81
Views

ലോകം കാൽപ്പന്തിന്റെ മായാജാലത്തിൽ ലയിക്കാൻ ഇനി മൂന്ന് മാസങ്ങൾ മാത്രം ബാക്കിയാകുമ്പോൾ ഫുട്‌ബോൾ ലോകം ആശങ്കയിലാണ്. ലോകം യുദ്ധഭീതിയിൽ ആഴ്ന്നിരിക്കുമ്പോൾ, രാജ്യങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ഫുട്‌ബോൾ ലോകകപ്പിന്റെ ഭാവിയെന്താകും?

ലോകകപ്പിനു ആഥിതേയത്വം വഹിക്കുന്ന യുഎസ് യുദ്ധത്തിന്റെ ഒരു ചേരിയിലുള്ളതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. ജൂൺ 11 മുതൽ ജൂലായ് 19 വരെ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് നടക്കാനിരിക്കുന്നത്.

Map of North America with the countries colored in red, blue, and green, representing the 2026 FIFA Football World Cup hosts: America, Mexico, and Canada respectively, alongside the World Cup trophy and the event's logo.

ഇറാൻ – ഇസ്രായേൽ – യുഎസ് സംഘർഷത്തെ തുടർന്ന് ലോകകപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്നാണ് ഫിഫയുടെ നിലവിലെ തീരുമാനം. എന്നാൽ, ലോകകപ്പിൽ നിന്ന് പിന്മാറാനുള്ള നിരവധി കാരണങ്ങൾ ഇറാനുണ്ട്. രാഷ്ട്രീയപരമായി ടൂർണമെന്റ് ബഹിഷ്‌കരിക്കാം, ടീം സുരക്ഷാ കാരണങ്ങളാൽ പിന്മാറുന്നുവെന്ന് ഫിഫയെ അറിയിക്കാം, അല്ലെങ്കിൽ ടൂർണമെന്റിൽ മത്സരിക്കുന്നതിൽ നിന്ന് യുഎസ് ഇറാനെ വിലക്കിയേക്കാം.

കഴിഞ്ഞ ജൂണിൽ ട്രംപ് ഭരണകൂടം ഇറാൻ പൗരന്മാർക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ വാഷിംഗ്ടണില്‍ നടന്ന ലോകകപ്പ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ മെഹ്ദി താജ് ഉള്‍പ്പെടെയുള്ള ഇറാനിയന്‍ ഫുട്‌ബോള്‍ ഭാരവാഹികള്‍ക്കും വിസ ലഭിച്ചിരുന്നില്ല. പക്ഷേ, ലോകകപ്പ്, ഒളിമ്പിക്സ് അല്ലെങ്കിൽ മറ്റ് പ്രധാനപ്പെട്ട കായികമത്സരങ്ങൾക്കായി താരങ്ങൾ പരിശീലകർ തുടങ്ങിയവർക്ക് യാത്രാ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഇളവ് നിലവിലുണ്ടെങ്കിലും നയതന്ത്ര തടസ്സങ്ങളും നിലവിലെ യുദ്ധസമാനമായ അന്തരീക്ഷവും ഇറാന്റെ ലോകകപ്പ് പങ്കാളിത്തത്തിന്മേല്‍ വലിയ നിഴല്‍ വീഴ്ത്തുന്നു.

ഇരു ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തെത്തിയാൽ, ടെക്സസിലെ ആർലിങ്ടണിൽ നടക്കുന്ന പോരാട്ടത്തിൽ യുഎസ് – ഇറാൻ മത്സരം ആരാധകർക്ക് കാണാം. ഖത്തറിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ യുഎസ് ഒരു ഗോളിന് ഇറാനെ പരാജയപ്പെടുത്തിയിരുന്നു.

സംഘർഷങ്ങൾക്കിടയിലും ഇറാൻ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ കളിക്കുന്നുണ്ടെന്ന കാര്യം നാം ഓർക്കണം. ഓസ്‌ട്രേലിയയിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇറാൻ വനിതാ ടീം മത്സരിക്കുന്നുണ്ട്. തിങ്കളാഴ്ച നടന്ന അവരുടെ ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ദക്ഷിണ കൊറിയയോട് എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെട്ടു. മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ ടീമിന്റെ മുഖ്യ പരിശീലകൻ മാർസിയേ ജാഫാരി ഇറാൻ–ഇസ്രായേൽ–യുഎസ് സംഘർഷങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

യുഎസുമായുള്ള തുറന്ന യുദ്ധം കാരണം ഇറാൻ മത്സരത്തിൽ നിന്നു പിന്മാറിയാൽ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനില്‍ (എഎഫ്‌സി) നിന്നുള്ള മറ്റൊരു ടീമാകും ലോകകപ്പിൽ പന്തുതട്ടാനിറങ്ങുക. ലോകകപ്പിനു യോഗ്യത നേടിയ ടീം പിന്മാറുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഫിഫയുടെ നിയമങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശങ്ങളില്ല. ഇത്തരം സന്ദർഭങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം ഫിഫയിൽ നിക്ഷിപ്തമാണ്.

ലോകകപ്പിനു യോഗ്യതനേടിയതിനു ശേഷം ഒരു ടീം ടൂർണമെന്റിൽ നിന്ന് പിന്മാറുന്നത് അപൂർവമായിരിക്കാം. 1950–ൽ ഭാരിച്ച യാത്രാചെലവ് താങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് ഇന്ത്യയും ഫ്രാന്‍സും ലോകകപ്പിൽ നിന്ന് പിന്മാറിയിരുന്നു.

ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ഇറാൻ ലോകകപ്പിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ജിയിൽ ന്യൂസിലന്‍ഡ്, ബെല്‍ജിയം, ഈജിപ്ത് എന്നീ ടീമുകൾക്കെതിരെ ലോസ് ഏഞ്ചല്‍സിലും സിയാറ്റിലിലുമാണ് ലോകകപ്പിലെ ഇറാന്റെ മത്സരങ്ങൾ.

പ്ലേ ഓഫ് മത്സരത്തിൽ ഇറാഖിനോട് യുഎഇ തോറ്റിരുന്നു. എന്നാൽ ഇറാഖാകട്ടെ രണ്ടു മത്സരങ്ങളും ജയിച്ച് മാര്‍ച്ച് 31-ന് നടക്കുന്ന ഇന്റര്‍കോണ്ടിനെന്റല്‍ പ്ലേ ഓഫില്‍ ബൊളീവിയയെയോ സുരിനാമിനെയോ നേരിടാന്‍ തയ്യാറെടുക്കുകയുമാണ്. ഇറാഖ് ലോകകപ്പിനു യോഗ്യത നേടിയാൽ, ഏഷ്യൻ റാങ്കിങ്ങിന്റെ അടിസ്ഥാനത്തിൽ യുഎഇയ്ക്ക് ആ അവസരം ലഭിച്ചേക്കും.

Article Categories:
Sports

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading