കുട്ടികളെ ഇഷ്ടമാണ് പക്ഷേ ഗർഭം ധരിക്കാനോ പ്രസവിക്കാനോ ഇഷ്ടമില്ല. പണ്ട് ഇങ്ങനെ ആരും ചിന്തിച്ചിരുന്നില്ല. പ്രസവിക്കുന്നതാണ് സ്ത്രീയുടെ ജീവിതം പൂർത്തിയാക്കുന്നതെന്നും ഗർഭകാലം സുന്ദരമാണെന്നും പലരും പറഞ്ഞിട്ടും ഇന്നത്തെ യുവാക്കൾക്ക് അത് താല്പര്യമില്ല. എന്നാലുമത് എന്ത് കൊണ്ടാവും എന്നാണ് കുടുംബത്തിലെ കാരണവരുടെ പ്രധാന സംശയം.
കാരണങ്ങൾ പലതാണ്. 90സ് കിഡ്സ് കൂടുതൽ പേരും ഇപ്പോൾ വിവാഹം കഴിക്കുകയും കുഞ്ഞുങ്ങൾ പ്ലാൻ ചെയ്യുകയുമൊക്കെ ആവും. എന്നാൽ പലർക്കും തങ്ങളുടെ കുട്ടിക്കാലത്തെ ട്രോമ ഭാവി തലമുറയ്ക്കു നൽകാൻ ഉദ്ദേശമില്ല. അത്കൊണ്ട് എപ്പോഴാണോ തങ്ങൾ ശരീരികവും, മാനസികവും, സാമ്പത്തികവുമായെല്ലാം നല്ല അവസ്ഥയിലെത്തുന്നോ അന്ന് കുഞ്ഞിനെപ്പറ്റി ചിന്തിക്കാമെന്ന് കരുതുന്നത്. ഇനി ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലും ഗർഭം ധരിക്കാനോ, പ്രസവിക്കാനോ താൽപര്യമില്ലാത്തവരാണ് പലരും. ഒരു കുഞ്ഞിനെ ദത്ത് എടുക്കുന്നതോ, വാടക ഗർഭധാരണമോ ഒക്കെയാണ് പലർക്കും താൽപര്യം.

സ്വന്തം ശരീരം, മാനസികാരോഗ്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയതോടെയാണ് ഇങ്ങനെയൊരു മാറ്റം യുവാക്കളിൽ കാണുന്നതെന്നാണ് പൊതുവിലുള്ള അഭിപ്രായം. ഒരു സ്ത്രീ എപ്പോഴാണോ താൻ ഗർഭം ധരിക്കാനും പ്രസവിക്കാനും തയാറെന്ന് സ്വയം മനസ്സിലാക്കുന്നുവോ, അതാണ് ശരിയായ സമയം. കുടുംബക്കാരുടെയും നാട്ടുകാരുടെയും താൽപര്യത്തിനല്ല ഒരു കുഞ്ഞിനു ജീവൻ നൽകേണ്ടതെന്ന് ഇപ്പോഴത്തെ തലമുറയ്ക്ക് നന്നായറിയാം.
ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. എത്ര ഭംഗിയിൽ, കൃത്യമായി ജോലി ചെയ്താലും പലപ്പോഴും തുല്യവതനമോ ജോലിക്കയറ്റമോ ലഭിക്കില്ല. ഗർഭിണി ആണെങ്കില്‍ ജോലിയിൽ തനിക്ക് ഉയരാനോ, മുന്നേറാനോ ഉള്ള അവസരങ്ങൾ കുറയുമെന്ന് പലരും ഭയപ്പെടുന്നു. കരിയറിൽ കോംപ്രമൈസ് ചെയ്യാൻ തയാറല്ലാത്തവർക്ക് ഗർഭം ധരിക്കാൻ ഭയമായിരിക്കുമെന്ന് സാരം.
ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, മാനസികമായി അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാനായും പലരും ഗർഭം ഒഴിവാക്കാറുണ്ട്. ചിലർക്ക് വേദന സഹിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്, അത്തരം പ്രശ്നങ്ങള്‍ ഉള്ളവർക്ക് ഗർഭധാരണവും, പ്രസവവുമെല്ലാം ഒരു പേടി സ്വപ്നം ആയിരിക്കും. പെൺകുട്ടികൾ മാത്രമല്ല, പല പുരുഷന്മാർക്കും തന്റെ പങ്കാളി ഗർഭം ധരിക്കുന്നതോ പ്രസവിക്കുന്നതോ ഇഷ്ടമല്ലാതായിരിക്കുന്നു. ഹോർമോൺ പ്രശ്നങ്ങൾ, വീട്ടുജോലികളിലെ പങ്കാളിത്തം, സാമ്പത്തിക ഭദ്രത എന്നിവയാണ് ആ ഇഷ്ടക്കേടിന്റെ ഉറവിടം.
ഇന്നത്തെ പെൺകുട്ടികൾക്ക് സൗന്ദര്യം നോക്കിയിരിക്കാനാ താൽപര്യം. പ്രസവിച്ചാൽ വയറു ചാടും, സ്ട്രെച്ച് മാർക്ക് വരും, ശരീരം മാറുമെന്നൊക്കെ പറഞ്ഞ് ഇങ്ങനെയൊക്കെ തുടങ്ങിയാലോ എന്ന് പറയുന്നവർ ഒരുപാടുണ്ടാവും. ഇനി സൗന്ദര്യം കാക്കണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പ്രസവിക്കാൻ ഇഷ്ടക്കേട് കാണിക്കുന്നതെന്ന് തന്നെ കരുതിക്കോളു. ആ തീരുമാനത്തെയും റെസ്പെക്ട് ചെയ്യണ്ടേ? അതുകൊണ്ട് ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നവർ പ്രസവിക്കുകയോ, ദത്തെടുക്കുകയോ ഒക്കെ ചെയ്തോട്ടെ. ആ കുഞ്ഞിനും മാതാപിതാക്കൾക്കും സന്തോഷം മാത്രം നേരാം.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.





Pingback: പങ്കാളി വേണ്ട, കുഞ്ഞ് മതി? | Why Some People Want Children Without Marriage | Single Parent Adoption India, IVF, Parenting | Love, Lust and Beyond | Ivide Live