ടിവി കാണുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും. മെസ്സേജുകൾക്ക് മറുപടി നൽകാനും ഷോപ്പിങ് വെബ്സൈറ്റുകളില്‍ സാധനങ്ങൾ തിരയാനും എന്തിന് ഇൻസ്റ്റഗ്രാമിൽ സ്ക്രോൾ ചെയ്യാൻ വരെ നാം സമയം കണ്ടെത്തുന്നത് ടിവി കാണുന്നതിനിടിയിലായിരിക്കും. ഈ രീതിയെ ‘സെക്കൻഡ് സ്ക്രീൻ വ്യൂവിങ്’ എന്നാണ് പറയുക. വളരെ സ്വഭാവികമായി നാം പിന്തുടരുന്ന ഈ രീതി വിനോദ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്. തിരക്കഥ എഴുതുന്നതിൽ തുടങ്ങി അഭിനയത്തിൽ വരെ ഈ മാറ്റം കാണാൻ സാധിക്കും.

എന്താണ് സെക്കൻഡ് സ്ക്രീന്‍ വ്യൂവിങ് ?
ഒരേ സമയം രണ്ട് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെയാണ് സെക്കൻഡ് സ്ക്രീൻ വ്യൂവിങ് എന്ന് പറയുന്നത്. ടിവി കാണുന്നതിനിടയിൽ സ്മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ ഉപയോഗിക്കുന്ന രീതി ഇതിന് ഉദാഹരണമാണ്. ‘സെക്കൻഡ് സ്ക്രീൻ വ്യൂവിങ്’ എന്ന പേര് ആരാണ് നൽകിയതെന്നോ എന്ന് മുതലാണ് ഉപയോഗത്തിൽ വന്നതെന്നോ ഉള്ള കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും സ്മാർട് ഫോണുകളുടെ ഉപയോഗം വർധിച്ച സമീപ കാലത്തിൽ തന്നെയാണ് സെക്കൻഡ് സ്ക്രീൻ വ്യൂവിങ്ങും രൂപപ്പെട്ടതെന്ന് പറയാൻ സാധിക്കും. ടിവിയിൽ കണ്ടുകൊണ്ടിരിക്കുന്ന പരിപാടിയെ കുറിച്ച് കൂടുതൽ വ്യക്തത നൽകുന്ന, അല്ലെങ്കിൽ കാണുന്നതിനടയിൽ തോന്നുന്ന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്ക് വേണ്ടിയാണ് ആദ്യകാലത്ത് ഫോണുകൾ ഉപയോഗിച്ചിരുന്നത്. പിന്നീട് പരസ്യങ്ങൾ കാണുമ്പോൾ ഉണ്ടാകുന്ന വിരസത മാറ്റാന്‍ ഫോൺ ഉപയോഗിച്ച് തുടങ്ങി. നിലവിൽ ടിവിയിൽ പരിപാടി നടക്കുന്നതിനിടയില്‍ മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നത് സാധാരണ രീതി മാത്രമായി മാറി. ടിവി കാണുമ്പോൾ മാത്രമല്ല, ലാപ്ടോപ്പ് പോലുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ ജോലി ചെയ്യുന്നതിനിടയില്‍ ഫോൺ ഉപയോഗിക്കുന്നതും സെക്കൻഡ് സ്ക്രീനിങ്ങിന് ഉദാഹരണമാണ്.
ടെലിവിഷനും സെക്കൻഡ് സ്ക്രീൻ വ്യൂവിങ്ങും
ആദ്യ കാലങ്ങളിൽ ടിവി മാത്രമായിരുന്നു വിനോദത്തിനുണ്ടായിരുന്ന ഒരു മാർഗം. അതുകൊണ്ട് തന്നെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിച്ചാണ് ആളുകൾ ടിവിയിലെ പരിപാടികൾ കണ്ടിരുന്നത്. ഒരു ഭാഗം എന്തെങ്കിലും കാരണത്താൽ കാണാൻ കഴിയാതെ വന്നാൽ പിന്നീട് അത് വീണ്ടും സംപ്രേഷണം ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുൻകൂട്ടി തീരുമാനിച്ച് മുഴുവൻ ശ്രദ്ധയോടും കൂടിയാണ് ആളുകൾ ടിവിയിലെ പരിപാടികൾ കണ്ടിരുന്നത്. എന്നാൽ, യൂട്യൂബിന്റെ വരവ് ഈ രീതിയിൽ വലിയ മാറ്റം കൊണ്ടുവന്നു. ഏത് സമയത്തും പരിപാടി കാണാം എന്നതും ശ്രദ്ധിക്കാതെ പോയ ഭാഗങ്ങൾ വീണ്ടും കാണാം എന്നതും മുഴുവൻ ശ്രദ്ധയും നൽകി പരിപാടികൾ കാണുക എന്ന രീതിയിൽ വലിയ മാറ്റം കൊണ്ടുവന്നു. ആളുകൾ ടിവി കാണുന്നതിനൊപ്പം തന്നെ മൊബൈൽ ഫോണും ഉപയോഗിക്കുന്ന രീതി സജീവമായി. ഇതോടെ ആളുകളുടെ പകുതി ശ്രദ്ധ മാത്രമേ ടിവിയിൽ നടക്കുന്ന പരിപാടികൾക്ക് ലഭിക്കുന്നുള്ളു എന്ന അവസ്ഥ വന്നു. ഇത് പരിപാടികളുടെ ഉള്ളടക്കത്തിലും പ്രത്യേകിച്ച് അവതരണത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവന്നു.

ടിവി കാണുന്നതിനിടയിൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ എല്ലാ കഥാപാത്രങ്ങളുടെയും ഭാവങ്ങൾ കാഴ്ചക്കാർ ശ്രദ്ധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ ടിവി പരിപാടികളിലെ കഥാപാത്രങ്ങൾ അഭിനയിക്കുന്നതിനോടൊപ്പം തന്നെ എന്താണ് അവരുടെ അപ്പോഴത്തെ ഭാഗം എന്ന് വാക്കുകളിൽ കൂടി പറയേണ്ടി വരുന്ന അവസ്ഥയാണ് നിലവിൽ വന്നിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു കാര്യം ആസൂത്രണം ചെയ്തത് പോലെ നടക്കാത്തതിലുള്ള വിഷമം കഥാപാത്രത്തിന്റെ മുഖത്ത് മാത്രം കാണിച്ചാൽ അത് എല്ലാവരും ശ്രദ്ധിച്ചെന്ന് വരില്ല, അതുകൊണ്ട് തന്നെ ഞാൻ വിചാരിച്ച പോലെ ഇക്കാര്യം സംഭവിക്കാത്തതിൽ എനിക്ക് വിഷമം ഉണ്ടെന്ന് പറയണം. സിനിമയുടെയും സീരീസുകളുടെയും പ്ലോട്ടുകൾ ആവർത്തിച്ച് പറയേണ്ടി വരുന്നുണ്ട് എന്നതും യാഥാർഥ്യമാണ്. കഥയുടെ പ്ലോട്ട് പല തവണ ആവർത്തിക്കണമെന്ന് നെറ്റ്ഫ്ലിക്സ് ആവശ്യപ്പെട്ടതായി പുറത്തുവന്ന വാർത്തകൾ ഈ മാറ്റത്തിന് അടിവരയിടുന്നതാണ്. ആളുകൾ ഫോൺ നോക്കിയിരിക്കുന്നത് കൊണ്ട് സംഭാഷണങ്ങളിലൂടെ സിനിമയുടെ പ്ലോട്ട് മൂന്നും നാലും തവണ ആവർത്തിക്കാൻ നെറ്റ്ഫ്ലിക്സ് ആവശ്യപ്പെട്ടതായി അമേരിക്കൻ ചലച്ചിത്ര നടനും തിരക്കഥാകൃത്തുമായ മാറ്റ് ഡേമൺ തുറന്നുപറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ നെറ്റ്ഫ്ലിക്സ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
സ്ട്രേഞ്ചർ തിങ്സും സെക്കൻഡ് സ്ക്രീന്‍ വ്യൂവിങ്ങും
സെക്കൻഡ് സ്ക്രീനിങ്ങിന്റെ പ്രതിഫലനം സ്ട്രേഞ്ചർ തിങ്സിന്റെ അവസാന ഭാഗത്ത് കാണാൻ സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്. സീസൺ 5ലെ എപ്പിസോഡുകൾ പുറത്തുവന്നതിന് പിന്നാലെ തന്നെ കഥാപാത്രങ്ങൾ അഭിനയിക്കുന്നതിനൊപ്പം വാക്കുകൾ കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നതെന്ന് വിവരിക്കുന്നു എന്ന രീതിയിലുള്ള ചർച്ചകൾ ഉയർന്നുവന്നിരുന്നു. കഥാപാത്രങ്ങളുടെ വികാസത്തിന് ഈ രീതി തടസ്സം നിൽക്കുന്നതായും ആസ്വാദനത്തെ മോശമായി ബാധിക്കുന്നതായും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുകയും ചെയ്തു.

തുടരുന്ന സെക്കൻഡ് സ്ക്രീൻ വ്യൂവിങ്
വാർത്തകളുടെ അവതരണത്തിലും സെക്കൻഡ് സ്ക്രീൻ വ്യൂവിങ്ങിന്റെ ഇംപാക്ട് കാണാൻ സാധിക്കും. വാർത്തകൾ ആവർത്തിച്ച് പറയുന്നതും ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിക്കുന്നതും ആളുകളുടെ ശ്രദ്ധ കുറയുന്നതിന്റെ ഫലമായി സംഭവിക്കുന്നതാണ്. എന്നാൽ, ഇത്തരത്തിൽ വാർത്തകൾ അവതരിപ്പിക്കുമ്പോൾ വസ്തുതകൾ എല്ലാം പറയാൻ സാധിക്കണമെന്നില്ല. ഒരു കാര്യത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാതെ വരാം. മാത്രമല്ല, എല്ലാ പരിപാടികളും വളരെ ലളിതമായി അവതരിപ്പിക്കുമ്പോൾ, ഒരേ കാര്യം ആവർത്തിച്ച് പറയുമ്പോൾ ആളുകളെ അത് മടുപ്പിച്ചേക്കാം. ഇത് സെക്കൻഡ് സ്ക്രീൻ വ്യൂവിങ് പ്രവണത കൂടാൻ കാരണമാകും.
എന്നാൽ, സെക്കൻഡ് സ്ക്രീനിങ് പ്രയോചനപ്പെടുത്തുന്ന ചില പ്ലാറ്റ്‍ഫോമുകളുമുണ്ട് എന്നത് കൗതുകകരമാണ്. യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുത്ത് യൂട്യൂബിനൊപ്പം മറ്റ് ആപ്പുകളും ഉപയോഗിക്കുന്നത് ഇതിന് ഉദാഹരണമാണ്. ഒരേ സമയം ഒന്നിൽക്കൂടുതൽ ആപ്പുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിലൂടെ സെക്കൻഡ് സ്ക്രീൻ വ്യൂവിങ്ങിനെ വരുമാനമാർഗമായി മാറ്റുകയാണ് യൂട്യൂബ്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




