ഓരോ സീസൺ കഴിയുന്തോറും ഫാഷൻ പ്രേമികൾക്ക് ഇയർ കഫിനോടുള്ള (Earcuff) ഇഷ്ടം കൂടിവരുകയാണ്. പുരാതനകാലത്തെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പൊങ്ങച്ചത്തിന്റെയും ഭാഗമായിരുന്ന ഇയർകഫ് ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിലാണ്. ഗോൾഡ്, സിൽവർ, ആന്റി ഓക്സൈഡ്, പേൾസ് എന്നിങ്ങനെ എല്ലാതരം മെറ്റീരിയലുകളിലും ഇയർകഫ് ലഭ്യമാണ്. കാതുകുത്താതെ കാതിനെ അലങ്കരിക്കാമെന്നതാണ് ഇയർകഫിന്റെ സവിശേഷത. ബി.സി 4300 വർഷം രൂപംകൊണ്ട കാതണി 21ാം നൂറ്റാണ്ടിലും ഫാഷൻ ഐക്കണായി തിളങ്ങിയതെങ്ങനെ? നോക്കിയാലോ….
ശവകൂടീരത്തിൽ ‘കഫ’
ബ്രിട്ടനിലെ കംബ്രിയയിലുള്ള ഒരു പുരാതന ശവകുടീരത്തിൽ നിന്നാണ് ഏറ്റവും പഴക്കമേറിയ ഇയർ കഫ് കണ്ടെത്തിയത്. ഇവയ്ക്ക് ഏകദേശം ബി.സി 4300 വർഷം പഴക്കമുണ്ട്. ‘കഫ’ (kaffa) എന്നാണ് ഇത് അറിയപ്പെടുന്നത്. പിച്ചളയിൽ നിർമിച്ച ഈ കഫ കാതുകുത്താതെ തന്നെ ധരിക്കാവുന്ന ഒന്നായിരുന്നു. ചെവിയുടെ പുറംഭാഗത്ത് (pinna) നിന്ന് തുടങ്ങി ചെവിക്ക് ചുറ്റും പൊതിയുന്ന രീതിയിലായിരുന്നു കഫ.

Credit: sophiescloset.com ചർമത്തിൽ പച്ചനിറം വരുത്തുന്ന പിച്ചളയിൽ പുരാതന ഗ്രീക്കുകാർക്ക് താല്പര്യമില്ലായിരുന്നു. ഇവർ തങ്ങളുടെ സമ്പത്തും പദവിയും പ്രദർശിപ്പിക്കാനായി സ്വർണംകൊണ്ടുള്ള കഫകൾ നിർമിച്ചു. ബി.സി 350 കാലഘട്ടത്തിലെ സ്വർണകഫകൾ ഗ്രീക്കിൽ നിന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ആ കാലഘട്ടത്തിൽ ഇയർ കഫുകൾ ഏറ്റവും പ്രചാരത്തിലുണ്ടായിരുന്നതായി ഗവേഷകർ പറയുന്നു.
ഇന്ത്യൻ–തായ് കഫകൾ

Credit: sophiescloset.com പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇന്ത്യൻ കലാരൂപങ്ങൾ പരിശോധിക്കുമ്പോൾ, കഫകൾക്ക് പ്രധാന സ്ഥാനമുള്ളതായി കാണാം. കാതുകുത്തികൊണ്ടും കഫകൾ ധരിക്കാമെന്ന് വന്നതോടെ രൂപത്തിലും ഡിസൈനിലും മാറ്റങ്ങൾ വന്നു. മൂക്കുത്തിയോട് ബന്ധിപ്പിക്കുന്ന തരത്തിൽ ചങ്ങലകളോടെയുള്ള കഫകൾ രൂപംകൊണ്ടു. പല നിറത്തിൽ മുത്തും രത്നങ്ങളും പതിച്ച് അലങ്കരിച്ചു.

Credit: sophiescloset.com അതേ നൂറ്റാണ്ടിൽ തന്നെ ക്ഷേത്രകലകളെയും ക്ലാസിക്കൽ നർത്തകരുടെ രൂപങ്ങളെയും അലങ്കരിച്ചുകൊണ്ട് തായ്ലൻഡിലും കഫകൾ പ്രത്യക്ഷപ്പെട്ടു. പരമ്പരാഗത തായ് വസ്ത്രങ്ങൾക്കൊപ്പം ധരിക്കുന്ന കാതണികളായി കഫ ഇടംപിടിച്ചു. ഇന്ത്യയിൽ മയിൽ, ഇലകൾ, പൂക്കൾ തുടങ്ങിയ രൂപങ്ങളിൽ കഫകൾ പുറത്തിറങ്ങിയപ്പോൾ തായ് കഫകൾ പക്ഷിരൂപങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെവിയുടെ മുകൾ ഭാഗത്തിന് കൂർത്ത രൂപം നൽകി ചെവിയുടെ ആകൃതി മാറ്റുന്ന തരത്തിൽ കഫുകൾ നിർമിച്ചു.
യൂറോപ്യൻ ഫാഷനിലേക്ക്

Credit: sophiescloset.com 1800കളിലാണ് യൂറോപ്യൻ ഫാഷനിലേക്ക് ഇയർ കഫ് എത്തുന്നത്. ചെവിയുടെ മുകൾ ഭാഗത്തിന് പ്രത്യേക ഭംഗി നൽകുന്ന ഒരു കമ്മലിന്റെ രൂപത്തിലായിരുന്നു വരവ്. സ്വർണവും വിലയേറിയ കല്ലുകളും കൊണ്ട് നിർമിച്ച അതിമനോഹരമായ ഈ ഇയർ കഫുകൾ ഫാഷൻരംഗത്തെ മുൻനിരക്കാർ ഉപയോഗിച്ച് തുടങ്ങി. അത് അവരുടെ സ്ഥാനത്തെ വിലയിരുത്താൻ സഹായകമായി. കാതുകുത്താതെ ചെവി അലങ്കരിക്കാൻ ഇയർകഫുകൾക്ക് കഴിഞ്ഞു.
1950കളിലെ ഇയറൈറ്റ്സ് (Earrites)

Marylin Monroe, Lita Baron and Miranda Carmen were photographed wearing Earrites. Credit: sophiescloset.com 1950കളിലാണ് ഇയർകഫുകൾക്ക് പുതിയ രൂപമാറ്റം സംഭവിക്കുന്നത്. ഫ്രാൻസിൽ അമേരിക്കയിലേക്ക് കുടിയേറിയ, കോസ്റ്റ്യൂം ജൂവലറി ഡിസൈനുകൾക്ക് പേരുകേട്ട മാർസെൽ ബൗഷർ ‘ഇയറൈറ്റ്സ്’ എന്ന പേരിൽ ഒരു പുതിയ ഉൽപന്നം വിപണിയിലിറക്കി. പുതുമകൾ ഇഷ്ടപ്പെട്ടിരുന്ന ഉപഭോക്താക്കൾക്കിടയിൽ വൻ ഹിറ്റായി. ‘ദേർ ഈസ് നോ ബിസിനസ് ലൈക്ക് ഷോ ബിസിനസ്’ (1954) എന്ന സിനിമയിൽ മെർലിൻ മൺറോയും ധരിച്ചിട്ടുണ്ട്
80ൽ മങ്ങി, 90കളിൽ തിളങ്ങി

Credit: weddingaffair.co.in 80കളിലെ ആഭരണങ്ങൾ ആകർഷകവും ആഡംബരവുമായിരുന്നു. ഈ കാലഘട്ടത്തിൽ, ‘ഇയറൈറ്റ്സ്’ ഒരു പഴഞ്ചൻ ഫാഷനായി മാറി. റോക്ക് സംഗീതം ഇഷ്ടപ്പെട്ടിരുന്ന പെൺകുട്ടികളിൽ മാത്രമായി ഇത് ഒതുങ്ങി. വലിയ ക്ലിപ്പുകൾ, ജ്യാമിതീയ രൂപങ്ങൾ, കല്ലുകൾ പതിപ്പിച്ച കമ്മലുകൾ എന്നിവയാണ് ഫാഷൻലോകം ഭരിച്ചത്. എന്നാൽ, 90-കളിൽ ഇയർ കഫ് തിരിച്ചുവരവ് നടത്തി. ഒന്നിലധികം കാതുകുത്തുന്നത് ഒഴിവാക്കാന് ആഗ്രഹിച്ചവർക്ക് ഇത് പ്രിയപ്പെട്ടതായി.
ഇയർ ക്ലൈംബറുകളിലേക്ക്

2003ൽ ഫാഷൻ ഷോയിൽ അലക്സാണ്ടർ മെക്വീൻ തൂവലുകൊണ്ട് നിർമിച്ച ഇയർകഫ് ധരിച്ചെത്തിയപ്പോൾ. Credit: sophiescloset.com ഇയർ കഫിന്റെ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ‘ഇയർ ക്ലൈംബറുകൾ’ വിപണിയിലെത്തി. കാതിന്റെ താഴ്ഭാഗത്ത് നിന്ന് മുകൾവരെ മൂടുന്ന ഡിസൈൻ. വലുതും ഭാരവുമുള്ള ക്ലൈംബറുകളാണെങ്കിൽ ഇടയ്ക്ക് ചെവിയിൽ ചേർന്നുനിൽക്കാനായി ക്ലിപ്പുണ്ടാകും

Credit: floristaabymahek.com ഈ ശൈലിക്ക് സാധാരണയായി കാത് കുത്തേണ്ടതുണ്ടായിരുന്നു. കാതിന്റെ താഴെ നിന്ന് മുകളിലേക്ക് ‘കയറിപ്പോകുന്ന’ രീതിയിലുള്ള ഇതിന്, നടുഭാഗത്ത് ഒരു ക്ലിപ്പും ഉണ്ടാകും. എന്നാൽ, ചെറിയ ഡിസൈനുകൾക്ക് ക്ലിപ്പില്ലാതെയും നിൽക്കാൻ കഴിയും. ഗരാർഡ്, അലക്സ് മൺറോ തുടങ്ങിയ പ്രമുഖ ഫൈൻ ജൂവലറി ബ്രാൻഡുകൾ അവരുടേതായ ഡിസൈനുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ ബ്രാൻഡായ അമ്രപാലി ഇന്ത്യൻ സ്റ്റൈലും ഡിഡൈനും മുൻനിർത്തി പുറത്തിറക്കുന്ന ക്ലൈംബറുകൾക്ക് ആരാധകരേറെയാണ്. സാധാരണ ഫാഷൻ സ്റ്റോറുകളിലും കുറഞ്ഞ വിലയ്ക്ക് ഇയർ കഫുകൾ വാങ്ങാവുന്നതാണ്.
.












