‘നാലുപാടും കടമുണ്ടാക്കിയിട്ട് കട്ടൻ ചായയും മിച്ചറും കഴിച്ച് ടിവി കണ്ടിരിക്കുകയായിരിക്കും’ എന്ന് അച്ഛനെ കുറിച്ച് പറയാൻ ഇതിനു മുൻപ് എത്ര മലയാള സിനിമ തയ്യാറായിട്ടുണ്ട്?

കോടിക്കണക്കിന് ആൺകുട്ടികളുടെ കഥയായിരിക്കുമ്പോൾ പോലും കുടുംബ ബന്ധങ്ങളുടെ ഇതുവരെ കാണാത്ത പല തലങ്ങളും വാഴ കാണിച്ചുതരുന്നുണ്ട്. മലയാള സിനിമ ശീലിച്ചുപോന്ന ‘ടിപ്പിക്കൽ അച്ഛൻ’ സങ്കൽപ്പങ്ങളെ ചിത്രം വളരെ ലളിതമായാണ് പൊളിച്ചെഴുതുന്നത്. സ്വന്തം കടങ്ങൾ വീട്ടാൻ മക്കളെ പ്രവാസത്തിന്റെ കഷ്ടപ്പാടുകളിലേക്ക് പറഞ്ഞയക്കുന്ന, അവരുടെ സ്വപ്നങ്ങൾക്ക് വില നൽകാത്ത അച്ഛൻ. അതിന്റെ മറുപുറമെന്നോണം മക്കൾക്ക് മുന്നിൽ വീണുപോകുന്ന, അവർക്ക് വേണ്ടി മറ്റുള്ളവരുടെ മുന്നിൽ തലകുനിക്കുന്ന, ‘എന്നെയും ഒന്ന് കെട്ടിപിടിക്കടാ’ എന്ന് പറയുന്ന അച്ഛൻ… അടങ്ങാത്ത സ്നേഹം ഉള്ളിൽ ഉള്ളപ്പോഴും ഒരു കെട്ടിപിടിത്തത്തിലൂടെ പോലും അത് പ്രകടിപ്പിക്കാൻ കഴിയാത്ത അച്ഛൻ, അമ്മയില്ലാത്ത വീട്ടിൽ മകന് അമ്മയുടെ തണലൊരുക്കാൻ ശ്രമിക്കുന്ന അച്ഛൻ… അങ്ങനെ എന്റെയും നിന്റെയും നമുക്ക് അറിയാവുന്നവരുടേതുമായ എത്രയോ അച്ഛന്മാരെയാണ് സിനിമ കാണിച്ചു തരുന്നത്.
അമ്മമാർക്ക് എല്ലാ മക്കളും ഒരുപോലെ ആണെന്ന് പറയുമ്പോഴും ഇളയ മക്കൾ എന്നും ഇളയതായിരിക്കുകയും മൂത്ത മക്കൾ വളരെ ചെറുപ്പത്തിൽ തന്നെ മുതിരുകയും ചെയ്യേണ്ടിവരുന്ന അവസ്ഥ സിനിമ പറഞ്ഞുവയ്ക്കുന്നുണ്ട്. ‘അമ്മയ്ക്ക് അല്ലെങ്കിലും അവനെ/അവളെ അല്ലെ കൂടുതൽ ഇഷ്ടം’ എന്ന് പറയേണ്ടി വന്നിട്ടുള്ള മക്കളുടെ ഉള്ളിൽ തറയ്ക്കുന്നതാണ് സിനിമയുടെ തുടക്കത്തിൽ തന്നെ കാണിക്കുന്ന ആ വേർതിരിവ്. അങ്ങനെ പല കാരണങ്ങൾ കൊണ്ട് വീട്ടിൽ നിന്ന് കിട്ടാതെ പോയ സ്നേഹത്തിനും പലയിടങ്ങളിൽ നിന്ന് നേരിടേണ്ടി വരുന്ന അവഗണനകൾക്കും കുട്ടികൾ ആശ്വാസം കണ്ടെത്തുന്നത് സൗഹൃദങ്ങളിലാണ്. ‘ഞാൻ അല്ലാതെ പിന്നാര്’ എന്ന് പറഞ്ഞ് കൂടെ കൂടുന്ന മനുഷ്യരിലാണ്. അതുകൊണ്ടാണ് കൂട്ടുകാരന്റെ അനിയത്തിയെ കുറിച്ച് അപവാദം പറഞ്ഞ സാറിനെ അടിക്കുന്നതും, സുഹൃത്തിന്റെ അച്ഛന്റെ ചിതയ്ക്ക് തീകൊളുത്തുമ്പോൾ നെഞ്ച് പൊട്ടി കരയുന്നതുമെല്ലാം.
അത്തരം സാഹചര്യങ്ങൾ അല്ലെങ്കിൽ പോലും കൂട്ടുകാരന്റെ പെങ്ങൾക്ക് വേണ്ടി അടിയുണ്ടാക്കാൻ പോയിട്ടുള്ള, അവരുടെ വീട്ടുകാർക്ക് വേണ്ടി ആശുപത്രി കയറിയിറങ്ങിയിട്ടുള്ള എത്രയെത്രയോ മനുഷ്യരുണ്ട്. സുഹൃത്തുക്കൾക്ക് വേണ്ടി അടിപിടി കൂടുന്നതിന് അപ്പുറത്ത്, എങ്ങനെയാണ് വീട്ടിനുള്ളിൽ ഒറ്റതുരുത്തുകളായി മാറുന്ന മനുഷ്യർക്ക് സൗഹൃദം ആശ്വാസമാകുന്നതെന്ന് സിനിമ നമ്മളെ ഓർമ്മിപ്പിക്കുന്നു… അതിനൊപ്പം തന്നെ ഓരോ അടിക്ക് പിന്നിലും കൃത്യമായ കാരണങ്ങളുണ്ടെന്നും അതിന്റെ ഉറവിടം കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണെന്നും സിനിമ പറയാതെ പറയുന്നു. അല്ലെങ്കിൽ പപ്പടത്തിന്റെ പേരിലുള്ള അടിയാണെന്നേ മനസ്സിലാകൂ. അതിന്റെ കാതലായ കാരണം മനസ്സിലാകില്ല.

പിന്നീട് സിനിമ പറയുന്നത് സാഹോദര്യ ബന്ധത്തെ കുറിച്ചാണ്. അനിയത്തിയോ അനിയനോ ചേട്ടനോ ഉള്ള ആളുകൾക്ക് എവിടെയെങ്കിലുമൊക്കെ കണക്ടാകുന്നതാണ് അവസാന 10 മിനിറ്റ്. ഒരുമിച്ച് കളിക്കാൻ പറ്റാത്ത ചേട്ടനും അനിയത്തിയും. സ്നേഹത്തിനിടയിലും അനിയത്തിയെ കുറിച്ച് ഉയരുന്ന അപവാദങ്ങളിൽ നിന്നുയരുന്ന അകൽച്ച. ‘ഞാൻ അല്ലാതെ പിന്നാര് ചിറകാകും’ എന്ന തിരിച്ചറിവുകൾ. തന്നെ പോലെ തെറ്റുകളുടെ വഴിയിലേക്ക് നടന്നടുക്കുന്ന അനിയനെ തന്റെ അവസ്ഥയിലേക്ക് എത്താതെ ചേർത്ത് പിടിക്കുന്ന ചേട്ടൻ. എന്നും അടിയുണ്ടാക്കുന്ന ചേട്ടനെ മൂന്നാമതൊരാൾ വഴക്കു പറയുമ്പോൾ അതിനെ ചോദ്യം ചെയ്യുന്ന അനിയൻ. രണ്ട് പേരുടെയും ജീവിതം നശിക്കും എന്ന് മനസ്സിലായി തുടങ്ങുമ്പോൾ ഒരാൾ മറ്റൊരാൾക്ക് തണലാകുന്ന കാഴ്ച. അങ്ങനെ, വഴക്കുകൾക്കും പിണക്കങ്ങൾക്കുമൊക്കെ അവസാനം ‘നമ്മൾക്ക് നാം തന്നെയല്ലേ… കൂടെ പിറന്നവർ അല്ലെ…’ എന്ന് അതിഭാവുകത്വമോ അതിവൈകാരികതയോ ഇല്ലാതെ സിനിമ വരച്ചു കാണിക്കുന്നുണ്ട്.

പ്രണയത്തിലും ഇതുവരെ മലയാള സിനിമ കാണിച്ചുതരാത്ത ഒരു തലമാണ് വാഴ കാണിക്കുന്നത്. ഇഷ്ടപ്പെടുന്ന പെണ്ണിനോട് അത് തുറന്നുപറഞ്ഞ് പുറകെ നടന്ന് വളയ്ക്കുന്ന നായകനെ നിങ്ങൾക്ക് വാഴയിൽ കാണാൻ കഴിയില്ല. പറയാൻ ധൈര്യമില്ലാതെ ഇഷ്ടം ഉള്ളിൽകൊണ്ട് നടക്കുന്ന നായകനെയെ നിങ്ങൾക്ക് കാണാൻ കഴിയൂ. ഏത് കണക്കെടുത്താലും അത്തരത്തിൽ പറയാതെ പ്രണയം ഉള്ളിൽകൊണ്ട് നടന്ന ആൺകുട്ടികളായിരിക്കും ഒരുപക്ഷേ കൂടുതൽ. അവരെ അവരറിയാതെ ഇഷ്ടപ്പെട്ടിരുന്ന എത്രയോ പെൺകുട്ടികൾ. അത്തരത്തിലുള്ള ഒരു മഹാഭൂരിപക്ഷത്തെയാണ് വാഴ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുന്നത്.
ഇങ്ങനെയുള്ള പ്രണയം എനിക്കോ നിനക്കോ ഉണ്ടായിട്ടുണ്ട്, അല്ലെങ്കിൽ അങ്ങനെയുള്ള ആരെയൊക്കെയോ നമുക്ക് അറിയാം, അതുകൊണ്ട് തന്നെ തുറന്നുകാണിക്കൽ എന്നതിലുപരി അതൊരു അംഗീകരിക്കൽ കൂടിയാണ്. മാത്രമല്ല, അടുത്തകാലത്ത് ഏറ്റവും ട്രോൾ ചെയ്യപ്പെട്ട ‘നിനക്ക് എന്നേക്കാൾ നല്ല ചെക്കനെ/പെണ്ണിനെ കിട്ടും’ എന്ന ഡയലോഗിന്റെ മറുവശവും സിനിമ കാണിച്ചുതരുന്നു. ഒരിക്കലും ഒന്നിക്കാൻ കഴിയാത്ത അത്ര ജീവിതം വേർതിരിഞ്ഞ് ഒഴുകിമാറുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾക്കുള്ളിൽ കുടുങ്ങി പോവാതെ, അവരെങ്കിലും രക്ഷപ്പെടാൻ വേണ്ടി അങ്ങനെ പറയേണ്ടി വരുന്ന നിസ്സഹായത സിനിമ തുറന്നുകാണിക്കുന്നു.

Screengrab– From the Vaazha 2 official trailer | YouTube/Think Music India
പിന്നീട് ഏറ്റവും കണക്ട് ചെയ്യാൻ കഴിയുന്നത് സിനിമയിൽ കാണിക്കുന്ന അധ്യാപകരെയാണ്. പഠിക്കണം നന്നാവണം എന്ന് തോന്നിപ്പിക്കുന്ന മനോജ് സാറിനെ പോലെയുള്ള അധ്യാപകരെ അപ്പുറത്തെ ക്ലാസിലെങ്കിലും എല്ലാവരും കണ്ടിട്ടുണ്ടാകാം. സദാചാരം പറയുന്ന ക്രൂരനായ മുജീബ് സാറിനെ പോലെയുള്ള അധ്യാപകരെ സ്വന്തം ക്ലാസിൽ തന്നെ കാണാനാണ് സാധ്യത കൂടുതൽ. സ്കൂൾ വരാന്തയിലൂടെ നടന്നു പോകുമ്പോൾ പുറകിൽ നിന്നു വെറുതെ വന്നുവീണ അടികളില്ലേ… ‘ഇവളുമാരൊക്കെ കെട്ടിയൊരുങ്ങി വരുന്നത് ആൺപിള്ളേരെ കാണിക്കാനാണ്’, എന്ന് പറയുന്ന ടീച്ചർ സ്കൂളിലുണ്ടായിട്ടുണ്ടാകും. ആണും പെണ്ണും ഒരുമിച്ച് നിന്ന് സംസാരിച്ചാൽ വല്ല ലോഡ്ജിലും പോയി റൂമെടുത്തുകൂടെ എന്ന് ചോദിക്കുന്ന അധ്യാപകരെ പോലും നമ്മളിൽ പലരും കണ്ടിട്ടുണ്ടാകും എന്നതാണ് യാഥാർഥ്യം.
കളിക്കാൻ പാടവും പറമ്പും ഇല്ലാതാകുന്നതിന്റെ പ്രശ്നവും സിനിമ തുറന്നുകാണിക്കുന്നു. കുട്ടികൾക്കിടയിലെ ലഹരി ഉപയോഗം കൂടുന്നു എന്നത് യാഥാർഥ്യമാണ്. പക്ഷേ, അതിനു പിന്നിലെ യഥാർഥ ഉറവിടങ്ങളും കാരണങ്ങളും കണ്ടെത്തുന്നതിൽ എവിടെയൊക്കെയോ സമൂഹം പരാജയപ്പെട്ടിട്ടുണ്ട്. അതിന് ഒരു പരിധി വരെ ഉത്തരം തരാനും സിനിമയക്ക് കഴിയുന്നുണ്ട്. പാടത്തും പറമ്പിലും കളിച്ചു നടന്നിരുന്നവർ ഒരു സ്ഥലത്ത് അടങ്ങിയിരിക്കാൻ നിർബന്ധിതമാകുമ്പോൾ പതിയെ ലഹരിയിലേക്ക് എത്തുന്നതാണ്. അവരുടെ ഉള്ളിലെ എനർജി എങ്ങനെയെങ്കിലുമൊക്കെ പുറത്തുകളയാനുള്ള ശ്രമം. അത് ഒരു ബീഡിയിൽ തുടങ്ങി പതുക്കെ രാസലഹരിയിലേക്ക് സഞ്ചരിക്കുന്നതാണ്. നമ്മൾ അല്ലെങ്കിൽ നമുക്കറിയാവുന്ന പലരും ആ അവസ്ഥയിലൂടെ പോകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. സമൂഹം കൽപിച്ച് വച്ചിരിക്കുന്ന വേഷവിധാനത്തിൽ എത്തുന്നവരൊന്നുമല്ല ഈ ലഹരിയുമായി കുട്ടികൾക്കിടയിൽ എത്തിക്കുന്നതെന്നും കൃത്യമായി സിനിമ പറയുന്നു. ഒരിക്കൽ ആ പേര് വീണവർ പിന്നീട് ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടും സിനിമ വ്യക്തമായി കാണിച്ചുതരുന്നുണ്ട്.

ഇത്തരത്തിൽ ഹാഷിറോ അലനോ അജിനോ വിനായകനോ ആഷ്‌നയോ ഷൈനയോ ഒക്കെ കടന്നുപോയിട്ടുള്ള പല സാഹചര്യങ്ങളിലൂടെ നമ്മളും കടന്നുപോയിട്ടുണ്ടാകും. ഒരു കെട്ടിപിടത്തമോ ഒപ്പമുണ്ടെന്ന വാക്കോ ആഗ്രഹിച്ച് നിന്നിട്ടുണ്ടാകാം. അതുകൊണ്ട് തന്നെയാണ് വാഴ 2 കോടിക്കണക്കിനൊന്നുമില്ലെങ്കിലും കേരളത്തിലെ സാധാരണക്കാരായ ഒരുപാട് യുവതീയുവാക്കളുടെ കണ്ണ് നിറച്ചത്. ഈ നാട്ടിൽ നിൽക്കാൻ പറ്റാതെ വിദേശത്തേക്ക് കുടിയേറി ലൈഫ് പോയിട്ട്, അസുഖം വന്നാൽ മരുന്ന് പോലും വാങ്ങാൻ വഴിയില്ലാതെ ജീവിക്കുന്ന ആളുകളെ കുറിച്ച് പ്രത്യേകിച്ച് പറയുന്നില്ല.




