വിവാഹജീവിതം ഒരു തിരഞ്ഞെടുപ്പല്ലേ? അതെ… ആരെ, എപ്പോൾ, എങ്ങനെ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ഒരാളുടെ തീർത്തും വ്യക്തിപരവും സ്വകാര്യവുമായ തിരഞ്ഞെടുപ്പാണ്. കല്യാണം കഴിക്കുന്നതുപോലെ കല്യാണം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ അങ്ങനെയൊരു തീരുമാനമെടുക്കാൻ പുരുഷന്മാർക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം കേരളത്തിലെ വീടുകളിൽ സ്ത്രീകൾക്ക് ലഭിക്കാറുണ്ടോ ?
വീട്ടുകാരുടെ നിർബന്ധത്തിനും ഭീഷണിക്കും ഉപദ്രവത്തിനും വഴങ്ങിയാണ് പല സ്ത്രീകളും വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള അവരുടെ സ്വാതന്ത്ര്യം പലപ്പോഴും ഹനിക്കപ്പെടുകയാണ്. പെൺമക്കളുടെ വിവാഹ കാര്യത്തിൽ വീട്ടുകാർ നടപ്പിലാക്കിയ തീരുമാനങ്ങൾ ശരിയായിരുന്നോ, അവരുടെ പെൺമക്കൾ സംതൃപ്തിയോടെയാണോ ദാമ്പത്യ ജീവിതം നയിക്കുന്നത് എന്നിവ മൂർച്ചയേറിയ ചോദ്യങ്ങളാണ്. പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പ്രാഥമിക അവകാശംപോലും നിഷേധിക്കപ്പെട്ട, നിർബന്ധിത വിവാഹത്തിന് ഇരയാക്കപ്പെട്ട ചിലർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.
കല്യാണം കഴിഞ്ഞും പഠിക്കാലോ!
പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നു ആകെ മൂന്ന് മാസമാവുന്നതേയുള്ളു. പതിവ് പോലെ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീടിനുമുന്നിൽ ആൾക്കൂട്ടം. ഞാൻ കയറി ചെന്നതും അതിഥികളാണെന്ന് തോന്നിപ്പിക്കുന്ന ചിലർ എന്നെ നോക്കി ചിരിച്ചു. ഉമ്മ എന്നെ വേഗത്തിൽ അകത്തേക്ക് കൂട്ടികൊണ്ടുപോയി ഉടുപ്പ് മാറാനും മുഖം കഴുകി ഒരുങ്ങാനും പറഞ്ഞു. എനിക്ക് കാര്യങ്ങൾ ഏകദേശം മനസിലായി തുടങ്ങിയിരുന്നു. ഉമ്മ ചായയും പലഹാരവും എന്റെ അടുത്തേക്ക് നീട്ടി. ഞാൻ അതുമായി അവരുടെ മുന്നിൽ ചെന്നുനിന്നു. ആ പെണ്ണുകാണൽ നടക്കുമ്പോൾ എനിക്ക് 19 വയസ്സ്. പയ്യനെ അവർ ചൂണ്ടികാണിച്ചു. അങ്ങനെ മിനുട്ടുകൾ മാത്രമുള്ള ആ പരിചയത്തിൽ അയാളുമായുള്ള എന്റെ വിവാഹം വീട്ടുകാർ തീരുമാനിച്ചു. എനിക്ക് അഭിപ്രായം പറയാനുള്ള അവസരം പോലുമുണ്ടായിരുന്നില്ല. പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം, പരീക്ഷക്കൊക്കെ എനിക്ക് നല്ല മാർക്കുണ്ടായിരുന്നു. ഒരുപാട് തവണ വീട്ടിൽ കരഞ്ഞ് കാര്യം പറഞ്ഞു. ഇപ്പോൾ കല്യാണം വേണ്ടെന്നും, പുറത്ത് പോയി പി ജി ചെയ്യണെമെന്നും കരഞ്ഞു പറഞ്ഞു. കല്യാണം കഴിഞ്ഞും പഠിക്കാലോ എന്നവർ ഉപദേശിച്ചു. ഇനി ഇത്രയും നല്ല ബന്ധം വരില്ലെന്ന് ആവർത്തിച്ചുപറഞ്ഞു. വളരെ പെട്ടെന്നു വിവാഹനിശ്ചയം കഴിഞ്ഞു, അധികം വൈകാതെ വിവാഹവും. വിവാഹം കഴിഞ്ഞ് ഇപ്പോൾ നാലുവർഷമായി. ഒരു ആൺക്കുട്ടിയുണ്ട്. വീട്ടുകാരുടെ തീരുമാനത്തിൽ മാത്രം നടത്തിയ ഈ വിവാഹത്തിൽ ഞാൻ സംതൃപ്തയാണോ എന്നു ചോദിച്ചാൽ അല്ലെന്നാണ് ഉത്തരം.
ആശ്രയത്വം നഷ്ടപ്പെടുത്തിയ സ്വാതന്ത്ര്യം
എന്തിനായിരുന്നു എന്നെ ഡിഗ്രിക്ക് ചേർത്തതെന്ന് ഒരിക്കൽ വീട്ടുകാരോട് ഞാൻ കരഞ്ഞു ചോദിച്ചു. ഡിഗ്രി ആദ്യവർഷത്തിൽ ചേർന്നതിന് തൊട്ടടടുത്ത മാസമായിരുന്നു എന്റെ വിവാഹം. ഉപ്പ വളരെ നേരത്തെ മരിച്ചുപോയിരുന്നു. ഉമ്മയുടെ സഹോദരന്മാരുടെ സഹായത്തോടെ ജീവിച്ചിരുന്ന എനിക്കും ഉമ്മയ്ക്കും ഞങ്ങളുടെ ജീവിതത്തിൽ പ്രത്യേകിച്ച് തീരുമാനങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഞങ്ങളുടെ അഭിപ്രായത്തിന് പോലും വിലയുണ്ടായിരുന്നില്ല. ഉമ്മയുടെ സഹോദരന്മാർ ഉറപ്പിച്ച വിവാഹത്തിന് സമ്മതം മൂളുക മാത്രമാണ് ഞാൻ ചെയ്തത്. പഠിച്ച് എന്തെങ്കിലും ജോലി നേടണമെന്നും അമ്മയെ നോക്കണമെന്നും വീടുവെക്കണമെന്നും എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഒന്നും നടന്നില്ല. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ മാസം ഞാൻ ഗർഭിണിയായി. ആ ഗർഭ ധാരണത്തിനായി ഞാൻ ഒരിക്കലും തയ്യാറായിരുന്നില്ല . എന്റെ സമ്മതം പോലും ചോദിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് 5 വർഷമായി. ഇരട്ടകുട്ടികളാണ്. കുടുംബക്കാർ നടത്തിയ ഈ വിവാഹത്തിൽ ഞാൻ സംതൃപ്തയാണോ എന്ന ചോദ്യത്തിന് ഒരിക്കലുമല്ല എന്നാണ് മറുപടി.
ആ അടിയിൽ ചോർന്നുപോയ ധൈര്യം
എന്റെ പ്രേമം വീട്ടിൽ പിടിച്ചു, അത് വലിയ ചർച്ചാവിഷയമായി. വീട്ടിനകത്തും പുറത്തും എനിക്ക് സ്വാതന്ത്ര്യം നിഷേധിക്കപെട്ടു. പ്രേമിക്കുന്നത് വലിയ തെറ്റായി കണ്ടിരുന്ന വീട്ടുകാർ അധികം വൈകാതെ എന്റെ വിവാഹം നടത്താൻ തീരുമാനിച്ചു. പെണ്ണുകാണാൻ അവരെത്തിയതും പുറത്തേക്കിറങ്ങില്ലെന്ന് പറഞ്ഞ് ഞാൻ വാശിപിടിച്ചു കരഞ്ഞു. അതിന് പകരം കിട്ടിയത് പ്രതീക്ഷിക്കാതെയുള്ള അച്ഛന്റെ അടിയായിരുന്നു. ഞാൻ ഉടുപ്പിൽ മൂത്രമൊഴിച്ചുപോയി. അത്രക്കും വേദന. എതിർത്തുനിൽകാനുള്ള എന്റെ സകല ധൈര്യവും നഷ്ടപ്പെട്ടു. വീടിനു മുൻവശത്തിരിക്കുന്ന അവരുടെ മുന്നിലേക്ക് ചായ ഗ്ലാസ്സുമായി ഞാൻ പോയി. നാലു ആണുങ്ങൾ, അവരിൽ ആരായിരുന്നു പയ്യൻ. ഞാൻ ചോദിച്ചില്ല. വീട്ടിൽ നിന്നിറങ്ങിയതും അച്ഛന് ഫോൺ കാൾ വന്നു. അവർക്ക് എന്നെ ഇഷ്ടമായെന്നും കല്യാണത്തിന് സമ്മതമാണെന്നും പറഞ്ഞു. എന്നോട് ആരും സമ്മതം ചോദിച്ചില്ല. അയാളെ ഇഷ്ടപ്പെട്ടോ എന്നുപോലും ചോദിച്ചില്ല. പെട്ടെന്നായിരുന്നു കല്യാണം. നിശ്ചയമോ വീടുകാണാലോ ഒന്നും ഉണ്ടായില്ല. അഞ്ചാമത്തെ മാസമായിരുന്നു വിവാഹതിയ്യതി. ഈ അഞ്ചുമാസത്തിൽ പല തവണ ഞാൻ ആത്മഹത്യാ ശ്രമം നടത്തി. എല്ലാം പരാജയപ്പട്ടു. എനിക്ക് കല്യാണം കഴിക്കണ്ടായിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞു, ഒന്നരവർഷമായി. പഠിക്കാൻ പോവുന്നില്ല. ഭർത്താവിന്റെ വീട്ടിലാണ് താമസം. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം ചെയ്തതിൽ കുറ്റബോധമുണ്ട്.
ഞാൻ ബാധ്യതയായ വീട്
എനിക്ക് ഒരുപാട് യാത്രചെയ്യണമെന്നുണ്ടായിരുന്നു. പുതിയ മനുഷ്യരെ പരിചയപ്പെടണമെന്നും പുതിയ സഥലങ്ങൾ കാണണമെന്നും ആഗ്രഹമുണ്ടായിരുന്നു. കോവിഡ് വ്യാപകമായിരുന്ന സമയത്തായിരുന്നു എന്റെ പി ജി പൂർത്തിയായത്. ജോലിക്കുപോയി കാശ് സമ്പാദിച്ച് യാത്ര ചെയ്യണമെന്ന ചിന്തയിലായിരുന്നു ഞാൻ. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. വീട്ടിൽ ഞാനും അച്ഛനും ചേട്ടനും മാത്രം. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു കല്യാണ ആലോചനയുമായി അച്ഛനെക്കാണാൻ ഏതോ ബ്രോക്കർ വന്നു. ഞാൻ വിവാഹം കഴിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. പിന്നീട് അങ്ങോട്ട് അച്ഛനെ സങ്കടത്തോടെയല്ലാതെ ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ ചെറിയമ്മ വീട്ടിൽ വന്നു എന്നെ ഒരുപാട് ഉപദേശിച്ചു. അച്ഛന് പ്രായമായി വരികയാണ്, നീ ഒരു ബാധ്യതയായി മാറും, കോവിഡ് ആയത്കൊണ്ട് ചെലവ് കുറഞ്ഞ് നമുക്ക് ഇത് നടത്താം എന്നെല്ലാം പറഞ്ഞു. അവർക്ക് ബാധ്യതയാവുമെന്ന തോന്നലിൽ ഞാൻ വിവാഹത്തിന് സമ്മതിച്ചു. പക്ഷെ എന്റെ വീട്ടുകാർ എനിക്ക് വേണ്ടി തിരഞ്ഞടുത്ത വിവാഹജീവിതത്തിൽ ഞാൻ സന്തോഷവതിയല്ല.
വിവാഹം കഴിക്കാതെ ജീവിക്കാനായിരുന്നു ഇഷ്ടം
അച്ഛൻ മദ്യപാനിയാണ്. കുടിച്ച് വന്ന് അമ്മയെ തല്ലും. ഞങ്ങളെ തെറിവിളിക്കും. അയൽവാസികളുമായി വഴക്കുണ്ടാക്കും. സാമ്പത്തികമായി വളരെ മോശം അവസ്ഥയിലാണ്. ഞങ്ങൾ നാലുമക്കളാണ്. എനിക്ക് താഴെ രണ്ട് അനിയത്തിയും ഒരു അനിയനും. അവൻ 2 ൽ പഠിക്കുകയായിരുന്നു. അച്ഛന്റെ ഉപദ്രവം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അങ്ങനെയിരിക്കെ ഞാൻ എങ്കിലും രക്ഷപെടട്ടെ എന്ന തോന്നലിലാണ് അമ്മ വിവാഹമുറപ്പിച്ചത്. വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് പറയാനുള്ള ധൈര്യം എനിക്കുണ്ടായിരുന്നില്ല. അമ്മ ഇമോഷണലി എന്നെ അത്രത്തോളം സംഘർഷത്തിലാക്കിയിരുന്നു. എനിക്ക് വിവാഹം കഴിക്കാതെ ജീവിക്കാനായിരുന്നു ഇഷ്ടം. ഇപ്പോൾ വിവാഹം കഴിഞ്ഞ് 7 വർഷമായി. ഈ വിവാഹത്തിൽ സംതൃപ്തിയുണ്ടോയെന്ന് ചോദിച്ചാൽ എന്റെ കയ്യിൽ മറുപടിയില്ല.
നിർബന്ധിതമായി വിവാഹിതരായ സ്ത്രീകളിൽ ഭൂരിഭാഗവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെയാണ് ഇപ്പോഴും കടന്നുപോവുന്നത്. അവർക്ക് നഷ്‌ടമായ സ്വപ്നങ്ങളും ആഗ്രഹിച്ച പങ്കാളിക്കൊപ്പമുള്ള ജീവിതവും പലരെയും വിഷാദത്തിലേക്ക് വരെ നയിക്കുന്നു. സമ്മതപ്രകാരമല്ലാതെ ഗർഭിണിയാവേണ്ടി വന്നതും ഭർത്താവിന്റെ വീട്ടിലെ പ്രതികൂല അന്തരീക്ഷവും അവരെ മാനസികമായി ഏറെ ബുദ്ധിമുട്ടിക്കുന്നു. തന്റെ മക്കൾ മാതൃകാദാമ്പത്യ ജീവിതം നയിക്കുകയാണെന്ന തെറ്റുധാരണയിലാണ് പല മാതാപിതാക്കളും ജീവിക്കുന്നത്. എന്നാൽ അവരുടെ തെറ്റായ തീരുമാനങ്ങൾ തന്റെ മക്കളെ ദിവസവും കരയിപ്പിക്കുകയാണെന്ന് അവർ തിരിച്ചറിയുന്നില്ല. ഇത് തിരിച്ചറിഞ്ഞവരിൽ പലരും സമൂഹത്തിലെ നല്ലപേരിന് വേണ്ടി അഭിനയം തുടരുന്നു.
മറ്റുള്ളവരുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ദാമ്പത്യം നയിക്കേണ്ടി വന്നവർക്ക് നഷ്ടമായത് സ്വന്തം ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്, അതിനുള്ള അവരുടെ അവകാശം കൂടിയാണ്.
( മുകളിൽ അഭിപ്രായം രേഖപെടുത്തിയവർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവരാണ്. അവരുടെ സ്വകാര്യത മാനിച്ചുകൊണ്ട് അവരുടെ വിവരങ്ങൾ ഒന്നും തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല )




