‘പ്രേമിക്കുമ്പോൾ നീയും ഞാനും നീരിൽ വീഴും പൂക്കൾ…’, ‘പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു..’ ഇങ്ങനെ എത്രയെത്ര ലൗ സോങ്ങുകൾ നിങ്ങളുടെ പ്ലേലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്? മനസ്സ് കൊണ്ട് റൊമാന്റിക് ആണെങ്കിലും പ്രണയിക്കാൻ മോഹമുണ്ടെങ്കിലും സിംഗിൾ ആയിരിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. നെറ്റ്ഫ്ലിക്സിലും മറ്റുമുള്ള റോംകോമുകളും ലൗ സ്റ്റോറീസും വിടാതെ കാണുകയും, പ്രണയ നേവലുകൾ വായിച്ച് സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നവർ നമുക്കു ചുറ്റുമില്ലേ. ഇത്രയും റൊമാന്റിക് ആയിട്ടും പ്രേമിക്കാനും കമ്മിറ്റഡ് ആവാനുമൊക്കെ അവർ ഭയക്കുന്നത് എന്തിനാണ്?
പല കാരണങ്ങൾ ഉണ്ടാകാം. ജോലിക്ക് നൽകുന്ന പ്രാധാന്യം, ജീവിതം ആകെ മാറിമറിയുമോ എന്ന ഭയം, പണ്ട് അനുഭവിച്ച ട്രോമ, ഫിനാൻഷ്യലി സ്റ്റേബിൾ അല്ലാത്ത അവസ്ഥ, വീട്ടിലെ പ്രശ്നങ്ങൾ, മതവിശ്വാസങ്ങള്, സെക്ഷ്വലിറ്റി തുടങ്ങി ഓരോ മനുഷ്യർക്കും വ്യത്യസ്ത കാരണങ്ങൾ ഉണ്ടാകാം.
താൻ വേദനിക്കപ്പെടുമോ എന്ന ഭയമാണ് പലപ്പോഴും പലരെയും പ്രണയത്തിൽ അകപ്പെടാൻ അനുവദിക്കാതിരിക്കുന്നതിലെ ആദ്യ കാരണം. ആ വ്യക്തി എന്നെ ഉപേക്ഷിച്ചാലോ? ആക്ഷേപിച്ചാലോ? സ്നേഹിക്കാതിരുന്നാലോ? ഉപദ്രവിച്ചാലോ തുടങ്ങിയ സംശയങ്ങൾ ഒരാൾക്ക് തോന്നാം. ആരും അറിഞ്ഞുകൊണ്ട് വേദന ആഗ്രഹിക്കില്ലല്ലോ. അതുകൊണ്ട് തന്നെ റിസ്ക് എടുക്കാൻ മടിക്കും. ഇങ്ങനെയൊക്കെ ജീവിച്ചാൽ മതി എന്ന് കരുതും.
നിലവിൽ അനുഭവിക്കുന്ന സ്വാതത്ര്യവും, കെട്ടുപാടുകളില്ലായ്മയും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്കും പ്രണയവും വിവാഹവുമെല്ലാം ബുദ്ധിമുട്ടായി തോന്നാം. കേരള സമൂഹത്തിൽ ഇപ്പോഴും രണ്ട്പേരുടെ കൂടിച്ചേരൽ എന്നതിലുപരി രണ്ട് കുടുംബങ്ങളുടെ കൂടിച്ചേരലായാണ് വിവാഹത്തെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തിനും അവരുടെ അഭിപ്രായങ്ങൾക്കും വഴങ്ങി തന്റെ ആഗ്രഹങ്ങളെ കുഴിച്ചുമൂടേണ്ടി വരുമോ എന്നതും വലിയൊരു ആശങ്കയാണ്.
സ്വയം മതിപ്പില്ലായ്മയും ഒരാളെ പ്രണയത്തിൽ നിന്ന് അകറ്റി നിർത്തും. എന്നെ ഒന്നിനും കൊള്ളില്ല, എന്നെ കാണാൻ ഭംഗിയില്ല, എന്നെ ആർക്കും ഇഷ്ടമല്ല തുടങ്ങി, സ്വയം വിലകുറച്ചു കാണുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും വലിയ കുറവൊന്നുമില്ല. ഞാൻ ഇഷ്ടം പറഞ്ഞാൽ ഒരിക്കലും മറ്റുള്ളവർക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നും, തന്നെ എല്ലാവരും കളിയാക്കുമെന്നും ഈ വ്യക്തികൾ വിശ്വസിക്കുന്നു. ആത്മവിശ്വാസം തീരെയില്ലാത്ത ഇത്തരക്കാർ തങ്ങളുടെ ജീവിതത്തിൽ പ്രണയമോ വിവാഹമോ ഇല്ലെന്നു കരുതി സങ്കടപ്പെട്ടിരിക്ക മാത്രമാണ് ചെയ്യാറ്.
ചുറ്റിലുമുള്ളവരുടെ അൺഹെൽത്തി റിലേഷൻഷിപ്പുകൾ കണ്ട് മടുപ്പും ഭയവും തോന്നിയാലും ഇത്തരത്തിൽ പ്രണയത്തിൽ നിന്ന് അകന്നു നിൽക്കാനുള്ള സാധ്യത കൂടുതലാണ്. മാതാപിതാക്കള്, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ വിവാഹജീവിതത്തിലോ പ്രണയബന്ധത്തിലോ ഉള്ള പ്രശ്നങ്ങളും മറ്റും കല്യാണം, പ്രേമം എന്നിവ അനാവശ്യമാണെന്നോ എനിക്ക് അവശ്യമില്ലെന്നോ ഉള്ള തോന്നലുണ്ടാക്കാം.
ഇത്തരം ഭയങ്ങൾ ഉണ്ടെങ്കിലും, പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു മനസ്സ് നിങ്ങൾക്കുണ്ടെങ്കിൽ ഇനിയും പിൻവലിയരുത്. സഹായം ആവശ്യമെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ്.





Pingback: പങ്കാളി വേണ്ട, കുഞ്ഞ് മതി? | Why Some People Want Children Without Marriage | Single Parent Adoption India, IVF, Parenting | Love, Lust and Beyond | Ivide Live