women sports movies in Indian cinema
96
Views

പുരുഷാധിപത്യമുള്ള കായിക കഥകള്‍ മാത്രം ചർച്ച ചെയ്യുന്ന ഇടമല്ല ഇന്ത്യൻ സിനിമ. ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളിലും ഫിക്ഷനും സ്പോർട്സ് ബയോപിക്കുകളുമായി സ്ത്രീകളുടെ കായിക ജീവിതത്തെ ആസ്പദമാക്കി സിനിമകൾ നിർമിക്കപ്പെട്ടിട്ടുണ്ട്. ഈ സിനിമകൾ വെറും എന്റർടെയ്നറല്ല മറിച്ച് വിയർപ്പിന്റെയും പോരാട്ടത്തിന്റെയും സാമൂഹിക പ്രതിബന്ധങ്ങളുടെയും മാറ്റത്തിന്റെയും നേർചിത്രങ്ങളാണ്. നായികാപ്രാധാന്യമുള്ള സിനിമകൾക്ക് പുതിയ ദിശയും ഇവ സമ്മാനിക്കുന്നു.

പല ഭാഷകളിലായി നിർമിക്കപ്പെട്ട ഇത്തരം സിനിമകളിൽ, വനിതാ ടീമുകളുടെ കഥകളും സ്ത്രീകളുടെ കായിക ജീവിതവും ചർച്ച ചെയ്യുന്നവ ജനങ്ങൾക്ക് പ്രചോദനമാവുകയും വലിയ സ്വീകാര്യത നേടുകയും ചെയ്തിട്ടുണ്ട്.

ഹിന്ദിയിലെ Chak De! India (ഹോക്കി), Dangal (റെസ്‌ലിംഗ്), Mary Kom (ബോക്സിംഗ്), Panga (കബഡി), Saand Ki Aankh (ഷൂട്ടിംഗ്), Rashmi Rocket (അത്‌ലറ്റിക്സ്), Shabaash Mithu (ക്രിക്കറ്റ്), Saina (ബാഡ്മിന്റൺ), മലയാളത്തിലെ Godha (റെസ്‌ലിംഗ്), Finals (സൈക്ലിംഗ്), Kho Kho (ഖോ-ഖോ), തമിഴിലെ Kennedy Club (കബഡി) Bigil (ഫുട്ബോൾ), Kanaa (ക്രിക്കറ്റ്), Irudhi Suttru (ബോക്സിംഗ്), Gatta Kusthi (റെസ്‌ലിംഗ്), പൂർണമായല്ലെങ്കിലും തെലുങ്കിലെ Dear Comrade (ക്രിക്കറ്റ്) എന്നിവ എടുത്തുപറയാവുന്ന ചില സിനിമകളാണ്.

ഉടയുന്ന ചിന്തകളും കാഴ്ച്ചപ്പാടുകളും

സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള എന്തുവന്നാലും അതിന്റെ മറുപുറത്ത് പുരുഷന്മാരുമായൊരു താരതമ്യം സ്വാഭാവികമാണ്. അത്തരത്തിൽ നോക്കിയാൽ കായികലോകം പുരുഷന്മാരുടേത് മാത്രമാണെന്ന ഇടുങ്ങിയ ചിന്താഗതിയെ ഇത്തരം സിനിമകൾ തകർക്കുന്നുണ്ട്.

women sports movies in Indian cinema
Godha movie poster | Facebook/Godha

പരിശീലനം, മത്സരം, ലഭിക്കുന്ന പിന്തുണ, ശാരീരിക ഘടകങ്ങൾ, വീട്–സമൂഹം–കായികരംഗം എന്നിവിടങ്ങളിലെ വിവേചനം, വിവാഹം, മാതൃത്വം തുടങ്ങിയവയെല്ലാം ഈ സിനിമകൾ ചർച്ച ചെയ്യുന്നു. ഒരു പെൺകുട്ടി കായികരംഗത്തേക്ക് കടക്കുമ്പോൾ അവൾ നേരിടുന്ന വെല്ലുവിളികൾ എതിരാളികളിൽ നിന്നു മാത്രമല്ല തുടങ്ങുന്നത്; സ്വന്തം വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നുമാണ്.

ദംഗലി’ലെ ഗീതയും ബബിതയും മുടി മുറിക്കുന്ന രംഗം സൗന്ദര്യത്തെക്കുറിച്ചുള്ള പ്രശ്നമല്ല; സ്ത്രീയെക്കുറിച്ചുള്ള സമൂഹത്തിന്റെ മുൻവിധികളോടുള്ള വെല്ലുവിളിയാണ്. സ്ത്രീകൾ ഗോധയിലിറങ്ങുന്നതും വരനോട് പെണ്ണ് ‘ഗുസ്തിക്കാരി’ ആണെന്നത് മറച്ചുവയ്ക്കുന്നതും വിവാഹശേഷം മത്സരിക്കുന്നതും സംബന്ധിച്ച വിഷയങ്ങൾ ‘ഗോധ’യിലും ‘ഗാട്ടാ കുസ്തി’യിലും കാണാം.

women sports movies in Indian cinema
Pangha movie poster | Facebook/Box Office India

വിവാഹത്തിനും കുട്ടികൾക്കും ശേഷം ഒരു സ്ത്രീയുടെ കായികസ്വപ്നങ്ങൾ അവസാനിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ‘മേരി കോം’, ‘പങ്ക’ പോലുള്ള സിനിമ ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം. കരിയറിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും ഇത് വലിയ പ്രചോദനമാണ്. ‘ബിഗിലി‘ലും ‘ചക്ക് ദേ ഇന്ത്യ‘യിലുമുണ്ട് അത്തരത്തിലുള്ള കഥാപാത്രങ്ങൾ. ഒന്നിലധികം സിനിമകളിൽ ഇതേ വിഷയം എടുത്തു പറയുമ്പോൾ, കായിക രംഗത്ത് സജീവമായ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണിതെന്ന് അടിവരയിട്ട് ചൂണ്ടിക്കാട്ടുകയാണ്.

women sports movies in Indian cinema
Irudhi Suttru movie poster | behindwoods

ജീവിതാവസ്ഥയും ഒരു ഘടകമാണ്. ദാരിദ്ര്യത്തോടു പൊരുതി മെഡലുകൾ സ്വന്തമാക്കുന്ന ‘മേരി കോമി’ന്റെ ജീവിതം കാണികളുടെ കണ്ണ് നിറയ്ക്കുന്നതിനൊപ്പം അതിജീവനത്തിന്റെ പാഠവും നൽകുന്നു. വലിയ സൗകര്യങ്ങളില്ലാത്തിടത്ത് നിന്നുയരുന്ന കായികതാരങ്ങളുടെ പോരാട്ടം ‘ചക് ദേ ഇന്ത്യ’, ‘ഇരുധി സുട്രു’ തുടങ്ങിയ സിനിമകളിലും കാണാം.

മാറ്റത്തിന്റെ കഥകൾ

ഇങ്ങനെയുള്ള പ്രതിസന്ധികൾ മാത്രം അല്ല ഈ സിനിമകൾ പറയുന്നത്. സാഹചര്യമേതായാലും ഒപ്പം നിൽക്കുന്നവരുടെ കരുതലിന്റെയും മാറ്റത്തിന്റെയും കഥകൾ കൂടിയാണ് ഇവ. ഇതിൽ മലയാളത്തിൽ നിന്നുള്ള ഒന്ന് രണ്ട് കായിക സിനിമകളെടുക്കാം.

കേരളത്തിലെ ഒരു സ്കൂളിലെ പെൺകുട്ടികളെ ‘ഖോ-ഖോ’ പരിശീലിപ്പിക്കുന്നതിലൂടെ അവരുടെ ജീവിതം മാറ്റിമറിക്കുന്ന കഥയാണ് ‘ഖോ ഖോ’ പറയുന്നത്. നമ്മുടെ നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിലെ സ്പോർട്സിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പോലും ഇത്തരം സിനിമകൾ മാറ്റുന്നുണ്ട്. പല കഥകളിലും പരിശീലകരുടെ പിന്തുണയാണ് കഥയുടെ നട്ടെല്ല്. പൊതുവേ സിനിമകളിൽ പുരുഷന്മാർ ഇത്തരത്തിൽ പരിശീലകരായി എത്തുകയും അവർ നായകരാവുകയും ചെയ്യുന്ന കഥകൾ നിലനിൽക്കേ വനിതാ പരിശീലകയെ അവതരിപ്പിച്ച ഒരു സിനിമ കൂടിയാണ് ‘ഖോ ഖോ‘.

സൈക്ലിംഗിനെ ഗൗരവമായി കാണുന്ന ഒരു പെൺകുട്ടിയുടെയും അവളെ പിന്തുണയ്ക്കുന്ന പിതാവിന്റെയും സുഹൃത്തിന്റെയും കഥ പറയുന്ന ‘ഫൈനൽസും‘ കേരളത്തിന്റെ കായിക പശ്ചാത്തലത്തെ മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.

ടീം സ്പിരിറ്റ്

ചക് ദേ ഇന്ത്യ’യിലെ ഹോക്കി ടീമും ‘ബിഗിലി’ലെ ഫുട്ബോൾ ടീമും കാണിച്ചുതരുന്നത് സ്പോർട്സിലെ ടീം മത്സരങ്ങളുടെ ഭാഗമായി പെൺകുട്ടികൾക്കിടയിലെ പരസ്പര ഇടപെടലുകളും പിന്തുണയും സാഹോദര്യവുമാണ്. രാജ്യത്തിനകത്തും രാജ്യാന്തര തലത്തിലുമുള്ള മത്സരങ്ങൾ, എങ്ങനെയാണ് ടീമുകൾ രൂപികരിക്കപ്പെടുന്നത്, എന്തൊക്കെയാണ് അതിന്റെ പിന്നില്‍ നടക്കുന്നത് എന്നതിന്റെയെല്ലാം പരിചയപ്പെടുത്തൽ കൂടിയാണിവ. സഹനത്തിന്റയും.

സിനിമയുടെ ക്ലൈമാക്സിൽ ഇന്ത്യൻ പതാക ഉയരുകയും ദേശീയഗാനം മുഴങ്ങുകയും ചെയ്യുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന രോമാഞ്ചം വാക്കുകൾക്കതീതമാണ്. ‘രശ്മി റോക്കറ്റി’ലെ പോരാട്ടമോ ‘ശബാഷ് മിത്തു’വിലെ മിതാലി രാജിന്റെ ബാറ്റിംഗോ കാണുമ്പോൾ നാം അതിനെ ഒരു വ്യക്തിയുടെ വിജയം എന്നതിലുപരി രാജ്യത്തിന്റെ അഭിമാനമായാണ് കാണുന്നത്.

women sports movies in Indian cinema
Chak de! India Team Poster | yashrajfilms
women sports movies in Indian cinema
Bigil Team Poster | X/@m_gajan

സാധാരണ മനുഷ്യന്റെ അസാധാരണ വിജയം

രാജ്യത്തിനുവേണ്ടി പോരാടിയവരുടെ കഥകളാകുമ്പോൾ സിനിമാറ്റിക് ഹീറോയിസത്തിനപ്പുറം, ഒരു താരം അനുഭവിക്കുന്ന കഠിനാധ്വാനവും മാനസിക സമ്മർദ്ദവും ബയോപിക്കുകളിലൂടെ പ്രേക്ഷകർ അനുഭവിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം സിനിമകൾ വികാരഭരിതമാകുന്നു. ഇതിൽ ‘ദംഗല്‍’ എന്ന സിനിമയുടെ ഇൻഫ്ലുവൻസ് വളരെ വലുതാണ്. പിന്നീട് വന്ന ‘മേരി കോം’, ‘ശബാഷ് മിത്തു’, ‘സെയ്ന’എല്ലാം കായിക താരങ്ങളുടെ ജീവിതം വരച്ചു കാണിക്കുന്നു.

വ്യത്യസ്തവും വളരെ രസകരവുമായ ജീവിതകഥയാണ് ‘സാണ്ട് കി ആംഖ്’ എന്ന സിനിമയുടേത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഷാർപ്പ് ഷൂട്ടർമാരായ ഇന്ത്യൻ സിസ്റ്റർ-ഇൻ-ലോസിന്റെ ജീവിതമാണ് ഇതിൽ പറയുന്നത്.

ഓരോ നാടുകളിലും ഓരോരുത്തർ എങ്ങനെയാണ് കായിക സ്വപ്നങ്ങൾ കൈയ്യെത്തി പിടിക്കുന്നതെന്നത് മനസ്സിലാക്കാനും ഈ സിനിമകൾ സഹായകമാണ്. പലരും നേരിട്ടിട്ടുള്ള വിവേചനങ്ങളുടെയും അധികാരത്തിലിരിക്കുന്നവരുടെ ഭാഗത്തുനിന്നുൾപ്പടെ ഉണ്ടായിട്ടുള്ള ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകളും ഇത്തരം സിനിമകളിലുണ്ട്.

സ്കൂൾ–കോളേജ് സ്പോർട്സ് സംസ്കാരം, സ്കോളർഷിപ്പുകൾ, പരിശീലന സൗകര്യങ്ങൾ എന്നിവയുടെ പ്രാധാന്യവും ഇത്തരം സിനിമകളുടെ ഉള്ളടക്കത്തിൽ ഉള്‍പ്പെടാറുണ്ട്. പല കായിക ഇനങ്ങളും സ്ത്രീകളും ചെയ്യുന്നതാണെന്നതിന് ഓർമപ്പെടുത്തലാണ്, മാതൃകയാണ് സിനിമകള്‍.

നിനക്കും സ്വപ്നം കാണാം, നിനക്കും ജയിക്കാം

വെള്ളിത്തിരയിലെ ഈ പെൺകരുത്തുകൾ വിയർപ്പൊഴുക്കുന്നത് മെഡലുകൾക്കുവേണ്ടി മാത്രം അല്ല. പുതിയ ചരിത്രങ്ങൾ എഴുതാനാണ്. പ്രചോദനമാകാനാണ്. കഥകൾ പറയാനാണ്.

Article Tags:
· · · ·
Article Categories:
Homepage Spotlights · Prime Time

Comments are closed.

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading

Discover more from Ivide LIVE

Subscribe now to keep reading and get access to the full archive.

Continue reading