എന്റെ മുടി പോലെയല്ല തന്റെ മുടി. തന്റെ മുടി പോലെയല്ല അയാളുടെ മുടി. അയാളുടെ മുടി പോലെയല്ല മറ്റൊരാളുടെ മുടി. മൊത്തം ഡിഫറന്റാണ്, അല്ലേ?
തലയിലെ മുടിയെക്കുറിച്ച് ഷെയ്പും നീളവും ടെക്സ്ചറുമെല്ലാം പലരും ശ്രദ്ധിക്കാറുണ്ട്. സ്ട്രെയിറ്റ്, വേവി, കർളി, കോയിൽഡ്… മുടി എങ്ങനെ വന്നാലും അത് ‘പാരമ്പര്യമാണ്’.
കൈകളിലും കാലുകളിലും രോമങ്ങളുണ്ടല്ലോ… അതിനെക്കുറിച്ചും ആലോചിച്ചിട്ടുണ്ടോ? എത്രത്തോളമുണ്ടെന്നതല്ല അതിന്റെ ഷെയ്പിനെക്കുറിച്ച്… ചിലർക്ക് ചുരുണ്ടിട്ടാണ്, ചിലർക്ക് നേരേയുള്ളതും.
എങ്ങനെയാല്ലേ ശരീരത്തിലെ രോമത്തിന്റെ ഷെയ്പ് ഇങ്ങനെ വ്യത്യസ്തമാകുന്നത്!?
സയൻസാണ്. നോക്കാം…
1990-കളിൽ ഓപ്ര വിൻഫ്രെയുടെ സ്റ്റൈലിസ്റ്റ് ചിട്ടപ്പെടുത്തിയ ‘ദി ഹെയർ ചാർട്ട്’ പ്രകാരം (The Andre Walker Hair Typing System), ആദ്യം മുടികളെ എങ്ങനെയൊക്കെയാണ് തരം തിരിച്ചിരിക്കുന്നതെന്ന് നോക്കാം (Hair Classification). പ്രധാനമായവ ഇതൊക്കെയാണേ:
Type 1 (Straight): ഒട്ടും ചുരുളില്ലാത്ത നേരായ മുടി.
Type 2 (Wavy): ‘S’ ആകൃതിയിലുള്ള ചെറിയ തരംഗങ്ങളോട് കൂടിയ മുടി.
Type 3 (Curly): നല്ല സ്പ്രിംഗ് പോലെ ചുരുണ്ട മുടി.
ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ മുടിയോ രോമങ്ങളോ വ്യത്യസ്തമായിരിക്കുന്നത് അതിന്റെ ഉത്ഭവസ്ഥാനമായ രോമകൂപങ്ങൾ അഥവാ ഹെയർ ഫോളിക്കിളുകളുടെ (Hair Follicles) പ്രത്യേകത കൊണ്ടാണ്.
രോമത്തിന്റെ ഷെയ്പ് അഥവാ ആകൃതി പ്രധാനമായും രണ്ട് കാര്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഹെയർ ഫോളിക്കിളിന്റെ ആകൃതിയെയും ചർമ്മത്തിൽ (Skin) അത് ഇരിക്കുന്ന കോണിനെയും (Angle). ഈ കോണിന് അനുസരിച്ചാണ് മുടിയോ രോമമോ വളരുന്ന രീതി നിശ്ചയിക്കുന്നത്.
ഫോളിക്കിളിന്റെ ആകൃതി:
ഹെയർ നേരെയാണെങ്കിൽ, അതിന്റെ ഫോളിക്കിളുകൾ നല്ല വട്ടത്തിലുള്ളവയായിരിക്കും (round).
ഹെയര്‍ ചെറുതായി ചുരുണ്ടതാണെങ്കിൽ, ഫോളിക്കിളുകൾ അല്പം പരന്നതോ ഓവൽ (Oval) ആകൃതിയിലുള്ളതോ ആയിരിക്കും.
വളരെ ചുരുണ്ടതോ കോയിൽഡ് ആയിട്ടുള്ളതോ ആയ ഹെയർ ആണെങ്കിൽ ഫോളിക്കിളുകൾക്ക് അണ്ഡാകൃതി (Elliptical) ആയിരിക്കും ഉണ്ടാവുക.
ആംഗിളും വളരുന്ന രീതിയും:
സ്ട്രെയിറ്റ് രോമങ്ങൾ സ്കിന്നിൽ നിന്ന് നേരെ മുകളിലേക്ക് വളരുന്നു. എന്നാൽ, ചുരുണ്ട രോമങ്ങൾ സ്കിന്നിനടിയിൽ ഒരു പ്രത്യേക ചരിവിൽ ഇരുന്നാണ് വളരുന്നത്. ഇത് മുടി വളരുമ്പോൾ തന്നെ അതിനെ വളയാൻ പ്രേരിപ്പിക്കുന്നു. ഇതാണ് രോമത്തിന് ചുരുളുകൾ നൽകുന്നത്.
ഒരേ വ്യക്തിയുടെ ശരീരത്തിൽ തന്നെ വ്യത്യസ്ത ആകൃതിയിലുള്ള ഫോളിക്കിളുകൾ ഉണ്ടാകാം. അതനുസരിച്ചുള്ള മാറ്റങ്ങൾ ഒരേ ദേഹത്ത് കാണാൻ സാധിക്കും.

പിന്നെ, ഇതിൽ പാരമ്പര്യത്തെ മാറ്റിനിർത്താനാവില്ല. കാരണം ഡിഎൻഎ (DNA) ആണ് ഓരോ രോമകൂപത്തിന്റെയും ആകൃതി നിശ്ചയിക്കുന്നത്.
മനുഷ്യജീവിതത്തിൽ മൂന്ന് ഘട്ടങ്ങളായാണ് രോമങ്ങൾ രൂപപ്പെടുന്നതെന്നതും അറിഞ്ഞിരിക്കാം:
ഗർഭാവസ്ഥയിൽ കുഞ്ഞുങ്ങളുടെ ശരീരത്തിൽ വളരെ മൃദുവായ രോമങ്ങളാണ് കാണപ്പെടുന്നത്. ഇതിനെ ലാനുഗോ (Lanugo) എന്നാണ് വിളിക്കുന്നത്. പ്രസവത്തിന് മുൻപോ ശേഷമോ ഇവ കൊഴിഞ്ഞുപോകാറുണ്ട്.
അതിന് ശേഷം, കുട്ടിക്കാലത്ത് ശരീരം മുഴുവൻ കാണപ്പെടുന്ന വളരെ നേർത്തതും നിറം കുറഞ്ഞതുമായ രോമങ്ങളില്ലേ, അതാണ് വെല്ലസ് ഹെയർ (Vellus Hair). ഇതിനെ ‘പീച്ച് ഫസ്’ എന്നും വിളിക്കാറുണ്ട്.
ഒടുവിൽ വരുന്ന, തുടർന്നും ശരീരത്തിലുണ്ടാകുന്ന രോമങ്ങളെ ടെർമിനൽ ഹെയർ (Terminal Hair) എന്ന് വിളിക്കുന്നു. ഇത് കട്ടിയുള്ളതും നീളമുള്ളതും നല്ല നിറമുള്ളതുമാണ്. പ്യൂബർട്ടിയിൽ (Puberty) ഹോർമോൺ മാറ്റങ്ങൾ കാരണം വെല്ലസ് രോമങ്ങൾ മാറി ടെർമിനൽ രോമങ്ങൾ വളരാൻ തുടങ്ങുന്നു. തലമുടി, പുരികം, താടി, മീശ തുടങ്ങിയവയെല്ലാം ടെർമിനൽ ഹെയറാണ്.
ശരീരത്തിലെ രോമങ്ങളുടെ (Body hair) വളർച്ചയെ നിയന്ത്രിക്കുന്നത് പ്രധാനമായും ആൻഡ്രോജൻ (Androgens) എന്ന ഹോർമോണുകളാണ്. ഇവ തലയിലെ മുടിയേക്കാൾ കൂടുതൽ സ്വാധീനം ശരീരത്തിലെ രോമങ്ങളിലാണ് ചെലുത്തുന്നത്. ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ഫോളിക്കിളുകളുടെ ആകൃതിയെ താൽക്കാലികമായോ സ്ഥിരമായോ (Permanently) മാറ്റിയേക്കാം. അതനുസരിച്ച് പ്യൂബർട്ടിയിലോ സ്ത്രീകളിൽ ഗർഭകാലത്തോ ആർത്തവവിരാമ സമയത്തോ മുടിയുടെ ഘടന മാറാം.
ക്ലിയറായില്ലേ…




