ഉയർന്നതും വസ്തുക്കൾ റിപ്പയർ അല്ലെങ്കിൽ പുനരുപയോഗിക്കുന്ന ശീലത്തിൽ നിന്ന് ‘യൂസ് ആൻഡ് ത്രോ’ കൾച്ചറിലേക്ക് നയിച്ചെങ്കിലും ഉയരുന്ന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിനുള്ള ശക്തമായ ഒരു ഉപകരണമായി ഈ സർഗാത്മകത വീണ്ടും പരിണമിച്ചു. ആവശ്യമെന്നതിനു പുറമേ, വ്യക്തികൾ താൽപര്യത്തോടെ ചെയ്യുന്ന ആക്ടിവിറ്റികളിലൂടെയും കലാപരമായ ആവിഷ്കാരങ്ങളിലൂടെയും അപ്സൈക്ലിങ്ങിന് പ്രചാരമേറി. അതൊരു ആവശ്യമായി, ശീലമായി, കൾച്ചറായി… ട്രെന്‍ഡായി.

A chalkboard illustration featuring the word 'UPCYCLING' prominently displayed, surrounded by related terms such as 'Sustainability,' 'Material,' 'Waste,' and 'Re-used,' emphasizing concepts associated with upcycling and environmental consciousness.
Representative Image (Credit: noupelle.in)

അപ്പോൾ റീസൈക്ലിങ്ങോ?

മാലിന്യം കുമിഞ്ഞുകൂടുകയും പാരിസ്ഥിതിക പ്രശ്നങ്ങളുയർന്നപ്പോഴും പാഴ്‌വസ്തുക്കള്‍ രൂപമാറ്റം വരുത്തി മറ്റുവസ്തുക്കളാക്കുന്ന റീസൈക്ലിങ്ങിനു പ്രചാരമേറിയെങ്കിലും അതിനു വേണ്ടിവരുന്ന ഊർജവും ഇൻഡസ്ട്രിയൽ പ്രോസസിങ്ങ് തുടങ്ങിയ സാങ്കേതിക സഹായങ്ങളും അപ്സൈക്ലിങ്ങിനേക്കാൾ ഏറെയാണ്. ഉദാഹരണത്തിന്, ഒരു പ്ലാസ്റ്റിക് ഗ്ലാസിനെ ഉരുക്കി റോ പ്ലാസ്റ്റിക് ആക്കി ഘടന മാറ്റി മറ്റെന്തെങ്കിലും നിർക്കുന്നതാണ് റീസൈക്ലിങ്ങ് എങ്കിൽ ആ ഗ്ലാസിനെ മറ്റേതെങ്കിലും തരത്തിൽ ഉപയോഗിക്കാൻ പാകത്തിന് മോഡിപിടിപ്പിച്ച് രൂപം മാറ്റിയെടുക്കുന്നതാണ് അപ്സൈക്ലിങ്ങ്. റീസൈക്ലിങ്ങിൽ മാസ് പ്രൊഡക്ഷനാണ് കൂടുതലും. എന്നാൽ, അപ്‍സൈക്ലിങ്ങിൽ ഹാൻഡ്‌വര്‍ക്കാണ് പ്രധാനമായും വരുന്നത്; വ്യത്യസ്ത, യൂണീക് പീസുകളാണ് നിർമിക്കപ്പെടുന്നത്. ഇത് ഒരു അപ്സൈക്കിള്‍ഡ് വസ്തുവിന്റെ മൂല്യം ഉയർത്തുന്ന ഘടകമായി മാറുന്നു.

മാത്രമല്ല, വലിയ സംരംഭങ്ങളൊന്നും തന്നെ ഇല്ലാതെ, വ്യക്തികൾക്കും ചെയ്യാവുന്ന കാര്യമാണ്. പ്രോസസിങ്ങിന്റെ ബാക്കിയായി വരുന്ന മാലിന്യങ്ങളും ഇതിൽ കുറവാണ്. പിന്ന, എല്ലാ വസ്തുക്കളും റീസൈക്കിൾ ചെയ്യാൻ സാധിക്കില്ല എന്ന പരിമിതിയുള്ളപ്പോൾ അതിനെയെല്ലാം മറികടക്കുന്നതാണ് അപ്സൈക്ലിങ്ങ്. അപ്‌സൈക്ലിങ്ങിന്റെ സാധ്യതാ പരിമിതി നമ്മുടെ ഭാവനയെയും ആവശ്യങ്ങളെയും മാത്രം ഡിപെൻഡ് ചെയ്യുന്നതാണ്.

അതിനാൽ തന്നെ, അപ്സൈക്ലിങ്ങ് ഒരു പരിസ്ഥിതി സൗഹൃദ മാർഗം മാത്രമല്ല; ഉത്തരവാദിത്വമുള്ള ഭാവിയിലേക്കുള്ള മനുഷ്യന്റെ സർഗാത്മക ഇടപെടലാണ്.

വളർച്ചയെങ്ങനെ?

പാഴ്‌വസ്തുക്കളും മാലിന്യങ്ങളും മൂല്യവർധിത റിസോഴ്‌സുകളാക്കുന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ 2000ത്തിന്റെ തുടക്കത്തിൽ തന്നെ ആർട്ട്–ഡിസൈൻ മൂവ്മെന്റുകളുടെ ഭാഗമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പഠനങ്ങളും രചനകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഒരു മൂവ്മെന്റ് തുടരുകയും ശക്തിയാർജിക്കുകയും ചെയ്തിട്ടേ ഉള്ളൂ. അതിൽ, സാധാരണക്കാരനിലേക്ക് ഈ ആശയം ഇന്ന് എത്തിനിൽക്കുന്നതിന് ബിസിനസ്സുകൾക്കും കോർപറേറ്റുകൾക്കും സമൂഹമാധ്യമങ്ങളിലെ ഇൻഡിവിജ്വൽ ക്രിയേറ്റർമാർക്കും വലിയ പങ്കുണ്ട്.

ആളുകൾക്കിടയിലെ DIY പ്രേമം ഇതിന് ഏറെ ഗുണം ചെയ്ത ഒരു ഘടകമാണ്. DIY പ്രേമികളും കരകൗശല വിദഗ്ധരും അപ്‌സൈക്ലിങ്ങുമായി ബന്ധപ്പെട്ട ട്യൂട്ടോറിയൽ പോലുള്ള ഉള്ളടക്കങ്ങൾ‌ പങ്കിടുകയും അതിനായി എറ്റ്സി, പിന്ററസ്റ്റ്, ഇൻസ്റ്റഗ്രാം, യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതും ആഗോളതലത്തിൽ അപ്സൈക്ലിങ്ങിലേക്കുള്ള ശ്രദ്ധ വർധിപ്പിക്കാൻ സഹായിച്ചു.

വ്യക്തിഗത തലത്തിൽ ആരംഭിച്ച ഈ പ്രവണത, വിപണിയിലേക്കും ബ്രാൻഡ് സംസ്കാരത്തിലേക്കും പിന്നീട് വ്യാപിക്കുകയായിരുന്നു. ഇന്ന്, കമ്മ്യൂണിറ്റി വർക്ക്‌ഷോപ്പുകളും റിപ്പയർ കഫേകളും ആളുകളെ ദൈനംദിന വസ്തുക്കൾ പുനരുപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കൂടാതെ, അപ്സൈക്ലിങ്ങിലൂടെ നിർമിച്ചെടുക്കുന്ന വസ്ത്രങ്ങൾ, ബാഗുകൾ, ഫർണീച്ചറുകൾ എന്നിവ വിൽപനയ്ക്കെത്തിക്കുന്നതും സസ്റ്റെയ്നബിൾ പ്രോഡക്റ്റുകളുടെ പ്രചാരണവും ആശയപരമായി കമ്പനികൾ അതിന് നൽകുന്ന പ്രോത്സാഹനവും പ്രധാനമാണ്. ഇത്തരം ബ്രാൻഡുകളുടെ എണ്ണത്തിൽ വർധനവും കാണാം. അപ്സൈക്ലിങ്ങിനെ ഒരു ഗ്ലോബൽ ട്രെൻഡ് ആക്കി മാറ്റാൻ ഏറെ സഹായിക്കുന്നതാണ് സംരംഭങ്ങളുടെ ഇത്തരം തീരുമാനങ്ങൾ.

ഇന്ന്, കോർപറേറ്റ് ലോകം അവരുടെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി (CSR) ആക്ടിവിറ്റികളുടെ ഭാഗമായി അപ്‌സൈക്ലിങ്ങ് ആശയത്തെ സ്വീകരിച്ചു ചേർത്തുനിർത്തുന്നതും പ്രചോദനാത്മകമാണ്. വ്യാവസായിക സഹവർത്തിത്വം എന്ന ആശയം മുൻനിർത്തി കമ്പനികൾ ഉൽ‌പാദന പ്രക്രിയയിൽ നിന്നുള്ള മാലിന്യങ്ങൾ മറ്റൊന്നിനുള്ള ഇൻപുട്ടായി വീണ്ടും ഉപയോഗിക്കുന്നതും അപ്സൈക്ലിങ്ങ് കൾച്ചറിന്റെ വളർച്ചയ്ക്കു സഹായകമാകുന്നു.

അപ്‌സൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങൾക്ക് ഇ-കൊമേഴ്‌സ് സൈറ്റുകൾ വിപണിയും സൃഷ്ടിക്കുന്നുണ്ട്. ആപ്പുകളും ഓൺലൈൻ കമ്മ്യൂണിറ്റികളും വ്യക്തികളെ സ്വന്തം അപ്‌സൈക്ലിങ്ങ് പദ്ധതികൾ ആരംഭിക്കുന്നതിനുള്ള റിസോഴ്സുകൾ, ഉപകരണങ്ങൾ, ആശയങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകി തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇതുവഴിയെല്ലാം, അപ്സൈക്ലിങ്ങ് വ്യക്തിപരമായ ഒരു ആക്ടിവിറ്റി എന്നതിൽനിന്നെല്ലാം സാമൂഹിക–ഉപഭോഗ-വിപണന രംഗത്തെ പ്രധാനിയായി മാറിക്കൊണ്ടിരിക്കുകയാണ്.

വെല്ലുവിളികളില്ലേ?

ഉപയോഗിച്ച വസ്തുക്കളെയോ മാലിന്യമായി തള്ളപ്പെട്ട വസ്തുക്കളെയോ പുനരുപയോഗിക്കുന്നതിനെക്കുറിച്ച് മാനസിക തടസ്സങ്ങളും നെഗറ്റീവ് ധാരണകളും സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് അപ്സൈക്ലിങ്ങിന്റെ വ്യാപനത്തെ പരിമിതപ്പെടുത്തുന്ന ഒരു പ്രധാന വെല്ലുവിളിയാണ്. കൂടാതെ, ഹാൻഡ്മെയ്ഡ് പോലത്തെ ഉത്പന്നങ്ങളായതിനാൽ അപ്സൈക്ലിങ്ങിനെ വലിയ തോതിലുള്ള ഉത്പാദനത്തിലേക്ക് സ്കെയിൽ ചെയ്യുക പ്രയാസകരവുമാണ്. അതിനാൽ തന്നെ, പരിസ്ഥിതി സംരക്ഷണത്തിൽ അപ്സൈക്ലിങ്ങ് നൽകുന്ന സംഭാവനകൾ പ്രസക്തമാണെങ്കിലും, അവ മന്ദഗതിയിലാണ് പ്രകടമാകുന്നത്. കാരണം, വ്യക്തിഗത തലത്തിലുള്ള ഇടപെടലുകൾ കൂട്ടമായാൽ മാത്രമേ വലിയ മാറ്റങ്ങൾ രൂപപ്പെടുകയുള്ളൂ. ഈ സാഹചര്യത്തിൽ, കാലാവസ്ഥാ പ്രതിസന്ധി പോലുള്ള അടിയന്തിര പരിസ്ഥിതി പ്രശ്നങ്ങൾക്ക് അപ്സൈക്ലിങ്ങ് ഒറ്റമൂലിയല്ല. മറിച്ച്, ഉപഭോഗ സംസ്കാരത്തെ ചോദ്യം ചെയ്യുകയും ദീർഘകാല ശീലമാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്ന ഒരു റെവല്യൂഷണറി സമീപനമായി ഇതിനെ കാണാം.

അപ്സൈക്ലിങ്ങ് ഒരു ട്രെൻഡായി മാത്രം കാണാതെ, ഒരു സാംസ്കാരിക ഇടപെടലായും മനസ്സിലാക്കപ്പെടേണ്ടതുണ്ട്.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Categories:
Whats Happening Around

Comments are closed.