ഒരു കല്ലെടുത്തെറിഞ്ഞാൽ അതുചെന്ന് വീഴുന്നത് ഒരു ബി.ടെക്കുകാരന്റെ തലയിലായിരിക്കും എന്ന് തമാശ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, ഇന്ന് ആ കല്ല് വീഴുന്നത് ഒരു കോണ്ടന്റ് ക്രിയേറ്ററുടെ തലയിലായിരിക്കും. കോവിഡ് കാലത്ത് ബോറഡി മാറ്റാൻ പലരും തുടങ്ങിവച്ച കോണ്ടന്റ് ക്രിയേഷൻ ഇന്ന് വലിയ വ്യവസായ സാധ്യതയായി മാറിയിരിക്കുന്നു. 9 മുതൽ 5 വരെയുള്ള ജോലിയുടെ ചട്ടക്കൂടുകൾ പൊളിച്ച് അഭിരുചികളും കഴിവുകളും വരുമാനമാർഗമാക്കാനാണ് പലരും ശ്രമിക്കുന്നത്. പരമ്പരാഗത ജോലിക്കൊപ്പം കോണ്ടന്റ് ക്രിയേഷൻ കൊണ്ടുനടക്കുന്നവരുടെ എണ്ണവും കുറവല്ല.
എന്താണ് കണ്ടന്റ് ക്രിയേറ്റർ ഇക്കണോമി?
ട്രെൻഡിങ് പാട്ടുകൾക്കൊപ്പം നൃത്തം ചെയ്യുന്നതോ വിവാദപരമായ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതോ മാത്രമാണ് ക്രിയേറ്റർ ഇക്കോണമി (Creator Economy) എന്ന് പലർക്കും തെറ്റായ ധാരണയുണ്ട്. എന്നാൽ, ഇതിനൊക്കെ അപ്പുറത്ത് വിശാലമായ ഒരു ലോകമാണിത്. ആളുകൾ അവരുടെ പാഷനെ (Passion), കഴിവുകളെ, സവിശേഷമായ കാഴ്ചപ്പാടുകളെ ഡിജിറ്റൽ ഉള്ളടക്കങ്ങളായി (Content) മാറ്റുകയും അതിലൂടെ ഒരു കമ്മ്യൂണിറ്റി രൂപീകരിക്കുകയും ചെയ്യുന്ന സാമ്പത്തിക വ്യവസ്ഥയാണിത്. ക്രിയേറ്റർമാരെ സഹായിക്കുന്ന പ്ലാറ്റ്‌ഫോമുകൾ, സോഫ്റ്റ്‌വെയറുകൾ, ഏജൻസികൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു വലിയ ഇക്കോസിസ്റ്റം ഇതിന് പിന്നിലുണ്ട്.
വരുമാന മാർഗ്ഗങ്ങൾ
നിങ്ങൾക്ക് എത്ര വിശാലമായി ചിന്തിക്കാൻ കഴിയുന്നോ അത്രത്തോളം വിശാലമായി വളരാൻ കഴിയുന്ന ഒന്നാണ് ക്രിയേറ്റർ ഇക്കോണമി. അതുകൊണ്ട് തന്നെ പല മാർഗ്ഗങ്ങളിലൂടെ ക്രിയേറ്റർക്ക് പണം സമ്പാദിക്കാൻ സാധിക്കും. നിങ്ങൾക്കിഷ്ടമുള്ള കാര്യം ചെയ്തുകൊണ്ട് വരുമാനം ഉണ്ടാക്കാം എന്നതും പ്രത്യേകതയാണ്. ഉദാഹരണത്തിന്, നിങ്ങൾ ഒരു ഗെയ്‌മർ ആണെങ്കിൽ യൂട്യൂബിലോ ഫേസ്ബുക്കിലോ സ്ട്രീം ചെയ്ത് പണം ഉണ്ടാക്കാൻ സാധിക്കും. കൂടാതെ, ഗെയിമിങ് കമ്പനികളുമായി കൊളാബ്രേറ്റ് ചെയ്യാം, ബൂട്ട് ക്യാമ്പ് തുടങ്ങാം. അങ്ങനെ, സാധ്യതകൾ ഏറെയാണ്.

- പരസ്യ വരുമാനം (Ad Revenue): യൂട്യൂബ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ നൽകുന്ന ആഡ് ഷെയർ.
- ബ്രാൻഡ് കൊളാബറേഷൻ: പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുന്നതിലൂടെ ലഭിക്കുന്ന തുക. സ്വന്തമായി ബ്രാൻഡ് ബിൽഡ് ചെയ്തിട്ടുള്ള ക്രിയേറ്റർമാരും മറ്റ് ബ്രാൻഡുകൾ പ്രൊമോട്ട് ചെയ്യാറുണ്ട്.
- അഫിലിയേറ്റ് മാർക്കറ്റിങ്: ഉൽപ്പന്നങ്ങളുടെ ലിങ്കുകൾ വഴി നടത്തുന്ന സെയിലുകളുടെ കമ്മീഷൻ.
- സബ്സ്ക്രിപ്ഷനുകൾ: ആരാധകരിൽ നിന്ന് നേരിട്ട് ലഭിക്കുന്ന സപ്പോർട്ട്. ഉദാഹരണത്തിന്: യൂട്യൂബ് മെമ്പർഷിപ്പ്.
- സ്വന്തം ഉൽപ്പന്നങ്ങൾ: ഓൺലൈനായി ഉൽപ്പന്നങ്ങളോ സർവീസുകളോ വിൽക്കുന്നത്.
ഈ മാർഗങ്ങളിലൂടെയും കണ്ടന്റ് ക്രിയേറ്റർമാർ പണം സമ്പാദിക്കാറുണ്ട്.
കണ്ടന്റ് ക്രിയേഷന്റെ ഗുണങ്ങൾ
നിങ്ങൾക്ക് ഇഷ്ടമുള്ള സമയത്ത്, ഇഷ്ടമുള്ള സ്ഥലത്തിരുന്ന് ജോലി ചെയ്യാം എന്നതാണ് കോണ്ടന്റ് ക്രിയേഷന്റെ പ്രധാന ആകർഷണം. യാത്ര, പാചകം, ടെക്നോളജി, കല തുടങ്ങി നിങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങൾ ചെയ്തുകൊണ്ട് വരുമാനമുണ്ടാക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. കഠിനാധ്വാനം ചെയ്താൽ സാധാരണ ജോലിയേക്കാൾ പലമടങ്ങ് വരുമാനം ഇതിൽനിന്ന് നേടാം. മാത്രമല്ല, കോണ്ടന്റ് ക്രിയേഷനിലൂടെ ലഭിക്കുന്ന സെലിബ്രിറ്റി സ്റ്റാറ്റസും ആളുകളെ ആകർഷിക്കുന്ന ഒരു ഘടകമാണ്.
എങ്ങനെ വളരാം
പാഷൻ, കൺസിസ്റ്റൻസി, അഡാപ്റ്റീവിറ്റി- ഇവ മൂന്നുമാണ് കോണ്ടന്റ് ക്രിയേഷന്റെ അടിസ്ഥാനം. നിങ്ങൾ ചെയ്യുന്ന കാര്യത്തോട് അടങ്ങാത്ത അഭിനിവേശമുണ്ടെങ്കിൽ അത് കാണുന്നവർക്ക് മനസ്സിലാവുകയും അതുമായി അവർ റിലേറ്റ് ചെയ്യുകയും ചെയ്യും

. പാഷനേറ്റ് ആയാൽ മാത്രം പോരാ, കൺസിസ്റ്റന്റായി കാര്യങ്ങൾ ചെയ്യുക എന്നതും പ്രധാനമാണ്. പണമോ കമ്മ്യൂണിറ്റി ബിൽഡിങ്ങോ എന്തുതന്നെയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിലും കൺസിസ്റ്റൻസി വളരെ പ്രധാനമാണ്. അപ്പോൾ മാത്രമേ നിങ്ങളുടെ ഫോളോവേഴ്സിനെ ഫാൻസ് ആക്കി മാറ്റാൻ സാധിക്കൂ. കോണ്ടന്റ് ക്രിയേഷനിലൂടെ നേടിയെടുക്കുന്ന സ്ഥാനം നിലനിർത്തണമെങ്കിൽ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കണം. വരുമാനം ഇല്ലാത്ത തുടക്ക സമയത്ത് ഇവ പ്രാവർത്തികമാക്കുക എന്നതാണ് പ്രധാനം.
അപ്പോൾ തുടങ്ങിയാല്ലോ?
നിങ്ങൾക്ക് ഏറ്റവും അറിവുള്ള അല്ലെങ്കിൽ താൽപ്പര്യമുള്ള വിഷയം കണ്ടെത്തുകയാണ് ആദ്യമായി ചെയ്യേണ്ടത്. നിങ്ങളുടെ ഉള്ളടക്കത്തിന് അനുയോജ്യമായ ഇടം (YouTube, Instagram, or LinkedIn) ഏതാണെന്ന് കണ്ടെത്തുക. തുടർന്ന്, ആളുകൾക്ക് ഉപകാരപ്പെടുന്നതോ വിനോദം നൽകുന്നതോ ആയ രീതിയിലുള്ള കോണ്ടന്റുകൾ നിർമ്മിക്കുക. സ്ഥിരമായി കോണ്ടിന്റുകൾ ചെയ്യുക എന്നതും നിങ്ങളെ പിന്തുടരുന്നവരുമായി നിരന്തരം സംവദിക്കുക എന്നതും പ്രധാനമാണ്.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




