ജീവിതത്തിൽ പ്രത്യേകിച്ച് ബന്ധങ്ങളിൽ എന്തെങ്കിലും പ്രതിസന്ധിയോ തകർച്ചകളോ സംഭവിക്കുമ്പോൾ എപ്പോഴെങ്കിലും അവയിൽ നിന്നെല്ലാം ഓടിയൊളിക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഒരു ഒളിച്ചോട്ടത്തിന് പകരം മാറ്റങ്ങളെ അംഗീകരിക്കുകയും നഷ്ടങ്ങളിൽ തളരാതെ മുന്നോട്ട് പോവുകയും ചെയ്താലോ? ജപ്പാനിലെ കിൻസുഗി (Kintsugi) എന്ന പുരാതന കല നമ്മെ പഠിപ്പിക്കുന്നത് അത്തരത്തിലൊരു അവസരത്തെ കുറിച്ചാണ്. ഒറ്റ നോട്ടത്തിൽ, ഉടഞ്ഞുപോയ പാത്രങ്ങളെ സ്വർണമോ വെള്ളിയോ ഉപയോഗിച്ച് കൂട്ടിയിണക്കി, അവയ്ക്ക് മുമ്പത്തേക്കാൾ ഭംഗിയും മൂല്യവും നൽകുന്ന ഒരു കരകൗശലവിദ്യ, അതാണ് കിൻസുഗി.

മുറിപ്പാടുകളെ മിനുക്കിയെടുക്കാം
‘കിൻ’ (Kin) എന്നാൽ സ്വർണം, ‘സുഗി’ (tsugi) എന്നാൽ യോജിപ്പിക്കുക – ‘സ്വർണത്താൽ യോജിപ്പിക്കുന്നത് എന്നാണ് കിൻസുഗിയുടെ അർഥം. പതിനഞ്ചാം നൂറ്റാണ്ടിൽ ജപ്പാനിലാണ് കിൻസുഗിയുടെ പിറവി. പൊട്ടിപ്പോയ സെറാമിക് പാത്രങ്ങളുടെ കഷണങ്ങൾ ‘ഉറുഷി’ (Urushi) എന്ന പ്രത്യേക പശ ഉപയോഗിച്ച് ഒട്ടിക്കുകയും, ആ വിള്ളലുകൾക്കിടയിൽ സ്വർണപ്പൊടി നിറയ്ക്കുകയും ചെയ്യുന്ന കരകൗശല വിദ്യ.

തകർന്ന പാത്രങ്ങളെ സ്വർണം കൊണ്ട് വിളക്കി ചേർക്കുന്ന ജാപ്പനീസ് കലയായ കിൻസുഗി, വെറുമൊരു കരകൗശല വിദ്യയല്ല. അത് മനുഷ്യബന്ധങ്ങളിലെ തകർച്ചകളെയും വീണ്ടെടുപ്പുകളെയും കുറിച്ചുള്ള ആഴമേറിയ ഒരു ഓർമിപ്പിക്കൽ കൂടിയാണ്. ബന്ധങ്ങളിൽ വിള്ളലുകൾ വീഴുമ്പോൾ അവ ഉപേക്ഷിക്കാനല്ല, മറിച്ച് കൂടുതൽ കരുത്തോടെ ചേർത്തുപിടിക്കാനാണ് കിൻസുഗി പഠിപ്പിക്കുന്നത്. മരക്കറയിലോ പശയിലോ സ്വർണത്തിന്റെ പൊടി ചേർത്ത് പൊട്ടിയ പാത്രങ്ങളെ മിനുക്കിയെടുക്കും. വിള്ളലുകൾ മറയ്ക്കുകയല്ല, അവ മനോഹരമാക്കുകയാണ് കിൻസുഗിയിലൂടെ ചെയ്യുന്നത്.
‘പൂർണ്ണത എന്ന മിഥ്യ’
ഏതൊരു സെറാമിക് പാത്രവും എന്നെങ്കിലും താഴെ വീണു പൊട്ടാൻ സാധ്യതയുള്ളതുപോലെ, ഏത് ബന്ധത്തിലും അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളും ഉണ്ടായേക്കാം. ഒരിക്കലും കേടുപാടുകൾ വരാത്ത ഒരു പാത്രം എന്ന സങ്കല്പം പോലെ തന്നെ എല്ലാം തികഞ്ഞ ഒരു ബന്ധം എന്നതും ഒരു മിഥ്യ മാത്രമാണ്. ബന്ധങ്ങളിലുണ്ടാകുന്ന വീഴ്ചകളെ ഒരു അവസാനമായി കാണുന്നതിന് പകരം, അതിനെ മാറ്റത്തിന്റെ ഒരു ഘട്ടമായി കാണാൻ കിൻസുഗി പ്രേരിപ്പിക്കുന്നു.

ബന്ധങ്ങളിൽ ഉണ്ടാകുന്ന മുറിവുകളെ ഒളിച്ചുവയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ കിൻസുഗിയിൽ വിള്ളലുകൾ സ്വർണമോ വെള്ളിയോ പുരട്ടി കൂടുതൽ മിന്നുക്കി യോജിപ്പിച്ചെടുക്കുന്നു. ബന്ധങ്ങളിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും അവയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നത് സ്വർണം കൊണ്ട് പാത്രങ്ങളിലെ വിള്ളലുകൾ മറയ്ക്കുന്നതിന് തുല്യമാണ്. തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമ്പോൾ ആ ബന്ധം പഴയതിനേക്കാൾ ദൃഢമാകുന്നു. ബാക്കിയാവുന്ന മുറിപ്പാടുകൾ അതിജീവിച്ച പ്രതിസന്ധികളുടെ അടയാളങ്ങളാണ്.
അതിജീവനത്തിന്റെ സൗന്ദര്യം…
നമ്മുടെ ജീവിതത്തിൽ പരാജയങ്ങളും മാനസികമായ മുറിവുകളും ഉണ്ടാകുമ്പോൾ അവയെ ഒളിച്ചുവയ്ക്കാനോ അതോർത്ത് വിശമിക്കാറോ അണ് പതിവ്. എന്നാൽ കിൻസുഗി നൽകുന്ന സന്ദേശം, നിങ്ങളുടെ മുറിപ്പാടുകൾ നിങ്ങളെ വിരൂപനാക്കുന്നില്ല, പകരം നിങ്ങളെ കൂടുതൽ സുന്ദരമാക്കുന്നു എന്നാണ്.
ഒരിക്കൽ ഉടഞ്ഞ പാത്രം കിൻസുഗി വഴി ശരിയാക്കിയെടുക്കുമ്പോൾ അതിന് വിപണിയിൽ പഴയതിനേക്കാൾ വില കൂടാറുണ്ട്. തകർച്ചകളിൽ നിന്ന് പഠിക്കുന്ന പാഠങ്ങൾ ആ ബന്ധത്തിന് മൂല്യം ഇരട്ടിയാക്കുകയും അതിന് സ്വർണത്തിന്റെ തിളക്കം സമാമനിക്കുകയും ചെയ്യുന്നു. പ്രതിസന്ധികളോ തകർച്ചകളോ അല്ല. മറിച്ച് അവയെ സ്വർണപശ ഉപയോഗിച്ച് വിളക്കി ചേർക്കുന്നതിലാണ് യഥാർഥ സൗന്ദര്യം എന്ന് കിൻസുഗി പഠിപ്പിക്കുന്നു.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




