കേരളം പാമ്പുകടി ഭീതിയിലാണ്. പാമ്പുകടിയേൽക്കുന്നവരുടെയും തുടർന്ന് മരണപ്പെടുന്നവരുടെയും എണ്ണം ക്രമാതീതമായി കൂടുകയാണ്. ചിറയിൻകീഴ് അഴൂരിൽ പാമ്പുകടിയേറ്റു മരിച്ച ദിക്ഷൽ, കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി ചേരാവള്ളി സ്വദേശിനി സലീന, കടമ്പോട് ഉറക്കത്തിൽ പാമ്പുകടിയേറ്റ് മരിച്ച കാവുങ്ങൽ അൽജോ എന്നിവർ ആ നീണ്ട നിരയിൽ ചിലർ മാത്രം. കാലാവസ്ഥയിലുണ്ടാകുന്ന അപ്രതീക്ഷിതമായ വ്യതിയാനവും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിൽ സംഭവിക്കുന്ന അശ്രദ്ധയും ഈ മരണങ്ങളുടെ പ്രധാനകാരണമായി ആളുകൾ ചൂണ്ടിക്കാട്ടുന്നു.
പാമ്പുകടിയേറ്റ് മരണപ്പെട്ടവരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പാമ്പുകളെ കണ്ടെത്തിയത് ആളുകളെ പരിഭ്രാന്തരാക്കുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണനിരക്ക് ക്രമാതീതമായി വർധിച്ചുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. പ്രതിവർഷം ശരാശരി 110-ലധികം പേർ പാമ്പുകടിയേറ്റ് മരിക്കുന്നു. 2025-ൽ മാത്രം 137 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്തുകൊണ്ട് ഈ വർധന? എങ്ങനെ പ്രതിരോധിക്കും വീടുകളിൽ ഇഴഞ്ഞുകയറി കൊല്ലുന്ന ഇത്തരം പാമ്പുകളെ? എന്താണ് സുരക്ഷാ മാർഗങ്ങൾ? അറിയാം വിശദമായി…
മരണം കൂടാൻ ഇതും കാരണങ്ങൾ
- കാലാവസ്ഥാ വ്യതിയാനം: മഴ പെയ്യുന്നതിൽ വ്യതിയാനം സംഭവിച്ചതോടെ പാമ്പുകളുടെ പ്രജനനകാലം മാറുന്നു.
- നഗരവൽക്കരണം: കാടും പാടവും നികത്തി കെട്ടിടങ്ങൾ വരുമ്പോൾ പാമ്പുകളുടെ ആവാസവ്യവസ്ഥ നഷ്ടമാകുന്നു. ഇരതേടി അവ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നു.
- കടിയേറ്റാൽ ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വിഷം രക്തത്തിൽ കലർന്ന് ആന്തരിക അവയവങ്ങളെ ബാധിക്കുന്നതിന് മുൻപ് ആന്റി സ്നേക്ക് വെനം നൽകണം.
- അവബോധമില്ലായ്മ: 40% മരണങ്ങളും പാമ്പുകടിയേറ്റാൽ നൽകേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്.
- കടിയേറ്റ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക. ഈ ഭയം പലരിലും ഹാർട്ട് അറ്റാക്കിന് കാരണമാകാറുണ്ട്.
കൂടുതൽ അപകടം ഇവർക്ക്
കണക്കുകൾ പ്രകാരം മരിക്കുന്നവരിൽ 70% കർഷകരും തോട്ടം തൊഴിലാളികളുമാണ്. പുലർച്ചെ റബർ വെട്ടാൻ പോകുന്നവർ, നെൽവയലിൽ പണിയെടുക്കുന്നവർ എന്നിവരാണ് ഇരകൾ. വയനാട്, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മരണം കൂടുതൽ.
കുട്ടികളാണ് മറ്റൊരു വിഭാഗം. ഉറക്കത്തിൽ പാമ്പുകടിയേറ്റത് അറിയാത്തത് മരണത്തിന് കാരണമാകുന്നു.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വീടുകളിൽ പാമ്പുകൾ ഇഴഞ്ഞെത്തുകയും കുഞ്ഞുങ്ങളെയടക്കം കടിക്കുകയും ചെയ്യുന്നത് വളരെ കൂടുതലാണ്. വീടുകളിൽ പരിശോധന നിർബന്ധമാക്കുക.
ഉറങ്ങാൻ കിടക്കുന്ന മുറികളിലെ ജനവാതിലുകൾ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. ആ ഭാഗത്തുള്ള മരങ്ങൾ വഴി പാമ്പ് മുറിയിലെത്താനുള്ള സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുക.
പാമ്പ് കടിച്ചാൽ പരിഭ്രാന്തരാകരുത്. രോഗിയെ കിടത്തി, കടിയേറ്റ ഭാഗം അനക്കാതെ, എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക.
പാമ്പിനെ തിരഞ്ഞ് കൊല്ലാൻ കാത്തുനിൽക്കാതെ ഫോട്ടോ എടുത്ത് ഡോക്ടറെ കാണിക്കുക.

Discover more from Ivide LIVE
Subscribe to get the latest posts sent to your email.




