

സാരിയ്ക്കൊപ്പം ഒരു ജിമിക്കി കമ്മലും. ട്രഷീനൽ ലുക്കിനെ മാറ്റുരയ്ക്കാൻ യുവതികൾ തെരഞ്ഞെടുക്കുന്ന കമ്മലാണ് ജിമിക്കി. അമ്പലമണിയുടെ ഷെയ്പ്പിലുള്ള കമ്മല് സാരിയ്ക്കൊപ്പവും ചുരിദാറിനൊപ്പവും ഒരുപോലെ ചേരുന്ന ഒന്നാണ്. ഇതിന്റെ ചരിത്രം തുടങ്ങുന്നത് ചോള രാജവംശത്തിലെ പുരാതന ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ നിന്നാണ്. ഏകദേശം ബി.സി. 300-ാം നൂറ്റാണ്ടിൽ.
ഇന്ത്യൻ ട്രഡീഷനൽ ആഭരണങ്ങളിൽ ഗവേഷണം നടത്തുന്ന ‘വാൻ ഗെൽഡർ ഇന്ത്യൻ ജ്വല്ലറി’യുടെ പിൻതലമുറക്കാരനായ ഫ്ലൂർ വാൻ ഗെൽഡർ പറയുന്നതനുസരിച്ച് അന്നത്തെ ദേവീദേവന്മാർക്ക് കാഴ്ചയർപ്പണമായി ജിമിക്കി കമ്മൽ നൽകിയിരുന്നുവെന്നാണ്. തമിഴ്നാട്ടിലെ ക്ഷേത്ര ശിൽപങ്ങളിൽ ജിമിക്കി ധരിച്ച ദേവിമാരെ കാണാനാകും. പിന്നീട് ഭരതനാട്യം പോലുള്ള നർത്തകരിലൂടെ ജിമിക്കിയുടെ യാത്ര തുടരുകയായിരുന്നു

ജിമിക്കിയുടെ മുകൾ മേക്കോവർ

ദക്ഷിണേന്ത്യയിൽ ഉദ്ഭവിച്ച ജിമിക്കി കമ്മല് രാജ്യവ്യാപക ശ്രദ്ധ നേടി. രാജകുടുംബത്തിൽപ്പെട്ടവർ അവരുടെ ഇഷ്ടാനുസരണം ജിമിക്കിയുടെ ശൈലിയിൽ മാറ്റംവരുത്തി. മുത്തുകള് അൺകട്ട് ഡയമണ്ട്, വിലയേറിയ രത്നങ്ങൾ എന്നിവ ചേർന്ന് നിർമിക്കുന്ന കർണഫൂലും ജിമിക്കിയും ചേർന്നുള്ള ഫ്യൂഷൻ കമ്മലാണ് മുഗൾ സ്ത്രീകൾ ഉപയോഗിച്ചിരുന്നത്. ഇന്നത്തെ ഇയർകഫിന്റെ പുരാതന രൂപമാണ് കർണഫൂൽ. ഇതല്ലാതെ മുഗൾ സ്ത്രീകൾ സൻകലിക്കൊപ്പവും (മാട്ടി) ധരിച്ചിരുന്നു.
ഉൾഭാഗം ശൂന്യമായതും കുടപോലുള്ള ഷെയ്പിലുള്ള ജിമിക്കി കമ്മലിന് മറ്റ് കമ്മലുകളേക്കാൾ ഭാരം കുറവായിരുന്നു. താഴ്ഭാഗത്തെ തൂങ്ങിക്കിടക്കുന്ന മുത്തുകളാണ് ഇവയെ വേറിട്ടുനിർത്തുന്നത്. എളുപ്പത്തിൽ ധരിക്കാവുന്നതിനാൽ ജിമിക്കിക്ക് ആവശ്യക്കാർ ഏറെയായിരുന്നു.

ജിമിക്കി എന്ന ജുംക

ഉത്തരേന്ത്യയിൽ ജുംക എന്ന പേരിലാണ് ജിമിക്കി അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിൽ ക്ഷേത്ര ശൈലിയിലുള്ള ജിമിക്കികളാണെങ്കിൽ ഉത്തരേന്ത്യയിൽ തിളക്കമുള്ള കല്ലുകൾ കൊണ്ട് അലങ്കരിച്ച ജുംകയാണ്. ഓരോ പ്രദേശത്തെയും പുരാതന ആചാരവും അവിടത്തെ സംസ്കാരവും ജിമിക്കിയിൽ വെളിപ്പെടുത്താറുണ്ട്. ലേയർ രൂപത്തിലുള്ള ജിമിക്കി മാട്ടിയിൽ ചേർത്ത് ഒരു കൊളുത്തുപയോഗിച്ച് മുടിയിൽ ഘടിപ്പിക്കുകയാണ് ചെയ്യുക.1966ൽ പുറത്തിറങ്ങിയ ‘മേരാ സായാ’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ജുംക ഗിരാ രേ’ എന്ന ഗാനത്തിലൂടെ ദേശീയ തലത്തിൽ ഒരു ഫാഷൻ തരംഗമായി ജിമിക്കി മാറുകയായിരുന്നു.
സ്വർണത്തിൽ നിർമിച്ച ജിമിക്കി കമ്മലുകൾ ഇപ്പോൾ വെള്ളിയിലും മറ്റും ലഭ്യമാണ്. വലുപ്പത്തിലും ഡിസൈനിലും മാറ്റങ്ങൾ വരുത്തി. തെന്നിന്ത്യയിൽ ടെംമ്പിൾ സ്റ്റൈൽ ആണെങ്കിൽ രാജസ്ഥാന് പോലുള്ള സംസ്ഥാനങ്ങളിൽ കുന്തൻ ജുംകയാണ് ട്രെൻഡിങ്ങിൽ നിൽക്കുന്നത്




