151
Views

ചെറിയ നിമിഷങ്ങളുടെ സൗന്ദര്യം കാണാൻ ഈ രണ്ടുകണ്ണ് മതിയോ ?? രാവിലെ ജനൽ വഴി കള്ളക്കണ്ണടച്ച് വരുന്ന സൂര്യനെ പോലെ, മടിയൻ ഞായറാഴ്ച കപ്പിലെ കാപ്പിക്ക് മേലെ പറക്കുന്ന കുഞ്ഞൻ ആവിയെ പോലെ, കാണായ്മകളിലെ കാഴ്ച കാണുന്ന കഴിവാണ് ‘ആർട്ട് ഓഫ് നോട്ടീസിങ്’. എന്നും പോകുന്ന വഴികളില്‍ എന്റെ ഞാനേ എന്ന് ചിരിച്ചിരിക്കുന്ന കുഞ്ഞൻ റോസച്ചെടിയെ കാണാൻ മാത്രം വഴിക്കണ്ണ് മാറ്റുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ആ വാക്കിന് അർഹരാണ്. ‘The Art Of Noticing’, കാണുന്നതിലെ കല, ശ്രദ്ധിക്കുന്നതിന്റെ കല. കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യമെന്നതിന്റെ നാനാർത്ഥത്തിൽ ഒന്നാണത്.

വലിയ നിരീക്ഷണ പാടവമോ ഡിക്ടക്റ്റീവ് കഥകളിലെ ഷെർലക് ഹോംസ് ബുദ്ധിയോ ഒന്നും ആവശ്യമില്ലാത്ത ഒന്നാണത്. സമയമില്ലായ്മയുടെ പേരിൽ ഓഫീസ് പഞ്ചിങ് ഇന്നിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ കാണാതെ പോകുന്ന സ്ഥിരക്കാഴചകളാകാം അത്. എന്നുമുണ്ടാകും അത്, കാണാൻ ഒരു കണ്ണില്ലെന്ന് മാത്രം. ചുറ്റുമുള്ള ചെറിയ അത്ഭുതങ്ങളെ കാണുകയെന്ന് പറയാം ഇതിനെ. കുട്ടിക്കാലത്ത് സ്ക്രീനുകൾ കൈയടക്കാത്ത ബാല്യമുള്ള മനുഷ്യർക്ക് മേഘങ്ങളെ നോക്കിയിരുന്ന ഓർമകളുണ്ടാകും. പല രൂപത്തിൽ മാറി മറിയുന്ന മേഘങ്ങളെ കണ്ടതോർമയില്ലെ, ഭാവനയ്ക്കനുസരിച്ച് പല രൂപങ്ങൾ മേഘങ്ങളിൽ കണ്ട് കയ്യടിച്ചൊരു കുട്ടിക്കാലം. ആ കലയാണ് മുതിർന്നപ്പോൾ ഡിജിറ്റൽ ലോകം കവർന്നെടുത്തത്. ഫോണിന്റെ സ്ക്രീൻ അതിരിലേക്ക് മുഖം കുനിഞ്ഞപ്പോൾ ഇല്ലാതായ കല, കാണുന്നവന്റെ കണ്ണിന് മാത്രം സ്വന്തമായത്.

എന്താണ് ആർട്ട് ഓഫ് നോട്ടീസിങ്

ശ്രദ്ധിക്കണേ എന്ന് പറഞ്ഞ് യാത്രയാക്കുമ്പോൾ സ്വയം ശ്രദ്ധിക്കാൻ മാത്രമല്ല, ചുറ്റുപാടിനയും ശ്രദ്ധിക്കാൻ പറയുന്നുണ്ട് അല്ലേ അമ്മക്കിളി.. അതാണ് ഇതിന്റെ ഏറ്റവും ചെറിയ ലോജിക്. സർ​ഗാത്മകത, ചിന്തിക്കാനുള്ള കഴിവ് എല്ലാം ഉള്ള മനുഷ്യൻ ചുറ്റുമുള്ളതിനെ സാധാരണയിൽ കവിഞ്ഞ് ശ്രദ്ധിക്കാം. പരി​ഗണന അർഹിക്കുന്ന പലതും നമുക്ക് ചുറ്റുമുണ്ട്. മനുഷ്യരോ ജീവികളോ മറ്റെന്തുമാകാമത്. ശ്രദ്ധിക്കുക എന്നത് നോട്ടീസ് ചെയ്യുക എന്നത് ഒരു ശീലമാണോ അതോ കലയാണോ അത് ഒരു കഴിവാണോ എന്നതും തർക്ക വിഷയമാണ്. മാധ്യമപ്രവർത്തകനും
എഴുത്തുകാരനുമായ റോബ് വാൾക്കറിന്റ പ്രശസ്തമായ പുസ്തകമാണ് ‘The Art of Noticing’. റോബ് വാൾക്കറിന്റെ അഭിപ്രായപ്രകാരം മനുഷ്യന്റെ ആദിമ കാലം മുതലുള്ള ശീലമാണ് ആർട്ട് ഓഫ് നോട്ടീസിങ്. കാര്യങ്ങൾ നിരീക്ഷിക്കുക എന്നത് സ്വയം വളരുക എന്ന് കൂടിയാണെന്ന് അദ്ദേഹം പറയുന്നു. ക്രിയാത്മകമായ ഏതൊരു ജോലിക്കും ശ്രദ്ധിക്കാനുള്ള ഈ കല ആവശ്യമാണ്. ആരും ശ്രദ്ധിക്കാത്തതിൽ ശ്രദ്ധ ചെന്നാൽ മാത്രമാണ് തനതായ ഒരു കഥയോ കവിതയോ സിനിമയോ ചിത്രമോ ഉണ്ടാകൂ എന്നും റോബ് വാൾക്കർ പറയുന്നു.

നോക്കിക്കാണുന്നതിന്റെ മനശാസ്ത്രമെന്ത് ?

നമ്മുടെ ബ്രെയിൻ ഊർജം ലാഭിക്കുന്ന ഒരു ശീലമുണ്ട്. അതായത് എല്ലാ കാര്യങ്ങളിലും തലയിടേണ്ടെന്ന് അത് ആദ്യമേ ഒരു ഉപാധി വച്ചിട്ടുണ്ട്. ഒരു ഓട്ടോപൈലറ്റ് മോഡ് എന്ന് ഇതിനെ വിളിക്കാം. സ്ഥിരമായി നടക്കാറുള്ള വഴികള്‌‍ കാഴ്ചകൾ എല്ലാം ബ്രെയിൻ ഫിൽട്ടർ ചെയ്ത് കളയും. എന്നും കാണുന്ന ഒരാളിലെ മാറ്റം പെട്ടെന്ന് അറിയാൻ കഴിയില്ല എന്നുപറയുന്നത് പോലെയാണത്.ആർട്ട് ഓഫ് നോട്ടീസിങ് അറ്റൻഷൻ കൺട്രോളുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഉദ്ദേശപൂർവം ചെറിയ കാര്യങ്ങളിലേക്ക് ശ്രദ്ധ കൊടുക്കുമ്പോൾ ശബ്ദം, ആകൃതി, മുഖഭാവങ്ങൾ എന്തിനേറെ മൗനം പോലും ശ്രദ്ധിക്കപ്പെടുന്നു. മനസ് അല്ലെങ്കിൽ ബുദ്ധി ബോധപൂർവമായ ശ്രദ്ധയിലേക്ക് കൂറുമാറുന്നു. ഇതിനെയാണ് മൈൻഡ്ഫുൾനെസ് എന്ന് പറയുന്നത്. ഇത് സന്തോഷത്തിലേക്ക് കൊണ്ടെത്തിക്കും. കാണാതെ പോയ ഒരു കളിപ്പാട്ടം വീണ്ടെടുത്ത കുഞ്ഞിനെപ്പോലെ എന്നും കാണുന്നതിൽ പുതുമ കണ്ടെത്തിക്കഴിഞ്ഞാൽ ഡോപമൈൻ എന്ന ഹാപ്പി ഹോർമോൺ മനസിനെ ആകെയൊന്ന് സന്തോഷിപ്പിക്കും. ഇതോടൊപ്പം ഇമോഷണൽ ഇന്റലിജൻസും വർധിക്കും. നിറയെ മിണ്ടിക്കൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് മിണ്ടാതെയായാൽ പറയാതെ പല കാര്യങ്ങളും മനസിലാക്കുന്നില്ലെ , അതിനെ ഇമോഷണൽ ഇന്റലിജൻസ് എന്ന് പറയാം. മൗനം പോലും വാക്കുകളാകുന്നത് ഇങ്ങനെയാണ്.

ആർട്ട് ഓഫ് നോട്ടീസിങും മൈൻഡ്ഫുൾനെസും

നേരത്തെ പറഞ്ഞ ഓട്ടോപൈലറ്റ് മോഡിൽ നിന്ന് മനസിനെ പുറത്തേക്ക് കൊണ്ടുവരുന്നതാണിത്. സമ്മർദം കുറയ്ക്കാനും ഉത്കണ്ഠ ഇല്ലാതാക്കാനും എല്ലാം മൈൻഡ്ഫുൾനെസിനെ കൊണ്ട് കഴിയും. ഓവർതിങ്കിങ്ങ് ഒഴിവാക്കി ചിന്തകൾക്ക് മേൽ നിയന്ത്രണം കൊണ്ടുവരുന്നതുപോലെയാണത്. ആർട്ട് ഓഫ് നോട്ടീസിന്റെ അടിസ്ഥാനം തന്നെ മൈൻഡ്ഫുൾനെസാണെന്ന് പറയാം. കാടുകയറി ചിന്തയ്ക്ക് കടിഞ്ഞാണിടാൻ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്ത് കഴിഞ്ഞാൽ സാധിക്കും.

Mindfulness is paying attention, on purpose, in the present moment, and non- judgmentally.

Jon Kabat-Zinn (Mindfulness researcher)


ജീവിതം പിന്നീടെന്നോ ജീവിക്കാനുള്ളതല്ല, അത് ഈ നിമിഷമാണ്. ശ്വസിക്കുന്ന, ചിരിക്കുന്ന ഈ നിമിഷം മാത്രമാണ് ജീവിതം. മറ്റെല്ലാം പിന്നെയാണ്. മരിച്ചുകഴിഞ്ഞ ഇന്നലെകളിലും പിറക്കാനിരിക്കുന്ന നാളെകളിലും ജീവിതമില്ല. അത് ഈ നിമിഷമാണ്. കുഞ്ഞുകാര്യങ്ങളിലെ ആഴം കണ്ട്, എന്നും കാണുന്ന കാഴ്ചകളിലെ കാണായ്മകളെ തേടി ജീവിക്കണം. കുട്ടികളെപ്പോലെ , നീല നിറമുള്ള ആനയും മഞ്ഞ നിറത്തിലുള്ള ആകാശവും എല്ലാം അവരുടെ മാത്രമാണ്. ആനയുടെ നിറം കറുപ്പാണെന്ന കണ്ടീഷനിങ് ആണ് കാലം മുന്നോട്ട് വയ്ക്കുന്നത്. അത് ശരിയാണെങ്കിലും മഞ്ഞയും ചുവപ്പും പച്ചയും നിറമുള്ള ആകാശത്തിന് മാനങ്ങൾ ഏറെയാണ്.

Article Categories:
ArtFlix

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading