നാട്ടിലെ കഠിനമായ ചൂടിലും സ്റ്റൈലിഷ് ആയിരിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിൽ വിയർപ്പും അസ്വസ്ഥതയും ഫാഷനെ ബാധിച്ചേക്കാം. എന്നാൽ, ശരിയായ തുണിത്തരങ്ങളും നിറങ്ങളും തിരഞ്ഞെടുക്കുകയാണെങ്കിൽ ഈ വേനൽക്കാലത്തും നിങ്ങൾക്ക് തിളങ്ങാൻ സാധിക്കും. ചില സമ്മർ ഫാഷൻ ടിപ്‌സ് അറിയാം.
തുണിത്തരങ്ങൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കാം
വേനൽക്കാലത്ത് സിന്തറ്റിക് വസ്ത്രങ്ങൾ പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ വിയർപ്പ് വലിച്ചെടുക്കില്ല എന്ന് മാത്രമല്ല, ചർമത്തിൽ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. കേരളത്തിലെ ചൂടിന് ഏറ്റവും അനുയോജ്യം കോട്ടൺ വസ്ത്രങ്ങളാണ്. ഇവ വായുസഞ്ചാരം ഉറപ്പാക്കുകയും വിയർപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ഭാരം കുറഞ്ഞതും സ്റ്റൈലിഷുമായ ഒന്നാണ് ലിനൻ. ഇത് പ്രീമിയം ലുക്കും നൽകും. ഇതിന് പുറമെ, സ്ത്രീകൾക്കു മൃദുവായ മൽമൽ കുർത്തകളും സാരികളും വേനൽക്കാലത്ത് ധരിക്കാൻ വളരെ സുഖകരമാണ്.

Image Credit: Representative image created using AI Image Generator
നിറങ്ങളിൽ വേണം മാജിക്
ഇരുണ്ട നിറങ്ങൾ ചൂട് ആഗിരണം ചെയ്യുന്നവയാണ്. അതിനാൽ, വെയിലത്ത് ഇറങ്ങുമ്പോൾ കറുപ്പ് പോലുള്ള നിറങ്ങൾ ഒഴിവാക്കാം. പിങ്ക്, മിന്റ് ഗ്രീൻ, ലാവെൻഡർ, സ്കൈ ബ്ലൂ തുടങ്ങിയ പേസ്റ്റൽ നിറങ്ങൾ കണ്ണിന് കുളിർമ നൽകുന്നതും ചൂട് കുറയ്ക്കുന്നതുമാണ്. വേനൽക്കാലത്തെ എക്കാലത്തെയും ക്ലാസിക് ചോയ്സ് ആണ് വെള്ള വസ്ത്രങ്ങൾ.
വസ്ത്രധാരണ രീതി
ഇറുക്കമുള്ള വസ്ത്രങ്ങൾ ഒഴിവാക്കി അല്പം ‘ലൂസ്’ ആയ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ജീൻസിന് പകരം അയഞ്ഞ പാന്റ്സോ ട്രൗസർസോ ധരിക്കാം. സ്ത്രീകൾക്ക് പലാസോകളോ സിഗരറ്റ് പാന്റുകളോ കുർത്തയ്‌ക്കൊപ്പം പരീക്ഷിക്കാം. കോട്ടൺ ലോങ്ങ് സ്കർട്ടുകളും സിംപിൾ ടോപ്പുകളും ഇപ്പോൾ ട്രെൻഡാണ്. യാത്രകൾക്കും വൈകുന്നേരത്തെ കറക്കങ്ങൾക്കും ഫ്ലോറൽ പ്രിന്റുള്ള വസ്ത്രങ്ങള്‍ പരീക്ഷിക്കാം. ഒഫീഷ്യൽ കാര്യങ്ങൾക്കോ ചടങ്ങുകൾക്കോ പോകാൻ കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം.

Image Credit: Representative image created using AI Image Generator
ആക്സസറികൾ മറക്കണ്ട
സ്റ്റൈൽ പൂർണമാകണമെങ്കിൽ ശരിയായ ആക്സസറികൾ കൂടി വേണം. കണ്ണുകളെ സംരക്ഷിക്കാനും ഒപ്പം സ്റ്റൈലിഷ് ആകാനും നല്ലൊരു സൺഗ്ലാസ് നിർബന്ധമാണ്. വായുസഞ്ചാരം ലഭിക്കുന്ന തരത്തിലുള്ള ഫ്ലാറ്റ് ചെരിപ്പുകളോ ജൂത്തികളോ ഉപയോഗിക്കുക. സ്ത്രീകൾ ഹീൽസ് ഒഴിവാക്കുന്നത് നല്ലതാണ്. ജൂട്ട് അല്ലെങ്കിൽ തുണി ബാഗുകൾ ഉപയോഗിക്കുന്നത് വേനൽക്കാലത്തിന് അനുയോജ്യമാണ്.
ഹെയർസ്റ്റൈലും സ്കിൻകെയറും
മുടി അഴിച്ചിടുന്നത് ചൂട് വർധിപ്പിക്കും. ഹൈ ബൺ, മെസ്സി ബ്രെയ്‌ഡ്‌സ് എന്നിവ പരീക്ഷിക്കാം. കൂടാതെ, പുറത്തിറങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടാൻ മറക്കരുത്. അമിതമായ മേക്കപ്പ് വിയർപ്പിൽ ഇളകി പോകാൻ സാധ്യതയുണ്ട്. അതിനാൽ ‘നോ മേക്കപ്പ്’ ലുക്ക് പരീക്ഷിക്കുന്നതാണ് നല്ലത്.
- ഫാഷനേക്കാൾ പ്രധാനം നിങ്ങളുടെ ആരോഗ്യമാണ്. ധാരാളം വെള്ളം കുടിക്കാനും കുട കയ്യിൽ കരുതാനും മറക്കരുത്.




