നമുക്കെല്ലാവർക്കും കേൾക്കാൻ ഇഷ്ടമുള്ള പല തരം പാട്ടുകളുണ്ട്. ചിലത് കോൺസ്റ്റന്റ് ആയിരിക്കും, കാര്യം എത്രയൊക്കെ പുതിയ പാട്ടുകൾ വന്നാലും അവ മാറില്ല. എന്നാൽ ഇന്ന് ട്രെൻഡിൽ വലിയ മാറ്റം വന്നു. 90 സ് കിഡ്സ് ഒക്കെ ആണെങ്കിൽ ചെറുപ്പത്തിൽ ഒരുപാട് ഭക്തിഗാനങ്ങൾ കേട്ടവരാണ്. അവ കേൾക്കും എന്നല്ലാതെ അതിനോട് എല്ലാവരും അഡിക്റ്റഡ് അല്ലായിരുന്നു. പക്ഷേ ഇന്ന് ഈ ഭക്തിഗാനങ്ങളോട് കൗമാരക്കാർക്കടക്കം ഇഷ്ടം കൂടി. ഭക്തിഗാനങ്ങളെ സ്റ്റൈലിഷായി സിനിമ ഗാനങ്ങളും മിക്സ് ചെയ്താണ് പലരും പാടുന്നത്. ഇത് കേൾക്കാനും പ്രത്യേക രസമാണ്. അതുകൊണ്ടു തന്നെയാണ് ആളുകൾ ഈ പാട്ടുകളുടെ ലോകത്തേക്ക് വീണ്ടും വീണ്ടും വരുന്നത്. പാർട്ടികളിൽ പോലും ഇത്തരം പാട്ടുകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല മാനസികാരോഗ്യവുമായും ഇത്തരം പാട്ടുകൾ ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

സോപാനസംഗീതം, സിനിമാപ്പാട്ടുകൾ, കഥകളി സംഗീതം, സാമ്പ്രദായിക ഭജൻസ് ഇവയെല്ലാം ചേർന്ന ഗാനങ്ങളാണ് ഭക്തിഗാനങ്ങൾ ആലപിക്കുന്ന പല ബാൻഡുകളും വേദികളിൽ ആലപിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ബാൻഡായ നന്ദഗോവിന്ദം ഭജൻസും അവരുടെ ഗാനങ്ങളിലൂടെ ആളുകളിലേക്ക് ആഴ്നനിറങ്ങുകയാണ്. ട്രെന്റ് ഇതാണെന്ന് എല്ലാവർക്കും അറിയാം, അപ്പോൾ ട്രെന്റ് വിടാം പകരം മറ്റു ചില കാര്യങ്ങൾ കൂടി നോക്കാം.

കാക്കും വടിവേൽ….
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ പിടിമുറുക്കിയിരിക്കുകയാണ് ഈ ഒരു ശൈലിയിലുള്ള ഗാനങ്ങൾ. ഇതിനായി വിവിധ ബാൻഡുകൾ തന്നെയുണ്ട്. മാത്രമല്ല ഒറ്റയ്ക്ക് പാടി അവതരിപ്പിക്കുന്നവരും ഉണ്ട്. ഏകദേശം ഒരു മാസം മുമ്പുവരെ നമ്മുടെ ഫോണെടുത്താൽ , അതും പോട്ടെ യാത്രയിലാണെങ്കിൽ പോലും തൊട്ടപ്പുറത്തെ ആൾ ഫോൺ തുറന്നാൽ മിക്കവാറും കേൾക്കുക ആ ഒരു ഗാനമായിരിക്കും. ഏതാണെന്ന് മനസ്സിലായോ…അത് തന്നെ
‘Vanna Mayil Yerum En Thanga Vadivelo
Kandhan Unnai Kaana Dhinam Odivaruveno
Senthamizhai Kaakkum Vel Seval Kodiyaano
Enni Enni Paadum Ennai Kandhan Arivano’
ഒരുപക്ഷേ പലരുടെയും നാവിൻത്തുമ്പിൽ നിന്നും ഈ ഹിറ്റ് ഗാനം പോയിട്ട് അധിക നാളായിട്ടുണ്ടാവില്ല. പെട്ടന്നായിരുന്നു ഈ പാട്ടിന്റെ വരവ്. വന്നതും പിന്നെ അടുത്ത കാലത്തൊന്നും പോയതേയില്ല. ഇത് സിനിമ ഗാനമല്ല മറിച്ച് തമിഴ് ഭക്തിഗാനമാണ്. മുരുകനെ പറ്റിയുള്ളതാണ് ഈ ഗാനം. 3273256 പേരാണ് സ്പോട്ടിഫൈയിൽ മാത്രം ഈ ഗാനം കേട്ടത്. മുൻപ് കണ്ടിട്ടില്ലാത്ത രീതിയിലാണ് ഇതിന്റെ അവതരണവും മറ്റും. വളരെ കാലമായി ലോ പേസിൽ പാടിപ്പോകുന്ന പാട്ടുകളല്ല മറിച്ച് റാപ്പ് രീതിയിലും ഹൈപിച്ചിലുമെല്ലാം പാടി ആരാധകരെ കൈയിലെടുക്കുകയാണ്. റാപ്പ് വരികളും പരുക്കന്‍ താളങ്ങളും എല്ലാം ചേർന്ന് പുതിയൊരു അനുഭവമാണ് ഇത്തരം ഗാനങ്ങൾ ആസ്വാദകർക്ക് നൽകുന്നത്.
മലയാളത്തിലുമുണ്ട് ചിലത്…
എന്തിന് പറയുന്നു, നമ്മുടെ മലയാളത്തിൽ തന്നെ മനസ്സിൽ ഇന്നും നിൽക്കുന്ന സിനിമയിലെ ഭക്തിഗാനങ്ങളുണ്ട്. പട്ടാളം സിനിമയിൽ എംജി ശ്രീകുമാർ പാടിയ പമ്പാ ഗണപതി പാട്ട്. ഇന്നു കേട്ടാലും സംഗീത പ്രേമികൾ ആസ്വദിച്ചു കേൾക്കും. എപ്പോഴും നമുക്ക് ആസ്വദിക്കാൻ പറ്റും എന്നു തന്നെയാണ് ഇതിന്റെയെല്ലാം ഒരു പ്രത്യേകത. ഇത് സിനിമയിലെ പാട്ടാണോ എന്നു പോലും തോന്നിപ്പോകും. അതുപോലെ തന്നെ രസികൻ സിനിമയിലെ ഹരഹരഹര ശങ്കര എന്ന ഗാനം. കുറച്ചുകാലം മുമ്പ് സോഷ്യൽ മീഡിയയിൽ ട്രെൻഡായ ഗാനമായിരുന്നു ഇത്. വരികൾ വരെ മനപാഠമായിരിക്കും. എവിടെ കേട്ടാലും അതിന്റെ ഒപ്പം പാടാൻ പറ്റും. ഇനി മറ്റൊന്ന് കണ്ണകി എന്ന സിനിമയിലെ കൊടുങ്ങല്ലൂരമ്മേ എന്നു തുടങ്ങുന്ന ഗാനം. ഇതൊന്നും കേട്ടാൽ സിനിമ ഗാനമാണെന്ന് തോന്നുകയേയില്ല. ഏതു കാറ്റഗറിയായാലും ആസ്വാദനത്തിനാണ് എല്ലാവരും പ്രാധാന്യം കൊടുക്കുന്നത്. ഈ പറഞ്ഞ ഗാനങ്ങൾക്കെല്ലാം അതിനുള്ള കഴിവുണ്ട്. അവിടെ ആ പാട്ടുകൾ വിജയിക്കുകയും ചെയ്യും.
കേശവം ബാൻഡ്, ബാക്സ്റ്റേജ് സിബ്ലിങ് തുടങ്ങിയവയൊക്കെ ഇത്തരം ഭജൻസ് ബാൻഡുകളാണ്. ഡൽഹിയിലും മുംബൈയിലുമെല്ലാം ഇന്ന് ഡിജെ സോങ്സിനു പകരം ഇത്തരം ഗാനങ്ങൾ കേൾക്കാനാണ് ഒരു വിഭാഗം ആളുകൾ ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ച് മില്ലനിയേൽസും ജൻസികളും.

സമാധാനമോ സന്തോഷമോ എന്താണ് ഈ പാട്ടുകളിൽ?
ഓരോരുത്തരുടെയും ജീവിതത്തിൽ പലതരം പ്രശ്നങ്ങളാണ്. അതിൽ നിന്നും മാറി അൽപം ആശ്വാസത്തോടെ ഇരിക്കാൻ മനുഷ്യർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ചിലർ ധ്യാനിക്കും ചിലര് യാത്ര ചെയ്യും ചിലർ സംഗീതംത്തെ ആശ്രയിക്കും. അതിൽ ഭക്തിഗാനങ്ങളാണ് ചിലരുടെ ഫേവറിറ്റ്.
പല സംസ്കാരങ്ങളും മതങ്ങളുമായി ബന്ധപ്പെട്ട എത്രയോ പാട്ടുകളുണ്ട്. കീർത്തനങ്ങള്‍, സൂഫി, ഗസലുകള്‍, സ്തുതി ഗീതങ്ങൾ അങ്ങനെ നീളഉന്നു ഓരോന്നും. ഒരുപാട് ആളുകൾ ഇഷ്ടപ്പെടുന്നവയാണ് ഈ പറഞ്ഞതൊക്കെ. ശാന്തമായ ഈണങ്ങളും ആവർത്തിച്ചുള്ള താളങ്ങളും കൊണ്ട്, ഭക്തി സംഗീതം മനസ്സിനെ ശാന്തമാക്കുന്നു. പഠനങ്ങൾ അനുസരിച്ച്, ഭക്തി സംഗീതം കേൾക്കുന്നത് കോർട്ടിസോളിന്റെ അളവ് (സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു) കുറയ്ക്കുകയും ധ്യാനത്തിന് സമാനമായ വിശ്രമാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് ആളുകളിലെ സമ്മർദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഭക്തി സംഗീതം എന്നത് ആശ്വാസം മാത്രമല്ല സന്തോഷവും ആഘോഷത്തിനുള്ള ഒരു മൂഡും നൽകുന്നു (ഇന്ന് പല ആഘോഷരാവുകളിലും ഇത്തരം ഗാനങ്ങൾ ഉപയോഗിക്കുന്നുണ്ട്). ചടുലമായ താളങ്ങൾ അർഥവത്തായ വരികൾ ഇവയെല്ലാം നമ്മുടെ മാനസികാരോദ്യത്തെ സ്വാധീനിക്കുന്നുണ്ട്.




