മനുഷ്യന്റെ ജീവിതശൈലിയും സംസ്കാരവും കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതുപോലെ ഫാഷനും മാറുന്നുണ്ട്. ഒരു കാലത്ത് അത്യന്തം ജനപ്രിയമായിരുന്ന വസ്ത്രധാരണമോ സ്റ്റൈലോ പിന്നീട് പഴഞ്ചനായി മാറുന്നു. എന്നാൽ, വർഷങ്ങൾക്കുശേഷം അതേ ട്രെൻഡ് വീണ്ടും പുതിയ രൂപത്തിൽ തിരികെ വരുന്നതാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെയാണ് ‘Fashion never dies; it only waits for its comeback’ എന്ന് സ്റ്റൈലിസ്റ്റുകൾ പറയുന്നത്.

90കളിൽ പോപ്പുലറായ പല സ്റ്റൈലുകളും ഇന്ന് വീണ്ടും ട്രെൻഡാവുകയാണ്. യുവജനങ്ങളുടെ സ്വാതന്ത്ര്യബോധവും കൗണ്ടർ-കൾച്ചർ ചിന്തകളും പ്രതിഫലിപ്പിച്ച ബെൽബോട്ടം പാന്റ്സിനൊപ്പം, ഓവർസൈസ്ഡ് ഷർട്ട്സ്, ചങ്കി സ്നീക്കേഴ്സ്, ലോ-വെയ്സ്റ്റ് ജീൻസ് തുടങ്ങിയവയും പുതിയ രൂപത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്.
ഫ്ലേർഡ് പാൻറ്സ്
Flared Pants

ബെൽ-ബോട്ടം പോലത്തെ ഫ്ലേർഡ് പാൻറ്സ് ആദ്യം യുഎസ്, ബ്രിട്ടീഷ് നാവികസേന യൂണിഫോമിന്റെ ഭാഗമായിരുന്നു. പിന്നീട്, 1970കളിൽ ലോകമെങ്ങും ഈ സ്റ്റൈൽ മുഖ്യധാരാ ഫാഷന്റെ പ്രധാന ഭാഗമായി. ഡിസ്കോ, പങ്ക് റോക്ക് സ്റ്റൈലുകളിൽ പലപ്പോഴും ഫ്ലേർഡ് പാന്റ്സ് ഉൾപ്പെടുത്തിയിരുന്നു. 2000ത്തിലും 2020ലും സ്ട്രീറ്റ്സ്റ്റൈലായി ഹൈ-വെയ്സ്റ്റഡ്, ഫ്ലേർഡ് പാന്റ്സ് വീണ്ടും ശക്തിയാർജിച്ചു.
സ്കിന്നി ജീൻസ്
Skinny Jeans

2000ത്തിൽ നിറഞ്ഞുനിന്നത് ലോ-റൈസ് സ്കിന്നി ജീൻസുകളായിരുന്നു. കാലിനോട് ഇറുകികിടക്കുന്ന രൂപത്തിലുള്ളവയാണിത്. എന്നാൽ, നിലവിലെ ട്രെൻഡ് ഹൈ-വെയിസ്റ്റഡ്, മിഡ്-റൈസ് സ്കിന്നി ജീൻസുകളിലേക്കാണ് നീങ്ങുന്നത്. ഇത് കൂടുതൽ ആകർഷകമായ രൂപം നൽകുന്നു.
ബാരൽ ജീൻസ്
Barrel jeans

1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും പ്രചാരത്തിലുണ്ടായിരുന്ന ജീൻസാണിത്. ബാരൽ ജീൻസിന്റെ പ്രത്യേകത അത് ആങ്കിൾ ലെങ്ത് അല്ലെങ്കിൽ ക്രോപ്‍ഡ് ആയിരിക്കും എന്നതാണ്. 2026ൽ ബാരൽ ജീൻസുകൾ ഷെയ്പ് മാറി തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ബാരൽസ് ടെയ്‌ലേർഡ് ഫിറ്റാണ്. ഇവ കണ്ടെപ്രറി ടോപ്പുകൾക്കൊപ്പം ധരിക്കാവുന്നതാണ്.
പ്ലാറ്റ്ഫോം ബൂട്ട്സ് | Platform Boots

1970-കളിൽ ധിക്കാരത്തിന്റെയും ഗ്ലാമറിന്റെയും പ്രതീകമായിരുന്നു പ്ലാറ്റ്ഫോം ബൂട്ടുകൾ. വലുപ്പം കൂടിയ ഹീലുകളും ലെതർ കൊണ്ടുള്ള ആവരണവുമാണ് ഇവയുടെ പ്രത്യേകത. കണങ്കാൽ വരെയോ മുട്ടുവരെയോ കവർ ചെയ്യുന്ന സ്റ്റൈലാണിത്. ഇന്നത്തെ ബൂട്ടുകളും ഇതേ സ്റ്റൈലിൽ ലഭ്യമാണ്. ലെതർ കൂടാതെ സോഫ്റ്റ് മെറ്റീരിയലുകളിലും ലഭിക്കുമെന്നതാണ് ഇന്നത്തെ പ്രത്യേകത. അതുകൊണ്ടുതന്നെ കാഷ്വൽ, ഒഫിഷ്യൽ എന്നിങ്ങനെ രണ്ട് രീതിയിലും ഇവ ഉപയോഗിക്കാവുന്നതാണ്.
പെപ്ലം ടോപ്സ്
Peplum Tops

1940കളിലും 50കളിലും കണ്ടിരുന്ന ഷോർട്ട് ടോപ്പ് ആയിരുന്നു പെപ്ലം. ബ്ലൗസിന് കീഴെയായി, വെയിസ്റ്റ് ലൈനിന്റെ ഭാഗത്തായി ഫ്രില്ലുകൾ വരുന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ടോപ്പുകൾ ജാക്കറ്റുകൾക്കൊപ്പവും മറ്റ് വസ്ത്രങ്ങൾക്കൊപ്പവും ധരിച്ചിരുന്നു. ഇന്ന് ക്ലാസിക് സ്റ്റൈലിന് ട്രെൻഡി ലുക്ക് നൽകാനായി മിനിമലിസ്റ്റ് ഡിസൈനുകളാണ് നൽകുന്നത്.
കോർസെറ്റ്
Corset

വർഷങ്ങൾക്ക് മുൻപ് ഒരു അടിവസ്ത്രമായാണ് കോർസെറ്റിനെ ഉപയോഗിച്ചിരുന്നത്. ഇതിന്റെ പരിണാമം എന്ന നിലയിൽ പിന്നീട് ശരീരം മറയ്ക്കുന്ന കോർസെറ്റ് സ്റ്റൈൽ ടോപ്പുകൾ എത്തി. പിന്നീടത് ടോപ്പ് ആയി മാറി. ഇപ്പോൾ റെഡ് കാർപ്പറ്റിലും തെരുവോര കടകളിലും ഒരുപോലെ തിളങ്ങുന്ന സ്റ്റൈലായി കോർസെറ്റ് മാറി. ബ്രൈഡൽ കളക്ഷനുകളിലും ഇവയുണ്ട്.
മാക്സി നൈറ്റി | Maxie

1990കളിൽ പെണ്‍കുട്ടികൾ വീട്ടിൽ ധരിക്കാൻ ഉപയോഗിച്ചിരുന്ന വസ്ത്രമായിരുന്നു നൈറ്റി. ലൂസ്ഫിറ്റ് എ ലൈൻ ഡ്രസ് മോഡലാണിത് പൊതുവേ. ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായത്. എന്നാൽ, 2000ത്തിൽ പെൺകുട്ടികൾ നൈറ്റി ഉപേക്ഷിച്ച് കാപ്രി പാന്റ്സ്, കുർത്തകൾ, ഷോർട്സ്, അല്ലെങ്കിൽ നൈറ്റ് സ്യൂട്ടുകൾ, പൈജാമാസ് എന്നിവയിലേക്ക് മാറി. എന്നാലിപ്പോൾ വീണ്ടും നൈറ്റി പുതുമയോടെ തിരിച്ചെത്തിയിരിക്കുകയാണ്. താഴ്ഭാഗം ഫ്രില്ലോടുകൂടിയ ഫ്രോക്ക് നൈറ്റി, കഫ്താൻ മോഡൽ എന്നിവ നിലവിലെ ട്രെൻഡിലുണ്ട്.
പോൾക്ക ഡോട്സ്
Polka Dots

1950കളിലെ സ്ത്രീ സൗന്ദര്യവുമായി ബന്ധപ്പെടുത്തിയിരുന്ന വസ്ത്ര ഡിസൈനാണ് പോൾക്ക ഡോട്ട് ഡിസൈനുകൾ. വസ്ത്രങ്ങൾ കൂടാതെ ബാഗ്, ക്രഞ്ചീസ്, ഹെയർബോ എന്നിങ്ങനെ ഫാഷൻ ആക്സസറികളിലും പോൾക്ക ഡോട്സ് സ്ഥാനം പിടിച്ചിരുന്നു. ഇവ പലപ്പോഴായി തിരിച്ചുവരവുകൾ നടത്തിയിട്ടുണ്ട്.
ക്യാറ്റ് ഐ സൺഗ്ലാസ്
Cat Eye Sunglass

1950കളിലെ ആഡംബര ഫാഷനിലെ ഒരു പ്രധാന ഘടകമായിരുന്നു ക്യാറ്റ് ഐ സൺഗ്ലാസുകൾ. അഗ്രഭാഗം മുകളിലേക്ക് വളഞ്ഞ ഈ ഗ്ലാസുകൾ ഏറ്റവും കൂടുതൽ കണ്ടിരുന്നത് സ്ത്രീകളിലാണ്. ഇന്ന് ക്യാറ്റ് ഐ സൺഗ്ലാസുകൾ പല വലുപ്പത്തിലും മെറ്റീരിയലുകളിലും ലഭ്യമാണ്. പഴയകാലത്തെ ആകർഷണീയത നിലനിർത്തുകയും ട്രെൻഡി ലുക്ക് നൽകുകയുമാണ് കമ്പനികൾ ചെയ്യുന്നത്.
തിരിച്ചുവരവിന് പിന്നിൽ
മനുഷ്യർക്ക് പഴയ കാലഘട്ടത്തോട് ‘emotional connection’ ഉണ്ടാകും. സിനിമകളും സംഗീതവും പോലെ ഫാഷനിലും ഒരു നൊസ്റ്റു ഫീൽ ഉണ്ട്. മാതാപിതാക്കൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ റീക്രിയേറ്റ് ചെയ്യുന്നത് ഇന്നത്തെ തലമുറയ്ക്ക് ‘cool aesthetic’ ആണ്. പിന്നെ ഇൻസ്റ്റഗ്രാം, പിന്‍ററസ്റ്റ്, ടിക് ടോക് പോലുള്ള പ്ലാറ്റ്ഫോമുകൾ പഴയ ട്രെൻഡിന് ജീവൻ നൽകുന്നുണ്ട്. ഒരു സെലബ്രിറ്റി റെട്രോ സ്റ്റൈലിൽ ചിത്രം പോസ്റ്റ് ചെയ്താൽ അത് മണിക്കൂറുകൾക്കുള്ളിൽ ‘viral fashion’ ആയി മാറുന്നു. അതിനാൽ, പഴയ ഫാഷന്റെ തിരിച്ചുവരവിൽ സെലിബ്രിറ്റികളും നിർണായക പങ്കുവഹിക്കുന്നുണ്ട്.
‘Fast fashion’ എന്നതിനേക്കാൾ ഇന്ന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത് ‘sustainable fashion’ ആണ്. അതിനാൽ, ത്രിഫ്റ്റ് ഷോപ്പിങ്, വിന്റേജ് കളക്ഷൻസ്, പഴയ വസ്ത്രങ്ങൾ റീസ്റ്റൈൽ ചെയ്യൽ എന്നിവ വീണ്ടും ജനപ്രിയമാകുന്നുണ്ട്. ‘Old is Gold’ എന്ന തിരിച്ചറിവ് ഫാഷൻ മേഖലയിൽ ശക്തമായി.
ഇന്ന് ഔട്ട്‌ഡേറ്റഡായി തോന്നുന്ന ട്രെൻഡ് ഇനി ഏതാനും വർഷങ്ങൾക്ക് ശേഷം വീണ്ടും പുനർജനിക്കാം.





