195
Views

”ഈ യാത്രയിൽ എന്റെ വസ്ത്രങ്ങൾ ആവർത്തിക്കപ്പെട്ടു, എന്റെ ചെരുപ്പിൽ എല്ലാ സമയവും അഴുക്ക് അവശേഷിക്കപ്പെട്ടു. പക്ഷെ ഞാൻ കണ്ട കാഴ്ചകൾ ഓരോ ദിവസവും പുതുമയുള്ളതായി”

യാത്ര ചെയ്യാതെ, പുതിയ മനുഷ്യരെ പരിചയപെടാതെ, വ്യത്യസ്തമായ രുചികൾ പരീക്ഷിക്കാതെ ജീവിക്കാൻ എനിക്ക് ഒരിക്കലുമാവുമായിരുന്നില്ല. വെറുതെയിരിക്കുമ്പോൾ യാത്ര ചെയ്യണമെന്ന അതിതീവ്രമായ ആഗ്രഹം എന്റെ ഉള്ളിൽ എല്ലാകാലത്തും കറങ്ങിത്തിരിയുമായിരുന്നു. അങ്ങനെയിരിക്കെ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, പ്രതീക്ഷിക്കാത്ത ഇടങ്ങളിലെക്ക് ഞാൻ ഒറ്റക്ക് നടത്തിയ യാത്രയുടെ പകർപ്പാണ് എട്ട് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ യാത്രാവിവരണം. എന്റെ ഉടുപ്പിൽ പറ്റിയ വിയർപ്പും ഞാൻ കണ്ട കാഴ്ചകളുമാവുന്നു ഈ യാത്രാവിവരണത്തിന്റെ ആത്മാവ്.

ഭാഗം 2

അനേകം കൈവഴികളുള്ള, ഉള്ളിലേക്ക് ചെല്ലുന്തോറും ആ വഴികളെല്ലാം ചെറുതായി വരുന്ന ഗ്രാമം ഉപേക്ഷിച്ച് ഞാൻ പുറത്തേക്ക് കടന്നു. കൈവെള്ളയിൽ കുഞ്ഞിനെ പൊതിയുന്ന സൂക്ഷ്മതയോടെ ഞാൻ ആ തെരുവിലൂടെ നടന്നു. ചുറ്റിലും പുതിയ കാഴ്ച്ചകൾ, മരപ്പണി ചെയ്യുന്നവർ, വെയിൽ കായാൻ വീട്ടുമുറ്റത്തു കൂനിക്കൂടിയിരിക്കുന്നവർ, വിശേഷം പറയുന്ന സ്ത്രീകൾ. വൈവിധ്യമേറിയ മനുഷ്യരെക്കൊണ്ട് സമൃദ്ധമാണിവിടെ.

ഹൈവേ എത്തിയതും ജോധ്പുരിലേക്കുള്ള വാഹനത്തിനായി എന്റെ തിടുക്കം. അവിടെ നിന്നും ബസ് കിട്ടുകയെന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വരിവരിയായി ഒരുപാട് ജീപ്പുകൾ നിർത്തിയിട്ടിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആളുകളെ കുത്തിനിറച്ച് സ്റ്റാർട്ട് ചെയ്യാനായി ഒരുങ്ങി നിക്കുന്ന ഒരു ജീപ്പിനടുത്തേക്ക് ഞാൻ നടന്നു. എന്റെ ബാഗും ടെന്റും പിടിച്ച് ഞാൻ കഷ്ടപ്പെട്ട് ഒരു ഇരിപ്പിടം സെറ്റാക്കി. വായിൽ പാൻപരാഗും മുറുക്കാനും നിറച്ച ഒരുപാട് മുഖങ്ങൾ എനിക്ക് ചുറ്റും. ചിലർ ബീഡി വലിച്ച് പുക ജീപ്പിനുള്ളിലേക്ക് ഊതുന്നു. അവർക്കിടയിൽ ഞെരുങ്ങിയിരിക്കുന്ന തലമറച്ച സ്ത്രീകൾ അത്ഭുതത്തോടെ എന്നെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഞാൻ ഗൂഗിൾ മാപ് ഓണാക്കി, ഫോൺ സ്ക്രീനിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു. ജോധ്പുർ ബസ് കിട്ടുന്ന വഴിയിൽ അവർ എന്നെ ഇറക്കി. പക്ഷെ ആ പരിസരത്തുനിന്നും ബസ് കിട്ടാൻ സാധ്യതയില്ലെന്ന് എനിക്ക് മനസിലായി.

സമയം ഇരുട്ടി തുടങ്ങിയിരുന്നു. വണ്ടികിട്ടില്ലെന്ന യാഥാർത്ഥ്യം ഞാൻ ഉൾക്കൊണ്ടു. ഈ യാത്രയിലെ ആദ്യത്തെ ഹിച്ച് ഹൈക്കിനായി ഞാൻ തയ്യാറായി കഴിഞ്ഞു. വരുന്ന വണ്ടികൾക്ക് കൈ കാണിച്ചു. ട്രക്കോ, ബൈക്കോ, ലോറിയോ, കാറോ അങ്ങനെ ഏതെല്ലാമോ വണ്ടികൾക്ക്. അപരിചിതരായ മനുഷ്യരുടെ വണ്ടികൾ എനിക്ക് പലപ്പോഴും വലിയ ഉപകരമായിട്ടുണ്ട്. അങ്ങനെ അധികം വൈകാതെ ഒരു കാർ എനിക്കുമുന്നിൽ നിർത്തി. കയറിയപ്പോൾ ഡ്രൈവർ സീറ്റിൽ പ്രായം നന്നേ കുറവ് തോന്നിക്കുന്ന ഒരു പയ്യൻ. അവൻ നിർത്താതെ സംസാരിക്കാൻ തുടങ്ങി. അവന്റെ പല ചോദ്യങ്ങളും എന്നെ വളരെയധികം അസ്വസ്ഥമാക്കാൻ തുടങ്ങി. മദ്യപിക്കുമോ, പുക വലിക്കുമോ, കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടോ അവൻ ചോദ്യങ്ങളുടെ ഒരു നീണ്ട നിര എനിക്ക് മുന്നിൽ നിരത്തി. മുന്നോട്ട് പോവുന്തോറും എനിക്ക് പേടിയും കൂടി തുടങ്ങി. അവൻ പറഞ്ഞു, ”നിന്നെ ഞാൻ ജോധ്പുർ ഇറക്കാം, ഇന്ന് രാത്രി നമുക്ക് അവിടെ റൂമെടുത്ത് നിക്കാം.” എനിക്ക് കാലിൽ നിന്നും തണുപ്പ് ഇരച്ച് മൂർദ്ധാവിൽ കയറാൻ തുടങ്ങി. പേടിയുണ്ടെങ്കിലും അതെന്റെ മുഘത് വരാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്റെ ബാഗിൽ പെപ്പെർ സ്പ്രേയും കത്തിയുമുള്ള ധൈര്യത്തിൽ ഒച്ച കൂട്ടി വണ്ടി നിർത്താൻ പറഞ്ഞു. കാർ നിർത്തിയതും ഞാൻ വേഗം ഇറങ്ങി. അവനെ ചീത്ത പറയാനുള്ള ഭാഷ പോലും എനിക്ക് അറിയില്ലായിരുന്നു. ഞാൻ പറഞ്ഞില്ലേ…എനിക്ക് ഹിന്ദി അറിയില്ല. വായിക്കാൻ അറിയാം എന്നല്ലാതെ പറയാൻ അറിയില്ല. പക്ഷെ എന്റെ പെരുമാറ്റത്തിൽ അവനു കാര്യം മനസിലായി. ഞാൻ ആളുകൾ കൂടിയ ഒരു സ്ഥലത്തേക്ക് നീങ്ങി നിന്നു. അവൻ പിന്നീടും രണ്ടു മൂന്നു തവണ ഞാൻ നിൽക്കുന്ന അതേ സ്ഥലത്തേക്ക് കാറുമായി വന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോൾ ബസ് വന്നു. ജോധ്പൂറിലേക്കുള്ള ആ ബസ് യാത്ര എനിക്ക് അത്ര ഭംഗിയുള്ളതായി അനുഭവപെട്ടില്ല. തൊട്ടുമുൻപ് നടന്ന കാര്യം എന്റെ മനസിൽ കല്ലിച്ചു കിടന്നു. ജോധ്പുർ എത്തിയതും ഞാൻ അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെ വെയ്റ്റിംഗ് റൂമിൽ ഇരിക്കാൻ തീരുമാനിച്ചു. പക്ഷെ ആ റെയിൽവേ സ്റ്റേഷനിൽ അത്തരം സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാൻ റെയിൽവേ പോലീസ് ഓഫീസിനുമുന്നിൽ ഇരുന്നു. എപ്പഴോ ഉറങ്ങിപ്പോയി. രാവിലെ ആളുകളുടെ ശബ്ദം കേട്ടാണ് എഴുന്നേൽക്കുന്നത്. എന്റെ ചുറ്റിലുമിരുന്ന് ആളുകൾ എന്തെല്ലാമോ പിറുപിറുക്കുന്നു.

കണ്ണ് തുറന്നപ്പോൾ അവർ ആക്രോശിക്കുന്നത് എന്നോടാണെന്ന കാര്യം എനിക്ക് മനസിലായി. ഞാൻ കിടന്ന ആ മരത്തിനടിയിൽ അവരുടെ ദൈവത്തിന്റെ പ്രതിഷ്ഠയുണ്ടായിരുന്നു. ആ വിഗ്രഹത്തിനടുത്ത് ഞാൻ കിടന്നുറങ്ങിയത്, അതും ചെരുപ്പിട്ട് കിടന്നുറങ്ങിയത് അവരെ വല്ലാതെ ചൊടിപ്പിച്ചു. ഞാൻ എഴുന്നേറ്റു , അവരോട് ആ അതിരാവിലെ മാപ്പും പറഞ്ഞ് വാഷ് റൂമിലേക്ക് നടന്നു. പത്തുരൂപ കൊടുത്താലേ അവിടുത്തെ ബാത്രൂം ഉപയോഗിക്കാനാവൂ .മേൽനോട്ടക്കാരനായ ബയ്യ മേശയിൽ തലവെച്ച് കിടന്നുറങ്ങുന്നു. മൂത്രത്തിന്റെ മണവും സഹിച്ച് അവിടെ ഉറങ്ങുന്ന അയാളെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. എങ്ങനെയാണ് സമാധാനമായി ഉറങ്ങുന്നതെന്ന് ചിന്തിച്ചു. പക്ഷെ അതയാൾക്കൊരു ശീലമായി മാറി കഴിഞ്ഞിരുന്നു. എന്നോട് പത്തുരൂപയും വാങ്ങി വീണ്ടും അയാൾ കിടന്നു. ഞാൻ വസ്ത്രം മാറി, മുഖമെല്ലാം കഴുകി, പുറത്തിറങ്ങി.

ടാക്സി ഡ്രൈവർമാർ പഞ്ചസാരയിൽ ഉറുമ്പ് പൊതിയുന്ന പോലെ എന്നെ പൊതിഞ്ഞു. അവർക്കൊന്നും മുഖം കൊടുക്കാതെ ഞാൻ തലതാഴ്ത്തി ഞാൻ വേഗത്തിൽ നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ ഒരു ബസ്റ്റോപ്പ് എത്തി. എന്റെ മുന്നിൽ ഒരുപാട് ഓട്ടോ ഡ്രൈവർമാർ വന്നു. പോവേണ്ട സ്ഥലം പറയുമ്പോൾ അവർ മുന്നൂറു മുതൽ അഞ്ഞൂറുവരെ ചാർജ് പറയുന്നു. അത്രക്ക് ദൂരമൊന്നും ഈ സ്ഥലത്തേക്കില്ല. ഒടുവിൽ ഒരു ബയ്യ വന്നു, ഇരുന്നൂറു പറഞ്ഞു, എന്റെ വില പേശലിൽ അത് നൂറ്റി അറുപതായി കുറഞ്ഞു. പറ്റിക്കപെടുകയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഞാൻ ആ ഓട്ടോയിൽ കയറി.

പോവുന്ന വഴികൾ ഞാൻ നോക്കിവെച്ചു. ചുമരുകളും കടകളും അമ്പലങ്ങളും അടയാളമായി മനസ്സിൽ കരുതിവെച്ചു. ഒടുവിൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഞാൻ അവിടെത്തി…എന്റെ സ്വപ്നങ്ങളിൽ വന്നു പോവാറുള്ള നീല നിറത്തിലുള്ള ആ തെരുവ്. ബ്ലൂ സിറ്റി എന്നറിയപ്പെടുന്ന പേർഷ്യൻ നീല നിറത്തിലുള്ള തെരുവ്. ജീവിതത്തിൽ എന്തൊക്കെയോ നേടിയ ഒരു തോന്നൽ. ആ തെരുവിന്റെ ഭംഗിയിൽ ഞാൻ അത്ഭുതപെട്ടു. എന്നിലെ കൗതുകക്കാരിയായ ആ പെൺകുട്ടി സന്തോഷം കൊണ്ട് നൃത്തം

ദൂരെ നിന്ന് നോക്കുന്നത് പോലെയല്ല. അവിടെയുള്ള എല്ലാ ചുമരുകളും നീല. ചില പൈപ്പുകളും ഇതേ നിറത്തിൽ കാണപ്പെടുന്നു എന്നത് അല്പം കൗതുകമുണർത്തുന്നതായിരുന്നു. ചുമരുകളിൽ അതി മനോഹരങ്ങളായ അനേകം ചിത്രങ്ങൾ. ഈ നീലനിറത്തിനു പിന്നിൽ മറ്റൊരു കഥകൂടെയുണ്ട്. ബ്രാഹ്മിൺ ജാതിയിൽപ്പെട്ട ആളുകൾ താമസിക്കുന്നത് കൊണ്ട്, അവരുടെ സോഷ്യൽ സ്റ്റാറ്റസ് കാണിക്കാൻ വേണ്ടികൂടിയാണ് അവിടം നീല പെയിന്റ് അടിക്കുന്നത്.

കുറെ നേരം ഞാൻ അവിടെയെല്ലാം കറങ്ങി നടന്നു. വെറുതേ ഓരോ തിണ്ണകളിലും വഴിയോരങ്ങളിലും ഇരുന്നു. കണ്ടുമതിയായെന്ന് തോന്നിയപ്പോൾ നീലനിറത്തിൽ വെള്ളം കലർത്തിയ പോലെ ഞാൻ അപ്രത്യക്ഷമായി.

ആ ഗല്ലികളിലൂടെ നടക്കുമ്പോൾ ഉയരത്തിൽ നിന്നും ആളുകൾ വെള്ളത്തിലേക്ക് ചാടുന്നതിന്റെയും ആർപ്പുവിളിക്കുന്നതിന്റെയും ശബ്ദം കേൾക്കാൻ തുടങ്ങി. ഞാൻ ആ ശബ്ദം ലക്ഷ്യമാക്കി നടന്നു. വളരെ അടുത്ത് ആളുകൾ കൂടി നിൽക്കുന്ന ഒരു ഇടത്തേക്ക് ഞാൻ എത്തപ്പെട്ടു.

ഈ ആളുകളൊക്കെ ശബ്ദമുണ്ടാക്കുന്നത് ഒരു സ്റ്റെപ് വെല്ലിനു ചുറ്റിലും നിന്നാണ്. ഇതിനെക്കുറിച്ചു ഞാൻ വായിച്ചിട്ടുണ്ട്. പണ്ടുകാലത്ത് രാജകൊട്ടാരത്തിലെ റാണിമാരും സ്ത്രീകളും ഒത്തുകൂടിയിരുന്നത് ഈ കിണറിനു ചുറ്റുമാണ്. തീർത്തും സ്വകാര്യമായ ഒരുപാട് കാര്യങ്ങൾ ആ പടവുകളിലിരുന്ന് പങ്കുവെക്കപ്പെട്ടുകാണും. ചുറ്റിലും കുട്ടികളും മുതിർന്നവരും ആർത്തുവിളിക്കുകയാണ്. ഉയരത്തിൽ നിന്ന് ചാടുന്ന ആളുകൾക്ക് വേണ്ടി കയ്യടികൾ ഉയരുന്നു. ചാടിയവർ തന്നെ വീണ്ടും വീണ്ടും ഉയരത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് ചാടുകായും ചെയ്യുന്നു. ആ ചാട്ടത്തിനൊപ്പം പലരും ജയ് ശ്രീറാം വിളിക്കുന്നു.

എന്നാൽ ആ സ്റ്റെപ്പ് വെല്ലിൽ കുളിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നാണ് ചുറ്റിലുമുള്ളവർ പറഞ്ഞത്. പോലീസ് വന്നാൽ പ്രശ്നമാവുമെന്നും ഒരു താക്കീതുപോലെ കൂട്ടിച്ചേർത്തു. അല്ലെങ്കിലും ഞാൻ അതിൽ ചാടാൻ തയ്യാറായിരുന്നില്ല. ഈ കിണർ കാണാൻ വരുന്ന സ്ത്രീകളാരും തന്നെ ആ കുളത്തിലേക്ക് കാല് നനക്കാൻ പോലും ഇറങ്ങിയിരുന്നില്ല. ഒരു കാലത്ത് സ്ത്രീകളുടെ സ്വത്തായിരുന്ന ഇടങ്ങൾ ഇന്ന് സ്ത്രീകൾക്ക് ഉപയോഗിക്കാൻ പോലും സാധിക്കുന്നില്ലെന്നത് എന്തൊരു വിരോധഭാസമാണ്.

വളരെ ഉയരമേറിയ ഗോപുരങ്ങളും സ്റ്റെപ്പുകളും മുറികളെന്നു തോന്നിപ്പിക്കുന്ന ഇടങ്ങളും സ്റ്റെപ്പ് വെല്ലിനോട് കൂടെ നിർമിക്കപ്പെട്ടിരുന്നു. ചുറ്റിലും അനേകം സ്റ്റെപ്പുകൾ, അവ ഇറങ്ങി വരുമ്പോൾ പച്ച നിറത്തിലുള്ള വെള്ളം. അത് അല്പം രസകരമായ കാഴ്ചതന്നെയാണ്. വെള്ളത്തിലേക്ക് കുതിക്കുന്ന മനുഷ്യരും അവർ ചെന്ന് വീഴുന്നതിന്റെ വലിയ ശബ്ദവും വെള്ളം തെറിക്കുന്നതും കാണാൻ ഒരു പ്രത്യേക ഭംഗി.

അവിടെ നിന്നും ഞാൻ വേഗത്തിൽ ഇറങ്ങി. ഇറങ്ങിയെന്നു പറയുമ്പോൾ.. പേരുപോലും അറിയാത്ത ബയ്യയുടെ ബൈക്കിൽ. എനിക്ക് ഇനി പോവേണ്ടത് ജോധ്പൂരിലെ ഒരു അമ്പലത്തിലേക്കാണ്…..

ആ അമ്പലമേതെന്നല്ലേ ? യാത്രയുടെ ബാക്കി വിശേഷങ്ങളും കാഴ്ചകളും അടുത്ത ഭാഗത്തിൽ…


Discover more from Ivide LIVE

Subscribe to get the latest posts sent to your email.

Article Tags:
Article Categories:
ArtFlix

Leave your thought

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading