സ്വർണമോ എനിക്കായിട്ട് ഒന്നും കരുതിവയ്ക്കേണ്ട, ആ പൈസ എഫ്ഡി ഇടുകയോ മ്യൂചൽ ഫണ്ടിൽ നിക്ഷേപിക്കുകയോ ചെയ്താൽ മതി – വീടുകളിൽ സ്ഥിരം കേൾക്കുന്ന പല്ലവിയാണിത്. എന്നാൽ കാലം മാറി, ചിന്താഗതിയിലും ഉയർത്തിപിടിക്കുന്ന ആശയങ്ങളിലും ഉൾപ്പെടെ വന്ന മാറ്റം ധ്രുതഗതിയിലായിരുന്നു. പെണ്ണായാൽ പൊന്നുവേണം എന്ന പരമ്പരാഗത സങ്കൽപ്പങ്ങളെ എത്രവേഗമാണല്ലേ നമ്മുടെ കുട്ടികൾ തച്ചുടച്ചത്. സ്വപ്നം കണ്ട ആഭരണവും വസ്ത്രവുമണിഞ്ഞ് കതിർമണ്ഡപത്തിൽ കയറാൻ ലക്ഷങ്ങളുടെ വായ്പയെടുക്കണ്ട, കടവും വാങ്ങണ്ട– ഈ ചിന്തയാണ് ഇന്നത്തെ ജെൻസീ കുട്ടികൾക്ക്. സ്വർണാഭരണങ്ങൾ ധരിക്കുന്നതിനേക്കാൾ അതു നിക്ഷേപമായി കാണുന്ന പുതുതലമുറയ്ക്ക് നോ ഗോൾഡ് തീമിൽ മുന്നോട്ട് പോകാനാണ് താൽപര്യം.

സർവാഭരണവിഭൂഷിതയായി കതിർമണ്ഡപത്തിലെത്തിയ അമ്മമാരുടെ ചിത്രങ്ങൾ കാണുന്ന കുട്ടികൾക്ക് ഇന്ന് ചിരിയാണ് വരുന്നത്. അവർ തങ്ങളുടെ സ്പെഷ്യൽ ഡേയിൽ ‘മിനിമലിസ’മാണ് ചൂസ് ചെയ്യുന്നത്. അതാണ് ജെൻസീ നോ ഗോൾഡ് വെഡിങിനോട് നോ പറയാൻ കാരണം. സ്വർണവിലയിലും മുന്നേറ്റമുണ്ടായതോടെ നോ ഗോൾഡ് വെഡിങ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. ഇമിറ്റേഷൻ, ത്രെഡ്, റെസിൻ, ടെറാകോട്ട ജൂവലറികളാണ് അവർ കൂടുതലായും ഉപയോഗിക്കുന്നത്. ചിലരാകട്ടെ, വീട്ടുകാരുടെ ഇഷ്ടത്തെ എതിർക്കാൻ സാധിക്കാത്തതുകൊണ്ട് സ്വർണത്തിനു പകരം ഗോൾഡ് കവറിങ് ആഭരണം കല്യാണത്തിനു ഉപയോഗിക്കുന്നവരുമുണ്ട്. ആന്റിക്, ടെമ്പിൾ കളക്ഷനുകൾക്കാണ് ഡിമാന്റ് കൂടുതൽ.

‘നോ ഗോൾഡ്’ വെഡിങ് തിരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങൾ
സാമ്പത്തിക സുരക്ഷിതത്വം: ഭാവിയെക്കുറിച്ച് ഏറെ കരുതലോടെയാണ് യുവതലമുറ വിവാഹത്തിനായി പണം ചെലവഴിക്കുന്നത്. ആർഭാട വിവാഹത്തിനായി അനാവശ്യ ചെലവ് ഒഴിവാക്കി ,ബുദ്ധിപരമായി നിക്ഷേപം നടത്തി ജീവിതം ആരംഭിക്കാനാണ് ഇവർക്ക് താൽപര്യം. വീടു വാങ്ങാനും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനും യാത്ര ചെയ്യാനുമെല്ലാം പങ്കാളികൾ ഈ പണം ഉപയോഗിക്കുന്നു.
‘‘സ്വർണത്തിന്റെ നിറം ഇഷ്ടമല്ല എന്നതാണ് പ്രധാന കാരണം. പിന്നെ, പെണ്ണായാൽ സ്വർണം അണിഞ്ഞില്ലെങ്കിൽ മോശമാണ്, കല്യാണത്തിനു പൊന്നു കുറഞ്ഞാൽ നാട്ടുകാർ എന്തുപറയുമെന്നുള്ള വീട്ടുകാരുടെ ചോദ്യങ്ങൾ കേട്ട് മടുത്തതുകൊണ്ട് സ്വർണമെന്നല്ല ഒരു ആഭരണവും ഇടാറില്ല’’. – പാർവതി വി, എംഎസ്‌സി ബോട്ടണി വിദ്യാർഥി – യുസി കോളേജ് ആലുവ.
മിനിമലിസം: സോഷ്യൽ മീഡിയ ട്രെൻഡുകളിൽ (ഇൻസ്റ്റാഗ്രാം/പിൻററസ്റ്റ്) നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനാണ് ജെൻസിക്ക് ഇഷ്ടം. ആർഭാടങ്ങൾ ഒഴിവാക്കി രജിസ്റ്റർ മാരേജ് നടത്തുകയും അടുത്ത ബന്ധുകൾക്കും സുഹൃത്തുകൾക്കുമായി റിസപ്ഷൻ നടത്തുകയും ചെയ്യുന്നു.
ഉയർന്ന സ്വർണ വില: സ്വർണ വില അനുദിനം വർധിക്കുന്നതിനാൽ വിവാഹത്തിനായി ലോൺ എടുക്കാൻ ഇവർക്ക് താൽപര്യമില്ല. കയ്യിലുള്ള സമ്പാദ്യം ഗോൾഡ് ബാർ, ബോണ്ടുകൾ, സ്റ്റോക്ക് മാർക്കറ്റ്, മ്യൂച്വൽ ഫണ്ട് മുതലായവയിൽ നിക്ഷേപിക്കുന്നു.
‘‘മാതാപിതാക്കളെ കഷ്ടപ്പെടുതത്താതെ ആഡംബരങ്ങളില്ലാതെ എങ്ങനെ കല്യാണം നടത്താം എന്ന ചിന്തയാണ് നോ ഗോൾഡ് വെഡിങ് മതി എന്ന് പറയാൻ കാരണം. ഇന്റിമേറ്റ് കം നോ ഗോൾഡ് വെഡിങ് ആണ് എന്റെ മനസിലുള്ളത്’’. – അഞ്ജന അനിൽകുമാർ പിഎസ്‌സി ആസ്പിറന്റ്
പരമ്പരാഗത രീതിയോടുള്ള നീരസം: സ്വർണം കുടുംബമഹിമയായി കാണുന്നതിലെ നീരസമാണ് മറ്റൊരു കാരണം. സ്ത്രീധനമായി ഇത്ര പവൻ ഡിമാൻഡ് വയ്ക്കുന്ന പരമ്പരാഗത ചിന്താഗതി നിന്നുള്ള മാറ്റവും നോ ഗോൾഡ് വെഡിങ്ങിൽ പ്രതിഫലിക്കുന്നു.
സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ‘നോ– ഗോൾഡ്’ ആന്റ് ഇന്റിമേറ്റ് വെഡിങ് തിരഞ്ഞെടുത്തതോടെ #NoGoldWedding ഹാഷ്ടാഗുകൾ ഹിറ്റായി. ഇൻസ്റ്റഗ്രാം ഫീഡിൽ നോ – ഗോൾഡ് വെഡിങ്ങും തരംഗമായി മാറി.
Discover more from Ivide LIVE
Subscribe to get the latest posts sent to your email.




