ദാ, ക്രിക്കറ്റ് ലോകകപ്പ് കഴിഞ്ഞു. ഇനി ഫിഫ വേൾഡ് കപ്പ്, ടെന്നിസ് ടൂർണമെന്റുകൾ, ചെസ് ചാമ്പ്യൻഷിപ്പ്, ഫോർമുല വൺ, പിന്നെ ഇന്ത്യയിലെ ഐപിഎൽ പോലുള്ള വലിയ മത്സരങ്ങൾ പിന്നാലെ വരാനിരിക്കുകയാണ്. ഈ മത്സരങ്ങൾ നടക്കുമ്പോൾ കളിക്കാരെയാണ് നമ്മൾ പ്രധാനമായും കാണുന്നത്. റഫറികളെയും അമ്പയർമാരെയും സ്ക്രീനിൽ ഇടയ്ക്കിടെ കാണാം. എന്നാൽ, ഇവയ്ക്കും പുറമേ ഇത്തരം വലിയ കായിക മത്സരങ്ങളുടെ പിന്നിൽ വ്യത്യസ്തമായ, വലിയൊരു തൊഴിൽ ലോകം പ്രവർത്തിക്കുന്നുണ്ടെന്നത് പലരും ആലോചിക്കുന്നുപോലുമുണ്ടാകില്ല.
കളിക്കാർക്ക് പുറമെ, മത്സരങ്ങൾ നടത്താനും പ്രക്ഷേപണം ചെയ്യാനും ആരാധകരെ ആവേശത്തിലാക്കാനും നിരവധി പ്രത്യേക ജോലികൾ ആവശ്യമാണ്. പന്ത് ശേഖരിക്കുന്നതിൽ നിന്നും മൈതാനം ഒരുക്കുന്നതിലും സമയക്രമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും എല്ലാം പല ജോലികൾ ഇതിൽ ഉൾപ്പെടുന്നു. അതെ, ലോകകപ്പുകളും ഫോർമുല വൺ പോലുള്ള മത്സരങ്ങളും വെറും വിനോദമോ മത്സരമോ മാത്രമല്ല. അതിനെ ചുറ്റിപ്പറ്റി വലിയൊരു വ്യവസായവും തൊഴിൽ മേഖലയുമാണ് വളർന്നു വന്നിരിക്കുന്നത്.
Ball Boys/Ball Girls എന്ന് കേട്ടിട്ടുണ്ടോ?
ടെന്നിസ്, ഫുട്ബോൾ, ക്രിക്കറ്റ് പോലുള്ള മത്സരങ്ങളിൽ മൈതാനത്തിന് പുറത്തേക്ക് പോകുന്ന പന്തുകൾ വേഗത്തിൽ ശേഖരിച്ച് കളിക്കാർക്ക് തിരികെ നൽകുന്നവരാണ് ബോൾ ബോയ്സും ബോൾ ഗേൾസും. മത്സരത്തിന്റെ ഗതി തടസ്സപ്പെടാതെ തുടരാൻ ഇവർ നിർണായക പങ്ക് വഹിക്കുന്നു. പൊതുവേ സ്കൂൾ–കോളേജ് കുട്ടികളാണ് ഇതിന് വൊളണ്ടിയർ ചെയ്യാറുള്ളത്.

Pitch Curators/Groundskeepers… ഇവരെ കണ്ടിട്ടുണ്ടാകും ചിലപ്പോൾ
മത്സരത്തിനിടെ മഴ പെയ്താൽ ഗ്രൗണ്ട് വീണ്ടും കളിക്ക് അനുയോജ്യമാക്കാൻ ഓടിയെത്തുന്നവരെ ടിവിയിലോ സ്റ്റേഡിയത്തിലോ നമ്മൾ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. അവരാണ് ഗ്രൗണ്ട്സ്കീപ്പർമാരും പിച്ച് ക്യൂറേറ്റർമാരും.
ഗ്രൗണ്ടിൽ നടക്കുന്ന മത്സരങ്ങളിൽ പിച്ചിന്റെ സ്വഭാവം തന്നെ ചിലപ്പോൾ മത്സരഫലത്തെ വരെ സ്വാധീനിക്കും. അതിനാൽ മണ്ണിന്റെ ഘടന, പുല്ലിന്റെ ഉയരം, നനവ് എന്നിവ നിയന്ത്രിച്ച് കളിക്കായി അനുയോജ്യമായ മൈതാനം ഒരുക്കുന്നത് ഇവരുടെ ഉത്തരവാദിത്വമാണ്. വേൾഡ് കപ്പ് പോലുള്ള വലിയ ടൂർണമെന്റുകളിൽ ഇവരുടെ ജോലി അത്രമേൽ നിർണായകമാണ്.
Equipment Managers ടീമിനായി എല്ലാം റെഡിയാക്കും
ഒരു ടീമിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും തയ്യാറാക്കി സൂക്ഷിക്കുന്നവരാണ് എക്വിപ്മെന്റ് മാനേജർമാർ. ബാറ്റുകൾ, പന്തുകൾ, ജേഴ്സികൾ, ഷൂകൾ, ഗ്ലൗസുകൾ തുടങ്ങിയവ കളിക്കാർക്ക് സമയത്ത് ലഭ്യമാക്കുന്നത് ഇവരുടെ ഉത്തരവാദിത്വമാണ്. വലിയ ടൂർണമെന്റുകളിൽ ഓരോ ടീമിനും പ്രത്യേക മാനേജർമാർ ഉണ്ടാകും.
Scoreboard Operators കണക്കുകൾ കൃത്യമാക്കും
സ്റ്റേഡിയത്തിലെ വലിയ സ്ക്രീനുകളിൽ സ്കോർ, സമയം, കളിക്കാരുടെ വിവരങ്ങൾ, റീപ്ലേ തുടങ്ങിയവ കാണിക്കുന്നത് സ്കോർബോർഡ് ഓപ്പറേറ്റർമാരുടെ ജോലിയാണ്. സ്റ്റേഡിയത്തിലെ പ്രേക്ഷകർക്കും ടെലിവിഷൻ പ്രേക്ഷകർക്കും മത്സരം വ്യക്തമായി മനസ്സിലാക്കാൻ ഇവർ സഹായിക്കുന്നു.
Sports Statisticians/Data Analysts തന്ത്രങ്ങൾ മെനയാൻ ഇവര്‍ വേണം
ഇന്ന് ഡാറ്റയുടെ പ്രാധാന്യം വളരെ കൂടുതലാണ്. കളിക്കാരുടെ പ്രകടനം, ബാറ്റിംഗ് ശരാശരി, ബൗളിംഗ് പാറ്റേൺ, പാസ് വിജയശതമാനം തുടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്ത് ടീമുകൾക്ക് തന്ത്രങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്നവരാണ് സ്പോർട്സ് സ്റ്റാറ്റിസ്റ്റീഷ്യന്മാരും ഡാറ്റ അനലിസ്റ്റുകളും. ടീമുകളും ക്ലബ്ബുകളും ഇതിന് പ്രത്യേക വിശകലന സംഘങ്ങളെ തന്നെ ഉപയോഗിക്കുന്നു.
Sports Agents താരങ്ങളുടെ കരാറുകള്‍ക്കു പിന്നിൽ
പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങളുടെയും ഫുട്ബോൾ താരങ്ങളുടെയും കരാറുകൾ, പരസ്യ കരാറുകൾ, ക്ലബ്ബുകളിലേക്കുള്ള ട്രാൻസ്ഫറുകൾ എന്നിവ കൈകാര്യം ചെയ്യുന്നവരാണ് സ്പോർട്സ് ഏജന്റുകൾ. പ്രത്യേകിച്ച് ഐപിഎൽ പോലുള്ള ലീഗുകളിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നതിനാൽ ഇവരുടെ പങ്ക് വളരെ പ്രധാനമാണ്.
Sports Psychologists സമ്മർദ്ദം ഡീൽ ചെയ്യും
മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ശാരീരിക പരിശീലനം മാത്രം മതിയാകില്ല; മാനസിക ശക്തിയും അത്യാവശ്യമാണ്. സമ്മർദ്ദം കൈകാര്യം ചെയ്യാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും കളിക്കാരെ സഹായിക്കുന്നവരാണ് സ്പോർട്സ് സൈക്കോളജിസ്റ്റുകൾ.
Video Assistant Referee പറയും അന്തിമ വിധി
ആധുനിക കാലത്തെ മത്സരങ്ങളിൽ സാങ്കേതിക വിദ്യ വലിയ പങ്ക് വഹിക്കുന്നു. വിവാദമായ ഗോൾ, പെനാൽറ്റി, ഓഫ്‌സൈഡ് തുടങ്ങിയ സാഹചര്യങ്ങളിൽ വീഡിയോ റീപ്ലേ പരിശോധിച്ച് റഫറിക്ക് സഹായം നൽകുന്നവരാണ് വിഡിയോ അസിസ്റ്റൻഡ് റഫറി ഉദ്യോഗസ്ഥർ.

ഇവ പ്രധാനമായും ഫുട്ബോൾ, ക്രിക്കറ്റ് പോലുള്ള കളികളില്‍ കാണുന്ന റോളുകളാണ്. ഓരോ കളിക്കും അതിന്റെ സ്വഭാവത്തിന് അനുയോജ്യമായ ജോലികളുണ്ട്. അവയ്ക്കായി വിദഗ്ധരെയും ആവശ്യമാണ്. മറ്റു പല കായിക ഇനങ്ങളിലും പ്രത്യേകമായ തൊഴിൽ മേഖലകൾ രൂപപ്പെട്ടിട്ടുണ്ട്. അവയിൽ ചിലത് ഇതാ:
Chess Arbiters ഉള്ളപ്പോൾ കള്ളകളി നടപ്പില്ല
ചെസ് ടൂർണമെന്റുകളിൽ മത്സരത്തിന്റെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നവരാണ് ചെസ് ആർബിറ്റർമാർ. കളിക്കാർ നിയമലംഘനം ചെയ്താൽ വിധി പറയുന്നതും സമയ നിയന്ത്രണം പരിശോധിക്കുന്നതും ഇവരുടെ ജോലിയാണ്.
Formula One Pit Crew സൂപ്പര്‍ ഫാസ്റ്റാണ്
ഫോർമുല വൺ റേസിംഗിൽ കാറുകളുടെ ടയർ മാറ്റൽ, ഇന്ധനം പരിശോധിക്കൽ, ചെറിയ മെക്കാനിക്കൽ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ ജോലികൾ വളരെ വേഗത്തിൽ ചെയ്യുന്ന സംഘമാണ് പിറ്റ് ക്രൂ. ചിലപ്പോൾ രണ്ട് മുതൽ മൂന്ന് സെക്കൻഡിനുള്ളിൽ തന്നെ ടയർ മാറ്റുന്ന അത്യന്തം പരിശീലനം നേടിയ വിദഗ്ധരാണ് ഇവർ.

Line Judges പറയും ഇൻ ആണോ ഔട്ട് ആണോന്ന്
ടെന്നിസ് മത്സരങ്ങളിൽ പന്ത് ലൈനിന് പുറത്താണോ അല്ലയോ എന്ന് ശ്രദ്ധിച്ച് വിധി പറയുന്നവരാണ് ലൈൻ ജഡ്ജിമാർ. വലിയ ടൂർണമെന്റുകളിൽ ഓരോ കോർട്ടിലും നിരവധി ലൈൻ ജഡ്ജിമാർ ഉണ്ടാകും.
ഈ ജോലികൾക്കുള്ള യോഗ്യത, ജോലി സമയം, ശമ്പളം?
കായികമേഖലയുമായി ബന്ധപ്പെട്ട ഇത്തരം ജോലികൾ പലതിനും വ്യത്യസ്തമായ യോഗ്യതകളും പരിശീലനവും ആവശ്യമാണ്.
ഉദാഹരണത്തിന്, പിച്ച് ക്യൂറേറ്റർമാർ ആകാൻ സാധാരണയായി ടർഫ് മാനേജ്മെന്റ് പോലുള്ള മേഖലയിൽ പരിശീലനം ആവശ്യമാണ്. എക്വിപ്മെന്റ് മാനേജർക്ക് സ്പോർട്ട്സ് മാനേജ്മെന്റ് പോലുള്ള ബിരുദമാണ് അഭികാമ്യം. സ്പോർട്സ് സ്റ്റാറ്റിസ്റ്റീഷ്യന്മാർ ആകാൻ ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ സയൻസ് പോലുള്ള വിഷയങ്ങള്‍ പഠിച്ചിരിക്കണം. സ്പോർട്സ് സൈക്കോളജിസ്റ്റുകൾ ആകാൻ സൈക്കോളജിയിൽ പ്രത്യേക പരിശീലനം ആവശ്യമുണ്ട്. പിറ്റ് ക്രൂ ആകാനും ഓട്ടോമൊബൈൽ, മെക്കാനിക്കൽ മേഖലകളിലെ അറിവും തൊഴിൽ പരിശീലനവും യോഗ്യതയാണ്.
എല്ലാ ജോലികളും ഒരുപോലെ സ്ഥിരം ജോലികളല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ബോൾ ബോയ്സ്/ബോൾ ഗേൾസ്, ലൈൻ ജഡ്ജിമാർ തുടങ്ങിയ ചില ജോലികൾ പലപ്പോഴും മത്സരദിവസങ്ങളിൽ മാത്രം ചെയ്യുന്ന പാർട്ട്-ടൈം ജോലികളായിരിക്കും. എന്നാൽ, എക്വിപ്മെന്റ് മാനേജർമാർ, ഡാറ്റ അനലിസ്റ്റുകൾ, സ്പോർട്സ് ഏജന്റുകൾ തുടങ്ങിയവർ സാധാരണയായി ഫുൾ-ടൈം ജോലികളായാണ് പ്രവർത്തിക്കുന്നത്.
ശമ്പളം ജോലിയെയും മത്സരത്തിന്റെ തലത്തെയും ആശ്രയിച്ചിരിക്കും. ചില ജോലികൾക്ക് ദിവസവേതനമായി ആയിരങ്ങൾ ലഭിക്കുമ്പോൾ, ഡാറ്റ അനലിസ്റ്റുകൾ, സ്പോർട്സ് ഏജന്റുകൾ പോലുള്ള മേഖലകളിൽ മാസത്തിൽ ലക്ഷങ്ങൾ വരെ വരുമാനം നേടാനും കഴിയും. വലിയ ലീഗുകളിലും അന്താരാഷ്ട്ര ടൂർണമെന്റുകളിലും ഈ വരുമാനം ഉയർന്നതായിരിക്കും.
ഒരു വലിയ കായികമത്സരത്തിന് പിന്നിൽ നൂറുകണക്കിന് ആളുകളുടെ പരിശ്രമമുണ്ട്. കളിക്കാരെ മാത്രമല്ല, ഗ്രൗണ്ടിൽ നിന്നും കണ്‍ട്രോൾ റൂമുകളിലേക്കും മാധ്യമപ്രവർത്തകരിലേക്കും വ്യാപിച്ചുകിടക്കുന്ന വലിയൊരു ലോകമാണ് കായികമേഖല. അതിനാൽ തന്നെ, കായികരംഗം വളരുമ്പോൾ അതുമായി ബന്ധപ്പെട്ട നിരവധി തൊഴിൽ അവസരങ്ങളും വളരുന്നതായി കാണാം.




