”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”
യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപ്പെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക് ഞാൻ ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് ഒൻപത് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.
ഭാഗം 9
കൊടും കാട്. ഉള്ളിലേക്ക് ചെല്ലുന്തോറും വന്യമാവുന്ന പ്രദേശം. വഴിനീളെ കുരങ്ങന്മാർ. ദൂരെ ഒരു വീട് ചൂണ്ടി മമ്മി എനിക്ക് വഴികാട്ടി. ബസ് സ്റ്റോപ്പിൽ നിന്നും നാലു കിലോമീറ്റർ ഉള്ളിലാണ് വീട്. തൊട്ടുമുന്നിൽ പുഴ, അപ്പുറത്ത് മറ്റൊരു വീട്. അടയാളം പറയാനായി ആ പരിസരത്ത് മറ്റൊന്നും തന്നെയുണ്ടായില്ല. യാത്രയിൽ അപരിചിതമായ വീടുകളിൽ പലപ്പോഴും തങ്ങാറുണ്ട്. പക്ഷെ ഇങ്ങനെ കാടിനുള്ളിൽ ഇതാദ്യം.
മമ്മിയും പപ്പയും ദാദിയും പിന്നെ രണ്ടു പെൺകുട്ടികളും. ഞാൻ എത്തിയപ്പോൾ മഴ അപകടകരമായ രീതിയിൽ തുടരുകയായിരുന്നു. മണ്ണിടിയാനും പ്രളയം വരാനും സാധ്യതയേറെ. ഞാനും മമ്മയും നടന്ന് മല കേറി പുഴ മുറിച്ചുകടന്ന് വീടെത്തി. പപ്പ ഞങ്ങളെ കാത്ത് വീടിനുമുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. പപ്പയ്ക്ക് കൃഷിയും പശുവളർത്തലുമാണ് പകൽ സമയത്ത് ജോലി. രാത്രിയാവുമ്പോൾ സെക്യൂരിറ്റി ജോലിക്കായി പോവും. പകൽസമയങ്ങളിൽ പപ്പ ആ വീട്ടിൽ സകലമാന ഇടങ്ങളിലും ഒച്ചയുണ്ടാക്കി നടക്കും. ‘ലക്ഷ്മീ…’ എന്ന നീട്ടിവിളിയിൽ ആ വീട് ഉണരും. ഞാൻ ലക്ഷ്മിക്കൊപ്പമാണ് അവിടെയുണ്ടായിരുന്ന മുഴുവൻ ദിവസവും കിടന്നത്. രാവിലെയാവുമ്പോൾ പപ്പ ചായയും ബിസ്കറ്റുമായി വരും. ആദ്യ ദിവസം ലക്ഷ്മി എന്ന വിളി പിന്നീട് എന്റെ പേരിലുമെത്തി.


വീടിനു മുന്നിലിരുന്ന് നോക്കിയാൽ കണ്ണെത്തുക കൊടിയ വനത്തിലേക്കാണ്. അവർക്ക് കാട് പേടിയില്ലേ? മൃഗങ്ങളെ പേടിയില്ലേ? എന്തെങ്കിലും അത്യാവശ്യം വന്നാൽ എങ്ങനെ അവർ മലയിറങ്ങി താഴെയെത്തും? ഞാൻ പലപ്പോഴായി ആലോചിച്ചു. മഴ വന്നാൽ പുഴയിൽ വെള്ളം കയറി വഴി മുടങ്ങുന്ന ആ സാഹചര്യത്തെക്കുറിച്ച് ഓർത്തു. പപ്പ പ്രത്യേകം പറഞ്ഞു പുഴയിൽ കുളിക്കാൻ പോവരുത്, ഒഴുക്ക് കൂടുതലാണ്, അപകടം പറ്റും. പുഴയിൽ കുളിക്കാനുള്ള കൊതി വിട്ടുകളയാൻ ഞാൻ നിർബന്ധിക്കപ്പെട്ടു. പക്ഷെ പപ്പ പുറത്ത് പോവുമ്പോൾ നമുക്ക് കുളിക്കാൻ പോവാമെന്ന് രഹസ്യമായി മമ്മി പറഞ്ഞു. പപ്പ വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം ഞാനും ലക്ഷ്മിയും പുഴയിൽ കുളിക്കാൻ പോയി. കുറെ നേരം ഞാൻ ആ വെള്ളത്തിൽ നനഞ്ഞു. മഴ വരുന്നെന്നു തോന്നിയപ്പോൾ തിരിച്ചു വീട്ടിലേക്ക് പോയി.
എന്നും രാവിലെ മമ്മി എനിക്ക് ആലൂപറാട്ടയുണ്ടാക്കി തന്നു. മസാലയിട്ട നല്ല ചായയും പതിവായി. ജീവിതത്തിൽ ആദ്യമായി ഞാൻ അവിടന്നു മട്ടൻ കഴിച്ചു. അവർ പൊതുവെ ഭക്ഷണം കഴിക്കുന്നത് കുറവാണ്. ഉച്ചനേരത്തെ ഭക്ഷണം അവർക്ക് പതിവില്ലായിരുന്നു. എന്നിട്ടും എനിക്കായി അവർ ഉച്ചക്ക് പാചകം ചെയ്തു. മട്ടൻ കഴിക്കാൻ താല്‍പര്യമില്ലാതിരുന്നിട്ട് പോലും ഞാൻ കഴിച്ചു. അത് നിരസിക്കാൻഎനിക്ക് ആയില്ല. എങ്ങനെയുണ്ടെന്ന് മമ്മി ചോദിച്ചപ്പോൾ കിടിലമെന്ന് ഞാൻ തലകുലുക്കി.





മഴ കനക്കുകയാണ്, അവിടെ നിന്നും ഇനിയും ഞാൻ ഇറങ്ങിയില്ലെങ്കിൽ കുറച്ചധികം കാലത്തേക്ക് അവിടെ പെട്ടുപോവുമെന്ന് എനിക്ക് മനസിലായി. പെട്ടെന്ന് ഒരു വൈകുന്നേരം ഞാൻ ഡൽഹിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു വീട്ടിൽ കാര്യം പറഞ്ഞു. കുറച്ചധികം ദിവസംകൂടി താമസിച്ചിട്ടുപോവാമെന്ന് അവർ നിർബന്ധിച്ചു. പക്ഷെ എനിക്ക് തിരിച്ചു പോവണമായിരുന്നു. ഞാൻ മമ്മിയോട് യാത്ര പറഞ്ഞു. മമ്മി എന്നെ കെട്ടിപ്പിടിച്ചു, കയ്യിൽ അഞ്ഞൂറ് രൂപയുടെ നോട്ട് നീട്ടി. ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. മമ്മി എന്റെ നെറ്റിയിൽ ഉമ്മവെച്ചു. ആ കുഞ്ഞുവീട് വിട്ട്, ഇനി തിരിച്ചുചെല്ലുമോ എന്ന ഉറപ്പ് പോലുമില്ലാതെ ഞാൻ യാത്ര പറഞ്ഞു.
പപ്പ ബസ് സ്റ്റോപ്പ് വരെ എന്റെ കൂടെ വന്നു. രാത്രിയാണ് ബസ്. ഞങ്ങൾ കുറച്ചുനേരത്തെ ബസ് സ്റ്റോപ്പിലെത്തി. പപ്പ എനിക്ക് ലേയ്സും സോഫ്റ്റ് ഡ്രിങ്കും വാങ്ങി തന്നു. അവരുടെ സ്നേഹത്തിന് എങ്ങനെ എന്ത് പകരം നൽകുമെന്ന് എനിക്ക് മനസ്സിലായില്ല. എന്റെ കണ്ണ് നിറഞ്ഞു. ബസ് വരുന്നതുവരെ പപ്പ എനിക്കായി കാത്തുനിന്നു. ബസ്സിന്റെ വിൻഡോ സീറ്റിലിരുന്നു ഞാൻ കണ്ടു ആ മനുഷ്യൻ ദൂരേക്ക് എന്നെ നോക്കി കൈവീശുന്നു…


ഈ യാത്രാവിവരണം ഇവിടെ അവസാനിക്കുകയാണ്. കണ്ട കാഴ്ചകളും പരിചയപ്പെട്ട മനുഷ്യരും ഇപ്പോഴും എന്റെ ജീവിതത്തിൽ പലപ്പോഴായി ഓർമിക്കപ്പെടുന്നു. അവരിൽ പലരും എപ്പോഴും എന്റെ വിശേഷങ്ങൾ തിരക്കുന്ന പ്രിയപ്പെട്ടവരായി അവശേഷിക്കുന്നു. ഡൽഹിയിലെ ദേവിക അക്കയും ഉദയ്‌പൂരിലെ അൻഷും ഹിമാചലിലെ ലഷ്മിയും പഞ്ചാബിലെ രജനീഷും ജീവിത്തിൽ ഒരിക്കൽ മാത്രം കണ്ടുമുട്ടി പിരിഞ്ഞ സ്നേഹത്തിൽ പൊതിഞ്ഞ മനുഷ്യരാവുന്നു. ചില യാത്രകൾ സ്ഥലങ്ങൾ മാത്രമല്ല, മനുഷ്യർ കൂടിയാവുന്നു.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




