പണം സമ്പാദിക്കുന്നത് കൂട്ടി വയ്ക്കാൽ അല്ലല്ലോ അത് ആവശ്യങ്ങൾക്കായി ചെലവാക്കാൻ അല്ലേ? ആരെങ്കിലും സേവിങ്സ് പ്ലാനിനെ കുറിച്ച് ക്ലാസെടുക്കാൻ തുടങ്ങിയാൽ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഈ ഡയലോഗാകും. എന്നാൽ സാലറി കിട്ടി ആദ്യത്തെ രണ്ടാഴ്ച കഴിയും മുൻപ് പോക്കറ്റ് കാലിയാവുമ്പോൾ, ‘പണ്ടേ സേവ് ചെയ്ത് തുടങ്ങേണ്ടതായിരുന്നു’ എന്ന ചിന്ത പടി വാതിലിൽ വന്ന് കോളിങ് ബെല്ലടിക്കും. ഒരു ശരാശരി വ്യക്തി അയാളുടെ ജീവിതത്തിന്റെ പകുതിയും പണം സമ്പാദിക്കാനായി മാറ്റി വയ്ക്കുന്നു. ജോലിയിലൂടെയോ അതല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള സംരംഭത്തിലൂടെയോ… പണം സമ്പാദിക്കുന്നതിനെക്കാൾ ആ പണം എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം.
50-30-20 സാമ്പത്തിക നിയമം
ലളിതമായി എന്നാൽ ഫലപ്രദമായ രീതിയിൽ ഒരാൾക്ക് അയാളുടെ വരുമാനം കൈകാര്യം ചെയ്യാൻ കഴിയും. അതിനുതകുന്ന ബജറ്റിങ് രീതിയാണ് 50-30-20 നിയമം. ഇതുവഴി നിങ്ങളുടെ വരുമാനം മൂന്നായി തിരിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കാനും ഭാവിയിലേക്ക് പണം സമ്പാദിക്കാനും കഴിയും.

50% – ആവശ്യങ്ങൾക്കായി (Needs)
നിങ്ങളുടെ നികുതിക്ക് ശേഷമുള്ള വരുമാനത്തിന്റെ 50% അടിസ്ഥാന ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുക. ഇതിൽ ഒഴിവാക്കാൻ കഴിയാത്തതും ജീവിതത്തിന് അത്യാവശ്യമായ ചെലവുകളാണ് ഉൾപ്പെടുന്നത്.
- വീട്ടുവാടക / ഹോം ലോൺ ഇഎംഐ
- ഭക്ഷണം, പലചരക്ക് സാധനങ്ങൾ
- വൈദ്യുതി, വെള്ളം, ഫോൺ ബില്ലുകൾ
- വാഹനം, യാത്ര എന്നിവയുടെ ചെലവുകൾ
- ഇൻഷുറൻസ് പ്രീമിയങ്ങൾ

30% – ആഗ്രഹങ്ങൾക്കായി (Wants)
ലക്ഷ്യങ്ങൾക്ക് പിന്നാലെ നിരന്തരം ഓടുമ്പോൾ, ആ ഓട്ടത്തെ രസകരവും സന്തോഷമുള്ളതുമാക്കാൻ ഈ 30 ശതമാനം നിങ്ങളെ സഹായിക്കും. അത്ര ചെറുതല്ലാത്ത റീചാർജ് ഓപ്ഷനാണ് ഈ 30 ശതമാനം. വരുമാനത്തിന്റെ 30 ശതമാനം നിങ്ങളുടെ ഇഷ്ടങ്ങൾക്കും വിനോദങ്ങൾക്കുമായി വിനിയോഗിക്കാം. ഇവ അത്യാവശ്യ ചെലവുകളല്ല, പക്ഷേ ജീവിതം കൂടുതൽ സന്തോഷപ്രദമാക്കാൻ സഹായിക്കുന്നു.

- പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത്
- സിനിമ കാണുന്നത്, ഷോപ്പിങ്
- യാത്രകൾ
- ഹോബികൾ, ജിം അംഗത്വം, ഒടിടി സബ്സ്ക്രിപ്ഷനുകൾ
20% – സമ്പാദ്യത്തിനും കടം വീട്ടുന്നതിനും (Savings and Debt Repayment)
ഇന്ന് മാത്രം ജീവിച്ചാൽ പോരല്ലോ, ബാക്കിയുള്ള 20 ശതമാനം ഭാവി സുരക്ഷിതമാക്കാൻ ഉപയോഗിക്കാം. ഇത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിക്കും.
- സേവിങ്സ് അക്കൗണ്ടുകൾ
- അടിയന്തര ഫണ്ട് (Emergency Fund)
- മ്യൂച്വൽ ഫണ്ട്, ഓഹരികൾ തുടങ്ങിയവയിലുള്ള നിക്ഷേപങ്ങൾ.
ഒരാളുടെ പ്രതിമാസ ശമ്പളം 25,000 രൂപയാണെങ്കിൽ അതിൽ 12,500 രൂപ (50%) ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കായും 7,500 രൂപ(30%) ആഗ്രഹങ്ങൾക്കായും ബാക്കി വരുന്ന 5000 രൂപ(20%) കടം വാങ്ങിയവ തിരിച്ചടയ്ക്കുന്നുതിനും സമ്പാദ്യത്തിനുമായി ചെലവഴിക്കാം.
വ്യക്തിപരമായ സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ ചെറിയ മാറ്റങ്ങൾ വരുത്താവുന്നതാണ്. എങ്കിലും, ഈ രീതി പിന്തുടരുന്നത് നിങ്ങളുടെ സാമ്പത്തിക അച്ചടക്കം വർധിപ്പിക്കാനും ഭാവിയിൽ സാമ്പത്തികമായി സുരക്ഷിതനാകാനും സഹായിക്കും.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




