എന്ത് ഷോ ആണ് ഇവരൊക്കെ. കേട്ടോ ചേച്ചീ, ഇന്ന് എന്റെ ക്ലാസിലെ കെവിനില്ലേ, ഒരു പാട്ട് പാടാൻ വിളിച്ചതിന് എജ്ജാതി ഷോ ആയിരുന്നെന്നോ. ഒരുതരത്തിൽ പാടാൻ വരില്ല. അവൻ ഇടയ്ക്ക് ഫ്രണ്ടിസന്റെ കൂടെയിരുന്ന് പാട്ട് പാടുന്നത് ഞങ്ങളൊക്കെ കേട്ടിട്ടുള്ളതാ. ഇന്ന് അപ്പുറത്തെ ക്ലാസിലെ കുട്ടികളെയും കൂടി ഞങ്ങളുടെ ക്ലാസിലാ ഇരുത്തിയത്. അപ്പോ എല്ലാവരും എന്തേലുമൊക്കെ ചെയ്യാൻ പറഞ്ഞു. ബഹളം കൂടിയപ്പോ ടീച്ചർ പറഞ്ഞു, ഒരു കാര്യം ചെയ്യ്, ഓരോരുത്തരായിട്ട് വന്ന് പാട്ട് പാടുകയോ ഡാൻസ് കളിക്കുകയോ മിമിക്രി ചെയ്യുകയോ ഒക്കെ ചെയ്യാൻ. എല്ലാവരും നല്ല അടിപൊളി ആയിട്ട് ചെയ്തു. പക്ഷേ പാട്ട് പാടാൻ കെവിനെ വിളിച്ചതും അവൻ വരുന്നില്ല. ക്ലാസിന്റെ നടുക്ക് നിന്ന് അവൻ വിയർക്കുന്നു, ശ്വാസം മുട്ട് അഭിനയിക്കുന്നു, കണ്ണീര് വരുന്നു, സംസാരിക്കാൻ പറ്റുന്നില്ലാ, എന്റമ്മേ ഒടുക്കത്തെ ഷോ. മര്യാദയ്ക്ക് പാടിയിട്ട് പോയാൽ മതിയായിരുന്നു. ഇത് ആകെ നാണക്കേടായി. ഇങ്ങനെയൊക്കെ കാണിച്ച അവനോട് ഇനി ഞങ്ങളാരും മിണ്ടില്ല.

വീട്ടിലേക്ക് കയറി ബാഗ് സോഫയിലേക്ക് ഇടുന്നതിനിടയിൽ ദേഷ്യത്തിൽ ഇത്രയും പറഞ്ഞ ചിന്നുവിനു ചേച്ചി ഒരു ഗ്ലാസ് ജ്യൂസ് കൊടുത്തു. എന്നിട്ട് പറഞ്ഞു. അത് അഭിനയമാണെന്ന് നിന്നോട് ആര് പറഞ്ഞു? ഒരാൾക്ക് ഒരു കാര്യം ചെയ്യാൻ താൽപര്യമില്ലെങ്കിൽ എന്തിനാ നിർബന്ധിക്കുന്നത്?
ആ ബെസ്റ്റ്. ചേച്ചി, അപ്പുറത്തെ ക്ലാസുകരുടെ മുന്നിൽ ഞങ്ങൾക്ക് ഷൈൻ ചെയ്യാൻ പറ്റിയ ചാൻസ് ആയിരുന്നു. അത് കൊണ്ടല്ലേ പറഞ്ഞത്. അല്ലാതെ ഞങ്ങൾക്ക് അവന്റെ പാട്ട് കേൾക്കാൻ വേണ്ടിയിട്ടൊന്നുമല്ല.
നിനക്കോർമയുണ്ടോ, ഞാൻ കോളജിൽ പഠിച്ചിരുന്നപ്പോ ഒരു ദിവസം വയ്യാതെ നേരത്തേ ക്ലാസ് കട്ട് ചെയ്ത് വന്നത്? അന്ന് അച്ഛനും അമ്മയും കൂടി എന്നെ വഴക്കു പറഞ്ഞതും ഞാൻ കരഞ്ഞതുമൊക്കെ നീ ഓർക്കണുണ്ടോ? അന്ന് ശരിക്കും എന്ത് പറ്റിയതാണെന്ന് അറിയോ?

ഒരു ചാനലിന്റെ പരിപാടി കോളേജിൽ വച്ച് നടത്തിയ ദിവസമായിരുന്നു. എന്റെ ഫ്രണ്ട് കാവ്യയില്ലേ? അവൾ എന്നോട് ചോദിക്കാതെ എന്റെ പേര് പ്രസംഗ മത്സരത്തിന് ചേർത്തു. പണ്ട് സ്കൂളിൽ ഞാൻ പ്രസംഗമത്സരത്തിന് ചേർന്നിട്ടുള്ളതും സമ്മാനം വാങ്ങിയിട്ടുള്ളതുമൊക്കെ അവൾക്ക് അറിയാം. അതുകൊണ്ടാ പേര് കൊടുത്തേ. പരിപാടി തുടങ്ങി, മത്സരം മുന്നോട്ട് പോണു, പെട്ടെന്ന് എന്റെ പേര് വിളിച്ചു. അമൃത, ഡിപ്പാർട്മെന്റ് ഓഫ് മാത്‌സ് എന്ന്. എന്റെ കിളി പാറിപ്പോയി. അന്തംവിട്ടു നിന്ന എന്നെ എല്ലാവരും കൂടി തള്ളി സ്റ്റേജിൽ കേറ്റി. അത്രയും പിള്ളേരുടെ മുന്നിൽ ഞാൻ ഒന്നും പറയാതെ നിക്കുവാ. എന്റെ മുഖം കണ്ടിട്ട് ആങ്കർ പറഞ്ഞു. കുഴപ്പമില്ല, ഇറങ്ങിക്കോ എന്ന്. ആരോ പണികൊടുത്തതാണെന്ന് തോന്നുന്നു എന്നൊക്കെ പറഞ്ഞ് ആങ്കർ സംഭവം ഹാൻഡിൽ ചെയ്തു. പക്ഷേ ഞാനോ? എനിക്കന്ന് കരയണോ ചിരിക്കണോ എന്ന് അറിഞ്ഞൂടാ. ഞാൻ ഓടി ക്ലാസിൽ പോയി. എനിക്ക് ശ്വാസം കിട്ടുന്നില്ല, ഞാൻ കിതക്കുവാണ്. കരച്ചിൽ നിർത്താൻ പറ്റുന്നേയില്ല. ഇപ്പോ മരിച്ചുപോകും എന്നൊരു തോന്നൽ. കാവ്യ എന്റെ പുറകേ ഓടി വന്നായിരുന്നു. സോറി ഒക്കെ പറഞ്ഞു. പക്ഷേ എനിക്ക് ഓക്കെ ആവാൻ പറ്റുന്നില്ല, ഞാൻ ഇരുന്ന് വിറയ്ക്കുവാ. കുറേ സമയം കഴിഞ്ഞിട്ടാ ഞാൻ ഓക്കെ ആയത്. ആദ്യായിട്ടാ അങ്ങനെ സംഭവിച്ചത്. ഞാൻ അന്ന് നേരത്തെ വീട്ടിൽ വന്നു. എന്തോ, ക്ലാസിൽ ഇരിക്കാൻ തോന്നിയില്ല.

അന്ന് എന്താ സംഭവിച്ചതെന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. ഗൂഗിളിൽ നോക്കിയപ്പോ പാനിക് അറ്റാക് ആണെന്നാ പറഞ്ഞത്. എന്നിട്ടും സംശയം മാറാഞ്ഞിട്ട് ഞാൻ ഒരു സൈക്കോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് സംഭവം നേരെ മനസ്സിലായത്. നിന്റെ ക്ലാസിലെ കെവിനും ഇതാ പറ്റിയതെന്നാ എനിക്ക് തോന്നുന്നത്. അതായത് പെട്ടെന്ന് നമുക്ക് ടെൻഷൻ, സ്ട്രെസ് ഒക്കെ തോന്നുമ്പോൾ ഉണ്ടാവുന്ന ഒരു പേടിയും, അതിന്റെ റിയാക്ഷനുമാണ്. ശരീരത്തിൽ ചൂട് കയറുക, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക, വല്ലാണ്ട് വിയർക്കുക, സംസാരിക്കാൻ പറ്റാതാവുക പോലുള്ള ലക്ഷണങ്ങളാണ് കാണിക്കുക. ഇത് എപ്പോൾ വെണമെങ്കിലും വരാം. ലിഫ്റ്റിൽ നിൽക്കുമ്പോ, ക്ലാസിൽ ഇരിക്കുമ്പോൾ, ഒരുപാട് ആളുകളുള്ള സ്ഥലത്ത് ചെല്ലുമ്പോ, വണ്ടി ഓടിക്കുമ്പോൾ ഒക്കെ സംഭവിക്കാം. ആ ഒരു സമയത്ത് ചിലപ്പോ, നമ്മൾ മരിച്ചുപോകുമെന്ന് പോലും തോന്നാം. പക്ഷേ പാനിക് അറ്റാക്ക് വന്നെന്ന് കരുതി ആരും മരിച്ച് പോവുകയൊന്നും ഇല്ല. ചില സാഹചര്യങ്ങൾ നമുക്ക് കൺട്രോൾ ചെയ്യാൻ പറ്റില്ലല്ലോ. അപ്പോ ഇങ്ങനെ സംഭവിച്ചെന്നിരിക്കും. പിന്നെ ഈ വ്യക്തിക്ക് ഇടയ്ക്കിടെ പാനിക്ക് അറ്റാക്ക് വരുന്നുണ്ടെങ്കിൽ ഉറപ്പായും ഡോക്ടറിനെയോ സൈക്കോളജിസ്റ്റിനെയോ കൺസൽട്ട് ചെയ്യണം. ഇതൊക്കെ നമ്മുടെ മെന്റൽ ഹെൽത്തുമായിട്ട് ബന്ധപ്പെട്ട് കിടക്കുന്ന കാര്യങ്ങളല്ലേ, തള്ളിക്കളയരുതല്ലോ. ഡ്രഗ്സ് ഒക്കെ യൂസ് ചെയ്യുന്ന ആളാണെങ്കിൽ കൂടുതൽ ശ്രദ്ധിക്കണമെന്നാ പറയുന്നത്.

ഇതൊന്നും അറിയാതെ വെറുതേ ആ പയ്യനെ ഷോ എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുന്നത് മോശമാണ്. ഇനി അവനോ കൂടെയുള്ളവർക്കോ ഇങ്ങനെ സംഭവിച്ചാൽ നീ ഹെൽപ് ചെയ്യുകയാണ് വേണ്ടത്. നന്നായിട്ട് ഡീപ് ബ്രെത് എടുക്കാൻ പറയാം. വിരലു മുറുക്കി പിടിച്ച ശേഷം പതിയെ അയച്ചുവിടാം, അവരോട് സംസാരിച്ച് ശ്രദ്ധ മാറ്റിക്കാം, ഇഷ്ടമുള്ള ആരോടെങ്കിലും ഫോൺ ചെയ്ത് സംസാരിക്കാൻ പറയാം. ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ നമ്മൾ ഒരു സൈക്കോളജിസ്റ്റിനോട് ചോദിക്കണം. മനസ്സിലായോ?




