ഫിഫ ലോക കപ്പ് മത്സരം ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞ് റൗണ്ട് ഓഫ് 32ൽ എത്തി നിൽക്കുമ്പോൾ, കളിയുടെ ആവേശത്തിനപ്പുറത്ത് ഹൃദയത്തെ സ്പർശിച്ച ചില നിമിഷങ്ങൾക്കു കൂടിയാണ് ആരാധകർ സാക്ഷിയായത്. ഉള്ളു പൊള്ളുന്ന വേദന സഹിച്ചും ടീമിനു വേണ്ടി കളിക്കളത്തിലിറങ്ങിയ ഗാക്പോയും പരാജയ വിധികളെ തിരുത്തി എഴുതിയ കാബോ വെർദെയുമൊക്കെ ആ കാഴ്ചകൾക്ക് ഉദാഹരണമാണ്.
ഹൃദയസ്പർശിയായ ചില നിമിഷങ്ങളും അവ പഠിപ്പിക്കുന്ന ചില പാഠങ്ങളും
ഉള്ളിലെ വേദന ഗോളാക്കി മാറ്റിയ ഗാക്പോ
മൊറോക്കോയ്‌ക്കെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ച നെതർലൻഡ്‌സ് താരം കോഡി ഗാക്പോ ആവേശം പ്രകടിപ്പിക്കുന്നതിന് പകരം മൈതാനത്ത് തളർന്നിരുന്ന് മുഖംപൊത്തിക്കരയുകയായിരുന്നു. ഒരു ഗോൾ നേട്ടത്തിന്റെ ആനന്ദക്കണ്ണീരിനപ്പുറത്ത് കുഞ്ഞു നഷ്ടപ്പെട്ട ഒരു പിതാവിന്റ വേദനയായിരുന്നു അത്. സഹതാരത്തിന്റെ വേദന മനസ്സിലാക്കിയ ഡച്ച് ടീമിലെ സഹതാരങ്ങൾ ഓടിയെത്തി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്ന കാഴ്ച ആരാധകരുടെ കണ്ണ് നനയിച്ചു.
ജനിക്കാൻ പോകുന്ന തങ്ങളുടെ ആൺകുഞ്ഞ് ഗർഭാവസ്ഥയിൽതന്നെ മരണപ്പെട്ട വിവരം ഗാക്പോയും പങ്കാളി നോവ വാൻ ഡെർ ബിജും സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഒക്റ്റോബറിൽ ജനിക്കേണ്ടിയിരുന്ന കുഞ്ഞിന്റെ വിയോഗം കടുത്ത വിഷമമുണ്ടാക്കിയെങ്കിലും, രാജ്യത്തിനായി ലോകകപ്പ് കളികളത്തിൽ തുടരാൻ ഗാക്പോ തീരുമാനിക്കുകയായിരുന്നു. വേദനകളിൽ തളർന്നിരിക്കാതെ മുന്നോട്ടു പോകണമെന്ന പാഠം.
മത്സരത്തേക്കാൾ മധുരമുള്ള ചേർത്തുനിർത്തൽ
എല്ലാ മത്സരങ്ങൾക്കുമപ്പുറം ഫുട്ബോൾ ആരാധകരുടെ മനസ്സ് നിറച്ച നിമിഷങ്ങൾക്കാണ് ബ്രസീൽ – ജപ്പാൻ റൗണ്ട് ഓഫ് 32 മത്സരം നടന്ന ഹൂസ്റ്റൺ സ്റ്റേഡിയം വേദിയായത്. മത്സരത്തിലെ പരാജയത്തിൽ വിഷമിച്ചുനിന്ന ജപ്പാൻ താരം ടനാകയെ വിജയത്തിന്റെ മേലാപ്പില്ലാതെ ബ്രസീൽ താരം മത്തേയൂസ് കുഞ്ഞ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. ടനാകയുടെ മുഖമുയർത്തിപ്പിടിച്ച് കുഞ്ഞ ആശ്വസിപ്പിക്കുമ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ ടനാക തലകുലുക്കി എല്ലാം കേൾക്കുകയായിരുന്നു.
ബ്രസീൽ താരങ്ങളായ നെയ്മറും അലിസൺ ബെക്കറും നിരാശരായ ജപ്പാൻ താരങ്ങളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ആ ദൃശ്യങ്ങൾ പഠിപ്പിക്കുന്ന ഒരു പാഠമുണ്ട്, റഫറിയുടെ അവസാന വിസിൽ മുഴങ്ങുമ്പോൾ അവസാനിക്കേണ്ടതാണ് മത്സരം എന്ന്.
പരിശ്രമത്തിനു പരിധിയും പ്രായവുമില്ല
ലോക ഭൂപടത്തിൽ ഒരു പെൻസിൽ മുനയോളം മാത്രം വലുപ്പമുള്ള കാബോ വെർദെ എന്ന കുഞ്ഞൻ രാജ്യം, ഗ്രൂപ് റൗണ്ടിൽ തന്നെ പരാജയം വിധിച്ചവരുടെ മുന്നിലൂടെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ലോക ചാമ്പ്യന്മാരുമായി ഏറ്റുമുട്ടാൻ ഒരുങ്ങുമ്പോൾ അവർക്ക് പ്രതീക്ഷയാകുന്ന ഒരു വൻമതിലുണ്ട്, അവരുടെ ഗോൾക്കീപ്പർ വൊസീഞ്ഞ. 26-ാം വയസ്സിൽ മാത്രം പ്രഫഷനൽ ഫുട്ബോളിലേക്ക് വരികയും, പോർച്ചുഗലിലെ രണ്ടാം ഡിവിഷനിൽ കളിക്കുകയും ചെയ്യുന്ന മുപ്പത്തൊമ്പതുകാരൻ. മുൻ ലോക ചാമ്പ്യന്മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചും ഉറുഗ്വേയുടെ കരുത്തിനെ 2-2 എന്ന സ്കോറിൽ വിറപ്പിച്ചും അവർ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി മുന്നേറിയതിനു പിന്നിലെ ശക്തി.
ഒറ്റ രാത്രികൊണ്ട് 16 ദശലക്ഷത്തിലധികം ഫോളോവേഴ്സുമായി ആഗോള പ്രതിഭാസമായി മാറിയ വൊസീഞ്ഞ തെളിയച്ചത് ഒരു കാര്യമാണ്, പരിശ്രമിച്ചു കൊണ്ടിരിക്കുക, പ്രായം അതിനൊരു പരിധിയല്ല.
‘സ്റ്റൈൽ’ ആണ് മെയിൻ
ലോകകപ്പിൽ കളിക്കാനിറങ്ങുന്ന ഭൂരിഭാഗം താരങ്ങളും അവരുടെ സ്പോൺസർമാർ തയ്യാറാക്കിയ ബൂട്ടുകൾ അണിയുമ്പോൾ ഫ്രഞ്ച് താരം മൈക്കൽ ഒലീസെയുടെ ബൂട്ടിൽ മാത്രം സ്പോൺസറുടെ പേരോ ലോഗോയോ കാണാൻ സാധിക്കില്ല. സ്പോൺസറില്ലാത്തതു കൊണ്ടല്ല, തന്റെ സ്റ്റൈൽ നഷ്ടപ്പെടുത്താൻ ഒലീസെയ്ക്ക് താൽപര്യമില്ലാത്തതാണ് അതിനു പിന്നിലെ കാരണം. ക്ലബ് ഫുട്ബോളിലായാലും ദേശീയ ടീമിലായാലും തന്റെ സോക്സിനും ജഴ്സിക്കും യോജിച്ച നിറത്തിലുള്ള ബൂട്ടുകൾ ഇടാനാണ് ഒലീസെയ്ക്ക് ഇഷ്ടം. ഇതിൽ സ്പോൺസർമാരുടെ പേരോ ലോഗോയോ വച്ച് ‘സ്റ്റൈൽ നഷ്ടപ്പെടുത്താൻ’ ഒലീസെയ്ക്ക് താൽപര്യമില്ല.
എല്ലാത്തിനുമപ്പുറത്ത് സ്വന്തം ഇഷ്ടങ്ങൾക്ക് പരിഗണന നൽകുക എന്നതാണ് ഒലീസെ ജീവിതത്തിലൂടെ കാണിച്ചുതരുന്നത്.
ആവേശം മാത്രം പോര, ഉത്തരവാദിത്തവും വേണം
ഫിഫ ലോക കപ്പിൽ നെതർലൻഡ്‌സുമായുള്ള ഗ്രൂപ്പ് എഫ് മത്സരത്തിന് ശേഷം ഡാളസ് സ്റ്റേഡിയം വൃത്തിയാക്കുന്ന ജപ്പാൻ ആരാധകരുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. മത്സരത്തിലുടനീളം തങ്ങളെ പിന്തുണയ്ക്കാൻ ആരാധകർ വീശിയെറിഞ്ഞ തോരണങ്ങളും കുപ്പികളും മറ്റ് മാലിന്യങ്ങളും പെറുക്കി മാറ്റിയതിനു ശേഷമാണ് അവർ സ്റ്റേഡിയം വിട്ടത്.
ഇതാദ്യമായല്ല ജപ്പാൻ ലോകകപ്പ് വേദി വൃത്തിയാക്കുന്നത്. ആദ്യ ലോകകപ്പ് മത്സരം മുതൽ തുടരുന്ന രീതിയാണത്. അത് പകർന്നു തരുന്നത്, പൗരബോധത്തിന്റെയും ശുചിത്വബോധത്തിന്റെയും പാഠങ്ങളാണ്.
Don’t let the journey stop here. Keep exploring with Ivide Live. Dive into our latest pieces on sports and games.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




