205
Views

‘യുദ്ധം അവിടെയല്ലേ, അതിന് നമ്മളെ ബാധിക്കില്ലല്ലോ?’ എന്ന് പറഞ്ഞിടത്തു നിന്ന് അടുക്കളയിൽ പാചകം ചെയ്യാൻ ഗ്യാസില്ല എന്നുവരെയായി. യുദ്ധം അങ്ങ് ഇറാനിലല്ലേ എന്ന് ചിന്തിച്ചവർക്ക് സ്വന്തം അടുക്കള പുകയാതിരിക്കുമ്പോൾ മനസ്സിലാകും ഒരു യുദ്ധം അവിടെയുള്ള ജനങ്ങളെ മാത്രമല്ല ലോകത്തെ തന്നെ ബാധിക്കുമെന്ന്. ഇന്ന് നമ്മൾ നേരിടുന്നതും അതേ പ്രശ്നമാണ്. വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ സന്ദേശം എന്ന സിനിമയിലെ ശ്രീനിവാസന്റെ ഡയലോഗുകൾ ചിരിച്ചു തള്ളിയ നമ്മൾ ഇന്ന് അതേ ഡയലോഗുകൾ കേട്ട് അതിന്റെ ആധികാരികത മനസ്സിലാക്കുന്നു. ഇന്ധനക്ഷാമം വന്നു കഴിഞ്ഞു. അതിന്റെ തെളിവാണല്ലോ ഒട്ടനവധി ഹോട്ടലുകൾ അടച്ചുപൂട്ടിയത്. ഇനിയെന്താണ് നമ്മൾ ചെയ്യുക?

A scene from a movie featuring four characters in a room, with two men in traditional attire discussing animatedly while a woman observes. The first man appears to be gesturing while the second man sits at a table looking contemplative.
Screengrab – Sandesham Movie | YouTube

ഇതിനു മുമ്പും ഇങ്ങനെ ഇന്ധനക്ഷാമം ഉണ്ടായിട്ടുണ്ടോ?
വിവിധ യുദ്ധങ്ങൾ ലോകത്ത് നടന്നിട്ടുണ്ട്. യുദ്ധം ചെറുതോ വലുതോ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടത് ജനങ്ങൾ തന്നെയാണ്. പണ്ടും ഇത്തരത്തിൽ പാചകവാതകത്തിനും ഓയിലിനും എല്ലാം ക്ഷാമം വന്നിട്ടുണ്ട്. എന്നാൽ, അതെല്ലാം യുദ്ധത്തെ അടിസ്ഥാനമാക്കി മാത്രമായിരുന്നില്ല, ഇന്ത്യയിലെ പല പ്രശ്നങ്ങളും കാരണമായി.

എന്നാൽ, എണ്ണ പ്രതിസന്ധി രൂക്ഷമാക്കിയ മറ്റൊരു യുദ്ധമുണ്ടായിരുന്നു. അത് 1973ൽ ഇസ്രയേലും അറബ് രാജ്യങ്ങളും (ഈജിപ്ത്, സിറിയ) തമ്മിൽ നടന്ന യോം കിപ്പൂർ യുദ്ധമായിരുന്നു. 1948-ൽ പലസ്തീൻ മണ്ണിൽ ഇസ്രയേൽ രൂപീകരിക്കപ്പെട്ടതോടെ മുതൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ ഭാഗമായിരുന്നു ഇത്. ഈജിപ്തും സിറിയയും ഇസ്രയേലിന് മേൽ അപ്രതീക്ഷിത ആക്രമണം നടത്തി. അമേരിക്ക ഇസ്രയേലിനെയും സോവിയറ്റ് യൂണിയൻ അറബ് രാജ്യങ്ങളെയും പിന്തുണച്ചതോടെ ഇതൊരു ആഗോള വിഷയമായി മാറി. ഇസ്രയേലിന് പാശ്ചാത്യ രാജ്യങ്ങൾ നൽകിയ പിന്തുണയ്ക്ക് മറുപടിയായി അറബ് രാജ്യങ്ങൾ എണ്ണ കയറ്റുമതിയെ ഒരു ആയുധമായി ഉപയോഗിച്ചു (oil embargo). ഇസ്രയേലിനെ അനുകൂലിക്കുന്ന അമേരിക്ക, നെതർലാൻഡ്‌സ്, യുകെ, ജപ്പാൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള എണ്ണ വിതരണം അവർ നിർത്തിവച്ചു. കൂടാതെ, ഉൽപ്പാദനത്തിൽ ഓരോ മാസവും 5 ശതമാനം കുറവ് വരുത്തുകയും ചെയ്തു. ഭൗമരാഷ്ട്രീയ തന്ത്രങ്ങൾക്കായി എണ്ണയെ ഇങ്ങനെ ഉപയോഗിക്കുന്നത് ചരിത്രത്തിൽ ആദ്യമായിരുന്നു.

A chaotic battlefield scene featuring soldiers engaging in combat with rifles, tanks advancing and explosions erupting in the background, creating a vivid depiction of war.
Representative Image | Gemini

ആശ്രയം ഗൾഫ് രാജ്യങ്ങൾ
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള വ്യവസായ വളർച്ച കാരണം ലോകം എണ്ണയ്ക്കായി അറബ് രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. 1960-ൽ രൂപീകൃതമായ ഒപെക് (OPEC) എന്ന സംഘടനയിലൂടെ എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങൾ വിപണിയിൽ വലിയ സ്വാധീനം ഉറപ്പിച്ചു. അമേരിക്കയിലെ ആഭ്യന്തര ഉൽപ്പാദനം കുറഞ്ഞതോടെ പാശ്ചാത്യ രാജ്യങ്ങൾക്ക് ഗൾഫ് എണ്ണയെ കൂടുതൽ ആശ്രയിക്കേണ്ടി വന്നു.

A devastated urban landscape with collapsed buildings and debris scattered on the ground, showcasing destruction and desolation.
Photo: AFP

ഉൽപ്പാദന നിയന്ത്രണം വന്നതോടെ എണ്ണവില ബാരലിന് 3 ഡോളറിൽ നിന്ന് 12 ഡോളറായി കുതിച്ചുയർന്നു. ഇത് ഗതാഗതം, കൃഷി, വ്യവസായം തുടങ്ങി എല്ലാ മേഖലകളെയും ബാധിച്ചു. അമേരിക്കയിൽ ഇന്ധനത്തിനായി വലിയ ക്യൂ പ്രത്യക്ഷപ്പെടുകയും പലയിടങ്ങളിലും പെട്രോൾ തീർന്നുപോകുകയും ചെയ്തു. ഇന്ധന ഉപയോഗം കുറയ്ക്കാൻ രാജ്യങ്ങൾ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇങ്ങനെ തുടർന്നു പോകുമ്പോൾ അത് പണപ്പെരുപ്പത്തിലേക്കും തൊഴിലില്ലായ്മയിലേക്കുമെല്ലാം വഴിതുറക്കും. അത് തന്നെയാണ് അന്നും സംഭവിച്ചത്. ഉയർന്ന എണ്ണവില ഉൽപ്പാദന ചിലവ് വർദ്ധിപ്പിക്കുകയും ഇത് പണപ്പെരുപ്പത്തിന് (Inflation) കാരണമാകുകയും ചെയ്തു. അതേസമയം സാമ്പത്തിക വളർച്ച കുറയുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്തു. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും ഒരേസമയം ഉണ്ടാകുന്ന ഈ അവസ്ഥയാണ് ‘സ്റ്റാഗ്‌ഫ്ലേഷൻ’ എന്ന് അറിയപ്പെടുന്നത്. ഇത് ലോകത്തെ പല പ്രമുഖ സമ്പദ്‌വ്യവസ്ഥകളെയും തളർത്തി.

പരിഹാരം– ചർച്ച
നയതന്ത്ര ചർച്ചകളുടെ ഫലമായി 1974 മാർച്ചിൽ എണ്ണ ഉപരോധം അവസാനിച്ചെങ്കിലും, ആഗോള സമ്പദ്‌വ്യവസ്ഥയിലും രാഷ്ട്രീയത്തിലും അത് മായാത്ത മുദ്രകൾ പതിപ്പിച്ചു. ഇന്ധനത്തിനായി ഇറക്കുമതിയെ മാത്രം ആശ്രയിക്കുന്ന രീതി മാറ്റാൻ പല രാജ്യങ്ങളെയും ഈ പ്രതിസന്ധി പ്രേരിപ്പിച്ചു.

രണ്ടാമത്തെ എണ്ണ പ്രതിസന്ധി (1970-കളുടെ അവസാനം)
1973-74 കാലഘട്ടത്തിലെ ആദ്യ എണ്ണ പ്രതിസന്ധിക്ക് സമാനമായി, എഴുപതുകളുടെ അവസാനമുണ്ടായ രണ്ടാമത്തെ എണ്ണ പ്രതിസന്ധിയും മിഡിൽ ഈസ്റ്റിലെ (Middle East) സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ, ആഗോളതലത്തിൽ എണ്ണയ്ക്കുള്ള ഉയർന്ന ആവശ്യകതയും ഇതിന് ഒരു പ്രധാന കാരണമായി.

A large crowd of protesters gathered in front of a monument, with several individuals raising their fists in celebration. The scene is in black and white, capturing a moment of unity and protest.
Iranian Revolution. Image Credit : Wikimedia

വിലക്കയറ്റവും ഡിമാൻഡും ഇറാൻ വിപ്ലവവും ഉൽപ്പാദനക്കുറവും

1978-ന്റെ തുടക്കത്തിൽ ആരംഭിച്ച ഇറാൻ വിപ്ലവം ഒരു വർഷത്തിനുശേഷം ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ ഭരണത്തിന്റെ തകർച്ചയിലും അയത്തുള്ള ഖൊമേനിയുടെ അധികാരലബ്ധിയിലുമാണ് അവസാനിച്ചത്. ഈ വിപ്ലവത്തിന്റെ ഭാഗമായി ഇറാന്റെ എണ്ണ ഉൽപ്പാദനം പ്രതിദിനം 4.8 മില്യൺ ബാരലായി കുറഞ്ഞു (അക്കാലത്തെ ആഗോള ഉൽപ്പാദനത്തിന്റെ 7 ശതമാനം). എന്നാൽ, വില വർദ്ധനവിന് കാരണം ഈ ഉൽപ്പാദനക്കുറവ് മാത്രമല്ലായിരുന്നു; വരാനിരിക്കുന്ന വലിയ വിതരണ തടസ്സങ്ങളെക്കുറിച്ചുള്ള ഭീതിയും അതിനെത്തുടർന്ന് ആളുകൾ എണ്ണ വ്യാപകമായി പൂഴ്ത്തിവെക്കാൻ (Speculative hoarding) തുടങ്ങിയതും വിലക്കയറ്റത്തിന് ആക്കം കൂട്ടി.

എൽപിജി പ്രതിസന്ധി (അന്നത്തെ കാലം)
ഇനി മറ്റൊരു കാര്യം, 1980-90 കാലഘട്ടത്തിലെ എൽപിജി പ്രതിസന്ധി ഇന്നത്തെക്കാൾ വളരെ വ്യത്യസ്തമായിരുന്നു. ഇന്നത്തെ പ്രതിസന്ധി ഇന്ധനത്തിന്റെ വിലയും ആഗോള യുദ്ധങ്ങളുമാണെങ്കിൽ, അന്ന് അത് ലഭ്യതക്കുറവും ഭരണപരമായ പരിമിതികളുമായിരുന്നു.

80-കളിൽ ഇന്ത്യയിൽ പാചകവാതകത്തിന്റെ ഉപയോഗം നഗരങ്ങളിൽ അതിവേഗം വർദ്ധിച്ചു. എന്നാൽ, അതിനനുസരിച്ച് എൽപിജി ഉൽപ്പാദിപ്പിക്കാനോ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനോ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യക്കുണ്ടായിരുന്നില്ല. ഇത് വമ്പിച്ച വിതരണ തടസ്സത്തിന് കാരണമായി.
അക്കാലത്ത് ഒരു ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്താൽ അത് വീട്ടിലെത്താൻ 15 ദിവസം മുതൽ 2 മാസം വരെ സമയം എടുക്കുമായിരുന്നു. പല വീടുകളിലും ഗ്യാസ് തീരുമെന്ന പേടിയിൽ പകുതി വേവിച്ച ഭക്ഷണങ്ങളും മറ്റും തയ്യാറാക്കി വെക്കുന്ന രീതി ഉണ്ടായിരുന്നു. സിലിണ്ടർ തീർന്നുപോയാൽ വീണ്ടും വിറകടുപ്പിലേക്കോ മണ്ണെണ്ണ സ്റ്റൗവിലേക്കോ മാറേണ്ട അവസ്ഥയായിരുന്നു സാധാരണക്കാർക്ക്.

ഇന്ന് നമുക്ക് എപ്പോൾ വേണമെങ്കിലും പുതിയ ഗ്യാസ് കണക്ഷൻ എടുക്കാം. എന്നാൽ 80-കളിൽ ഒരു പുതിയ കണക്ഷൻ ലഭിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരു ഗ്യാസ് കണക്ഷൻ കിട്ടാൻ വർഷങ്ങളോളം വെയിറ്റിംഗ് ലിസ്റ്റിൽ നിൽക്കണമായിരുന്നു.

ലൈസൻസ് രാജ്
ഗ്യാസ് ഏജൻസികൾ അനുവദിക്കുന്നതിലും ഗ്യാസ് വിതരണം ചെയ്യുന്നതിലും സർക്കാരിന് കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. വിതരണക്കാരുടെ എണ്ണം കുറവായതും ദൂരസ്ഥലങ്ങളിൽ ഏജൻസികൾ ഇല്ലാത്തതും സാധാരണക്കാരെ വലച്ചു.

സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടതോടെ കരിഞ്ചന്ത സജീവമായി. ഇരട്ടി വില നൽകിയാൽ സിലിണ്ടറുകൾ രഹസ്യമായി എത്തിച്ചു നൽകുന്ന ഏജന്റുകൾ അന്ന് സജീവമായിരുന്നു. സിലിണ്ടറിലെ ഗ്യാസ് മോഷ്ടിക്കുന്നതും അക്കാലത്ത് വ്യാപകമായ പരാതിയായിരുന്നു.

അങ്ങനെ 1991-ലെ സാമ്പത്തിക ഉദാരവൽക്കരണത്തിന് (Liberalization) ശേഷമാണ് ഈ അവസ്ഥയ്ക്ക് മാറ്റം വന്നത്. സ്വകാര്യ കമ്പനികൾക്കും എൽപിജി ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനും അനുമതി ലഭിച്ചു. പുതിയ എണ്ണ ശുദ്ധീകരണശാലകൾ (Refineries) സ്ഥാപിതമായതോടെ ആഭ്യന്തര ഉൽപ്പാദനം വർദ്ധിച്ചു. വിതരണ ശൃംഖല മെച്ചപ്പെട്ടതോടെ വെയ്റ്റിംഗ് ലിസ്റ്റ് സമ്പ്രദായം സാവധാനം ഇല്ലാതായി. ഈ യുദ്ധം അവസാനിച്ചാൽ മാത്രമേ ഇന്ധന വിതരണമെല്ലാം ഇനി സാധാരണ നിലയിലാകുള്ളൂ.

ഇതൊക്കെ ചരിത്രത്തിൽ ഇതിനു മുമ്പ് നടന്ന കാര്യങ്ങളാണ്. നമുക്കിനി പ്രസന്റിലേക്ക് വരാം. ഇനിയെന്ത് ചെയ്യും?

അടുത്ത് നടന്ന റഷ്യ–യുക്രൈൻ യുദ്ധവും ചെറിയ രീതിയിലെങ്കിലും ഇന്ധന കയറ്റുമതിയെ ബാധിച്ചു. 2021–2023 കാലഘട്ടത്തിലെ ആഗോള ഊർജ്ജ പ്രതിസന്ധിയുടെ മുഖ്യ കാരണമായി ഈ യുദ്ധം കണക്കാക്കപ്പെടുന്നു. യൂറോപ്പിലേക്കുള്ള റഷ്യൻ ഗ്യാസ് വിതരണത്തിന്മേൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും റഷ്യക്കെതിരെയുള്ള അന്താരാഷ്ട്ര ഉപരോധങ്ങളും ഊർജ്ജ വില റെക്കോർഡ് ഉയരത്തിലെത്താൻ കാരണമായി.

Emergency responders surveying a damaged apartment building, showing collapsed sections and debris after a disaster.
Image Credit : npr.org

യൂറോപ്പിലെ പ്രതിസന്ധി: യൂറോപ്പിന് ആവശ്യമായ പ്രകൃതിവാതകത്തിന്റെ ഏറിയ പങ്കും നൽകിയിരുന്നത് റഷ്യയായിരുന്നു. യുദ്ധത്തെത്തുടർന്ന് ഇത് തടസ്സപ്പെട്ടത് ലോകമെമ്പാടും ഗ്യാസ് വില വർദ്ധിക്കാൻ കാരണമായി.
ഇന്ത്യയിലെ ആഘാതം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ ഇന്ത്യയിലും പെട്രോൾ, ഡീസൽ, എൽപിജി വിലകളിൽ വലിയ വർദ്ധനവുണ്ടായി.
ഇറക്കുമതി ചിലവ്: ഇന്ത്യ എണ്ണയുടെ വലിയൊരു ഭാഗം റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വാങ്ങാൻ ശ്രമിച്ചെങ്കിലും, ആഗോള വിപണിയിലെ ചാഞ്ചാട്ടം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കി.

A modern induction cooktop on a wooden kitchen countertop, with a stylish and minimalistic kitchen setting in the background.
Representative Image | Gemini

അടുക്കളയിൽ പകരം എന്ത് ഉപയോഗിക്കും?

വിറകടുപ്പുകൾ ശാശ്വതമല്ല. ഇന്ന് പല വീടുകളിലും ഇൻഡക്ഷൻ സ്റ്റവ്/കുക്കറുകൾ ഉപയോഗിക്കുന്നു. മാത്രമല്ല, കടകളിൽ ഇൻഡക്ഷന് വൻ ഡിമാൻഡാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഇലക്ട്രിക് സ്റ്റവും ഉപയോഗിക്കാവുന്നതാണ്. പിന്നെ, എയർ ഫ്രയർ, അവന്‍, റൈസ് കുക്കർ എന്നിലയെല്ലാമുണ്ട്. ഇലക്ട്രിസിറ്റി ബിൽ തുക ഉയരുമെന്ന് മാത്രം. എൽപിജിക്ക് പകരം ബയോഗ്യാസ് ഉപയോഗിക്കുന്നവരും ഉണ്ട്. പക്ഷേ അതും ഒരു പരിധി വരെ മാത്രമേ നമുക്ക് ഉപയോഗിക്കാൻ സാധിക്കുള്ളൂ.


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
· · · ·
Article Categories:
Whats Happening Around

Comments are closed.