ഒരേ കഥാപാത്രം, ഒരേ നടൻ എന്നാൽ വ്യത്യസ്ത സിനിമകൾ. മലയാള സിനിമയിൽ പലപ്പോഴും ഈ ശൈലി അവർത്തിക്കാറുണ്ട്. വർഷങ്ങൾക്ക് മുൻപ് റിലീസായ, വലിയ രീതിയിൽ ആഘോഷിക്കപ്പെട്ട ചില സിനിമകളിലെ ചില കഥാപാത്രങ്ങൾ പേരിലോ കഥാതന്തുവിലോ മാറ്റം വരാതെ മറ്റൊരു സിനിമയിൽ അവതരിപ്പിക്കുന്ന രീതിയാണിത്. ഈ കഥാപാത്രങ്ങളിൽ മിക്കതും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവയായിരിക്കും. യാതൊരു കാരണവശാലും പ്രേക്ഷകർ മറന്നുപോവാൻ സാധ്യതയില്ലാത്തത്. അത്തരത്തിൽ മലയാള സിനിമയിൽ അവർത്തിക്കപ്പെട്ട മൂന്ന് കഥാപാത്രങ്ങളെ കുറിച്ച്…
ഹരിശ്രീ അശോകന്റെ രമണൻ
1998-ൽ പുറത്തിറങ്ങിയ പഞ്ചാബി ഹൗസ് പഴകുംതോറും വീര്യം കൂടുന്ന സിനിമയാണ്. എത്രതവണ കണ്ടാലും മലയാളികൾക്ക് മടുപ്പ് വരാത്ത ഈ കോമഡി ചിത്രം കാണാത്തവർ വളരെ ചുരുക്കമായിരിക്കും. റാഫി മെക്കാർട്ടിൻ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്വഹിച്ച ഈ ചിത്രം ദിലീപിന്റേയും ഹരിശ്രീ അശോകന്റേയും അഭിനയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നെന്ന് പറയാം.
ബോക്സ് ഓഫീസിൽ വൻവിജയം നേടിയ ഈ ചിത്രം കൊച്ചിൻ ഹനീഫ ചെയ്ത ആശാനും ഹരിശ്രീ അശോകന്റെ രമണനും ദിലീപിന്റെ ഉണ്ണിയും ഒന്നിച്ചപ്പോൾ മുഴുനീള ചിരിപ്പടമായി മാറി. ‘ആശാനേ ജങ്കജകജക’ എന്ന് വിളിച്ചുകൂവുന്ന, നിർത്താതെ അമളികൾ കാണിക്കുന്ന രമണനെ പ്രായഭേദമന്യേ പ്രേക്ഷകർ സ്വീകരിച്ചു. അദ്ദേഹത്തെ സ്ക്രീനിൽ കാണുമ്പോൾ ആളുകൾ ആർത്തുചിരിച്ചു, കയ്യടിച്ചു. പലർക്കും പഞ്ചാബി ഹൗസ് എന്ന സിനിമ തന്നെ രമണൻ എന്ന കഥാപാത്രമായിരുന്നു.
റാഫി രചനയും സംവിധാനവും നിർവ്വഹിച്ച് 2017-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് കോമഡി ചിത്രമാണ് റോൾ മോഡൽസ്. ഫഹദ് ഫാസിലിനൊപ്പം നമിത പ്രമോദ്, വിനായകൻ, ഷറഫുദ്ദീൻ, വിനയ് ഫോർട്ട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. ഫഹദ് ഫാസിലും സുഹൃത്തുക്കളും ഗോവയിലെത്തുന്നതും ഒരു പ്രത്യേക സാഹചര്യത്തിൽ ഫഹദ് കടലിൽ മുങ്ങുന്നതും സിനിമയുടെ പകുതിയിൽ കടന്നു വരുന്ന രംഗങ്ങളാണ്. കടലിൽ മുങ്ങിയ ഫഹദിനെ രക്ഷിക്കുന്നത് ഹരിശ്രീ അശോകനാണ്. നമ്മുടെ പഞ്ചാബി ഹൗസിലെ രമണൻ. അതേ പേരും വേഷവുമാണ് ഈ സിനിമയിലും ആവർത്തിക്കപ്പെടുന്നത്. ഈ സീൻ കാണികളിൽ കൗതുകവും ചിരിയും ഒരേ സമയം ഉയർത്തി.
ബാബു നമ്പൂതിരിയുടെ തങ്ങൾ
1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവലായ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിച്ച ജയകൃഷ്ണൻ എന്ന കഥാപാത്രവും സുമലത ചെയ്ത ക്ലാര എന്ന കഥാപാത്രവും മലയാളികൾക്കിടയിൽ പ്രേമത്തിന്റെ അനന്ത സാധ്യത തുറന്നിട്ടു. പ്രേമത്തെയും ശാരീരികബന്ധത്തെയും കുറിച്ചുള്ള സകലമാന സദാചാര ചിന്തകളും പൊളിച്ച ഈ ചിത്രത്തിൽ, ബ്രോക്കർ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ബാബു നമ്പൂതിരി. തങ്ങൾ എന്ന കഥാപാത്രത്തെ ആ സിനിമ കണ്ടവരാരും മറക്കില്ല.
ഇതേ കഥാപാത്രം പേരോ കഥാപാത്ര സ്വഭാവമോ മാറാതെ വി.കെ. പ്രകാശ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലും ആവർത്തിക്കപ്പെട്ടു. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോൻ, ഭാവന എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
തസ്നി ഖാനുമായുള്ള ഒരു സന്ദർഭത്തിൽ ബാബു നമ്പൂതിരി കടന്നുവരുന്നുണ്ട്. അതേ പേരിൽ തന്നെ പരിചയപ്പെടുത്തുകയും തൂവാനത്തുമ്പികളിലെ കഥ പറയുകയും ചെയ്യുന്നുണ്ട്.
സലിം കുമാറിന്റെ മുകുന്ദനുണ്ണി
ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി 2002-ൽ പുറത്തിറങ്ങിയ ഹാസ്യപ്രധാനമായ സിനിമയായിരുന്നു മീശമാധവൻ. രഞ്ജൻ പ്രമോദ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ദിലീപ്, കാവ്യമാധവൻ, ജഗതി, ഇന്ദ്രജിത്ത്, ജ്യോതിർമയി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം മലയാളികളുടെ പ്രിയപ്പെട്ട കോമഡി ചിത്രമാണ്. ചിത്രത്തിൽ കള്ളനായെത്തിയ മാധവൻ എന്ന ദിലീപിന്റെ വക്കീലായി എത്തുന്ന കഥാപാത്രമാണ് അഡ്വക്കറ്റ് മുകുന്ദനുണ്ണി. മാസ് കാണിച്ച് ദിലീപിനെ സ്റ്റേഷനിൽ നിന്നിറക്കി വരുന്ന ആ കഥാപാത്രം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് സലിം കുമാറാണ്.
ഇതേ കഥാപാത്രം വർഷങ്ങൾക്കപ്പുറം ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത ക്വീൻ എന്ന ചിത്രത്തിൽ അവർത്തിക്കപ്പെടുന്നുണ്ട്. സാനിയ അയ്യപ്പൻ കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രത്തിലെ കോടതി രംഗത്തിലാണ് സലീം കുമാറിന്റെ കടന്നുവരവ്. കോടതിമുറിയിൽ മാസ്സ് ഡയലോഗ് അടിക്കുന്ന മുകുന്ദനുണ്ണി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ചെയ്തു.
ഇവ കൂടാതെ നാടോടിക്കാറ്റിൽ മാമുക്കോയ ചെയ്ത ഗഫൂർ എന്ന കഥാപാത്രം കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലും നമ്പർ ട്വന്റി മദ്രാസ് മെയിലിൽ ഇന്നസെന്റ് ചെയ്ത ടിടിഇയുടെ വേഷം ഹസ്ബന്റ്സ് ഇൻ ഗോവ എന്ന ചിത്രത്തിലും വർഷങ്ങൾക്ക് ശേഷം ആവർത്തിക്കപ്പെടുന്നുണ്ട്.